(ക്വുർആനിലെ സാർവലൗകിക വിളികൾ 5)
يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ َ
മനുഷ്യൻ്റെ അഹന്തയെ പൂർണമായും തകർത്തെറിയുകയും സ്രഷ്ടാവിൻ്റെ മഹനീയതയെ വാനോളം ഉയർത്തുകയും ചെയ്യുന്ന വളരെ ശക്തമായ വചനമാണിത്. അൽപം പണമോ അധികാരമോ ലഭിക്കുമ്പോൾ ‘ഞാൻ ആരുടെയും ആശ്രയം വേണ്ടാത്തവനാണ്’ എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. എന്നാൽ ആ ചിന്ത എത്രമാത്രം അർഥശൂന്യമാണെന്ന് ഈ വചനം നമ്മെ ബോധ്യപ്പെടുത്തുന്നു.
ലോകത്ത് മനുഷ്യൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്ന് ‘സ്വാതന്ത്ര്യ’മാണ്. ശരിക്കും മനുഷ്യന് ‘സ്വതന്ത്രൻ’ ആകാൻ കഴിയുമോ? ഒരു നിമിഷം ശ്വാസം കിട്ടിയില്ലെങ്കിൽ, ഒരു തുള്ളി വെള്ളം കിട്ടിയില്ലെങ്കിൽ, ഹൃദയമൊന്ന് പണിമുടക്കിയാൽ അവസാനിക്കുന്നതല്ലേ മനുഷ്യൻ്റെ ഈ ഗർവ്?
ഈ യാഥാർഥ്യത്തെ ഓർമിപ്പിച്ചുകൊണ്ട്, പ്രപഞ്ചനാഥൻ മനുഷ്യകുലത്തോട് അവരുടെ യഥാർഥ അവസ്ഥ വിളിച്ചു പറയുന്ന വചനമാണ് താഴെ കോടുക്കുന്നത്:
يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ
“മനുഷ്യരേ, നിങ്ങൾ അല്ലാഹുവിൻ്റെ ആശ്രിതൻമാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു’’ (ഫാത്വിർ:15).
ഈ വചനം നൽകുന്ന തിരിച്ചറിവുകൾ വളരെ വലുതാണ്. നാമെല്ലാം ‘ദരിദ്രർ’ (ഫുക്വറാഅ്) ആണ്. സാധാരണ ഗതിയിൽ പണമില്ലാത്തവനെയാണ് നാം ദരിദ്രൻ എന്ന് വിളിക്കാറുള്ളത്. എന്നാൽ ഈ വചനത്തിൽ ‘ഫുക്വറാഅ്’ (ദരിദ്രർ/ആശ്രിതർ) എന്ന് വിളിച്ചത് പാവപ്പെട്ടവനെ മാത്രമല്ല; കോടിപതികളും ഭരണാധികാരികളും അടക്കം എല്ലാവരും അതിൽ പെടും. കാരണം, ഇത് സാമ്പത്തികമായ ദാരിദ്ര്യമല്ല, മറിച്ച് ‘അസ്തിത്വപരമായ ദാരിദ്ര്യ’മാണ്.
നമ്മുടെ ജീവൻ, ആരോഗ്യം, ബുദ്ധി, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം എന്നിവയൊന്നും നാം ഉണ്ടാക്കിയതല്ല. അവയ്ക്കുവേണ്ടി ഓരോ നിമിഷവും നാം അല്ലാഹുവിൻ്റെ കാരുണ്യത്തിന് മുന്നിൽ കൈനീട്ടി നിൽക്കുന്ന യാചകരാണ്. ആ തിരിച്ചറിവുണ്ടായാൽ പിന്നെ മനുഷ്യന് അഹങ്കരിക്കാൻ കഴിയില്ല.
അല്ലാഹു ‘ഗനിയ്യ്’ (സ്വയംപര്യാപ്തൻ) ആണ്. മനുഷ്യൻ അല്ലാഹുവിനെ ആരാധിക്കുന്നതുകൊണ്ട് അല്ലാഹുവിന് എന്തെങ്കിലും ഗുണമുണ്ടോ? ഇല്ല എന്ന് ഈ വചനം തീർത്തു പറയുന്നു.
