അൽക്വവിയ്യ്
യാതൊരാളും തോൽപ്പിക്കുകയോ അതിജയിക്കുകയോ ചെയ്യാത്തവിധം ശക്തിയുള്ളവനും സമ്പൂർണ കഴിവുള്ളവനുമാണ് അൽക്വവിയ്യ് എന്ന നാമം അർത്ഥമാക്കുന്നത്. അവൻ്റെ വിധിയെ ആരും തടുക്കുകയില്ല. അവൻ്റെ തീരുമാനം എല്ലാവരിലും നടപ്പിലാകുകയും ചെയ്യും. ക്ഷീണമോ തളർച്ചയോ ദുർബലതയോ അവനെ ഒരു നിലക്കും ഒരിക്കലും ബാധിക്കില്ല. യാതൊരാളും അവനെ ചെറുക്കുകയോ തടുക്കുകയോ ഇല്ല.
ഇമാം ഇബ്നു ജരീർ പറഞ്ഞു: നിശ്ചയം അല്ലാഹു ക്വവിയാണ്. ജയിക്കുന്ന യാതൊരാളും അവനെ അതിജയിക്കുകയില്ല. അവൻ്റെ വിധിയെ യാതൊരാളും തടുക്കുകയില്ല. പടപ്പുകളിൽ അവൻ്റെ കല്പന നടപ്പിലാകും. അവൻ്റെ വിധി ഭവിക്കുകയും ചെയ്യും. അവൻ്റെ ദൃഷ്ടാന്തങ്ങളിൽ അവിശ്വസിക്കുന്നവർക്കും അവൻ്റെ പ്രമാണങ്ങളെ നിഷേധിക്കുന്നവർക്കും കഠിനമായ ശിക്ഷ നൽകുന്നവനുമാണ്.
ഇമാം അൽഖത്താബി പറഞ്ഞു: അൽക്വവിയ്യ് എന്നത് ചിലപ്പോൾ അൽക്വാദിർ എന്ന അർത്ഥത്തിലുമാകും.... ഒരു അവസ്ഥയിലും ദുർബലത അതിജയിക്കാത്ത ശക്തിയുടെ സമ്പൂർണതയും അതിൻ്റെ അർത്ഥമാണ്. സൃഷ്ടി ശക്തിയോടെ വിശേഷിപ്പിക്കപ്പെട്ടാലും അവൻ്റെ കഴിവിന് പരിധിയുണ്ട്. ചില കാര്യങ്ങളിൽ പരിമിതവുമാണ്.
വിശുദ്ധ ക്വുർആനിൽ ഈ നാമം ഒമ്പത് സ്ഥലങ്ങളിൽ വന്നിട്ടുണ്ട്. ക്വവിയ്യ് എന്ന അല്ലാഹുവിൻ്റെ നാമത്തോട് അസീസ് എന്ന നാമം പലയിടത്തും ചേർന്ന് വന്നതുകാണാം.
الْقَوِيُّ الْعَزِيزُ : هود: ٦٦ ، الشورى: ١٩ ، الحج: ٤٠ ، ٧٤ ، المجادلة: ٢١ ، الحديد: ٢٥ ، الأحزاب :
സൃഷ്ടികൾ ശക്തരായാലും ലോകത്ത് ആവശ്യക്കാരും ആശ്രിതരുമാണ്. എന്നാൽ അല്ലാഹു ക്വവിയെന്നതോടൊപ്പം അവൻ പ്രതാപിയും അന്യാശ്രയം ആവശ്യമില്ലാത്ത വിധം എല്ലാവരെയും അതിജയിച്ച് നിൽക്കുന്നവനുമാണ്. ധന്യതയും പ്രതാപവുമുള്ളതോടൊപ്പം അല്ലാഹു ക്വവിയുമാണ്.
إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ : الذاريات: ٥٨
തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും (പ്രബലനും).(വിശുദ്ധ ക്വുർആൻ 51:58)
അല്ലാഹു ക്വവിയാണ്. ആദർശത്തിലും അറിവിലും കർമ്മാനുഷ്ഠാനങ്ങളിലും ശക്തന്മാരെ അവൻ ഇഷ്ടപ്പെടുന്നു.
അബൂ ഹുറൈറയിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنْ الْمُؤْمِنِ الصَّعِيفِ وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاللَّهِ وَلَا تَعْجَزْ
(ശക്തനായ വിശ്വാസിയാകുന്നു ദുർബലനായ വിശ്വാസിയേക്കാൾ ഉത്തമനും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും. (എന്നാൽ) എല്ലാവരിലും നന്മയുണ്ട്. താങ്കൾക്ക് ഉപകാരപ്പെടുന്നതിൽ താങ്കൾ അമിത താൽപര്യം കാണിക്കുക. താങ്കൾ അല്ലാഹുവോട് സഹായാർത്ഥന നടത്തുക. താങ്കൾ ഒരിക്കലും ദുർബലനാകരുത്...)
