വിശുദ്ധ ക്വുര്‍ആനില്‍ ആറു വചനങ്ങളില്‍ അല്ലാഹുവിന്‍റെ അല്‍ക്വഹ്ഹാര്‍ എന്ന നാമം വന്നിട്ടുണ്ട്. അല്‍വാഹിദ് എന്ന നാമത്തിനു ശേഷമാണ് ഈ നാമം ഈ വചനങ്ങളിലെല്ലാം വന്നിരിക്കുന്നത്. അല്ലാഹു, അല്‍വാഹിദ്, അല്‍ ക്വഹ്ഹാര്‍ എന്നീ നാമങ്ങളെ ഈ ആയത്തുകള്‍ ഉള്‍കൊണ്ടതും കാണാം.
അല്ലാഹുവിന്‍റെ അല്‍ക്വാഹിര്‍ എന്ന നാമത്തിന്‍റെ അഗാധാര്‍ത്ഥ പ്രയോഗമാണ് അല്‍ക്വഹ്ഹാര്‍.
അധിപന്മാര്‍ക്കുമീതെ സര്‍വ്വാധിപതിയായി അല്‍ക്വഹ്ഹാറായ അല്ലാഹുവുണ്ട്. മേലായവനും സര്‍വ്വാധിപതിയുമായ അവന്‍റെ ഉടമസ്ഥതയിലാകുന്നു എല്ലാം. അവന്‍റെ തീരുമാനമനുസരിച്ചു മാത്രമാണ് എല്ലാത്തിന്‍റേയും കാര്യങ്ങള്‍.
അല്‍ഹലീമി (റ) പറഞ്ഞു: അടക്കിഭരിക്കുകയും ഒരിക്കലും ഭരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനാണ് അല്‍ക്വഹ്ഹാര്‍.
ഇമാം അല്‍ഖത്വാബി (റ) പറഞ്ഞു: തന്‍റെ സൃഷ്ടികളില്‍ അതിക്രമകാരികളായ പോക്കിരികളെ ശിക്ഷകൊണ്ടും മുഴുവന്‍ പടപ്പുകളേയും മരണം കൊണ്ടും കീഴ്പെടുത്തുന്നവനാണ് അല്‍ ക്വഹ്ഹാര്‍.
ശെയ്ഖ് നാസ്വിറുസ്സഅ്ദി (റ) പറഞ്ഞു: ഏകത്വവും മേലാധിപത്യവും ഉള്ളത് അല്ലാഹുവിന് മാത്രമാണ്. സൃഷ്ടികളെല്ലാം, ഓരോ സൃഷ്ടിയും മറ്റൊരു സൃഷ്ടിക്കുമീതെ അതിനെ അടക്കിവാഴുന്നു. ആ അധിപനുമീതെ അവനേക്കാള്‍ ഉയര്‍ന്ന മറ്റൊരു അധിപനുണ്ടായിരിക്കും. അങ്ങിനെ ആധിപത്യം മുഴുവനും ഏകനും സര്‍വ്വാധിപനുമായ അല്ലാഹുവില്‍ എത്തും.
ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുമാത്രമാണ് ഇബാദത്തിനു അര്‍ഹന്‍. അവനൊഴികെ ആരാധിക്കപ്പെടുന്നവരെല്ലാം അശക്തരും ഭരിക്കപ്പെടുന്നവരുമാണ്. സ്വന്തത്തെപ്പോലും അപകടത്തില്‍നിന്നും നാശത്തില്‍നിന്നും തടുക്കുവാനാകാത്തവര്‍ എങ്ങിനെയാണ് മറ്റുള്ളവരെ കീഴ്പെടുത്തുക. യൂസുഫ് നബി (സ്വ) ദഅ്വത്തു ചെയ്തപ്പോള്‍ ജയിലിലെ സുഹൃത്തുക്കളോടു ചോദിച്ചതു നോക്കൂ:
يَٰصَٰحِبَيِ ٱلسِّجۡنِ ءَأَرۡبَابٞ مُّتَفَرِّقُونَ خَيۡرٌ أَمِ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ
ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ? (ക്വുര്‍ആൻ 12: 39)
ഒരു ദുആഅ്
നബി (സ്വ) രാത്രിയില്‍ അസ്വസ്സ്ഥനായാല്‍ ഇപ്രകാരം ദുആ ചെയ്യുമായിരുന്നുവെന്ന് ആഇശാ (റ) യില്‍ നിന്നുള്ള ഹദീഥില്‍ വന്നിട്ടുണ്ട്:
لَا إِلَهَ إِلَّا اللَّهُ الْوَاحِدُ الْقَهَّارُ، رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ
ഏകനും സര്‍വ്വാധിപതിയും വാനങ്ങളുടേയും ഭൂമിയുടേയും അവക്കിടയിലുള്ളവയുടേയും രക്ഷിതാവും ആരും അതിജയിക്കാതെ എല്ലാവരേയും അതിജയിച്ചു നില്‍ക്കുന്നവനും പാപങ്ങള്‍ ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല.