അൽഅക്റം

അൽഅക്റം

  അല്ലാഹുവിൻ്റെ സത്തയുടെ വിശേഷണമാണ് അൽഅക്റം. അൽഅക്റം അത്യാദരവിനെയാണ് അറിയിക്കുന്നത്.

  ഇമാം ക്വുർത്വുബി (റ) പറഞ്ഞു: അൽഅക്റം സത്താവി ശേഷണമാണ്. അൽകരീം പ്രവർത്തന വിശേഷണവുമാണ്. രണ്ടും കോർവയിൽ വ്യത്യസ്തമാണെങ്കിലും അൽകറം എന്ന ദാതുവിൽ നിന്ന് വ്യുല്പന്നമായതാണ്.

  ഇമാം അൽഖത്വാബി (റ) പറഞ്ഞു: അൽഅക്റം എന്നാൽ അവന് അക്റമുൽഅക്റമീനാണ്. യാതൊരു കരീമും അവനോടു തുല്യമാവുകയോ അവനോടൊപ്പമെത്തുകയോ ഇല്ല. അൽഅക്റം അൽകരീമിൻ്റെ അർത്ഥത്തിലാണെന്നും പറയപ്പെട്ടിട്ടുണ്ട്. 

  അല്ലാഹു ആദരിക്കുന്നവനാണ് എന്നതാണ് അൽഅക്റം അറിയിക്കുന്നത്.

وَلَقَدْ كَرَّمْنَا بَنِي ءَادَمَ وَحَمَلْتَهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَهُم مِّنَ الطَّيِّبَاتِ وَفَضَّلْنَهُمْ عَلَى كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلا . 

തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കരയിലും കടലിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും,വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു (ക്വുർആൻ 17: 70) 

ഖന്തക്വ് യുദ്ധത്തിനായി കിടങ്ങുതീർക്കുമ്പോള് നബി (സ്വ) ചൊല്ലിയിരുന്ന കവിത ഇപ്രകാരമായിരുന്നു:

فَأَكْرِمِ الْأَنْصَارَ وَالْمُهَاجِرَهُ اللَّهُمَّ لَا عَيْشَ إِلا عَيْشُ الْآخِرَهْ

 ( (അല്ലാഹുവേ പരലോക ജീവിതമല്ലാതെ ജീവിതമില്ല. അൻസ്വാറുകളേയും മുഹാജിറുകളേയും നീ ആദരിക്കേണമേ.) ) (ബുഖാരി) 

വിശുദ്ധക്വുർആനിൽ അൽഅക്റം എന്ന തിരുനാമം ഒരിടത്തു മാത്രമാണ് വന്നിട്ടുള്ളത്.

ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ 

നീ വായിക്കുക. നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. (ക്വുർആൻ 96:3)

  അല്ലാഹു അങ്ങേയറ്റം ആദരിക്കുന്നവനാണ്. അവൻ്റെ ആദരവിന് തുല്ല്യമായ ആദരവില്ല. അവനോളം ആദരിക്കുന്ന യാ തൊരാളുമില്ല. എണ്ണിയാലൊടുങ്ങാത്ത ആദരവും അനുഗ്രഹവുമാണ് അവന് ചൊരിഞ്ഞിരിക്കുന്നത്. 

وَإِن تَعدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا : النحل: ۱۸

അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും തന്നെ. (ക്വുർആൻ 16: 18)

وما يكُم مِّن نِعْمَةٍ فَمِنَ الله - النحل: ٥٣

നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്‌. (ക്വുർആൻ. 16: 53)

ഒരു ദുആഅ്

  ഇബ്നുമസ്ഊദും (റ) ഇബ്നു ഉമറും (റ) നിർവ്വഹിച്ചിരുന്ന ദുആയായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു: 

اللَّهُمَّ اغْفِرْ وَارْحَمْ وَاعْفُ عَمَّا تَعْلَمُ وَأَنْتَ الْأَعَزُّ الأَكْرَمُ

അല്ലാഹുവേ, നീ പൊറുക്കുകയും കരുണകാണിക്കുകയും ചെയ്യേണമേ. നീ അറിയുന്ന (തെറ്റുകളിൽ) വിട്ടുവീഴ്ചയേകേണമേ. കാരണം നീയാകുന്നു അൽഅഅസ്സും (അതീവ പ്രതാപമുള്ളവനും) അൽഅക്റമും (അത്യുദാരനും) .