ഇമാം അൽഖത്വാബി (റ) പറഞ്ഞു: ഏകത്വത്തിൻ്റെ വിഷയത്തിലും യാതൊരുവിധ പങ്കുകാരുമില്ലാ എന്നതിലും തൻ്റെ കാര്യം വ്യക്തമായവനാണ് അൽ മുബീൻ
അസ്സജ്ജാജീ (റ) പറഞ്ഞു: തൻ്റെ ദാസന്മാർക്കു സന്മാർഗപാത തെളിയിക്കുന്നവനും തൻ്റെ പ്രതിഫലത്തെ അനിവാര്യമാക്കുന്ന പ്രവർത്തനങ്ങളേയും തൻ്റെ ശിക്ഷയെ അനിവാര്യമാക്കുന്ന പ്രവർത്തനങ്ങളേയും സ്പഷ്ടമാക്കുന്നവനും തങ്ങൾ ചെയ്യേണ്ടതും കയ്യൊഴിക്കേണ്ടതുമായ കാര്യങ്ങൾ വ്യക്തമാക്കുന്നവനുമാണ് അല്ലാഹു.
ഇമാം അൽഅസ്വ്ബഹാനി (റ) പറഞ്ഞു: അൽമുബീൻ എന്നാൽ തൻ്റെ കാര്യം വ്യക്തമായവൻ എന്നാണ് അർത്ഥം, റുബൂബിതും (രക്ഷാകർതൃത്വം) മലകൂതും (ആധിപത്യം) വ്യക്തമായവൻ എന്നും പറയപ്പെട്ടിട്ടുണ്ട്...... സൃഷ്ടികൾക്ക് ആവശ്യമായത് വ്യക്തമാക്കിക്കൊടുക്കുന്നവൻ എന്നും പറയപ്പെട്ടിട്ടുണ്ട്.
അബാനഃ എന്ന ക്രിയ അകർമ്മകക്രിയയായും സകർമ്മകക്രിയയായും പ്രയോഗിക്കപ്പെടും. അപ്പോൾ അൽമുബീൻ എന്ന നാമം വ്യക്തമായവൻ എന്ന അർത്ഥത്തിലും വ്യക്തമാക്കുന്നവൻ എന്ന അർത്ഥത്തിലും വരും.
വിശുദ്ധ ക്വുർആനിൽ ഒരിടത്ത് അല്ലാഹുവിന് അൽമുബീൻ എന്ന നാമം പറയപ്പെട്ടിരിക്കുന്നു.
يَوْمَئِذٍ يُوَفِّيهِمُ اللَّهُ دِينَهُمُ الْحَقَّ وَيَعْلَمُونَ أَنَّ اللَّهَ هُوَ الْحَقُّ الْمُبِينُ
അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യും. (ക്വുർആൻ 24:25)
ഈ ആയത്തിൻ്റെ തഫ്സീറിൽ ഇമാം ഇബ്നുജരീർ (റ) പറഞ്ഞു: അല്ലാഹു ഭൗതിക ലോകത്ത് കപടവിശ്വാസികൾക്കു വാഗ്ദാനം ചെയ്ത ശിക്ഷയുടെ യാഥാർത്ഥ്യങ്ങൾ അവർക്ക് വ്യക്തമാക്കുമ്പോൾ അവനാകുന്നു ഹക്ക്വായ അല്ലാഹുവെന്ന് അവർ അറിയും. അന്നേരം അല്ലാഹു വാഗ്ദാനം ചെയ്ത ശിക്ഷയിൽ സംശയിച്ചിരുന്ന കപടവിശ്വാസികൾക്ക് സംശയം നീങ്ങിപ്പോകുന്നതാണ്.
അല്ലാഹു അവൻ്റെ ദാസന്മാർക്ക് സന്മാർഗവും സൽപ്രവൃത്തികളും സന്മാർഗ വഴികളും വ്യക്തമാക്കിയവനാണ്. അവൻ ദുർമാർഗവും ദുഷ്പ്രവൃത്തികളും വ്യക്തമാക്കിയതുപോലെ.
