സൃഷ്ടിചരാചരങ്ങളുടെ കാര്യങ്ങളും അവരുടെ ഉപജീവനവും (രിസ്ക്വ) അഹാരവും (കൂത്ത്) ഏറ്റെടുത്തു നിർവ്വഹിക്കുന്നവൻ എന്നതാണ് അൽകഫീൽ അർത്ഥമാക്കുന്നത്.
മനുഷ്യർ, ജന്തുമൃഗാദികൾ, ഇഴജന്തുക്കൾ, പറവകൾ, പ്രാണികൾ, ഗർഭസ്ഥശിശുക്കൾ തുടങ്ങി എല്ലാവരുടേയും ഉപജീവനം ഏറ്റെടുത്തു നിർവ്വഹിക്കുന്നവനാണ് അല്ലാഹു.
ഉപജീവനമേറ്റെടുത്ത പടപ്പുകളുടെ വിഷയങ്ങളൊന്നും അല്ലാഹുവിന് അജ്ഞമാവുകയോ അശ്രദ്ധമാവുകയോ ഗോപ്യമാവുകയോ ഇല്ല. അവൻ അശക്തനാവുകയോ തോറ്റുപോവുകയോ ഇല്ല. അങ്ങിനെയുളള കഫീലാകുന്നു അല്ലാഹു.
ജാമ്യക്കാരൻ, സംരക്ഷിക്കുന്നവൻ, വകീൽ, സാക്ഷി, നിരീക്ഷകൻ, ആശ്രയമേകുന്നൻ തുടങ്ങിയുളള അർത്ഥങ്ങളും അൽ കഫീലിന് പറയപ്പെട്ടിട്ടുണ്ട്.
വിശുദ്ധ ക്വുർആനിൽ ഈ നാമം ഒരു തവണ വന്നിട്ടുണ്ട്.
{ وَأَوۡفُواْ بِعَهۡدِ ٱللَّهِ إِذَا عَٰهَدتُّمۡ وَلَا تَنقُضُواْ ٱلۡأَيۡمَٰنَ بَعۡدَ تَوۡكِيدِهَا وَقَدۡ جَعَلۡتُمُ ٱللَّهَ عَلَيۡكُمۡ كَفِيلًاۚ إِنَّ ٱللَّهَ يَعۡلَمُ مَا تَفۡعَلُونَ }
നിങ്ങള്‍ കരാര്‍ ചെയ്യുന്ന പക്ഷം അല്ലാഹുവിന്‍റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക.അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങള്‍ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നു. (ക്വുർആൻ 16:91)
ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം അൽക്യുർബി പറഞ്ഞു: കഫീൽ എന്നാൽ ശഹീദ് (സാക്ഷി) എന്നാണ്. സംരക്ഷിക്കുന്നവൻ എന്നും ജാമ്യക്കാരൻ എന്നും പറയപെട്ടിട്ടുണ്ട്.
ഇമാം അത്ത്വബരി പറഞ്ഞു: നിങ്ങൾ അന്യോന്യം ഉടപടിചെയ്തതു പൂർത്തുകരിക്കുമെന്നതിൽ അല്ലാഹുവെ നിങ്ങളുടെമേൽ നിങ്ങൾ തന്നെ മേൽനോട്ടക്കാരനാക്കിയിരിക്കുന്നു.
പൂർത്തീകരിക്കുമെന്നു താൻ ചെയ്ത കരാറിനെ അല്ലാഹുവിനോടുളള കരാറിനാൽ പൂർത്തീകരിക്കുന്നവദനയും കരാർ ലംഘിക്കുന്നവനേയും അല്ലാഹു കൈകാര്യ ചെയ്യും.
ഇസ്റാഈല്യരിൽ ഒരു വ്യക്തി മറ്റൊരാൾക്ക് ആയിരം ദീനാർ കടംനൽകിയ സംഭവത്തിൽ കടം കൊടുത്തയാൾ ഇപ്രകാരം പ്രാർത്ഥിച്ചത് ഇമാം ബുഖാരി നിവേദനം ചെയ്ത ഹദീഥിലുണ്ട്.
اللَّهُمَّ إِنَّكَ تَعْلَمُ أَنِّي كُنْتُ تَسَلَّفْتُ فُلَانًا أَلْفَ دِينَارٍ فَسَأَلَنِي كَفِيلَا فَقُلْتُ كَفَى بِاللَّهِ كَفِيلًا فَرَضِيَ بِكَ
അല്ലാഹുവേ, ഒരു വ്യക്തിക്ക് ഞാൻ ആയിരം ദീനാർ കടം നൽകിയപ്പോൾ അയാൾ എന്നോടു ഒരു കഫീലിനെ (ജാമ്യക്കാരനെ) ചോദിക്കുകയും അപ്പോൾ ഞാൻ കഫീലായി അല്ലാഹു മതി എന്നു പറയുകയും നിന്നിൽ അയാൾ തൃപ്തിപ്പെടുകയും ചെയ്തത് നീ അറിയുന്നവനാണെല്ലോ. (ബുഖാരി)