തന്‍റെ ദാസന്മാരെ സഹായിക്കലും തന്‍റെ ഔലിയാക്കളെ ശക്തിപ്പെടുത്തലും പ്രതിരോധിക്കലും ഏറ്റെടുത്തവന്‍ എന്നതാണ് അന്നസ്വീര്‍ അര്‍ത്ഥമാക്കുന്നത്.
അല്‍അസ്വ്ബഹാനി (റ) പറഞ്ഞു: അന്നസ്വീറും അന്നാസ്വിറും ഒരേ അര്‍ത്ഥത്തിലാണ്. മുഅ്മിനീങ്ങളെ അവരുടെ ശത്രുക്കള്‍ക്കെതിരില്‍ സഹായിക്കുകയും ശത്രുവെ കണ്ടുമുട്ടുമ്പോള്‍ വിശ്വാസികളുടെ കാല്‍പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുകയും ശത്രുക്കളുടെ ഹൃദയങ്ങളില്‍ പേടി ഇട്ടുകൊടുക്കുകയും ചെയ്യുന്നവന്‍ എന്നതാണ് അത് അര്‍ത്ഥമാക്കുന്നത്.
അല്‍ഹലീമി (റ) പറഞ്ഞു: തന്‍റെ വലിയ്യിനെ ശത്രുവിനു ഏല്‍പിച്ചുകൊടുക്കുകയില്ലെന്നും അവനെ അപമാനിക്കുകയില്ലെന്നും ആരിലാണോ ഉറപ്പിക്കപ്പെടാവുന്നത് അവനാണ് അന്നസ്വീര്‍.
വിശുദ്ധ ക്വുര്‍ആനില്‍ ഈ തിരുനാമം നാലു തവണ വന്നിട്ടുണ്ട്.
സഹായം അല്ലാഹുവില്‍നിന്നു മാത്രമാണ്. അവന്‍റെ അനുഗ്രഹത്താലല്ലാതെ സഹായം സാക്ഷാല്‍കൃതമാകുകയില്ല. അല്ലാഹു മാത്രമാകുന്നു ഏറ്റവും നല്ല സഹായിയും അത്യുത്തമനായ സംരക്ഷകനും.
وَإِن تَوَلَّوْا فَاعْلَمُوا أَنَّ اللَّهَ مَوْلَاكُمْ ۚ نِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ
എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരിയെന്ന് നിങ്ങള്‍ മനസ്സിലാക്കുക. എത്രയോ നല്ല രക്ഷാധികാരി! എത്രയോ നല്ല സഹായി!! (ക്വുര്‍ആൻ 8: 40)
بَلِ اللَّهُ مَوْلَاكُمْ ۖ وَهُوَ خَيْرُ النَّاصِرِينَ
അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകുന്നു സഹായികളില്‍ ഉത്തമന്‍. (ക്വുര്‍ആൻ 3: 150)
ദാസന്മാര്‍ക്ക് സഹായിയും രക്ഷകനുമായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു ആവര്‍ത്തിച്ചുണര്‍ത്തിയ യാഥാര്‍ത്ഥ്യമത്രേ ഇത്.
وَمَا لَكُم مِّن دُونِ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ
നിങ്ങള്‍ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ല. (ക്വുര്‍ആൻ 2: 107, 9: 116, 29: 22, 42: 31)
മാത്രവുമല്ല അല്ലാഹു സഹായിച്ചവന്‍ മാത്രമാണ് വിജയി. അല്ലാഹു പറഞ്ഞു:
ۖ وَإِن يَخْذُلْكُمْ فَمَن ذَا الَّذِي يَنصُرُكُم مِّن بَعْدِهِ
നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. (ക്വുര്‍ആൻ 3:160)
അല്ലാഹുവിന്‍റെ സഹായം വന്നിറങ്ങിയ നബിമാരുടെ വിഷയത്തില്‍ അവന്‍ പറയുന്നതു നോക്കൂ:
وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ
അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.(ക്വുര്‍ആൻ 37: 116)
അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ സഹായിക്കുന്നു.
فِي بِضْعِ سِنِينَ ۗ لِلَّهِ الْأَمْرُ مِن قَبْلُ وَمِن بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ. بِنَصْرِ اللَّهِ ۚ يَنصُرُ مَن يَشَاءُ ۖ وَهُوَ الْعَزِيزُ الرَّحِيمُ
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്. അല്ലാഹുവിന്‍റെ സഹായം കൊണ്ട്. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും. (ക്വുര്‍ആൻ 30: 4, 5)
അല്ലാഹുവിന്‍റെ സാഹായം നേടുവാന്‍ അടിയാറുകള്‍ ചെയ്യേണ്ടുന്നതിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്. (ക്വുര്‍ആൻ 47: 7)
സാഹായം അല്ലാഹുവില്‍ നിന്നു മാത്രമണെന്നതു അവ നില്‍നിന്നുള്ള പ്രഖ്യാപനമാണ്.
وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ ۚ
അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. (ക്വുര്‍ആൻ 3: 126, 8: 10)
ഈ യാഥാര്‍ത്ഥ്യം അറിഞ്ഞു മനസിലാക്കിയവരായിരുന്നു വിശ്വാസികള്‍. നൂഹ് നബിയുടെ ജനത അദ്ദേഹത്തെ ആക്ഷേപിക്കുകയും ദുര്‍ബലരും സാധുക്കളുമാണ് അനുയായികളെന്നു കുറ്റപ്പെടുത്തുകയും അവരെ അകറ്റണമെന്നു പറയുകയും ചെയ്തപ്പോള്‍ അദ്ദേഹം അവരോടു പ്രതികരിക്കുന്നതുനോക്കൂ.
وَيَا قَوْمِ مَن يَنصُرُنِي مِنَ اللَّهِ إِن طَرَدتُّهُمْ ۚ أَفَلَا تَذَكَّرُونَ
എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കുവാനാരാണുള്ളത്. നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ? (ക്വുര്‍ആൻ 11: 30)
സ്വാലിഹ് നബി (അ) തന്‍റെ ജനതയോടു പറയുന്നതു നോക്കൂ. അല്ലാഹു പറഞ്ഞു:
قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَآتَانِي مِنْهُ رَحْمَةً فَمَن يَنصُرُنِي مِنَ اللَّهِ إِنْ عَصَيْتُهُ ۖ فَمَا تَزِيدُونَنِي غَيْرَ تَخْسِيرٍ
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവനെനിക്ക് നല്‍കിയിരിക്കുകയുമാണെങ്കില്‍ -അല്ലാഹുവോട് ഞാന്‍ അനുസരണക്കേട് കാണിക്കുന്ന പക്ഷം- അവന്‍റെ ശിക്ഷയില്‍ നിന്ന് ( രക്ഷിച്ചുകൊണ്ട് ) എന്നെ സഹായിക്കാനാരുണ്ട്? അപ്പോള്‍ ( കാര്യം ഇങ്ങനെയാണെങ്കില്‍ ) നിങ്ങള്‍ എനിക്ക് കൂടുതല്‍ നഷ്ടം വരുത്തിവെക്കുക മാത്രമേ ചെയ്യൂ. (ക്വുര്‍ആൻ 11: 63)
ഫിര്‍ഔനിന്‍റെ ജനതയില്‍പെട്ട വിശ്വാസിയായ വ്യക്തി (മുഅ്മിനു ആലിഫിര്‍ഔന്‍) അവിശ്വാസികളായ തന്‍റെ ആളുകളോടു പറഞ്ഞതായി അല്ലാഹു പറഞ്ഞു:
يَا قَوْمِ لَكُمُ الْمُلْكُ الْيَوْمَ ظَاهِرِينَ فِي الْأَرْضِ فَمَن يَنصُرُنَا مِن بَأْسِ اللَّهِ إِن جَاءَنَا ۚ قَالَ فِرْعَوْنُ مَا أُرِيكُمْ إِلَّا مَا أَرَىٰ وَمَا أَهْدِيكُمْ إِلَّا سَبِيلَ الرَّشَادِ
എന്‍റെ ജനങ്ങളേ, ഭൂമിയില്‍ മികച്ചുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ ഇന്ന് ആധിപത്യം നിങ്ങള്‍ക്ക് തന്നെ. എന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷ നമുക്ക് വന്നാല്‍ അതില്‍ നിന്ന് നമ്മെ രക്ഷിച്ചു സഹായിക്കാന്‍ ആരുണ്ട്? ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല. (ക്വുര്‍ആൻ 40: 29)
ഏതാനും ദുആഉകള്‍
أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
(ഞങ്ങളുടെ നാഥാ) നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. (ക്വുര്‍ആൻ 2: 286)
وَمَا كَانَ قَوْلَهُمْ إِلَّا أَن قَالُوا رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ. (ക്വുര്‍ആൻ 3: 147)
قَالَ رَبِّ انصُرْنِي بِمَا كَذَّبُونِ
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ. (ക്വുര്‍ആൻ 23: 26)
قَالَ رَبِّ انصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ. (ക്വുര്‍ആൻ 29: 30)
وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا
എന്‍റെ രക്ഷിതാവേ, സത്യത്തിന്‍റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്‍റെ ബഹിര്‍ഗ്ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്‍റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക. (ക്വുര്‍ആൻ 17: 80)
അനസ് ഇബ്നു മാലികില്‍ (റ) നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) യുദ്ധം ചെയ്താല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു:
اللَّهُمَّ أَنْتَ عَضُدِي وَنَصِيرِي بِكَ أَحُولُ وَبِكَ أَصُولُ وَبِكَ أُقَاتِلُ
അല്ലാഹുവേ, നീയാണെന്‍റെ താങ്ങും സഹായിയും. നിന്നെക്കൊണ്ട് ഞാന്‍ ചലിക്കുന്നു. നിന്നെക്കൊണ്ട് ഞാന്‍ ചുറ്റുന്നു. നിന്നെ ക്കൊണ്ട് ഞാന്‍ യുദ്ധം ചെയ്യുന്നു.