അഅസ്മാഉൽ ഹുസ്‌ന - ഭാഗം: 60 നാമം: 46: العَلِيُّ (അല്‍അലിയ്യ്)

അഅസ്മാഉൽ ഹുസ്‌ന - ഭാഗം: 60 നാമം: 46: العَلِيُّ (അല്‍അലിയ്യ്)

ഉലുവ്വിന്റെ (പരമവും പരിപൂർണവുമായ ഉന്നതിയുടെ) മുഴുവൻ ആശയങ്ങളും ഒന്നിച്ചവനാണ് അല്ലാഹു. 
അവൻ്റെ സത്തയുടെ  (ദാത്തിന്റെ) ഔന്നത്യം, കഴിവിലും ആധിപത്യത്തിലുമുളള ഔന്നത്യം, ന്യായത്തിലും ഇതര വിശേഷണങ്ങളിലുമുളള ഔന്നത്യം, എന്നിവയെല്ലാം ഉന്നതനായ അല്ലാഹുവിന്റെ മാത്രം പ്രത്യേകതകളാണ്.

വിശുദ്ധ ക്വുർആനിൽ എട്ടു സ്ഥലങ്ങളിൽ ഈ തിരുനാമം വന്നിട്ടുണ്ട്.

وَهُوَ الْعَلِيُّ الْعَظِيمُ [البقرة : 255]

അവന്‍ ഉന്നതനും മഹാനുമാകുന്നു

هُوَ الْعَلِيُّ الْكَبِيرُ [الحج : 62]

അവന്‍ ഉന്നതനും വലിയവനുമാകുന്നു 

إِنَّهُ عَلِيٌّ حَكِيمٌ [الشورى : 51]

തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഉന്നതനും യുക്തിമാനുമാകുന്നു.

 إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا [النساء : 34]

തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.

അല്ലാഹു അവന്റെ മുഴുവൻ സൃഷ്ടികളുടേയും മേലെയാണെന്നും ആകാശങ്ങൾക്കുപരിയിൽ അവന്റെ അർശിന്മേൽ ആരോഹിതൻ ആണന്നും പടപ്പുകളിൽ നിന്ന് വേറിട്ട് അവൻ അവർക്കുമീതെയാണെന്നും അവൻ അവരുടെ ചെയ്തികൾ അറിഞ്ഞും വാക്കുകൾ കേട്ടും അവരുടെ അടക്കങ്ങളും അനക്കങ്ങളും കണ്ടും യാതൊന്നും ഗോപ്യമല്ലാത്ത വിധം അവൻ അവരോടൊപ്പമാണെന്നും അഹലുസ്സുന്നത്തി വൽജമാഅത്ത് വിശ്വസിക്കുന്നു.

ഇമാം ഇബ്നുജരീർ (റ) പറഞ്ഞു: തന്റെ കഴിവുകൊണ്ട് തന്റെ സൃഷ്ടികൾക്കുമേൽ ഉയർച്ചയും ഔന്നത്യവും ഉള്ളവനാണ് അല്‍അലിയ്യ്. 

ഇമാം അൽബഗവി (റ) പറഞ്ഞു: മുഴുവൻ വസ്തുക്കൾക്കും മേലെയായവനാണ് അല്‍അലിയ്യ്.

ഞെരുക്കത്തിന്റെ സമയത്ത് നബി (സ്വ) താഴെവരുന്ന ദുആഅ് നിർവ്വഹിക്കാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹ് ഇബ്നു അബ്ബാസിൽ (റ) നിന്ന് ഇമാം തിർമുദി നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.

لَا إِلَهَ إِلا اللَّهُ العَلِيُّ الحَلِيمُ لاَ إِلَهَ إِلا اللَّهُ رَبُّ الْعَرْشِ العَظِيمِ لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَالأَرْضِ وَرَبُّ العَرْشِ الكَرِيمِ.

അത്യുന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. ആദരണീയ സിംഹാസനത്തിന്റെ നാഥനായ, വാനങ്ങളുടേയും ഭൂമിയുടേയും നാഥനായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.