മതം, തീവ്രത, അക്ഷരവായന: കിനാലൂരിൻ്റെ കിനാവുകൾ!!

മതം, തീവ്രത, അക്ഷരവായന: കിനാലൂരിൻ്റെ കിനാവുകൾ!!

====================

സൂംബാ വിവാദത്തിൻ്റെ പൊടിയടങ്ങുമ്പോൾ പലരുടെയും പുറംപൂച്ച് പുറത്തായിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ മധുര വർത്തമാനങ്ങൾ പറയുന്ന പലരുടേയും "സ്വാതന്ത്ര്യ " ബോധത്തിൻ്റെ പരിധി എന്നത് ആരും തങ്ങളെ വിമർശിക്കാത്ത കാലം മാത്രമാണ് എന്നത് വ്യക്തമായിക്കഴിഞ്ഞു.

സമുദായത്തിനുള്ളിലെ ചില കോടാലിക്കൈകളെ തിരിച്ചറിയാൻ സമൂഹത്തിനായി എന്നതും ഈ വിവാദം അടയാളപ്പെടുത്തിയ മറ്റൊരു പ്രധാന കാര്യമാണ്.

മതത്തിൻ്റെ സുരക്ഷിതമായ ഭൂമികയിൽ നിന്ന് ലിബറലിസത്തിൻ്റെ "തുറന്ന " ആകാശത്തേക്ക് പറക്കാൻ കൊതിക്കുന്ന ചിലരുടെ പരിഭവങ്ങളും ദുരാരോപണങ്ങളും ഈ സമയത്ത് പുറത്ത് വന്നതായി കണ്ടു.

ഒരു കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിൻ്റെ പരിസരത്ത് ജീവിച്ച്, അതിൻ്റെ തണൽ വേണ്ടുവോളം അനുഭവിച്ച് പിന്നീട് മർക്കസുദ്ദഅവയുടെ തലപ്പത്ത് എത്തിച്ചേർന്ന്, ശേഷം"സ്വാതന്ത്ര്യ " ത്തിൻ്റെ അന്തമില്ലാത്ത ലോകത്ത് എത്തിച്ചേർന്ന മുജീബുറഹ്മാൻ കിനാലൂരിൻ്റെ "ഡൂൾന്യൂസി"ൽ വന്ന ഒരു കുറിപ്പ് ഈ വർഗത്തിൽ പെടുത്താവുന്നതാണ്.

സൂംബയെ മറയാക്കി മതത്തെ രണ്ട് ''പിടക്കാൻ " കിട്ടിയ അവസരം മുതലാക്കുന്ന ആവേശം കുറിപ്പിൽ ഉടനീളമുണ്ട്. അക്കാരണത്താലാണ് വക്കീൽ ശുക്കൂറും അത് വിതരണം ചെയ്തത്.

അന്ധന്മാർ ആനയെ കുറിച്ച് വിശദീകരിച്ചതിലും പരിതാപകരമാണ് കിനാലൂരിൻ്റെ "നിരീക്ഷണങ്ങൾ " എന്ന് പറയാതെ വയ്യ.കുറച്ചൊക്കെ ലിബറലായാൽ മാത്രമേ പൊതു സമൂഹത്തിൻ്റെ

മുന്നിൽ "ഗുഡ് മുസ്ലിം " ആവാൻ കഴിയൂ എന്ന കിനാവിലാണ് കിനാലൂരടക്കമുള്ളവരുള്ളത് എന്നതാണ് സത്യം .

മതം പൊളിക്കാൻ അച്ചാരം വാങ്ങി മദം പൊട്ടിയാടിയിരുന്ന ചേകനൂരിനെപ്പോലും മുസ്ലീം നവോത്ഥാന നേതൃനിരയിലേക്ക് കസേരയിട്ട് കയറ്റി ഇരുത്താൻ കിനാലൂർ നടത്തിയ ശ്രമം ഇതിനുമുമ്പ് നാം കണ്ടതാണ്.