يُرِيدُ اللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ الَّذِينَ مِن قَبْلِكُمْ وَيَتُوبَ عَلَيْكُمْ ۗ وَاللَّهُ عَلِيمٌ حَكِيمٌ
നിങ്ങള്‍ക്ക് ( കാര്യങ്ങള്‍ ) വിവരിച്ചുതരുവാനും, നിങ്ങളുടെ മുന്‍ഗാമികളുടെ നല്ല നടപടികള്‍ നിങ്ങള്‍ക്ക് കാട്ടിത്തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും, അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ക്വുർആൻ 4: 26)
وَمَا كَانَ اللَّهُ لِيُضِلَّ قَوْمًا بَعْدَ إِذْ هَدَاهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
ഒരു ജനതയ്ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന് ശേഷം, അവര്‍ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന് അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ക്വുർആൻ 9: 115)
തൗഹീദാണ് ഏറ്റവും വലിയ പുണ്യം. ശിർക്കാണ് ഏറ്റവും വലിയ പാപം. അല്ലാഹു തൗഹീദും ശിർക്കും വ്യക്തമാക്കി.
ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍. (ക്വുർആൻ 22: 62)
ആളുകൾക്ക് കാര്യങ്ങൾ വ്യക്തമാക്കുന്ന വിശുദ്ധ ഗ്രന്ഥം അവൻ അവതരിപ്പിച്ചു.
هَٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ
ഇത് മനുഷ്യര്‍ക്കായുള്ള ഒരു വിളംബരവും, ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും, സാരോപദേശവുമാകുന്നു. (ക്വുർആൻ 3. 138)
هُوَ الَّذِي يُنَزِّلُ عَلَىٰ عَبْدِهِ آيَاتٍ بَيِّنَاتٍ لِّيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ ۚ وَإِنَّ اللَّهَ بِكُمْ لَرَءُوفٌ رَّحِيمٌ
നിങ്ങളെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി തന്‍റെ ദാസന്‍റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കികൊടുക്കുന്നവനാണ് അവന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വളരെയധികം ദയാലുവും കാരുണ്യവാനും തന്നെയാണ്. (ക്വുർആൻ 57: 9)
يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ الْكِتَابِ وَيَعْفُو عَن كَثِيرٍ ۚ قَدْ جَاءَكُم مِّنَ اللَّهِ نُورٌ وَكِتَابٌ مُّبِينٌ. يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ
വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ ( ഇതാ ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. (ക്വുർആൻ 5: 15, 16)
കാര്യങ്ങൾ വ്യക്തമാക്കുന്ന നബിമാരയും ദൂതന്മാരേയും അവൻ നിയോഗിച്ചു.
وَلَنُسْكِنَنَّكُمُ الْأَرْضَ مِن بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِي وَخَافَ وَعِيدِ
അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും, എന്‍റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം. (ക്വുർആൻ 14: 4)
നബിമാരേയും ദൂതന്മാരേയും നിയോഗിച്ചപ്പോൾ വ്യക്തമായ തെളിവുകളുമായിട്ടാണ് അല്ലാഹു അവരെ നിയോഗിച്ചത്.
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَن يَنصُرُهُ وَرُسُلَهُ بِالْغَيْبِ ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ
തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്. അല്ലാഹുവിനെയും അവന്‍റെ ദൂതന്‍മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന്ന് അറിയാന്‍ വേണ്ടിയുമാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. (ക്വുർആൻ 57: 25)
അല്ലാഹുവിൽനിന്നുളള വിഷയങ്ങളും വിവരങ്ങളും വ്യക്തമാക്കുന്ന വിശുദ്ധ ക്യുർആനിനെ അൽമുബീൻ എന്ന്' അവൻ വിശേഷിപ്പിച്ചു:
الر ۚ تِلْكَ آيَاتُ الْكِتَابِ وَقُرْآنٍ مُّبِينٍ
അലിഫ് ലാംറാ-വേദഗ്രന്ഥത്തിലെ അഥവാ ( കാര്യങ്ങള്‍ ) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ. (ക്വുർആൻ 15: 1)
അപ്രകാരം തൻ്റെ റസൂലിനേയും അല്ലാഹു അൽമുബീൻ എന്നു വിശേഷിപ്പിച്ചതു കാണാം.
وَقُلْ إِنِّي أَنَا النَّذِيرُ الْمُبِينُ
തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണ് എന്ന് പറയുകയും ചെയ്യുക. (ക്വുർആൻ 13. 15: 89)
أَوَلَمْ يَتَفَكَّرُوا ۗ مَا بِصَاحِبِهِم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ مُّبِينٌ
അവര്‍ ചിന്തിച്ച് നോക്കിയില്ലേ: അവരുടെ കൂട്ടുകാരന് ( മുഹമ്മദ് നബിക്ക് ) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്. (ക്വുർആൻ 7: 134)