അവസാനത്തെ വേദഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യരും പിശാചുക്കളും അല്ലാഹുവില്‍ ആരോപിച്ചിട്ടുള്ള എല്ലാ തെറ്റായ സങ്കല്‍പങ്ങളെയും തിരുത്തുകയും, അവന്‍റെ ഗുണവിശേഷങ്ങളെ സുവ്യക്തമായി വിവരിക്കുകയും, മനുഷ്യര്‍ ആരോപിക്കുന്ന എല്ലാ പോരായ്മകളില്‍ നിന്നും അവനെ പരിശുദ്ധനാക്കുകയും ചെയ്യുന്നു. അല്ലാഹുവിന്‍റെ ഗുണവിശേഷണങ്ങളെ അവന്‍ തന്നെ പരിചയപ്പെടുത്തിത്തരുന്നത് അപ്പടി സ്വീകരിക്കുകയെന്നല്ലാതെ മനുഷ്യഭാവനക്കും അഭീഷ്ടത്തിനും അനുസരിച്ച് സങ്കല്‍പങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. മനുഷ്യര്‍ ചിലപ്പോള്‍ ദൈവത്തെ മനുഷ്യനോളം താഴ്ത്തുന്നു. ചിലപ്പോള്‍ മനുഷ്യരെ ദൈവത്തോഉം ഉയര്‍ത്തുന്നു. മനുഷ്യന്‍റെ പോരായ്മകളും കഴിവുകേടുകളും ഗുണങ്ങളും സ്വഭാവങ്ങളും അല്ലാഹുവിന് ആരോപിച്ച് സൃഷ്ടാവിന്‍റെ നിസ്തുലമായ പദവിയെ കളങ്ക പ്പെടുത്താന്‍ ഒരുമ്പെടുന്നു.
സ്വാധീനത്തിന് വിധേയനാകുന്ന, സാധാരണക്കാര്‍ക്ക് നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ പറ്റാത്ത ഒരു നിലപാടുകാരനായി അല്ലാഹുവിനെ സങ്കല്‍പിക്കുന്നു. എന്നിട്ട് ദൈവസാമീപ്യം നേടിയവരെന്ന് തങ്ങള്‍ അനുമാനിക്കുന്ന പുണ്യവാളന്മാരെ ദൈവത്തിങ്കല്‍ ശുപാര്‍ശകരായി അവരോധിച്ചു അവര്‍ മുഖേന ദൈവസാമീപ്യത്തിന് ശ്രമിക്കുന്നു.
അതുപോലെ സൃഷ്ടികള്‍ക്ക് സ്രഷ്ടാവിന്‍റെ കഴിവുകള്‍ സങ്കല്‍പിച്ച് അവരെ വിളിച്ച് പ്രാര്‍ഥിക്കുവാനും അവരെ ആരാധിക്കുവാനും ഒരുമ്പെടുന്നു. മനുഷ്യരെപ്പോലെ സന്താ നങ്ങളുള്ളവനാണെന്ന് സങ്കല്‍പിച്ച് ആ 'സന്താന'ങ്ങളുടെ തൃപ്തി നേടി അല്ലാഹുവിനോടടുക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നു.
സൃഷ്ടികളില്‍ നിന്ന് എല്ലാ കാര്യത്തിലും വ്യത്യസ്തനായ സ്രഷ്ടാവിന്‍റെ നിസ്തുലസത്തയെ എല്ലാ സൃഷ്ടികളിലും ലയിച്ചുകിടക്കുന്ന ഒരു ശക്തിയായോ, അല്ലെങ്കില്‍ ഏതെങ്കിലും മനുഷ്യരില്‍ ഇടയ്ക്ക് അവതരിക്കുന്ന ഒന്നായോ സങ്ക ല്‍പിക്കുന്നവരുണ്ട്. സ്രഷ്ടാവും സൃഷ്ടിയും രണ്ടല്ല എന്ന നിഗമനത്തിലെത്തുന്ന അദ്വൈത വിശ്വാസികളാണവര്‍, ഇങ്ങനെയുള്ള എല്ലാ തെറ്റായ സങ്കല്പങ്ങളെയും ധാരണകളെയും തിരുത്തുകയും അല്ലാഹുവിനെ പരിശുദ്ധമായ നിലയില്‍ പരിചയപ്പെടുത്തുകയും അവന്‍റെ ഗുണങ്ങളെയും കഴിവുകളെയും ദൃഷ്ടാന്തങ്ങളെയും വേണ്ടവിധത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധ ഖുര്‍ആനും, അതിന്‍റെ വ്യാഖ്യാനമായ പ്രവാചകന്‍റെ വചനങ്ങളുമാണ് അല്ലാഹുവിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യം ഗ്രഹിക്കുവാന്‍ നമുക്കുള്ള മാര്‍ഗങ്ങള്‍.