അല്‍വാഹിദ്

ഇമാം അല്‍ഖത്ത്വാബി (റ) പറഞ്ഞു: ഏകനായിക്കൊണ്ടേയിരിക്കുന്ന അല്‍ഫര്‍ദാണ് അല്‍വാഹിദ്. അവനോടൊപ്പം മറ്റൊന്ന് ഉണ്ടായിട്ടില്ല.  

ഇമാം അല്‍ബയ്ഹക്വി (റ) പറഞ്ഞു: യാതൊരു പങ്കാളിയും ഇല്ലാതെ ഏകനായിക്കൊണ്ടേയിരിക്കുന്ന അല്‍ഫര്‍ദാണ് അല്‍വാഹിദ്.

അല്ലാഹു അവന്‍റെ ദാത്തില്‍ ഏകനാണ്; അവനുതുല്യനായി ആരുമില്ല. അല്ലാഹു അവന്‍റെ വിശേഷണങ്ങളില്‍ ഏകനാണ്; അവന് സമന്മാരായി ആരുമില്ല. അല്ലാഹു അവന്‍റെ പ്രവൃത്തികളില്‍ ഏകനാണ്; അവന് സഹായിയും പങ്കാളിയുമായി ആരുമില്ല. അല്ലാഹു ആരാധ്യതയില്‍ ഏകനാണ്; അവന് സമന്മാരായി ആരുമില്ല. മഹത്വത്തിന്‍റേയും പരിപൂര്‍ണതയുടേയും വിശേഷണങ്ങള്‍ കൊണ്ട് അവന്‍ ഏകനാകുന്നു.

വിശുദ്ധ ക്വുര്‍ആനില്‍ ഇരുപത്തിരണ്ട് സ്ഥലങ്ങളില്‍ ഈ നാമം വന്നിട്ടുണ്ട്.

അല്‍വാഹിദ് എന്ന തിരുനാമത്തിനു ശേഷം അല്‍ക്വഹ്ഹാര്‍ എന്ന തിരുനാമം വന്ന പല വചനങ്ങള്‍ കാണാം. 

അല്ലാഹു ഏകനാണ്. യാതൊരു പങ്കാളിയും സഹായിയുമില്ലാത്തവനായ അവന്‍ എല്ലാം അടക്കിവാഴുന്നവനും കീഴൊതുക്കിയവനുമാണ്.

തൗഹീദ് സ്ഥാപിക്കുന്ന ധാരാളം വചനങ്ങളില്‍ അല്‍വാഹിദ് എന്ന നാമം വന്നതു കാണാം.

 وَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ لَّآ إِلَٰهَ إِلَّا هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ 

നിങ്ങളുടെ ആരാധ്യൻ ഏക ആരാധ്യൻ മാത്രമാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ. (ക്വുര്‍ആൻ 2: 163)

ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابٗا مِّن دُونِ ٱللَّهِ وَٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُوٓاْ إِلَٰهٗا وَٰحِدٗاۖ لَّآ إِلَٰهَ إِلَّا هُوَۚ سُبۡحَٰنَهُۥ عَمَّا يُشۡرِكُونَ 

അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏക ആരാധ്യനെ (അല്ലാഹുവിനെ) ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! (ക്വുര്‍ആൻ 9: 31)

  قُلۡ إِنَّمَآ أَنَا۠ مُنذِرٞۖ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ 

(നബിയേ,) പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്‌. ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. (ക്വുര്‍ആൻ 38: 65, 66)

ഇപ്രകാരം ശിര്‍ക്കിനെ തകര്‍ക്കുന്ന വചനങ്ങളിലും അല്‍ വാഹിദ് എന്ന നാമം വന്നതു കാണാം.

  يَٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِي دِينِكُمۡ وَلَا تَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلۡقَىٰهَآ إِلَىٰ مَرۡيَمَ وَرُوحٞ مِّنۡهُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُواْ ثَلَٰثَةٌۚ ٱنتَهُواْ خَيۡرٗا لَّكُمۡۚ إِنَّمَا ٱللَّهُ إِلَٰهٞ وَٰحِدٞۖ سُبۡحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٞۘ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِيلٗا 

വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്‌.നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. (ക്വുര്‍ആൻ 4: 171)

 لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ ثَالِثُ ثَلَٰثَةٖۘ وَمَا مِنۡ إِلَٰهٍ إِلَّآ إِلَٰهٞ وَٰحِدٞۚ وَإِن لَّمۡ يَنتَهُواْ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٌ 

അല്ലാഹു മൂവരില്‍ ഒരാളാണ്എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. (ക്വുര്‍ആൻ 5: 73)

അല്‍വാഹിദ് ആയ അല്ലാഹു അവന്‍റെ വഹ്ദാനിയ്യത്തിലേക്കുള്ള ദഅ്വത്ത് (തൗഹീദിലേക്കുള്ള ക്ഷണം) പ്രഥമവും പ്രധാനവുമാക്കി. ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) മുആദി(റ) നെ യമനിലേക്കയച്ചപ്പോള്‍ അദ്ദേഹത്തോടു പറഞ്ഞു:

إنّكَ تَأْتِي قَوْماً مِنْ أَهْلِ الْكِتَابٍ، فَلْيَكُنْ أَوّلَ مَا تَدْعُوهُمْ إِلَيْهِ شَهَادَةُ أَنْ لاَ إِلَهَ إِلاّ الله (وفي رواية: إلى أنْ يُوَحِّدُوا اللهَ)، فَإِنْ هُمْ أَطَاعُوكَ لِذَلِكَ. فَأَعْلِمْهُمْ أَنّ الله افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلّ يَوْمٍ وَلَيْلَةٍ، ....

 (താങ്കള്‍ പോകുന്നത് വേദക്കാരില്‍ ഒരു വിഭാഗത്തിന്‍റെ അടുക്കലേക്കാണ്. അതിനാല്‍ അവരെ താങ്കള്‍ ആദ്യമായി ക്ഷണിക്കേണ്ടത് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്നതിലേക്കാണ്. (മറ്റൊരു നിവേദനത്തില്‍: അല്ലാഹുവിന്‍റെ ഏകത്വം അംഗീകരിക്കുന്നതിലേക്കാണ്) അതില്‍ അവര്‍ താങ്കളെ അനുസരിച്ചാല്‍ ഓരോ രാപ്പകലുകളിലുമായി അഞ്ചുനേരത്തെ നമസ്കാരങ്ങള്‍ അല്ലാഹു അവരുടെ മേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന് അവരെ നിങ്ങള്‍ അറിയിക്കുക...) (ബുഖാരി, മുസ്‌ലിം)