അല്ലാഹുവിന്‍റെ അത്യുത്തമ നാമമാണ് അല്‍മുജീബ്. ഉത്തരമേകുന്നവന്‍ എന്നതാണ് പ്രസ്തുത നാമം അര്‍ത്ഥമാക്കുന്നത്. ദുആയിരക്കുന്നവന്‍റെ ദുആഅ് കേള്‍ക്കുകയും ഉത്തരമേകുകയും ചെയ്യുന്നവനാണ് അല്‍മുജീബായ അല്ലാഹു.
അല്ലാഹുവിനെ ആരാധിച്ചവരോടും അവനോടു ചോദിച്ചവരോടും അവനെ ഇഷ്ടപെട്ടവരോടുമുള്ള അവന്‍റെ ക്വുര്‍ബ്(സാമീപ്യം) വിവരിക്കവെ ശെയ്ഖ് നാസ്വിറുസ്സഅ്ദി (റ) പറഞ്ഞു:
അല്ലാഹു അവനോട് ദുആ ചെയ്യുന്നവരോട് അവരുടെ ദുആക്ക് ഉത്തരമേകിക്കൊണ്ട് ഏറെ അടുത്തവനാണ്. ദുആയിരക്കുന്നവര്‍ക്കുള്ള ഉത്തരമേകല്‍, ആബിദീങ്ങള്‍ അവനിലേക്കു താഴ്മയില്‍ മടങ്ങല്‍ എന്നിവയും അതിന്‍റെ അടയാളങ്ങളാണ്. ദുആഅ് ചെയ്യുന്നവര്‍ ഏതു അവസ്ഥയില്‍ എപ്പോള്‍ ആയാലും അവര്‍ക്കു ആമ്മായ ഇജാബത്ത് (പൊതുവായ ഉത്തരമേകല്‍) ഏകുന്ന മുജീബാണ് അല്ലാഹു; ഈയൊരു തുറന്ന വാഗ്ദാനം അവന്‍ അവര്‍ക്കു നല്‍കിയതുപോലെ. അല്ലാഹുവിന്‍റെ ആഹ്വാനങ്ങള്‍ സ്വീകരിക്കുകയും അവന്‍റെ ദീനിനു കീഴ്പെടുകയും ചെയ്തവര്‍ക്ക് ഇജാബത്തുന്‍ഖാസ്സ്വഃ (പ്രത്യേകമായ ഇത്തരമേകല്‍) ഏകുന്ന മുജീബുമാണ് അവന്‍. പടപ്പുകളില്‍ നിര്‍ബന്ധിതനും പ്രതീക്ഷയറ്റവനും ആഗ്രഹത്താലും പ്രതീക്ഷയാലും ഭയത്താലും അവനോട് ബന്ധം ശക്തമാക്കിയവനും ഉത്തരമേകുന്നവനാണ് അവന്‍
വിശുദ്ധക്വുര്‍ആനില്‍ പ്രസ്തുത തിരുനാമം ഒരു തവണ വന്നിട്ടുണ്ട്.
തേടുന്നവരുടെ തേട്ടം കേള്‍ക്കുകയും ചോദിക്കുന്നവര്‍ക്ക് ഉത്തരമേകുകയും വിളിക്കുന്നവരെ വെറുതെ മടക്കാതിരിക്കു കയും വിശ്വാസികളെ നിരാശപ്പെടുത്താതിരിക്കുകയും ചെയ്യുന്ന വനാണ് അല്ലാഹു.
وَلَقَدۡ نَادَىٰنَا نُوحٞ فَلَنِعۡمَ ٱلۡمُجِيبُونَ
നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍! (ക്വുര്‍ആൻ 37: 75)
أَمَّن يُجِيبُ ٱلۡمُضۡطَرَّ إِذَا دَعَاهُ وَيَكۡشِفُ ٱلسُّوٓءَ وَيَجۡعَلُكُمۡ خُلَفَآءَ ٱلۡأَرۡضِۗ أَءِلَٰهٞ مَّعَ ٱللَّهِۚ قَلِيلٗا مَّا تَذَكَّرُونَ
അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? കുറച്ചു മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. (ക്വുര്‍ആൻ 27: 62)
{ قَالَ قَدۡ أُجِيبَت دَّعۡوَتُكُمَا فَٱسۡتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعۡلَمُونَ }
അവന്‍ (അല്ലാഹു) പറഞ്ഞു: 'നിങ്ങളുടെ ഇരുവരുടെയും പ്രാര്‍ത്ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇരുവരും നേരെ നിലകൊള്ളുക. വിവരമില്ലാത്തവരുടെ വഴി നിങ്ങള്‍ ഇരുവരും പിന്തുടര്‍ന്ന് പോകരുത്' (ക്വുര്‍ആൻ 10: 89)
അല്ലാഹു തന്നോട് തേടുന്നവര്‍ക്ക് ഉത്തരമേകും. പക്ഷെ അവനില്‍ നിന്നുള്ള ഉത്തരം വിവിധ നിലകളിലായിരിക്കും.
