അൽ കരീം
അത്യധികവും അതിമഹനീയവും ഗുണപ്രദവുമായ നന്മ (ഖയ്ർ) ഉള്ളവൻ എന്നതാണ് അൽകരീം അർത്ഥമാക്കുന്നത്.
ധാരാളമായ നന്മയും ഔദാര്യവുമുള്ളവൻ, നിത്യമായ നന്മയും ഔദാര്യവുമുള്ളവൻ, മഹത്തായ സ്ഥാനവും വലിയ കീർത്തിയുമുള്ളവൻ, കുറവുകളിൽ നിന്നും ആപത്തുകളിൽ നിന്നും പരിശുദ്ധൻ, ആദരിക്കുന്നവൻ, അനുഗ്രഹമരുളുന്നവൻ, ഔദാര്യം നൽകുന്നവൻ, പകരമൊന്നും പറ്റാതെ നൽകുന്നവൻ, വസീലഃ ആവശ്യമില്ലാത്തവൻ, ആവശ്യക്കാരനും ആവശ്യമില്ലാത്തവനും നൽകുന്നവൻ, വാഗ്ദാനം ചെയ്താൽ പൂർത്തീകരിക്കുന്നവൻ, ആവശ്യങ്ങൾ ചെറുതായാലും വലുതായാലും ആരിലേക്കാണോ ഉയർത്തപ്പെടുന്നത് അങ്ങിനെയുള്ളവൻ, തന്നിലേക്ക് അഭയം തേടിയവനെ കയ്യൊഴിക്കാത്തവൻ, പാപങ്ങളിൽ വിട്ടുവീഴ്ചയേകുന്നവനും തെറ്റുകൾ പൊറുക്കുകയും ചെയ്യുന്നവൻ, മുഅ്മിനായാലും കാഫിറായാലും ഈശ്വരവിശ്വാസിയായാലും നിരീശ്വരനായാലും താൻ നൽകിയത് ആര്ക്കെന്നത് പ്രശ്നമാക്കാത്തവൻ, പിടികൂടി ശിക്ഷിക്കുവാൻ കഴിവുണ്ടായിട്ടും മാപ്പേകുന്നവൻ, ചോദിക്കുന്നതിനു മുമ്പുതന്നെ നൽകുന്നവൻ, തുടങ്ങി ധാരാളം അഭിപ്രായങ്ങൾ ഈ അത്യുത്തമ നാമത്തിൻ്റെ ആശയമായി പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്.
ചോദിച്ചവനെ വെറുതെ മടക്കുന്നതിൽ നിന്ന് ലജ്ജിക്കുന്നവനാണ് അൽകരീമായ അല്ലാഹുവെന്ന് തിരുമേനി (സ്വ) പറഞ്ഞു:
إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا
( (നിശ്ചയം അനുഗ്രഹപൂർണനും അത്യുന്നതനുമായ നിങ്ങളുടെ റബ്ബ് ഏറെ ലജ്ജയുള്ളവനും അത്യധികവും അതിമഹനീയവും ഗുണപ്രദവുമായ നന്മ (ഖയ്ർ) ഉള്ളവനുമാണ്. തൻ്റെ ദാസൻ ഇരുകരങ്ങൾ അവനിലേക്ക് (ദുആ ചെയ്തുകൊണ്ട്) ഉയർത്തിയാൽ അവ രണ്ടും ശൂന്യമായി മടക്കുന്നതിൽ അവൻ ലജ്ജിക്കുന്നു.) )
അല്ലാഹു അത്യുദാരനും വിശാലമായ കനിവുള്ളവനും ചോദിക്കാതെയും തേടാതെയും തന്നെ യഥേഷ്ടം നൽകുന്നവനും നൽകിയശേഷം നൽകിയവരെ വാഴ്ത്തിപ്പുകഴ്ത്തുന്നവനുമാണ്. അയ്യൂബ് നബി (സ്വ)ക്ക് ഔദാര്യമേകിയ അല്ലാഹു അദ്ദേഹത്തെ ചില അനുഗ്രഹങ്ങളിൽ പരീക്ഷിക്കുകയുണ്ടായി. എന്നാൽ അല്ലാഹു അദ്ദേഹത്തിന് സൗഖ്യവും ക്ഷമയും നൽകി അദ്ദേഹത്തെ വാഴ്ത്തിപ്പുകഴ്ത്തുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു:
{ وَخُذۡ بِيَدِكَ ضِغۡثٗا فَٱضۡرِب بِّهِۦ وَلَا تَحۡنَثۡۗ إِنَّا وَجَدۡنَٰهُ صَابِرٗاۚ نِّعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٞ }
ഒരു പിടി പുല്ല് നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക.തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു. (ക്വുർആൻ 38: 44)
അല്ലാഹുവിൻ്റെ ഖജനാവ് വലുതും വിശാലവുമാണ്. അതിനാൽ തന്നെ അവനോളം ഔദാര്യവാനായി മറ്റാരുമില്ല.