"ചേകനൂര് അകവും പുറവും " എന്ന കൃതിയിൽ കിനാലൂർ എഴുതി: 

"ഒരു നവോത്ഥാന ചിന്തകൾ എന്ന നിലയിൽ തനിക്ക് മുമ്പ് ആരും ചെയ്യാത്ത വ്യത്യസ്തമായതൊന്നും ചേകനൂർ മൗലവി ചെയ്തിട്ടില്ല. നവോത്ഥാനാശയക്കാരായ പലരും മുമ്പുതന്നെ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ പരമ്പരയിലെ ഒരു കണ്ണിയാണ് വാസ്തവത്തിൻ ചേകനൂർ മൗലവിയും! "

ഹദീസ് നിഷേധം എന്നത് അദ്ദേഹത്തിൻ്റെ " ഒറ്റപ്പെട്ട "അഭിപ്രായം മാത്രമായിരുന്നു എന്നും കിനാലൂർ കണ്ടത്തിയിട്ടുണ്ട്.! (പേജ്: 3 )

സർവ്വമത സത്യവാദമെന്ന വെള്ളം കലരാത്ത കുഫ്റിനെ മതത്തിൻ്റെ ആലയിൽ കെട്ടാൻ ശ്രമിച്ച് പരാജിതനായ ഒരാൾക്ക് നവോത്ഥാനത്തിൻ്റെ കുപ്പായം തുന്നിക്കൊടുത്ത കിനാലൂർ കിനാവ് കാണുന്ന നവോത്ഥാനത്തിലേക്ക് ഏതായാലും വിസ്ഡക്കാർ ഇല്ല എന്നറിയിക്കുകയാണ്.

കേരളത്തിൻ്റെ ബഹുസ്വരത ഉൾക്കൊണ്ട് തന്നെയാണ് മുജാഹിദുകൾ എക്കാലത്തും പ്രവർത്തിച്ചിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെയാണ്.ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ഒരു ജനാധിപത്യ സമൂഹത്തിൽ യഥാർത്ഥ മുസ്ലിമിന് ജീവിക്കാൻ പ്രയാസമാണ് എന്ന ചിന്ത വിസ്ഡക്കാർ വളർത്തുന്നു എന്ന കിനാലൂരിൻ്റെ ദുരാരോപണം കുറച്ച് കടുത്തതായിപ്പോയി!

രാജ്യത്തെ പൊതു സമൂഹത്തിനിടയിൽ തങ്ങളുടേതായ പങ്ക് ഏറ്റവും സക്രിയമായി നിർവഹിക്കുന്ന ഒരു സംഘടനയെ കുറിച്ച്

ഒരക്ഷരം പോലും പഠിക്കാതെ വായിൽ തോന്നിയത് ഇതുപോലെ വിളിച്ച് കൂവുക എന്നതാണോ " ബുദ്ധിജീവി "പട്ടം കിട്ടാൻ ചെയ്യേണ്ട അസൈമൻ്റ് വർക്ക്?!

പുരോഗമന വിരുദ്ധതയാണ് ഇപ്പോൾ വിസ്ഡത്തിൻ്റെ നിലപാട് എന്ന് പറഞ്ഞ് വെക്കുന്ന കിനാലൂർ അതിന് തെളിവൊന്നും ബോധിപ്പിച്ചിട്ടില്ല!

അറേബ്യൻ ഇസ്ലാം കേരളത്തിൽ ഭക്ഷണത്തിലും വസ്ത്രത്തിലും സ്വാധീനം നേടുന്നു എന്നതാണ് മറ്റൊരു പരാതി.

ഗൾഫ് രാജ്യങ്ങളുമായുള്ള ആളുകളുടെ ഇടപെടൽ മൂലം (അതിൽ മതം ഒരു ഘടകമേ അല്ല ) സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണത്. അതല്ലാതെ കുഴിമന്തിയും അൽഫഹ്മുമൊന്നും ഇവിടെ "ഇസ്ലാമിൻ്റെ ചിഹ്ന"ങ്ങളായി ആരും കൊണ്ടുവന്നതല്ല ! ഇത്തരം മരമണ്ടൻ ''കണ്ടെത്തലുകൾ " സന്തോഷിപ്പിക്കുന്നത്ത് തീവ്ര വലതുപക്ഷ പ്രൊഫൈലുകളെ മാത്രമാണ്.

മുജാഹിദ് പിളർപ്പിനെ കുറിച്ചുള്ള കിനാലൂരിൻ്റെ കമൻ്റും വസ്തുതകൾക്ക് വിരുദ്ധമാണ്.