ശക്തിയിലും മേധാവിത്വത്തിലും വഞ്ചിതരായി അഹങ്കരിക്കുകയും അവിശ്വസിക്കുകയും ചെയ്ത ജനവിഭാഗങ്ങളെ ക്വവിയായ അല്ലാഹു ശിക്ഷിക്കുകയും ആരാണ് യഥാർത്ഥ ശക്തൻ എന്നത് അവരിൽ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ആദ് ഗോത്രത്തിൻ്റെ വിഷയത്തിൽ അല്ലാഹു പറയുന്നതു നോക്കൂ:
فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً وَكَانُوا بِآيَاتِنَا يَجْحَدُونَ فصلت: ١٥
എന്നാൽ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയിൽ അഹങ്കാരം കാണിക്കുകയും, “ഞങ്ങളെക്കാൾ ശക്തിയിൽ ആരുണ്ട്?” എന്നു പറയുകയും ചെയ്തു. അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാൾ ശക്തിയുള്ളവനെന്ന് അവർ കാണുന്നില്ലേയോ? നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചുകളയുകയായിരുന്നു. (വിശുദ്ധ ക്വുർആൻ 41:15)
فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَحِسَاتٍ لِنُذِيقَهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَلَعَذَابُ الْآخِرَةِ أَخْزَىٰ وَهُمْ لَا يُنصَرُونَ فصلت: ١٦
അങ്ങനെ ദുരിതം നിറഞ്ഞ ഏതാനും ദിവസങ്ങളിൽ അവരുടെ നേരെ ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു. ഐഹിക ജീവിതത്തിൽ തന്നെ അവർക്കു അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. എന്നാൽ പരലോകത്തിലെ ശിക്ഷയാണ് കൂടുതൽ അപമാനകരം. അവർക്ക് സഹായമൊന്നും ലഭിക്കുകയുമില്ല.(വിശുദ്ധ ക്വുർആൻ 41:16)
ഫലം, അവർ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയിലായി. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങൾക്ക് നാം പ്രതിഫലം നൽകുന്നത്. (വിശുദ്ധ ക്വുർആൻ 46:25)
ഈ വിധം അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങിയവരെല്ലാം ഏറെ മല്ലന്മാരും ശക്തന്മാരുമായിരുന്നു. വിശുദ്ധ ക്വുർആനിലെ ധാരാളം വചനങ്ങൾ ഈ വിഷയം വിളിച്ചറിയിക്കുന്നുമുണ്ട്. സൂറത്തുർ-റൂമിൽ അല്ലാഹു പറയുന്നു:
أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ كَانُوا أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا الْأَرْضَ وَعَمَرُوهَا أَكْثَرَ مِمَّا عَمَرُوهَا الروم: ٩
അവർ ഭൂമിയിലൂടെ സഞ്ചരിച്ച് തങ്ങളേക്കാൾ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നു നോക്കുന്നില്ലേയോ? അവർ ഇവരേക്കാൾ ശക്തിയുള്ളവരായിരുന്നു. അവർ ഭൂമി ഉഴുതുമറിക്കുകയും ഇവർ അധിവസിച്ചതിനെക്കാൾ കൂടുതൽ അതിൽ അധിവാസമുറപ്പിക്കുകയും ചെയ്തു. (വിശുദ്ധ ക്വുർആൻ 30:9)
സൂറത്ത് ഫാത്വിർ 44, സൂറത്ത് ഗാഫിർ 21 വചനങ്ങളിലും ഇതേ ആശയം പ്രതിപാദിക്കപ്പെട്ടതായി കാണാം. അല്ലാഹുവിൻ്റെ ശക്തിക്കു മുമ്പിൽ അവരുടെ ശക്തി ഒന്നുമല്ലാതായി. അവരുടെ ശക്തിയാലോ മറ്റൊരാളുടെ ശക്തിയാലോ അല്ലാഹുവിൽ നിന്ന് അവരെ രക്ഷിക്കുവാൻ കഴിഞ്ഞില്ല.
فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ اللَّهِ مِن وَاقٍ غافر: ٢١
(വിശുദ്ധ ക്വുർആൻ 40:21)
ഹൗക്വലയുടെ മഹത്വം
لا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
(യാതൊരു കഴിവും ചലനശേഷിയും അല്ലാഹുവെക്കൊണ്ടല്ലാതെ ഇല്ല.) എന്ന മഹത്തായ വചനമാണ് ഹൗക്വല. ഇതു ചൊല്ലുന്നതിൻ്റെ മഹത്വം അറിയിക്കുന്ന ഒരു തിരുമൊഴി ഇപ്രകാരമാണ്:
ക്വയ്സ് ഇബ്നു സഅദ് (റ) പറഞ്ഞു:
അല്ലാഹുവിൻ്റെ റസൂൽ (സ്വ) എന്നോടു പറഞ്ഞു: "സ്വർഗീയ കവാടങ്ങളിൽപ്പെട്ട ഒരു കവാടത്തെക്കുറിച്ച് ഞാൻ താങ്കൾക്ക് അറിയിച്ചുതരട്ടെയോ? അപ്പോൾ ഞാൻ പറഞ്ഞു: അതെ. തിരുമേനി (സ്വ) പറഞ്ഞു:"
لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