അല്‍വാരിഥ്

എന്നെന്നും ശേഷിക്കുകയും എല്ലാം അനന്തരമാക്കുകയും ചെയ്യുന്നവന്‍ എന്നതാണ് അല്‍വാരിഥ് അര്‍ത്ഥമാക്കുന്നത്. മരണവും നാശവുമില്ലാത്ത അല്ലാഹുവിന്‍റെ ദാത്തിനേയും അവന്‍റെ അനന്തരമെടുക്കുക എന്ന പ്രവൃത്തിയേയും അല്‍വാരിഥ് എന്ന നാമം അറിയിക്കുന്നു.

 അല്‍അസ്ഹരി (റ) പറഞ്ഞു: അല്‍വാരിഥ് അല്ലാഹുവിന്‍റെ വിശേഷണങ്ങളില്‍ ഒരു വിശേഷണമാണ്. അല്‍വാരിഥ് അല്‍ ബാക്വി അദ്ദാഇം (എന്നെന്നും ശേഷിക്കുന്നവന്‍) എന്നതാണ് അര്‍ത്ഥമാക്കുന്നത്. 

 അല്‍ബയ്ഹക്വി (റ) പറഞ്ഞു: ഉണ്മ നിത്യമായവനാണ്  അല്‍ബാക്വി. അവന്‍റെ സത്തയില്‍ നിലനില്‍ക്കുന്ന വിശേഷണമാണ് ശേഷിക്കുകയെന്നത്. അതേ ആശയത്തിലാണ് അല്‍വാരിഥ്.

 വിശുദ്ധ ക്വുര്‍ആനില്‍ മൂന്നു വചനങ്ങളില്‍ ഈ നാമം ബഹുവചന രൂപത്തിലായി വന്നിട്ടുണ്ട്.

 അല്ലാഹുവിനു മാത്രമാണ് ആകാശങ്ങളുടേയും ഭൂമിയുടേയും അനന്തരാവകാശം.

  وَمَا لَكُمۡ أَلَّا تُنفِقُواْ فِي سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا يَسۡتَوِي مِنكُم مَّنۡ أَنفَقَ مِن قَبۡلِ ٱلۡفَتۡحِ وَقَٰتَلَۚ أُوْلَٰٓئِكَ أَعۡظَمُ دَرَجَةٗ مِّنَ ٱلَّذِينَ أَنفَقُواْ مِنۢ بَعۡدُ وَقَٰتَلُواْۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ 

ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍ നിന്നു (മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു. (ക്വുര്‍ആൻ 57: 10)

 وَلَا يَحۡسَبَنَّ ٱلَّذِينَ يَبۡخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦ هُوَ خَيۡرٗا لَّهُمۖ بَلۡ هُوَ شَرّٞ لَّهُمۡۖ سَيُطَوَّقُونَ مَا بَخِلُواْ بِهِۦ يَوۡمَ ٱلۡقِيَٰمَةِۗ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ 

അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ക്വുര്‍ആൻ 3: 180)

 മരണമില്ലാത്ത അല്‍ഹയ്യും നാശമില്ലാത്ത അല്‍ബാക്വിയുമാണ് അല്ലാഹു. അവനിലേക്കാണ് മടക്കവും ഒടുക്കവും പര്യവസാനവും. ഉടമസ്ഥരും അവരുടെ ഉടമസ്ഥതയിലുള്ളതുമെല്ലാം നശിക്കും. അല്ലാഹു പടപ്പുകളെ ആസകലം അനന്തരമെടുക്കും.

  إِنَّا نَحۡنُ نَرِثُ ٱلۡأَرۡضَ وَمَنۡ عَلَيۡهَا وَإِلَيۡنَا يُرۡجَعُونَ 

തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്‌. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്‌. (ക്വുര്‍ആൻ 19: 40)

 وَإِنَّا لَنَحۡنُ نُحۡيِۦ وَنُمِيتُ وَنَحۡنُ ٱلۡوَٰرِثُونَ 

തീര്‍ച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. (എല്ലാറ്റിന്‍റെയും) അനന്തരാവകാശിയും നാം തന്നെയാണ്‌. (ക്വുര്‍ആൻ 15: 23)

 വാര്‍ദ്ധക്യത്തില്‍ തനിക്കൊരു കുഞ്ഞുണ്ടാകുവാന്‍ സകരിയ്യാ നബി (സ്വ) നടത്തിയ ദുആഅ്.

  وَزَكَرِيَّآ إِذۡ نَادَىٰ رَبَّهُۥ رَبِّ لَا تَذَرۡنِي فَرۡدٗا وَأَنتَ خَيۡرُ ٱلۡوَٰرِثِينَ 

സകരിയ്യായെയും (ഓര്‍ക്കുക.) അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍. (ക്വുര്‍ആൻ 21: 89)

 സകരിയ്യാ നബി (സ്വ)ക്കു വാര്‍ദ്ധക്യമായി. മുടി നരച്ചും എല്ലു ശോഷിച്ചും വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെല്ലാം തെളിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയാകട്ടെ വന്ധ്യയുമായിരുന്നു. പക്ഷെ അല്‍വാരിഥായ അല്ലാഹു അദ്ദേഹത്തന്‍റെ വിളികേട്ടു. അത്യുത്തമമായത് അനന്തരമായി നല്‍കുകയും ചെയ്തു.

  فَٱسۡتَجَبۡنَا لَهُۥ وَوَهَبۡنَا لَهُۥ يَحۡيَىٰ وَأَصۡلَحۡنَا لَهُۥ زَوۡجَهُۥٓۚ إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ 

അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ചുകൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. (ക്വുര്‍ആൻ 21: 90)

ഒരു ദുആഅ്

 നബി (സ്വ) ഇപ്രകാരം ദുആ ചെയ്യുമായിരുന്നുവെന്ന് ആഇശാ (റ) യില്‍ നിന്നുള്ള ഹദീഥില്‍ വന്നിട്ടുണ്ട്: 

اللهُمَّ عَافِنِي فِي جَسَدِي وَعَافِنِي فِي بَصَرِي وَاجْعَلْهُ الْوَارِثَ مِنِّى، لاَ إِلهَ إِلاَّ اللهُ الْحَلِيمُ الْكَرِيمُ سُبْحَانَ اللهِ رَبِّ الْعَرْشِ الْعَظِيمِ وَالْحَمْدُ لِلهِ رَبِّ الْعَالمِينَ

അല്ലാഹുവേ, എന്‍റെ ശരീരത്തില്‍ നീ എനിക്കു സൗഖ്യമേകേണമേ. എന്‍റെ ദൃഷ്ടിയില്‍ നീ എനിക്കു സൗഖ്യമേകേണമേ. അതിനെ (എന്‍റെ ദൃഷ്ടിയെ) ഞാന്‍ മരിക്കുവോളം സുരക്ഷിതമായി ശേഷിപ്പിക്കേണമേ. പെട്ടന്നു ശിക്ഷിക്കാതെ തൗബക്കു സാവകാശം നലകുന്ന അല്‍ഹലീമും അത്യുദാരനുമായ അല്ലാഹു അല്ലാതെ യഥാര്‍ത്ഥ ആരാധനക്കു അര്‍ഹനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്‍റെ രക്ഷിതാവായ അല്ലാഹു പരിശുദ്ധനാകുന്നു. മുഴുവന്‍ സ്തുതികളും ലോകരുടെ രക്ഷിതാവായ അല്ലാഹുവിനു മാത്രമാകുന്നു.