أَيـْنَ اللهُ ؟ അല്ലാഹു എവിടെ?
ശെയ്ഖ് അബൂനസ്വ്ർ അസ്സജ്സീ (റ) തൻ്റെ അൽഇബാനഃ എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: സുഫ്യാനുഥ്ഥൗരീ, മാലിക് ഇബ്നു അനസ്, സുഫ്യാൻ ഇബ്നു ഉയയ്നഃ, ഹമ്മാദ് ഇബ്നു സെയ്ദ്, ഹമ്മാദ് ഇബ്നു സലമഃ, അബ്ദുല്ലാഹ് ഇബ്നുൽമുബാറക്, ഫുദ്വയ്ൽ ഇബ്നു ഇയാദ്വ്, അഹ്മദ് ഇബ്നു ഹമ്പൽ, ഇസ്ഹാക്വ് ഇബ്നു ഇബ്റാഹീം അൽഹൻള്വലീ പോലുള്ള നമ്മുടെ ഇമാമുമാരെല്ലാം അല്ലാഹു അവൻ്റെ സത്തകൊണ്ട് അർശിനു മീതെയാണെന്നും അവൻ്റെ അറിവ് എല്ലായിടത്തുമാണെന്നും അന്ത്യനാ ളിൽ അവൻ കണ്ണുകൾ കൊണ്ടു കാണപ്പെടുമെന്നും,..,.. ഉള്ള വിഷ യങ്ങളിൽ ഏകാഭിപ്രായക്കാരാകുന്നു.
അല്ലാഹു സൃഷ്ടികൾക്ക് ഉപരിയിൽ അർശിനുമീതെയാണെന്ന ആദർശത്തിനു തെളിവുകൾ വൈവിധ്യവും ധാരാളവുമാണ്. അവ താഴെവരുംപ്രകാരം ക്രമീകരിക്കുന്നു:
ഒന്ന്: അല്ലാഹു അർശിനുമീതെയാണെന്ന് വ്യക്തമാക്കൽ
വിശുദ്ധ ക്വുർആനിൽ ഏഴു വചനങ്ങളിൽ അല്ലാഹു അവൻ്റെ മഹിത സിംഹാസനത്തിനുമീതെയാണെന്ന് വ്യക്തമാക്കപെട്ടിരിക്കുന്നു:
ثُمَّ اسْتَوَىٰ عَلَى الْعَرْشِ (الأعراف: ٥٤، يونس: ٣ ، الرعد: ٢ ، الفرقان: ٥٩ ، السجدة: ٤ ، الحديد: ٤)
الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ (طه: ٥)
രണ്ട്: അല്ലാഹു മുകളിലാണെന്ന് വ്യക്തമാക്കൽ
وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ (الأنعام: ١٨)
അവൻ തൻ്റെ ദാസൻമാരുടെ മീതെ പരമാധികാരമുള്ളവനാണ്… (ക്വുർആൻ 6: 18)
يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩ ﴿٥٠﴾ (النحل: ٥٠)
അവർക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവർ ഭയപ്പെടുകയും, അവർ കൽപിക്കപ്പെടുന്നതെന്തും അവർ പ്രവർത്തിക്കുകയും ചെയ്യുന്നു. (ക്വുർആൻ 16: 50)
മൂന്ന്: അല്ലാഹുവിലേക്ക് കയറുന്നുവെന്ന് വ്യക്ത മാക്കൽ
يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ ﴿٥﴾ (السجدة: ٥)
അവൻ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങൾ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് കയറിപോകുന്നു. നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷമാകുന്നു ആ ദിവസത്തിൻ്റെ അളവ്. (ക്വുർആൻ 32: 5)
تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ (المعارج: ٤)
മലക്കുകളും ആത്മാവും അവങ്കലേക്ക് (അല്ലാഹുവിലേക്ക്) കയറിപ്പോകുന്നു… (ക്വുർആൻ 70: 4)
നാല്: അല്ലാഹുവിലേക്ക് ഉയർത്തുന്നുവെന്ന് വ്യക്തമാക്കൽ
وَالْعَمَلُ الصَّالِحُ يَرْفَعُهُ ۚ (فاطر: ١٠)
..നല്ല പ്രവർത്തനത്തെ അവൻ ഉയർത്തുകയും ചെയ്യുന്നു… (ക്വുർആൻ 35: 10)
بَل رَّفَعَهُ اللَّهُ إِلَيْهِ ۚ (النساء: ١٥٨)