"മുജാഹിദ് പിളര്‍പ്പിന്റെ വേരുകള്‍ ചെന്നെത്തുന്നത് അറേബ്യന്‍ സലഫിസവുമായുള്ള അവരുടെ ബാന്ധവത്തിലാണ്.

മുജാഹിദുകള്‍ മത വിഷയങ്ങളിലും സാമൂഹിക വിഷയങ്ങളിലും പുലര്‍ത്തി പോരുന്ന നിലപാടുകള്‍ ശരിയായ സലഫി നിലപാടുകള്‍ അല്ലാ എന്നും സലഫി വിശ്വാസ സരണിയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം കലാപം തുടങ്ങിയതോടെയാണ് മുജാഹിദില്‍ ഭിന്നത ഉടലെടുത്തത്."

രണ്ടായിരത്തിലെ മുജാഹിദ് യുവ നേതൃത്വത്തിലെ ചിലർക്ക് മുജാഹിദ് ആദർശ നയനിലപാടുകളോട് അസ്പൃശ്യത അനുഭവപ്പെടുകയും, ഖണ്ഡന-മണ്ഡന മുക്തമായ ഇഖ്വാനിയൻ ശൈലി പ്രബോധന രംഗത്ത് പ്രയോഗിക്കണമെന്ന് അവർ ചിന്തിക്കുകയും ചെയ്ത സമയത്ത്, വരാനിരിക്കുന്ന വലിയ അപകടം തിരിച്ചറിഞ്ഞ അന്നത്തെ KNM നേതൃത്യം ഇക്കാര്യത്തിൽ ഇടപെട്ടതിൽ ക്ഷുഭിതരായി ,KNM നേതൃത്വത്തെ പുറത്താക്കിയതായി സ്വയം പ്രഖ്യാപിച്ച് ഹുസൈൻ മടവൂരിൻ്റെ നേതൃത്വത്തിൽ കിനാലൂരടക്കമുള്ള ഒരു വിഭാഗം പുറത്ത് പോവുകയാണ് ഉണ്ടായത്. മർക്കസുദ്ദഅവയിൽ നിന്ന് "പുറത്തിറങ്ങിയ "

നീല പുസ്തകവും പിളർപ്പിന് ആക്കം കൂട്ടിയ കാര്യം കിനാലൂരിന് അജ്ഞാതമായിരിക്കില്ല.

പിളർപ്പിൻ്റെ പതിറ്റാണ്ടുകൾക്കിപ്പുറത്തിരുന്ന്, കിനാലൂരക്കമുള്ളവർ കൈകാര്യം ചെയ്തിരുന്ന

"ശബാബി "ൻ്റെ പേജുകൾ ഇന്ന് മറിച്ച് നോക്കുന്ന ഒരാൾക്ക് അന്ന് ഉന്നയിക്കപ്പെട്ട കാര്യങ്ങൾ 100 % ശരിയായിരുന്നുവെന്ന് ഇപ്പോൾ സുതരാം വ്യക്തമാവും! 

കേരള ഇഖ്വാനികളുടെ തലതൊട്ടപ്പന്മാരാണ് ഇന്ന് ശബാബിലെ പല രചനക്കാരും !

ഇഖ്‌വാനികൾ സലഫികൾക്കെതിരെ പറയുന്ന മുഴുവൻ ദുരാരോപണങ്ങളും ഏറ്റ് പിടിക്കുന്ന ഒരു "മാധ്യമ "മാണ് ഇന്നത്തെ ശബാബ് !

സലഫികളെ മദ്ഖലികളായി ആക്ഷേപിക്കുന്നത് ഒരു ഉദാഹരണം മാത്രം.

 ഹദീസ് നിഷേധ ആശയങ്ങൾ മുജാഹിദുകൾക്കിടയിൽ പ്രചരിപ്പിച്ചതിൻ്റെ ക്രെഡിറ്റ് മുഴുവനും കിനാലൂർ പറഞ്ഞ "കലാപകാരി"കൾക്ക് തന്നെയാണ്. പ്രമാണ പരിഹാസത്തിൻ്റെ പരിസരങ്ങളിലേക്ക് "ശബാബി "നെ എത്തിച്ചതിൽ കിനാലൂരിൻ്റെ പങ്കും ചെറുതല്ല !

