അല്‍അഹദ്

അല്ലാഹുവിന്‍റെ അത്യുത്തമ നാമമായ അല്‍അഹദിന് ഇമാം ബയ്ഹക്വി (റ) തുല്യനും സദൃശ്യവാനും ഇല്ലാത്ത ഏകന്‍ എന്ന ആശയമാണ് നല്‍കിയത്. 

ഇബ്നുല്‍അഥീര്‍ (റ) പറഞ്ഞു: അല്‍അഹദ് എന്നാല്‍ അല്‍ഫര്‍ദ്വ് അഥവാ അതുല്ല്യനായ ഏകന്‍. 

ശെയ്ഖ് നാസ്വിറുസ്സഅ്ദി (റ) പറഞ്ഞു: യാതൊരു പങ്കാളിയും പങ്കുചേരാത്ത വിധം സമ്പൂര്‍ണതകളെല്ലാം കൊണ്ട് ഏകനായവനത്രേ അല്‍വാഹിദുല്‍അഹദ്. അവന്‍റെ നിരുപാധികമായ പൂര്‍ണതയേയും ഏകത്വം കൊണ്ട് അവന്‍ ഏകനാണെന്നതിനേയും അംഗീകരിച്ചും ദാസന്മാരെല്ലാം മനസാ വാചാ കര്‍മ്മണാ അവനെ ഏകനാക്കല്‍ നിര്‍ബന്ധമാണ്. ഇബാദത്തിന്‍റെ ഇനങ്ങള്‍ അവനു മാത്രമാക്കിയും അവനെ ഏകനാക്കല്‍ അവരുടെ മേല്‍ നിര്‍ബന്ധമാണ്. 

ഇബ്നുകഥീര്‍ (റ) പറഞ്ഞു: തുല്യനും സഹായിയും സമമായവനും സദൃശ്യമുള്ളവനും കിടയൊത്തവനും ഇല്ലാത്തവനായ ഏകന്‍. നാമം സ്ഥിരീകരിച്ച് അല്ലാഹുവിനെ കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ഈ പദം പറയപ്പെടുകയില്ല. കാരണം തന്‍റെ മുഴുവന്‍ വിശേഷണങ്ങളിലും പ്രവൃത്തികളിലും അല്ലാഹു സമ്പൂര്‍ണനാണ്. 

അല്ലാഹുവിന്‍റെ ഏകത്വം വിളിച്ചറിയിക്കുന്നതില്‍ അല്‍ വാഹിദ് എന്ന നാമത്തിനുള്ള സ്വാധീനത്തേക്കാള്‍ അല്‍അഹദ് എന്ന നാമത്തിന്  സ്വാധീനമുണ്ട്.

അല്‍വാഹിദ് എന്നാല്‍ രണ്ടാമതൊന്നില്ലാത്തവന്‍ എന്ന അര്‍ത്ഥത്തെയാണ് പ്രകാശിപ്പിക്കുന്നത്. അത് എണ്ണത്തിന്‍റെ വിഷയത്തിലാണ്. എന്നാല്‍ അല്‍അഹദ് എന്നാല്‍ തുല്യനായി മറ്റൊരാളില്ലാത്തവന്‍ എന്ന അര്‍ത്ഥത്തിലാണ്. അതാകട്ടെ വിശേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലുമാണ്.

വിശുദ്ധ ക്വുര്‍ആനില്‍ സൂറത്തു ഇഖ്ലാസ്വിലാണ് ഈ നാമം വന്നിട്ടുള്ളത്.

 തിരുമൊഴികളിലും ഈ നാമം വന്നിട്ടുണ്ട്. അബൂഹുറയ്റയി (റ) ല്‍ നിന്ന് നിവേദനം. അല്ലാഹു പറഞ്ഞതായി നബി (സ്വ) അരുളുന്നു.

كَذَّبَنِي ابْنُ آدَمَ .... وَأَمَّا شَتْمُهُ إِيَّايَ فَقَوْلُهُ اتَّخَذَ اللَّهُ وَلَدًا وَأَنَا الْأَحَدُ الصَّمَدُ لَمْ أَلِدْ وَلَمْ أُولَدْ وَلَمْ يَكُنْ لِي كُفْئًا أَحَدٌ

 ((ആദം സന്തതി എന്നെ കളവാക്കിയിരിക്കുന്നു..... എന്‍റെ നേരെ യുള്ള അവന്‍റെ ആക്ഷേപം അല്ലാഹു സന്തതിയെ സ്വീകരിച്ചിരിക്കുന്നു എന്ന വാക്കാണ്. ഞാനാകട്ടേ അല്‍അഹദും (ഏകനും) അസ്സ്വമദുമാണ്. ഞാന്‍ (ആര്‍ക്കും) ജന്മം  നല്‍കിയിട്ടില്ല. (ആരുടേയും സന്തതിയായി) ജനിച്ചിട്ടുമില്ല. എനിക്കു തുല്യനായി ആരുമില്ല.)) (ബുഖാരി)