അൽഅഅ്ലാ
അല്ലാഹു അവൻ്റെ സത്ത (ദാതു) കൊണ്ട് അത്യുന്നതനാണ്. അവൻ്റെ ഉലൂഹിയ്യത്തിനേയും റുബൂബിയ്യത്തിനേയും നിരാകരിക്കുന്ന എല്ലാവിധ കുറവുകളിൽനിന്നും പോരായ്മകളിൽനിന്നും അവൻ അത്യുന്നതനായിരിക്കുന്നു.
അവൻ്റെ സ്വമദിയ്യത്തിനാൽ അവൻ ഇണകളിൽനിന്നും സന്തതികളിൽനിന്നും തുല്യരിൽനിന്നും അത്യുന്നതനായിരിക്കുന്നു.
അവൻ്റെ അള്വമത്തിനാൽ അവൻ്റെ അനുവാദവും തൃപ്തിയുമില്ലാതെ ശുപാർശ പറയുന്നവരിൽനിന്നും അവൻ അത്യുന്നതനായിരിക്കുന്നു.
അവൻ്റെ ഏകത്വത്തിനാൽ അവൻ പങ്കാളികളിൽനിന്നും സഹായികളിൽനിന്നും മിത്രങ്ങളിൽനിന്നും അത്യുന്നതനായിരിക്കുന്നു.
അവൻ്റെ ഹയാത്തിൻ്റെയും ക്വുദ്റത്തിൻ്റെയും ആസൂത്രണത്തിൻ്റെയും പരിപൂർണ്ണതയാൽ മയക്കത്തിൽനിന്നും ഉറക്കത്തിൽനിന്നും അവൻ അത്യുന്നതനായിരിക്കുന്നു.
അവൻ്റെ ഹിക്മത്തിൻ്റെ സമ്പൂർണ്ണതയാൽ അവൻ അക്രമത്തിൽനിന്നും അനീതിയിൽനിന്നും കളിതമാശകളിൽനിന്നും അത്യുന്നതനായിരിക്കുന്നു.
അവൻ്റെ അറിവിൻ്റെ പരിപൂർണ്ണതയാൽ അവൻ മറവിയിൽനിന്നും അശ്രദ്ധയിൽനിന്നും സൃഷ്ടികളെ വെറുതെ പടച്ചിടുന്നതിൽനിന്നും അത്യുന്നതനായിരിക്കുന്നു.
അവൻ്റെ ധന്യതയുടെ പരിപൂർണ്ണതയാൽ അവൻ എല്ലാവരേയും ഊട്ടുകയും ഏവർക്കും ഉപജീവനം കനിയുകയും ചെയ്യുന്നു; അവൻ ഊട്ടപ്പെടുന്നില്ല, ഉപജീവനം നൽകപ്പെടുന്നുമില്ല.
എല്ലാവിധ വിശേഷണങ്ങളിലും ഗുണങ്ങളിലും അവൻ അത്യുന്നതനായിരിക്കുന്നു. അവനു മാത്രമാകുന്നു ഉണ്മയുടെ ലോകത്ത് ഉന്നതാവസ്ഥ.
وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ الْمَثَلُ الْأَعْلَىٰ فِي السَّمَاوَاتِ وَالْأَرْضِ ۚ وَهُوَ الْعَزِيزُ الْحَكِيمُ
അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ. പിന്നെ അവൻ അത് ആവർത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവനാകുന്നു. അവൻ പ്രതാപിയും യുക്തിമാനുമത്രെ. (ക്വുർആൻ 30: 27)
വിശുദ്ധ ക്വുർആനിൽ രണ്ടു സ്ഥലങ്ങളിൽ 'അൽഅഅ്ലാ' എന്ന നാമം വന്നിട്ടുണ്ട്. വിശുദ്ധ ക്വുർആനിലെ:
سَبِّحِ اسْمَ رَبِّكَ الْأَعْلَى
(ക്വുർആൻ 87:1)
إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ
(ക്വുർആൻ 92:20)
എന്നീ വചനങ്ങളാണ് അവ.