ധാരാളമായ ഔദാര്യവും മഹത്തായ ദാനവും വിശാലമായ നന്മയും നിലച്ചുപോകാത്ത അനുഗ്രഹവും ഉള്ളവന്‍ എന്നതാണ് അല്‍മന്നാന്‍ എന്ന തിരുനാമം അര്‍ത്ഥമാക്കുന്നത്.
ഇമാം അല്‍ഖത്വാബി (റ) പറഞ്ഞു: ഔദാര്യം ധാരാളമായ വനാണ് അല്‍മന്നാന്‍.
അല്‍ഹലീമി (റ) പറഞ്ഞു: ദാനങ്ങള്‍ മഹത്തരമാക്കുന്നവനാണ് അല്‍മന്നാന്‍. കാരണം അവന്‍ ജീവിതം, ബുദ്ധി, സംസാരം എന്നിവ നല്‍കി. രൂപങ്ങള്‍ നല്‍കുകയും രൂപങ്ങളെ നന്നാക്കുകയും ചെയ്തു. അനുഗ്രഹങ്ങള്‍ അരുളുകയും അനുഗ്രഹങ്ങളെ വര്‍ദ്ധിപ്പിക്കുകയും മഹനീയമാക്കുകയും ചെയ്തു. ഔദാര്യങ്ങളേയും പാരിദോഷികങ്ങളേയും പോഷിപിക്കുകയും ചെയ്തു.
وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ
നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. (ക്വുര്‍ആൻ 14: 34)
അല്‍മന്നാന്‍ എന്ന അല്ലാഹുവിന്‍റെ തിരുനാമം ഹദീഥുകളിലാണ് വന്നിട്ടുള്ളത്. അനസി(റ) ല്‍ നിന്ന് നിവേദനം. ഒരു വ്യക്തി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത് നബി (സ്വ) കേട്ടു:
اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ ذُو الْجَلَالِ وَالْإِكْرَامِ
അല്ലാഹുവേ നിന്നോടിതാ ഞാന്‍ തേടുന്നു. നിശ്ചയം നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീ ഏകനും തുല്യനായി ആരുമില്ലാത്ത വനുമാണ്. വാനങ്ങളേയും ഭൂമിയേയും മുന്‍മാതൃകയില്ലാതെ പടച്ചവനും ദുല്‍ജലാലിവല്‍ഇക്റാമുമായ അല്‍മന്നാന്‍.)
അപ്പോള്‍ തിരുമേനി (സ്വ) പറഞ്ഞു: ((തീര്‍ച്ചയായും ഇയാള്‍ അല്ലാഹുവോട് അവന്‍റെ ഇസ്മുല്‍അഅ്ള്വം കൊണ്ടാണ് തേടി യിരിക്കുന്നത്; അതുകൊണ്ട് തേടിയാല്‍ അവന്‍ നല്‍കും. അതു കൊണ്ട് ദുആഅ് ചെയ്താല്‍ അവന്‍ ഉത്തരം നല്‍കുകുകയും ചെയ്യും.))
പടപ്പുകള്‍ക്കായുള്ള അല്ലാഹുവിന്‍റെ മിന്നതിനെ (മഹത്തായ അനുഗ്രഹത്തേയും ഔദാര്യത്തേയും) അറിയിക്കുന്നതും അല്ലാഹു അത് അവരെ വിളിച്ചറിയിക്കുന്നതുമായ ധാരാളം വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലുണ്ട്.
لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ( ഒരു ദൂതനെ ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (ക്വുര്‍ആൻ 3: 164)
ആളുകള്‍ അവിശ്വാസത്തിലും അന്ധകാരങ്ങളിലും നരക പാതയില്‍ ചലിക്കുന്നവരുമായിരുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം ഹിദായത്തായി അവര്‍ക്കു കനിഞ്ഞത് അല്ലാഹു അവരെ ഉണര്‍ത്തുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِذَا ضَرَبْتُمْ فِي سَبِيلِ اللَّهِ فَتَبَيَّنُوا وَلَا تَقُولُوا لِمَنْ أَلْقَىٰ إِلَيْكُمُ السَّلَامَ لَسْتَ مُؤْمِنًا تَبْتَغُونَ عَرَضَ الْحَيَاةِ الدُّنْيَا فَعِندَ اللَّهِ مَغَانِمُ كَثِيرَةٌ ۚ كَذَٰلِكَ كُنتُم مِّن قَبْلُ فَمَنَّ اللَّهُ عَلَيْكُمْ فَتَبَيَّنُوا ۚ إِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനുപോയാല്‍ ( ശത്രു ആരെന്നും മിത്രം ആരെന്നും ) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്. ഇഹലോകജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് ( നിങ്ങളങ്ങനെ പറയുന്നത്. ) എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്‍റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അത് പോലെ ( അവിശ്വാസത്തില്‍ ) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ ( കാര്യങ്ങള്‍ ) വ്യക്തമായി ( അന്വേഷിച്ച് ) മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ക്വുര്‍ആൻ 4: 94)
يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا ۖ قُل لَّا تَمُنُّوا عَلَيَّ إِسْلَامَكُم ۖ بَلِ اللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ إِن كُنتُمْ صَادِقِينَ
അവര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയരുത്. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ( ഇത് നിങ്ങള്‍ അംഗീകരിക്കുക ) (ക്വുര്‍ആൻ 49: 17)
അവഹേളനത്തിലും ദുര്‍ബലതയിലും ഫിര്‍ഔനിന്‍റെ വിവിധങ്ങളായ പീഢനങ്ങളിലും കഴിഞ്ഞു കൂടിയിരുന്ന ഇസ്റാഈല്യരുടെമേല്‍ അല്ലാഹുവിന്‍റെ ഔദാര്യത്തെ കുറിച്ച് അല്ലാഹു പറയുന്നു:
وَنُرِيدُ أَن نَّمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ الْوَارِثِينَ
നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ ( നാടിന്‍റെ ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്.
وَنُمَكِّنَ لَهُمْ فِي الْأَرْضِ وَنُرِيَ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا مِنْهُم مَّا كَانُوا يَحْذَرُونَ
അവര്‍ക്ക് ( ആ മര്‍ദ്ദിതര്‍ക്ക് ) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും ( നാം ഉദ്ദേശിക്കുന്നു. ) (ക്വുര്‍ആൻ 28: 5, 6)
മൂസാ നബി (സ്വ)ക്കും സഹോദരന്‍ ഹാറൂന്‍ നബി (സ്വ)ക്കും അവരുടെ ജനതക്കും അല്ലാഹു ഏകിയ ഔദാര്യത്തെ കുറിച്ച് അല്ലാഹു തന്നെ പറയുന്നു:
وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَارُونَ
തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.
وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ
അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു.
وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ
അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.
وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ
അവര്‍ക്ക് രണ്ടുപേര്‍ക്കും നാം ( കാര്യങ്ങള്‍ ) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും,
وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ
അവരെ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. (ക്വുര്‍ആൻ 37: 114ڊ 118)
യൂസുഫ് നബി (സ്വ)ക്കും സഹോദരനും അല്ലാഹു ഏകിയ ഔദാര്യത്തെ കുറിച്ച് അല്ലാഹു പറയുന്നു:
قَالُوا أَإِنَّكَ لَأَنتَ يُوسُفُ ۖ قَالَ أَنَا يُوسُفُ وَهَٰذَا أَخِي ۖ قَدْ مَنَّ اللَّهُ عَلَيْنَا ۖ إِنَّهُ مَن يَتَّقِ وَيَصْبِرْ فَإِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ
അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്‍റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച. (ക്വുര്‍ആൻ 12: 90)
സ്വര്‍ഗവാസികള്‍ ഭൗതികലോകത്ത് അവര്‍ക്കുണ്ടായിരുന്ന അവരുടെ അവസ്ഥയും പരലോകത്ത് അല്ലാഹു അവരോട് ഔദാര്യം കാണിച്ചതും നരകത്തില്‍നിന്നു രക്ഷപ്പെടുത്തിയതും അനുസ്മരിക്കുന്നു.
قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ
അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു
فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ
അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.
إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُ هُوَ الْبَرُّ الرَّحِيمُ
തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും. (ക്വുര്‍ആൻ 52:26,27,28)
അല്‍മന്നാന്‍ എന്നതു അല്ലാഹുവിനു മഹത്വത്തിന്‍റേയും പ്രശംസയുടേയും നാമമാണ്.
മനുഷ്യരും മന്നാന്‍ എന്നതുകൊണ്ട് വിശേഷിപ്പിക്കപ്പെടാറുണ്ട്. മനുഷ്യന്‍ അല്ലാഹുവിന്‍റെ പ്രീതിക്കായി ഔദാര്യം നിര്‍വഹിക്കുമ്പോള്‍ മന്നാന്‍ എന്നതു അവനു സ്തുത്യര്‍ഹമായ വിശേഷണമാണ്. അബൂബകറി (റ) ന്‍റെ വിഷയത്തില്‍ നബി (സ്വ) പറഞ്ഞതു പോലെ.
إِنَّ أَمَنَّ النَّاسِ عَلَيَّ فِي صُحْبَتِهِ وَمَالِهِ أَبُو بَكْرٍ
((സഹവാസത്തിലും സമ്പത്തിലും എനിക്കു ഏറ്റവും അനുഗ്രഹമായി വര്‍ത്തിച്ചത് അബൂബക്കറാണ്.)) (ബുഖാരി)
എന്നാല്‍ എടുത്തുപറയുവാനും നല്‍കപെട്ടവനുമുന്നില്‍ പൊങ്ങച്ച പ്രകടനത്തിനുമാണ് ഔദാര്യം നിര്‍വഹിക്കുന്നതെങ്കില്‍ മന്നാന്‍ എന്നതു മനുഷ്യനു ആക്ഷേപാര്‍ഹമായ വിശേഷണമാണ്. അത്തരക്കാരന്‍ ശിക്ഷാര്‍ഹനുമാണ്. അബൂദര്‍റി(റ)ല്‍ നിന്നും നിവേദനം. നബി (സ്വ) പറഞ്ഞു:
« ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ» قَالَ فَقَرَأَهَا رَسُولُ اللَّهِ r ثَلاَثَ مِرَارٍ. قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ؟ قَالَ « الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ »
((മൂന്നു കൂട്ടരോട് അല്ലാഹു അന്ത്യനാളില്‍ സംസാരിക്കുകയോ അവരിലേക്കു നോക്കുകയോ അവരെ സംസ്കരിക്കുകയോ ഇല്ല; അവര്‍ക്ക് നോവേറിയ ശിക്ഷയാണ് ഉള്ളത്. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) മൂന്നു തവണ ഇതു പാരയണം ചെയ്തു. അബൂദര്‍റ് ചോദിച്ചു: ഇക്കൂട്ടര്‍ നിരാശപ്പെടുകയും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു! അല്ലാഹുവിന്‍റെ ദൂതരേ, അവര്‍ ആരാണ്? തിരുമേനി (സ്വ) പറഞ്ഞു: ((വസ്ത്രം വലിച്ചിഴക്കുന്നവന്‍, അല്‍മന്നാന്‍(ദാനം ചെയ്തത് എടുത്തുപറയുന്നവന്‍), കള്ളസത്യം ചെയ്തുകൊണ്ടു ചരക്ക് വിറ്റഴിക്കുന്നവന്‍.)) (മുസ്‌ലിം)