…എന്നാൽ അദ്ദേഹത്തെ (ഈസ) അല്ലാഹു അവങ്കലേക്ക് ഉയർത്തുകയത്രെ ചെയ്തത്… (ക്വുർആൻ 4: 158)
إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ (آل عمران: ٥٥)
അല്ലാഹു പറഞ്ഞ സന്ദർഭം (ഓർക്കുക:) ഹേ; ഈസാ, തീർച്ചയായും നിന്നെ നാം പൂർണമായി ഏറ്റെടുക്കുകയും, എൻ്റെ അടുക്കലേക്ക് നിന്നെ ഉയർത്തുകയും ചെയ്യുന്നവനാണ്… (ക്വുർആൻ 3:55)
അഞ്ച്: അല്ലാഹുവിലേക്ക് ഉയരുന്നുവെന്ന് വ്യക്തമാക്കൽ
إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ (فاطر: ١٠)
അവങ്കലേക്കാണ് ഉത്തമ വചനങ്ങൾ കയറിപോകുന്നത്… (ക്വുർആൻ 35: 10)
അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു:
مَن تَصَدَّقَ بعَدْلِ تمرةٍ من كسْبٍ طيّبٍ ولا يَصْعَدُ إِلى الله إِلاَّ الطيِّبَ فإنَّ اللهَ يتقبَّلهُا بيمينِه، ….
“നല്ലതല്ലാതെ അല്ലാഹുവിലേക്ക് കയറിപ്പോകുകയില്ല എന്നിരിക്കെ; നല്ല സമ്പാദ്യത്തിൽ നിന്ന് ആരെങ്കിലും ഒരു കാരക്കക്ക് സമാന മായതു ചിലവഴിച്ചാൽ അല്ലാഹു അതു തൻ്റെ വലതു കൈകൊണ്ട് സ്വീകരിക്കും …” (ബുഖാരി, മുസ്‌ലിം)
ആറ്: അല്ലാഹുവിൽനിന്ന് ഇറങ്ങുന്നുവെന്ന് വ്യക്തമാക്കൽ
تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ (الزمر: ١)
ഈ ഗ്രന്ഥത്തിൻ്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു. (ക്വുർആൻ 39: 1)
تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ (السجدة: ٢)
ഈ ഗ്രന്ഥത്തിൻ്റെ അവതരണം സർവ്വലോകരക്ഷിതാവിങ്കൽ നിന്നാകുന്നു. ഇതിൽ യാതൊരു സംശയവുമില്ല. (ക്വുർആൻ 32: 2)
ഏഴ്: അല്ലാഹു ആകാശത്തിന്മേലാണെന്ന് വ്യക്തമാക്കൽ
أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ ﴿١٦﴾ أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ﴿١٧﴾ (الملك: ١٦ – ١٧)
ആകാശത്തുള്ളവൻ നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? അപ്പോൾ അത് (ഭൂമി) ഇളകിമറിഞ്ഞുകൊണ്ടിരിക്കും. അതല്ല, ആകാശത്തുള്ളവൻ നിങ്ങളുടെ നേരെ ഒരു ചരൽ വർഷം അയക്കുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? എൻ്റെ താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങൾ വഴിയെ അറിഞ്ഞുകൊള്ളും. (ക്വുർആൻ 67: 16,17)
എട്ട്: അല്ലാഹുവിലേക്ക് കൈകൾ ഉയർത്തുന്നുവെന്ന് വ്യക്തമാക്കൽ
സൽമാനുൽഫാരിസി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا خَائِبَتَيْنِ
“നിശ്ചയം നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും അത്യുദാരനുമാണ്. ഒരു വ്യക്തി തൻ്റെ ഇരുകരങ്ങൾ അവനിലേക്ക് ഉയർത്തിയാൽ അവ രണ്ടും ശൂന്യവും നിരാശയുള്ളവയുമായി മടക്കുന്നതിനെ അല്ലാഹു ലജ്ജിക്കുന്നു.”