{ وَإِن مِّن شَيۡءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٖ مَّعۡلُومٖ }
യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല. (ക്വുർആൻ 15: 21)
ഔദാര്യം അരുളുക എന്നതിനപ്പുറം എല്ലാവിധ മഹനീയതകളെയും സ്തുത്യർഹമായ കാര്യങ്ങളെയും ഉൾക്കൊള്ളുന്ന പദമാണ് അൽകരം. അതിൽ നിന്നാണ് അൽകരീം എന്ന നാമവും വിശേഷണവും വന്നിരിക്കുന്നത്.
അല്ലാഹു അവൻ്റെ കലാമിനെ (ക്വുർആനിനെ) കരമുകൊണ്ട് വിശേഷിപ്പിച്ചു. കാരണം ക്വുർആൻ ധാരാളം നന്മയുള്ളതും അറിവു നിറഞ്ഞതുമായ ഗ്രന്ഥമാണ്.
{ إِنَّهُۥ لَقُرۡءَانٞ كَرِيمٞ }
തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. (ക്വുർആൻ 56:77)
അല്ലാഹു അവൻ്റെ അർശിനെയും കരമുകൊണ്ട് വിശേഷിപ്പിച്ചു. അർശ് ഭംഗിയാർന്നതും പ്രൗഢവുമാണ്.
{ فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۖ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلۡعَرۡشِ ٱلۡكَرِيمِ }
എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. മഹത്തായ സിംഹാസനത്തിന്‍റെ നാഥനത്രെ അവന്‍. (ക്വുർആൻ 23:116)
അല്ലാഹുവിൻ്റെ ദൂതന്മാർ മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നുമുണ്ട്.
സൽഗുണങ്ങൾ സർവ്വതും സംഗമിച്ച ദൂതന്മാരെ അല്ലാഹു കരമുകൊണ്ട് വിശേഷിപ്പിച്ചു; സൂറത്തുൽ ഹാക്ക്വയിൽ തിരുനബി (സ്വ)യേയും സൂറത്തുത്തക്വീറിൽ ജിബ്രീൽ (അ)നേയും.
{ إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ }
തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്‍റെ വാക്കു തന്നെയാകുന്നു. (ക്വുർആൻ 69: 40, 81: 19)
അല്ലാഹു അവൻ്റെ മഹത്തായ പ്രതിഫലത്തേയും അനുഗ്രഹീത ഭവനത്തിലൊരുക്കിയ ഉപജീവനത്തേയും കരീമുകൊണ്ട് വിശേഷിപ്പിച്ചു.
നന്മയേറിയ കാഴ്ചയിൽ കൗതുകമായ സസ്യലതാദികളെയും മറ്റും കരീം എന്ന് വിശേഷിപ്പിച്ചതു കാണാം.
