ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നവനും ആരും തോൽപ്പിക്കാത്തവനുമാണ് അല്‍ഗാലിബ്. അവൻ്റെ വിധിയെ തടുക്കുന്നവനായും അവൻ നടപ്പിലാക്കിയത് തടുക്കുന്നവനായും ആരുമില്ല.
അൽഹലീമി (റ) പറഞ്ഞു: പടപ്പുകളിൽ തൻ്റെ ഉദ്ദേശ്യം എത്തിച്ചു നടപ്പിലാക്കുന്നവനാണ് അല്‍ഗാലിബ്; പടപ്പുകള് ഇഷ്ടപെട്ടാലും വെറുത്താലും ശരി. കഴിവിന്റേയും ഹിക്മത്തിന്റേയും പൂർണതയിലേക്കുള്ള സൂചനയാണിത്. അല്ലാഹു ഒരിക്കലും തോൽപ്പിക്കപ്പെടുകയോ ചതിക്കപ്പെടുകയോ ഇല്ല.
വിശുദ്ധ ക്വുർആനിൽ ഈ നാമം ഒരു തവണ വന്നിട്ടുണ്ട്.
وَقَالَ الَّذِي اشْتَرَاهُ مِن مِّصْرَ لِامْرَأَتِهِ أَكْرِمِي مَثْوَاهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا ۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي الْأَرْضِ وَلِنُعَلِّمَهُ مِن تَأْوِيلِ الْأَحَادِيثِ ۚ وَاللَّهُ غَالِبٌ عَلَىٰ أَمْرِهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
ഈജിപ്തില്‍ നിന്ന് അവനെ ( യൂസുഫിനെ ) വിലക്കെടുത്ത ആള്‍ തന്‍റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൌകര്യം നല്‍കുക. അവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൌകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്. അല്ലാഹു തന്‍റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല. (ക്വുർആൻ 12: 21)
ഈ ആയത്തിൻ്റെ തഫ്സീറിൽ ഇമാം ഇബ്നുകഥീർ (റ) പറഞ്ഞു: അല്ലാഹു താനുദ്ദേശിക്കുന്നതു പ്രവർത്തിക്കുന്നവനത്രേ.
ശെയ്ഖ് നാസ്വിറുസ്സഅ്ദി (റ) പറഞ്ഞു: അല്ലാഹുവിൻ്റെ കല്പന നടപ്പിലാകും. തകർക്കുന്നവനൊന്നും അത് തകർക്കുവാനാകില്ല. അതിജയിക്കുന്നവനൊന്നും അതിനെ അതിജയിക്കുവാനുമാകില്ല.
ഇമാം അൽബഗവി (റ) പറഞ്ഞു: നിശ്ചയം അല്ലാഹു തൻ്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. അവനുദ്ദേശിക്കുന്നത് അവന് പ്രവർത്തിക്കും. അവനെ ആരും തോൽപ്പിക്കുകയില്ല. അവൻ്റെ വിധിയെ യാതൊരാളും തടുക്കുകയുമില്ല.
ഈ ആയത്തിൻ്റെ തഫ്സീറിൽ ഇബ്നുജരീർ അത്ത്വബരി (റ) പറഞ്ഞു: അല്ലാഹു യൂസുഫിൻ്റെ കാര്യത്തിൽ മേല്കോയ്മയുള്ളവനാണ്. അവൻ യൂസുഫിനെ നയിക്കുന്നു. നിയന്ത്രിക്കുന്നു. സംരക്ഷിക്കുകയും ചെയ്യുന്നു. ആയത്തിൽ 'തൻ്റെ കാര്യം' എന്നറിയിക്കുന്ന 'അലാഅംരിഹീ' എന്നതിൽ 'ഹീ' എന്ന 'ദ്വമീർ' മടങ്ങുന്നതു യൂസുഫിലേക്കാണ്.
അല്ലാഹുവാണ് ജയിച്ചടക്കുന്നവൻ എന്നിരിക്കെ അവനിൽ വിശ്വസിച്ചും ഭരമേല്പിച്ചും ജീവിക്കുകയാണു വേണ്ടത്. അതില്പിന്നെ ഭൂമിക്കുപരിയിലുള്ളവരെല്ലാം എതിരിട്ടുനിന്നാലും അവനെ മുറുകെപ്പിടിക്കുന്നവനാകുന്നു വിജയി.
كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ
തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. (ക്വുർആൻ 58: 21)
ഖന്തക്വ് യുദ്ധ നാളുകളിൽ അവിശ്വാസികളെ അല്ലാഹു തോല്പിച്ചു. അതില്പിന്നെ അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറയുമായിരുന്നു:
لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَعَزَّ جُنْدَهُ وَنَصَرَ عَبْدَهُ وَغَلَبَ الْأَحْزَابَ وَحْدَهُ فَلَا شَيْءَ بَعْدَهُ
(യഥാർത്ഥ ആരാധനക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന് ഏകനാകുന്നു. അവന് തൻ്റെ സൈന്യത്തെ സ ഹായിച്ചു. തൻ്റെ ദാസനെ സഹായിച്ചു. (ശത്രു) കൂട്ടങ്ങളെ അവനൊറ്റക്ക് അതിജയിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. അവനു ശേഷം യാതൊന്നുമില്ല.) (ബുഖാരി)