എട്ട്: നബി ﷺ , വിരൽ ഉപരിയിലേക്കു ചൂണ്ടിയത്
ഹജ്ജതുൽവദാഇൽ(വിടവാങ്ങൽ ഹജ്ജ്) നബി ﷺ ജനസമക്ഷം പറഞ്ഞു: നിങ്ങൾ എന്നെക്കുറിച്ചു ചോദിക്കപ്പെടും. അപ്പോൾ നിങ്ങൾ എന്താണ് പറയുക. അവർ പറഞ്ഞു: താങ്കൾ എത്തിക്കുകയും (അമാനത്ത്) നിർവ്വഹിക്കുകയും ഗുണകാംക്ഷിക്കുകയും ചെയ്തു എന്നു ഞങ്ങൾ സാക്ഷ്യം വഹിക്കും. അപ്പോൾ തിരുമേനി ﷺ തൻ്റെ ചൂണ്ടുവിരൽ കൊണ്ട് ആകാശത്തിലേക്ക് ചൂണ്ടുകയും ജനങ്ങളിലേക്ക് അതുകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു. അല്ലാഹുവേ നീ സാക്ഷിയാവുക. അല്ലാഹുവേ നീ സാക്ഷിയാവുക. അല്ലാഹുവേ നീ സാക്ഷിയാവുക. ഇപ്രകാരം തിരുമേനി ﷺ മൂന്നു തവണ ആവർത്തിച്ചു.
ഒമ്പത്: മിഅ്റാജിൻ്റെ രാവിൽ നബി ﷺ അല്ലാഹുവിലേക്ക് കയറിയത്
മിഅ്റാജിൻ്റെ രാവിൽ നബി ﷺ അല്ലാഹുവിലേക്ക് കയറിയതും നമസ്കാരം ലഘൂകരിക്കുന്നതിനായി അല്ലാഹുവിനും മൂസാ (അ) ക്കും ഇടയിൽ നബി (അ) കയറിയിറങ്ങിയതും ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
പത്ത്: അല്ലാഹു ആകാശങ്ങൾക്കുപരിയിലാണെന്ന മൂസാ (അ) യുടെ ദഅ്വത്ത്
മൂസാ (അ) യുടെ ഇലാഹിലേക്ക് നോക്കുവാൻ ആകാശാരോഹണം നടത്തുവാനുദ്ദേശിച്ച ഫിർഔനിനെ കുറിച്ചും അല്ലാഹു ആകാശങ്ങൾക്കു ഉപരിയിലാണെന്ന മൂസാ (അ) യുടെ പ്രബോധനത്തെ ഫിർഔൻ കളവാക്കിയതിനെക്കുറിച്ചും അല്ലാഹു പറഞ്ഞു:
وَقَالَ فِرْعَوْنُ يَا هَامَانُ ابْنِ لِي صَرْحًا لَّعَلِّي أَبْلُغُ الْأَسْبَابَ ﴿٣٦﴾ أَسْبَابَ السَّمَاوَاتِ فَأَطَّلِعَ إِلَىٰ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُ كَاذِبًا ۚ وَكَذَٰلِكَ زُيِّنَ لِفِرْعَوْنَ سُوءُ عَمَلِهِ وَصُدَّ عَنِ السَّبِيلِ ۚ وَمَا كَيْدُ فِرْعَوْنَ إِلَّا فِي تَبَابٍ ﴿٣٧﴾ (غافر: ٣٦، ٣٧)
ഫിർഔൻ പറഞ്ഞു: ഹാമാനേ, എനിക്ക് ആ മാർഗങ്ങളിൽ അഥവാ ആകാശമാർഗങ്ങളിൽ എത്തിച്ചേരുവാനും എന്നിട്ടു മൂസാ യുടെ ദൈവത്തിൻ്റെ അടുത്തേക്ക് എത്തിനോക്കുവാനും തക്ക വണ്ണം എനിക്കു വേണ്ടി നീ ഒരു ഉന്നത സൗധം പണിതുതരൂ. തീർച്ചയായും അവൻ (മൂസാ) കളവു പറയുകയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. അപ്രകാരം ഫിർഔൻ തൻ്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാർഗത്തിൽ നിന്ന് അവൻ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തിൽ തന്നെയായിരുന്നു. (ക്വുർആൻ 40: 36, 37)