{ أَوَلَمۡ يَرَوۡاْ إِلَى ٱلۡأَرۡضِ كَمۡ أَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٖ كَرِيمٍ }
ഭൂമിയിലേക്ക് അവര്‍ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവര്‍ഗങ്ങളില്‍നിന്നും എത്രയാണ് നാം അതില്‍ മുളപ്പിച്ചിരിക്കുന്നത്? (ക്വുർആൻ 26: 7)
അൽകരീം എന്ന നാമത്തിനു ഉപരിയിൽ നൽകിയ മഹനീയ ആശയങ്ങളും താത്പര്യങ്ങളും എല്ലാം ഉണ്ടെന്ന് ഈ പ്രയോഗങ്ങളിൽ നിന്ന് മനസ്സിലാക്കാം.
അൽകരീമായ അല്ലാഹുവിൽ നിന്നുള്ള കരാമത്ത് നേടുവാൻ തക്വ്വയിൽ അധിഷ്ഠിതമായ ജീവിതം നയിക്കൽ മാത്രമാണ് കരുണീയമായത്.
إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ أَتۡقَىٰكُمۡۚ
.. തീർച്ചയായും അല്ലാഹുവിൻ്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു... (ക്വുർആൻ 49: 13)
അബൂ ഹുറൈറ (റ)യിൽ നിന്ന് നിവേദനം. അല്ലാഹുവിൻ്റെ ദൂതനോട് (സ്വ) ചോദിക്കപ്പെട്ടു:
مَنْ أَكْرَمُ النَّاسِ قَالَ أَتْقَاهُمْ لِلَّهِ قَالُوا لَيْسَ عَنْ هَذَا نَسْأَلُكَ قَالَ فَأَكْرَمُ النَّاسِ يُوسُفُ نَبِيُّ اللَّهِ ابْنُ نَبِيّ اللَّهِ ابْنِ نَبِيِّ اللَّهِ ابْنِ خَلِيلِ اللَّهِ
( (ജനങ്ങളിൽ അത്യാദരണീയൻ ആരാണ്. തിരുമേനി (സ്വ) പറഞ്ഞു: അല്ലാഹുവിൽ ഏറ്റവും തക്വ്വയുള്ളവൻ. അവർ പറഞ്ഞു: ഇതിനെക്കുറിച്ചല്ല ഞങ്ങൾ താങ്കളോട് ചോദിക്കുന്നത്. തിരുമേനി (സ്വ) പറഞ്ഞു: എങ്കിൽ ജനങ്ങളിൽ ഏറ്റവും ആദരണീയൻ ഖലീലുല്ലാഹി (ഇബ്രാഹീം (അ))യുടെ മകൻ നബിയ്യുല്ലാഹി (ഇസ്ഹാഖ് (അ))യുടെ മകൻ നബിയ്യുല്ലാഹി (യഅ്കൂബ് (അ))യുടെ മകൻ നബിയ്യുല്ലാഹി യൂസുഫ് (അ) ആകുന്നു...) ) (ബുഖാരി)
മറ്റൊരു നിവേദനത്തിൽ:
إن الكَرِيمَ بْنَ الكَريم بنَ الكَريم بنَ الكَريم يوسف بن يعقوب بن إسحاق بن إبراهيم
(നിശ്ചയം അൽകരീമിൻ്റെ മകൻ അൽകരീമിൻ്റെ മകൻ അൽകരീമിൻ്റെ മകൻ അൽകരീം, ഇബ്രാഹീമിൻ്റെ മകൻ ഇസ്ഹാഖിൻ്റെ മകൻ യഅ്കൂബിൻ്റെ മകൻ യൂസുഫ് ആണ്.)
ഏതാനും ദുആഉകൾ
ലെയ്ലത്തുല്കദ്റിൻ്റെ രാവാണെന്ന് അറിഞ്ഞാൽ നബി (സ്വ) ആഇശ (റ)യോട് ചൊല്ലുവാൻ കല്പ്പിച്ച ദുആയുടെ ഒരു രൂപം:
اللهُمَّ إِنَّكَ عَفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّى
അല്ലാഹുവേ നീ അഫുവ്വും കരീമുമാകുന്നു. നീ അഫ്വിനെ ഇഷ്ടപ്പെടുന്നു. അതിനാൽ നീ എനിക്ക് മാപ്പേകേണമേ.