ചിലപ്പോള്‍ ആവശ്യപ്പെട്ടത് പെട്ടന്നു കനിയും. ചിലപ്പോള്‍ അല്ലാഹുവിന്‍റെ യുക്തിയുടെ തേട്ടത്താല്‍ ആവശ്യപ്പെട്ടത് കനിയുന്നത് വൈകിയായിരിക്കും. മറ്റുചിലപ്പോള്‍ തേടിയതു നല്‍കാതെ അതിനു തുല്യമായുള്ള വിപത്ത് തട്ടിമാറ്റിക്കൊണ്ടായിരിക്കും ഉത്തരമേകല്‍.
ഒരുവേള ദുആ ചെയ്തതിന്‍റെ പ്രതിഫലം പരലോകത്തേക്ക് സൂക്ഷിച്ചു വെച്ചുകൊണ്ടായിരിക്കും അല്ലാഹുവിന്‍റെ ഉത്തരമേകല്‍.
ഈ കാര്യങ്ങള്‍ ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. അബൂസ ഈദ് അല്‍ഖുദ്രി(റ) യില്‍ നിന്നും നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞു:
ما منْ مسلمٍ يدْعو ، لَيسَ بإِثْمٍ أَوْ بِقَطيعَةِ رحِمٍ ، إِلاَّ أَعْطَاهُ إِحدَى ثلاثٍ: إِمَّا أَنْ يُعَجِّلَ لهُ دعوتهُ ، وإِمَّا أَن يدَّخِرَهَا لهُ فِي الآخرةِ . وإِمَّا أَن يدفع عنه من السوءِ مثْلَهُ. قَالَ: إِذاً نُكْثِرْ ، قالَ: اللهُ أَكْثَرُ
((കുറ്റകരമായതു(തേടിക്കൊണ്ടോ) കുടുംബബന്ധം മുറിക്കുവാന്‍ (തേടിക്കൊണ്ടോ) അല്ലാതെ ദുആയിരക്കുന്ന ഒരു മുസ്‌ലിമുമില്ല മൂന്നാല്‍ ഒരുകാര്യം അല്ലാഹു അയാള്‍ക്ക് നല്‍കാതെ. ഒന്നുകില്‍ അയാളുടെ ദുഅക്ക് പെട്ടന്ന് (ഉത്തരം)നല്‍കും. അല്ലെങ്കില്‍ അതിനെ ആഖിറത്തിലേക്ക് എടുത്തുവെക്കും. അതുമല്ലെങ്കില്‍ ആ ദുആക്ക് തുല്യമായ തിന്മ അയാളില്‍നിന്ന് (അല്ലാഹു) തടുക്കും. (അബൂസഈദ് (റ) ) പറഞ്ഞു: എങ്കില്‍ നമുക്ക് വര്‍ദ്ധിപ്പിക്കാം. (നബി (സ്വ)) പറഞ്ഞു: അല്ലാഹുവാണ് ഏറ്റവും വര്‍ദ്ധിപ്പിക്കുന്നവന്‍.
ഉബാദത് ഇബ്നു സ്വാമിതി (റ) ല്‍നിന്ന് നിവേദനം അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞു:
مَا عَلَى الْأَرْضِ مُسْلِمٌ يَدْعُو اللَّهَ بِدَعْوَةٍ إِلَّا آتَاهُ اللَّهُ إِيَّاهَا أَوْ صَرَفَ عَنْهُ مِنْ السُّوءِ مِثْلَهَا مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ فَقَالَ رَجُلٌ مِنْ الْقَوْمِ إِذًا نُكْثِرُ قَالَ اللَّهُ أَكْثَرُ
((ഭൂലോകത്തുവെച്ച് അല്ലാഹുവിനോട് വല്ല മുസ്‌ലിമും പ്രാര്‍ത്ഥിച്ചാല്‍ കുറ്റകരമായതു(തേടിക്കൊണ്ടോ) കുടുംബബന്ധം മുറിക്കുവാന്‍ (തേടിക്കൊണ്ടോ) അവന്‍ ദുആഅ് ചെയ്യാത്ത കാലത്തോളം അവന്‍ ചോദിച്ചത് അല്ലാഹു അവന് നൽകുകയോ അത്രയും ആപത്ത് അവനില്‍നിന്ന് തെറ്റിച്ചുകളയുകയോ ചെയ്യാതിരിക്കുകയില്ല. അപ്പോള്‍ ജനങ്ങളിലൊരാള്‍ പറഞ്ഞു: എന്നാല്‍ ഞങ്ങള്‍ (ദുആഅ്)വര്‍ദ്ധിപ്പിക്കും. (നബി (സ്വ))പറഞ്ഞു: അല്ലാഹുവാണ് ഏറ്റവും വര്‍ദ്ധിപ്പിക്കുന്നവന്‍.))