താങ്കൾ ആക്ഷേപിച്ച "നവസലഫികളുടെ " ശക്തമായ പ്രതിരോധം ഇല്ലായിരുന്നുവെങ്കിൽ മർക്കസുദ്ദഅവയിലെ ഏതാണ്ടെല്ലാവരും ഇന്ന് കിനാലൂർ ത്വരീഖത്തിൽ ബൈഅത്ത് ചെയ്തിട്ടുണ്ടാകുമായിരുന്നു! അറേബ്യൻ സലഫിസമല്ല, ചിലരുടെ ചിതലരിച്ച നിലപാടുകളാണ് ചിദ്രതയ്ക്ക് കാരണമായത് എന്ന് ചുരുക്കം.

വിസ്ഡത്തെ സംബന്ധിച്ചുള്ള മറ്റൊരു ദുരാരോപണം ഇപ്രകാരമാണ്:

" 2006 ല്‍ അത് വീണ്ടും പിളര്‍ന്നു. അങ്ങനെ ഒരു വിഭാഗം മുജാഹിദ് വിഭാഗങ്ങളില്‍ ഏറ്റവും മതമൗലികവാദ സ്വഭാവമുള്ളതായി മാറി. അത് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. താര്‍ക്കിക യുക്തിയും കേവല അക്ഷരവായനയും ആധുനികതാ വിരുദ്ധതയും ശുദ്ധിവാദവുമാണു ഈ ഗ്രൂപ്പിന്റെ സവിശേഷതകള്‍ "

കിനാലൂരിൻ്റെ ലിബറൽ ആകാശമല്ല വിസ്ഡക്കാരുടെത് എന്നതാണ് ഈ വിമർശനത്തിൻ്റെ അടിസ്ഥാനം. ആധുനികതാ വിരുദ്ധത,അക്ഷര വായന, ശുദ്ധിവാദം.. ഹാവൂ ഭയങ്കരം തന്നെ!

മതത്തിൻ്റെ മേൽക്കൂര തകർത്ത് ലിബറൽ പരിസരങ്ങളിൽ പാറി നടക്കുന്നവർക്ക് ശുദ്ധ ഇസ്ലാമിൻ്റെ പ്രയോക്താക്കളെ കുറിച്ച് ഇതൊക്കെ തന്നെയാണ് തോന്നുക! രക്ഷയില്ല!

മറ്റൊരു രസകരമായ കണ്ടെത്തൽ നോക്കൂ!

"വിസ്ഡം ഗ്രൂപ്പിനകത്തും തീവ്രവാദം ശക്തി പ്രാപിച്ച് ഒരു വിഭാഗം പുറത്ത് പോയി. ആ വിഭാഗം ആണു യമനിലേക്ക് ഹിജ്റ പോയതും ആടുഫാം തുടങ്ങിയതും ".

ഇത് കിനാലൂർ ഇന്നലെ കണ്ട കിനാവാണെന്ന് തോന്നുന്നു!!

യമനിലേക്ക് " ഹിജ്റ " പോയ ഒരു വിസ്ഡക്കാരനെ കിനാലൂരിന് ഹാജറാക്കാൻ കഴിയുമോ??? രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിച്ച ഒരു സംഭവത്തെ കുറിച്ച് ഇത്ര നിരുത്തരവാദപരമായ പ്രസ്താവനകൾ ഉത്തരവാദപ്പെട്ട ഒരു സംഘടനയിലേക്ക് ചേർത്ത് പറയുന്നത്, ഗുരുതര ചികിത്സ തേടുന്ന ഒരു തരം മാനസീക രോഗം തന്നെയാണ്.

വിശുദ്ധ ക്വുർആനിലെ സൂറത്തുൽ ബക്വറയിൽ ആയത്തുൽ കുർസിയ്യ് എന്ന് പേരുള്ള ഒരായത്തുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ അത് ഓതിയാൽ ഇമ്മാതിരി പേക്കിനാവുകളിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാം!

വിസ്ഡക്കാർ ആരാണ് എന്ന് ഇവിടുത്തെ ജനങ്ങൾക്കറിയാം!

നവലിബറലുകളുടെ സ്റ്റിക്കർ തൽക്കാലം ആവശ്യമില്ല.

