അല്‍ക്വരീബ്

അല്ലാഹു അടിമകളോട് സമീപസ്ഥനാണ്. സമീപസ്ഥന്‍ എന്നതാണ് അല്‍ക്വരീബ് എന്ന നാമം അര്‍ത്ഥമാക്കുന്നത്. 

ഇമാം അല്‍ഖത്വാബി (റ) പറഞ്ഞു: അല്‍ക്വരീബ് എന്നതിന്‍റെ അര്‍ത്ഥം തന്‍റെ അറിവുകൊണ്ട് പടപ്പുകളോട് ഏറെ അടുത്തവന്‍ എന്നും ഉത്തരമേകിക്കൊണ്ട് തന്നോട് ദുആഅ് ചെയ്തവരോട് ഏറെ അടുത്തവന്‍ എന്നുമാണ്.  

വിശുദ്ധ ക്വുര്‍ആനില്‍ ഈ തിരുനാമം മൂന്നു തവണ വന്നിട്ടുണ്ട്. 

അല്ലാഹുവിന്‍റെ സാമീപ്യത്തിന്‍റെ യാഥാര്‍ത്ഥ്യം എങ്ങിനെ എന്നത് അറിയപ്പെടാത്തതാണെങ്കിലും ലക്ഷണങ്ങളിലൂടെ അതു മനസിലാക്കാം. അല്ലാഹുവിന്‍റെ കാരുണ്യം, തൗഫീക്വ്, പരിഗണന, ദുആക്കുള്ള ജവാബ്, പ്രതിഫലം തുടങ്ങിയുള്ള കാര്യങ്ങളിലൂടെ അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാര്‍ക്ക് അത് അറിയുവാനാകും.

ശെയ്ഖ് നാസ്വിറുസ്സഅ്ദി (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ക്വുര്‍ബ് (സാമീപ്യം) രണ്ടു നിലക്കാണ്. 

ഒന്ന്: ക്വുര്‍ബുന്‍ആമ്മ്. തന്‍റെ അറിവ്, അനുഭവം, നിരീ ക്ഷണം, സാക്ഷ്യം, വലയം ചെയ്യല്‍ എന്നിവകൊണ്ട് ഓരോരുത്ത രോടുമുള്ള അവന്‍റെ അടുപ്പം.

രണ്ട്: തന്നെ ആരാധിച്ചവരോടും തന്നോടു ചോദിച്ചവരോടും തന്നെ ഇഷ്ടപെട്ടവരോടുമുള്ള അടുപ്പം. 

അല്ലാഹു തന്നോടു ദുആ ചെയ്യുന്നവരോട് അവരുടെ ദുആക്ക് ഉത്തരമേകിക്കൊണ്ട് ഏറെ അടുത്തവനാണ്. ഈ സാമീപ്യത്തിന്‍റെ യാഥാര്‍ത്ഥ്യം മനസിലാക്കപെടുകയില്ല. ദാസനോടുള്ള അല്ലാഹുവിന്‍റെ ആര്‍ദ്രത, പരിഗണന, തൗഫീക്വ്, തസ്ദീദ് എന്നിങ്ങനെയുള്ള അടയാളങ്ങളിലൂടെ അതു മനസിലാക്കാം. ദുആയിരക്കുന്നവര്‍ക്കുള്ള ഉത്തരമേകല്‍, ആബിദീങ്ങള്‍ അവനിലേക്കു താഴ്മയില്‍ മടങ്ങല്‍ എന്നിവയും അതിന്‍റെ അടയാളങ്ങളാണ്.  

അല്ലാഹു തന്നോടു ദുആഅ് ചെയ്യുന്നവരോട് ഏറെ അടുത്തവനാണ്.