ലോകത്തുള്ള മുഴുവൻ മനുഷ്യരും സജ്ജനങ്ങളായാലും അവൻ്റെ അധികാരത്തിൽ ഒരണുവളവ് കൂടില്ല. ഇനി എല്ലാവരും നിഷേധികളായാലും അവൻ്റെ പ്രതാപത്തിൽ ഒരണുവളവ് കുറയുകയുമില്ല. നമ്മുടെ ആരാധനകൾ, പ്രാർഥനകൾ, ദാനധർമങ്ങൾ എന്നിവയെല്ലാം അവശ്യമായിട്ടുള്ളത് അവനല്ല, നമുക്ക് തന്നെയാണ്. അവനിലേക്ക് അടുക്കാനുള്ള മാർഗം മാത്രമാണത്.
ആരും സ്തുതിച്ചില്ലെങ്കിലും സ്വതവേ സ്തുത്യർഹനാണവൻ. സ്തുതിക്കപ്പെടേണ്ടവൻ (അൽഹമീദ്). സൂര്യനെ ആരും നോക്കുന്നില്ല എന്നത് സൂര്യൻ്റെ പ്രകാശത്തിന് ഒരു കുറവും വരുത്തുന്നില്ല. അതുപോലെ, മനുഷ്യൻ നന്ദികേട് കാണിച്ചാലും അല്ലാഹുവിൻ്റെ മഹത്ത്വത്തിന് മങ്ങലേൽക്കില്ല. അവൻ നൽകിയ അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകാശിപ്പിക്കുക എന്നത് മനുഷ്യൻ്റെ സാമാന്യമര്യാദ മാത്രമാണ്.
ഞാൻ, എൻ്റെത്, എൻ്റെ കഴിവ്... എന്നീ ചിന്തകളാണ് മനുഷ്യനെ വഴിതെറ്റിക്കുന്നത്. എന്നാൽ ‘നീ വെറും പൂജ്യമാണ്, നിന്നെ പൂർണനാക്കുന്നത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്’ എന്ന സത്യം ഈ വചനം ഓർമിപ്പിക്കുന്നു.
ഈ ആയത്ത് മനുഷ്യൻ്റെ അഹങ്കാരത്തിൻ്റെ വേരുതന്നെ പിഴുതുമാറ്റുന്നു. നാം അല്ലാഹുവിനോട് പൂർണ ആശ്രിതരാണ് എന്ന ബോധം വന്നാൽ അഹങ്കാരം ഇല്ലാതാകും, നന്ദികേട് ഇല്ലാതാകും, പിശാചിൻ്റെ വഞ്ചനയിൽ വീഴില്ല, ഭക്തിയും വിനയവും സ്വാഭാവികമാകും.
സ്വന്തം ശരീരത്തിലെ ഒരവയവം പോലും സ്വന്തമായി നിയന്ത്രിക്കാൻ കഴിയാത്ത മനുഷ്യൻ, പ്രപഞ്ചം സൃഷ്ടിച്ചവനോട് ധിക്കാരം കാണിച്ചു നിൽക്കുന്നത് വലിയ അവിവേകം തന്നെയാണ്!
യഥാർഥത്തിൽ സമ്പന്നൻ ആര് എന്ന ചോദ്യത്തിന് ഈ വചനം ഉത്തരം നൽകുന്നു. എല്ലാ ആവശ്യങ്ങൾക്കും അല്ലാഹുവിനെ മാത്രം ആശ്രയിക്കുകയും സൃഷ്ടികളെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നവനാണ് യഥാർഥ സമ്പന്നൻ. നമ്മുടെ നിസ്സഹായത സ്രഷ്ടാവിന് മുന്നിൽ സമ്മതിച്ചു കൊടുക്കുന്നതിലാണ് മനുഷ്യൻ്റെ വിജയം കുടികൊള്ളുന്നത്.
ഓരോ ശ്വാസവും ഓരോ നിമിഷവും അല്ലാഹുവിൻ്റെ ഔദാര്യമാണെന്ന് സ്വയം ബോധ്യപ്പെട്ടു കൊണ്ടും ഐഹിക സുഖങ്ങൾ താത്ക്കാലികമാണെന്നും യഥാർഥ ധന്യത അല്ലാഹുവിൻ്റെ അടുക്കലാണെന്നും മനസ്സിലാക്കി ഭക്തിയും വിനയവും അധികരിപ്പിച്ച് അവനോട് നന്ദിയുള്ളവരാകുക.
(തുടരും)