അശ്ശാഫി

ദാസന്മാരെ രോഗങ്ങളില്‍നിന്ന് സുഖപ്പെടുത്തുന്നവനാണ് അശ്ശാഫി. അവനില്‍നിന്നാണ് ശിഫാഅ്.

സംശയം, അഹങ്കാരം, അസൂയ, പക, പോര്, തുടങ്ങിയുള്ള മാനസികരോഗങ്ങള്‍ക്കും ശാരീരികമായ രോഗങ്ങള്‍, അപകടങ്ങള്‍ എന്നിവക്കും ശാഫിയാണ് അല്ലാഹു.

 قَاتِلُوهُمْ يُعَذِّبْهُمُ اللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ

നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവന്‍ അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും, വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക്‌ അവന്‍ ശമനം നല്‍കുകയും ചെയ്യുന്നതാണ്‌. (ക്വുര്‍ആൻ 9: 14) 

وَإِذَا مَرِضْتُ فَهُوَ يَشْفِينِ

എനിക്ക്‌ രോഗം ബാധിച്ചാല്‍ അവനാണ്‌ എന്നെ സുഖപ്പെടുത്തുന്നത്‌ (ക്വുര്‍ആൻ 26: 80)

അല്‍ഹലീമി (റ) പറഞ്ഞു: യാ ശാഫീ എന്നും യാ കാഫീ എന്നും ദുആയില്‍ പറയപ്പെടല്‍ അനുവദനീയമാണ്. കാരണം അല്ലാഹു സന്ദേഹങ്ങളില്‍നിന്ന് ഹൃദയങ്ങള്‍ക്ക് ശമനമേകുന്നു. രോഗങ്ങളില്‍നിന്നും വ്യാധികളില്‍നിന്നും ശരീരങ്ങള്‍ക്കും ശമനമേകുന്നു. അതിനു അവനല്ലാതെ കഴിയില്ല. ഈ നാമം കൊണ്ടു അവനൊഴിച്ചുള്ളവര്‍ വിളിക്കപ്പെടാവതുമല്ല.  

അശ്ശാഫിയായ അല്ലാഹു അടിയാറുകള്‍ക്കു ശമനവും കാരുണ്യവുമായി വിശുദ്ധ ക്വുര്‍ആനിനെ അവതരിപ്പിച്ചു.

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا

സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ക്വുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക്‌ അത്‌ നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല. (ക്വുര്‍ആൻ 17: 82)

രോഗം അവതരിപ്പിക്കപെട്ടതുപോലെ തന്നെ അശ്ശാഫിയായ അല്ലാഹു ശമനത്തിനുള്ള മരുന്നും അവതരിപ്പിച്ചിട്ടുണ്ട്. അബൂഹുറയ്റ (റ) യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞു:

مَا أَنْزَلَ اللَّهُ دَاءً إِلَّا أَنْزَلَ لَهُ شِفَاءً

 ((അല്ലാഹു യാതൊരു വിധ രോഗവും അവതരിപ്പിച്ചിട്ടില്ല. അതിനു ശിഫാഇനെ അവതരിപ്പിക്കാതെ.)) (ബുഖാരി)

അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞു:

تَدَاوَوْا فَإِنَّ اللَّهَ عَزَّ وَجَلَّ لَمْ يَضَعْ دَاءً إِلاَّ وَضَعَ لَهُ دَوَاءً غَيْرَ دَاءٍ وَاحِدٍ الْهَرَمُ

 ((നിങ്ങള്‍ ചികിത്സിക്കുക. കാരണം അല്ലാഹു യാതൊരു രോഗവും നിശ്ചയിച്ചിട്ടില്ല. അതിനൊരു മരുന്ന് നിശ്ചയിക്കാതെ. ഒരു രോഗമൊഴിച്ച്. അതു വാര്‍ദ്ധക്യമത്രേ.))  

അശ്ശാഫി എന്ന അല്ലാഹുവിന്‍റെ തിരുനാമം ഹദീഥുകളിലാണ് വന്നിട്ടുള്ളത്. ആഇശാ (റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു. അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) തന്‍റെ ചില ഭാര്യമാര്‍ക്കുവേണ്ടി മന്ത്രിക്കുമായിരുന്നു. തന്‍റെ വലതു കൈകൊണ്ട് തടവുകയും ദുആ ചെയ്യുകയും ചെയ്യും:

اللَّهُمَّ رَبَّ النَّاسِ ، أَذْهِبْ الْبَاسَ ، اشْفِ أَنْتَ الشَّافِي ، لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا

അല്ലാഹുവേ, ജനങ്ങളുടെ രക്ഷിതാവേ, ഉപദ്രവം നീ നീക്കേണമേ, നീ രോഗശമനം പ്രദാനം ചെയ്യേണമേ; നീയാകുന്നു അശ്ശാഫി (രോഗശമനം നല്‍കുന്നവന്‍) നിന്‍റെ രോഗശമനം അല്ലാതെ യാതൊരു രോഗശമനവുമില്ല. ഒരു രോഗത്തേയും വിട്ടേക്കാത്ത ശമനം (പ്രദാനം ചെയ്യേണമേ).

അനസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം തന്‍റെ ചില അനുചരന്മാരോടു പറഞ്ഞു. അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) നിര്‍വ്വഹിച്ച മന്ത്രം (റുക്വ്യഃ) ഞാന്‍ താങ്കള്‍ക്ക് മന്ത്രിച്ചുനല്‍കട്ടേ എന്നു പറഞ്ഞു താഴെ വരുന്ന റുക്വ്യഃ നിര്‍വ്വഹിച്ചത് ഇമാം ബുഖാരി നിവേദനം ചെയ്ത ഹദീഥിലുണ്ട്.

اللَّهُمَّ رَبَّ النَّاسِ مُذْهِبَ الْبَاسِ اشْفِ أَنْتَ الشَّافِي لاَ شَافِي إِلاَّ أَنْتَ ، شِفَاءً لاَ يُغَادِرُ سَقَمًا

അല്ലാഹുവേ, ഉപദ്രവം പോക്കുന്നവനായ ജനങ്ങളുടെ രക്ഷിതാവേ, നീ രോഗശമനം പ്രദാനം ചെയ്യേണമേ; നീയാകുന്നു അശ്ശാഫി. നീയല്ലാതെ ശാഫിയായി യാതൊരാളുമില്ല. ഒരു രോഗത്തേയും വിട്ടേക്കാത്ത ശമനം (പ്രദാനം ചെയ്യേണമേ).