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ

നിന്നോട്‌ എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (ക്വുര്‍ആൻ  2: 186)

അബൂമൂസല്‍അശ്അരിയി (റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ റസൂലി(സ്വ)നോടൊപ്പം (യാത്രയിലായി)രിക്കെ ഒരു താഴ്‌വാരം കയറവെ ഞങ്ങള്‍ തക്ബീറും തഹ്ലീലും ചൊല്ലി. ഞങ്ങളുടെ ശബ്ദം ഉയര്‍ന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു:

 يَا أَيُّهَا النَّاسُ ارْبَعُوا عَلَى أَنْفُسِكُمْ فَإِنَّكُمْ لَا تَدْعُونَ أَصَمَّ وَلَا غَائِبًا إِنَّهُ مَعَكُمْ إِنَّهُ سَمِيعٌ قَرِيبٌ تَبَارَكَ اسْمُهُ وَتَعَالَى جَدُّهُ

((ജനങ്ങളെ നിങ്ങള്‍ ശബ്ദം ഉയര്‍ത്താതെ സ്വയം നിയന്ത്രിക്കുക. നിശ്ചയം, നിങ്ങള്‍ ബധിരനോടോ വിദൂരസ്ഥനോടൊഅല്ല ദുആ ചെയ്യുന്നത്. നിശ്ചയം അവന്‍ നിങ്ങളോടൊപ്പമാണ്. നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്നവനും സമീപസ്ഥനുമാണ്. അവന്‍റെ നാമം അനുഗ്രഹപൂര്‍ണമായിരിക്കുന്നു. അവന്‍റെ കാര്യം ഉന്നതമായിരിക്കുന്നു.)) (ബുഖാരി)

 മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമാണുള്ളത്: 

إِنَّمَا تَدْعُونَ سَمِيعًا بَصِيرًا إِنَّ الَّذِي تَدْعُونَ أَقْرَبُ إِلَى أَحَدِكُمْ مِنْ عُنُقِ رَاحِلَتِهِ

((എല്ലാം കേള്‍ക്കുന്നവനും എല്ലാം കാണുന്നവനുമായവനോട് മാത്രമാണ് നിങ്ങള്‍ ദുആ ചെയ്യുന്നത്. നിശ്ചയം നിങ്ങള്‍ ദുആ ചെയ്യുന്നവന്‍ തന്‍റെ വാഹനത്തിന്‍റെ പിരടിയേക്കാള്‍ നിങ്ങളിലോ രോരുത്തരിലേക്കും ഏറെ അടുത്തവനാണ്.))  

തൗബഃ ചെയ്യുന്നവരോടും പാപമോചനത്തിനു തേടുന്നവരോടും ഏറെ അടുത്തവനാണ് അല്ലാഹു.

وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ هُوَ أَنشَأَكُم مِّنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي قَرِيبٌ مُّجِيبٌ

ഥമൂദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും ( നാം നിയോഗിക്കുകയുണ്ടായി. ) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന്‌ സൃഷ്ടിച്ച്‌ വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട്‌ പാപമോചനം തേടുകയും, എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്‌ ) ഉത്തരം നല്‍കുന്നവനുമാകുന്നു. (ക്വുര്‍ആൻ 11: 61)

 പുണ്യപ്രവൃത്തികള്‍ അനുഷ്ഠിച്ചും സുകൃതം പെരുപ്പിച്ചും തന്നിലേക്ക് അടുക്കുന്ന എല്ലാ ദാസന്മാരോടും ഏറെ അടുത്തവനാണ് അല്ലാഹു. അല്ലാഹു പറഞ്ഞതായി നബി (സ്വ ) പറഞ്ഞു:

وَمَنْ تَقَرَّبَ إِلَيَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا وَمَنْ تَقَرَّبَ إِلَيَّ ذِرَاعًا تَقَرَّبْتُ إِلَيْهِ بَاعًا وَإِذَا أَقْبَلَ إِلَيَّ يَمْشِي أَقْبَلْتُ إِلَيْهِ أُهَرْوِلُ

((.....വല്ലവനും എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. വല്ലവനും എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കും. അവന്‍ നടന്നുകൊണ്ട് എന്നിലേക്ക് വന്നാല്‍ ഞാന്‍ അവനിലേക്ക് ഒടിക്കൊണ്ടു വരും.)) (മുസ്‌ലിം)