തീവ്രവാദത്തിനെതിരെ കേരളത്തിൻ്റെ നൂറുകണക്കിന് കവലകളിൽ പ്രഭാഷണങ്ങളിലൂടെയും ലക്ഷക്കണക്കിന് ഭവനങ്ങളിൽ നേരിട്ടും നടത്തിയ ബോധവത്കരണ പരിപാടികൾ കേരളക്കര മുഴുവൻ അറിഞ്ഞതാണ്. തീവ്രവാദത്തിനും ഐഎസ്നും എതിരെ ലക്ഷക്കണക്കിന് ലഘുലേഖകളാണ് വിസ്ഡക്കാർ കേരളത്തിലെ പൊതു സമൂഹത്തിൽ വിതരണം നടത്തിയത്! "ഐ എസിൻ്റെ മതം" എന്ന ഭീകരതയുടെ അടിവേരുകളെ തുറന്ന് കാണിക്കുന്ന ഗ്രന്ഥം മലയാളത്തിലും ഇംഗ്ലീഷിലും വിസ്ഡം ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നിട്ടും ഈ ദുരാരോപണം ആരെ തൃപ്തിപ്പെടുത്താനാണാവോ?

പ്രമാണങ്ങളെ തങ്ങളുടെ കുയുക്തിക്കനുസരിച്ച് നീട്ടിവലിക്കുന്നതിന് വിസ്ഡം എതിരാണ്. അതിനെ അക്ഷരവായനയായി വ്യാഖ്യ നിക്കുന്നത് പ്രമാണങ്ങളുടെ അക്ഷരവും ആശയവും ഗ്രഹിക്കാനുള്ള 

സാക്ഷരത നിങ്ങൾ നേടാത്തത് മൂലമാണ്.

ഏന്തായാലും സംഗീതം, നൃത്തം, സിനിമ തുടങ്ങിയവക്കൊക്കെ

പ്രമാണങ്ങൾ കണ്ടെത്താനുള്ള താങ്കളെപ്പോലുള്ളവരുടെ "ഇജ്തിഹാദിൻ്റെ " കഴിവ് അപാരം തന്നെ!

സൂംബാ ഡാൻസിനോടുള്ള വിയോജിപ്പ് മാന്യമായി പറഞ്ഞതാണല്ലോ ഇത്തരക്കാരെ ചൊടിപ്പിച്ചത്.ഇപ്പോൾ ഹൈന്ദവരിൽ നിന്നും

ക്രൈസ്തവരിൽ നിന്നും ഈ വിഷയത്തിൽ എതിർപ്പുകൾ വന്നു കഴിഞ്ഞു! താലിബാനീ ചാപ്പകൾ ഇനി ഇക്കൂട്ടർ എന്താണാവോ ചെയ്യുക?

പ്രതിസന്ധികളിൽ ഒരു ഭാഗത്ത് വിശ്വാസികളുടെ ഈമാൻ പരീക്ഷിക്കപ്പെടുമ്പോൾ മറുവശത്ത് കപടവിശ്വാസികളുടെ തനിനിറം പുറത്ത് വരാറുമുണ്ട്. അത് അനുസ്യൂതം തുടരുന്ന പ്രക്രിയയാണ്.

ജെൻഡർ ന്യൂട്രാലിറ്റിയേയും ന്യായീകരിക്കുന്നതാണോ കിനാലൂരിൻ്റെ നവോത്ഥാനം എന്നത് പറയേണ്ടത് കിനാലൂർ തന്നെയാണ്.

പൊതു സമൂഹത്തിൻ്റെ പ്രശംസക്കായി പടച്ചവൻ്റെ നിയമങ്ങൾക്ക് നേരെ പടവാളെടുത്ത് പുറപ്പെടാനൊരുങ്ങുമ്പോൾ മുജീബ് റഹ്മാൻ ഒന്ന് ഒർക്കുന്നത് നന്ന്;

നിങ്ങൾ കറേ കാലം ദൃഢമായി വിശ്വസിച്ചിരുന്ന പരലേകം എന്നത് സത്യമാണ് എന്നതാണത്. നൈമിഷിക ലോകത്തിന് വേണ്ടി

നൈതികതയും നെറിയും വിസ്മരിക്കരുത് എന്ന് മാത്രം ഓർമപ്പെടുത്തുന്നു.

അല്ലാഹു നമ്മെയെല്ലാം ഹിദായത്തിൽ ഉറപ്പിച്ച് നിർത്തട്ടെ! ആമീൻ