അൽഹലീം
തെറ്റു ചെയ്യുന്ന ദാസന്മാരെ ശിക്ഷകൊണ്ടു പെട്ടന്നു പിടി കൂടാതിരിക്കുകയും അവർക്കു സാവകാശം നല്കുകയും ചെയ്യുന്നവൻ എന്നതാണ് അൽഹലീം അർത്ഥമാക്കുന്നത്.
ഇമാം ഇബ്നുജരീർ (റ) പറഞ്ഞു: ഹലീം എന്നാൽ സാവകാശം ഉള്ളവൻ എന്നാണ്. തെറ്റു ചെയ്യുന്ന ദാസന്മാരെ അവർക്കുള്ള ശിക്ഷകൊണ്ട് അവൻ പെട്ടന്നു പിടികൂടുകയില്ല.
ഇമാം ഇബ്നുകഥീർ (റ) പറഞ്ഞു: ഹലീമുന്ഗഫൂർ എന്നാൽ അവൻ തൻ്റെ ദാസന്മാർ തന്നോട് നന്ദികേടു കാണിക്കുന്നതും അവിശ്വസിക്കുന്നതും കാണുന്നു. അവനാകട്ടെ ഹില്മുള്ളവനായി പിന്തിപ്പിക്കുകയും ഇടനല്കുകയും കാലതമസം നൽകുകയും ശിക്ഷകൊണ്ട് ധൃതി കാണിക്കാതിരിക്കുകയും ചെയ്യുന്നു. മറ്റു ചിലരെ മറക്കുകയും അവർക്കു പൊറുക്കുകയും ചെയ്യുന്നു.
പാപം ചെയ്യുന്നവരെ അറിയുന്നവനും അവരെ പിടികൂടുവാൻ കഴിവുള്ളവനും ശിക്ഷിക്കുവാൻ ശക്തിയുള്ളവനുമാണ് അല്ലാഹു. അശക്തത കാരണത്താലല്ല അവൻ അവരെ പിടികൂടാതിരിക്കുന്നത്. അല്ലാഹുവെ അശക്തമാക്കുന്നതും അവൻ്റെ അറിവിലും കഴിവിലും പെടാത്തതുമായയാതൊന്നും ഉലകത്തിൽ ഇല്ലതന്നെ.
أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ وَكَانُوا أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ اللَّهُ لِيُعْجِزَهُ مِن شَيْءٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ إِنَّهُ كَانَ عَلِيمًا قَدِيرًا
അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിയില്ലേ? അവര്‍ ഇവരെക്കാള്‍ മികച്ച ശക്തിയുള്ളവരായിരുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോല്‍പിക്കാനാവില്ല. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ക്വുർആൻ 35: 44)
പാപം പ്രവർത്തിക്കുന്നവരെ മുഴുവൻ അല്ലാഹു പിടികൂടി ശിക്ഷിച്ചിരുന്നുവെങ്കിൽ ഭൂമുഖത്ത് യാതൊന്നും ശേഷിക്കുമായിരുന്നില്ലെന്ന് അല്ലാഹു ഉണർത്തുന്നു:
وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَابَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ
അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം ( ഉടനടി ) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധി വരെ അവന്‍ അവര്‍ക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല. (ക്വുർആൻ 16: 61)
ആളുകൾ കുഫ്റും ശിർക്കും ഇതര പാപങ്ങളും പ്രവർത്തിക്കുന്നു. അവരെ പിടികൂടുവാന്‍ കഴിവുള്ള അല്ലാഹു അവരെ പിടികൂടാതെ അവർ തൗബഃ ചെയ്യുവാനും മടങ്ങുവാനും അവസരമേകുന്നു.
وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا
നിന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവര്‍ ചെയ്ത് കൂട്ടിയതിന് അവന്‍ അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നെങ്കില്‍ അവര്‍ക്കവന്‍ ഉടന്‍ തന്നെ ശിക്ഷ നല്‍കുമായിരുന്നു. പക്ഷെ അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്. അതിനെ മറികടന്ന് കൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയേയില്ല. (ക്വുർആൻ 18: 58)
അടിയാറുകളെ സഹിച്ച് അവർക്കു സൗഖ്യമേകുകയും ഉപജീവനം കനിയുകയും ചെയ്യുന്നവനാണ് ഹലീമായ അല്ലാഹു. നബിതിരുമേനി (സ്വ) പറഞ്ഞു:
لَيْسَ أَحَدٌ أَوْ لَيْسَ شَيْءٌ أَصْبَرَ عَلَى أَذًى سَمِعَهُ مِنْ اللَّهِ إِنَّهُمْ لَيَدْعُونَ لَهُ وَلَدًا وَإِنَّهُ لَيُعَافِيهِمْ وَيَرْزُقُهُمْ
( (ഉപദ്രവകരമായത് കേൾക്കുകയും അതിൽ ക്ഷമിക്കുകയും ചെയ്യുന്നവരായി അല്ലാഹുവോളം മറ്റാരുമില്ല അല്ലെങ്കിൽ മറ്റൊന്നുമില്ല. നിശ്ചയം അവർ അല്ലാഹുവിന് സന്താനമുണ്ടെന്ന് ജല്പിക്കുന്നു; അവന്‍ അവർക്ക് സൗഖ്യമേകുകയും ഉപജീവനം കനിയുകയും ചെയ്യുന്നു.) ) (ബുഖാരി, മുസ്ലിം)
ഹലീമായ അല്ലാഹു അടിയാറുകൾക്ക് കാരുണ്യവും സാവകാശവും ഉദ്ദേശിക്കുന്നു. എന്നാൽ വിവരദോഷികളും അധർമ്മ കാരികളുമായവർ അല്ലാഹുവിൻ്റെ ശിക്ഷക്ക് തിരക്കുകൂട്ടുന്നു.
وَإِذْ قَالُوا اللَّهُمَّ إِن كَانَ هَٰذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ
അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ ( അവിശ്വാസികള്‍ ) പറഞ്ഞ സന്ദര്‍ഭവും ( ഓര്‍ക്കുക. ) (ക്വുർആൻ 8: 32)
وَقَالُوا رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ الْحِسَابِ
അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള ( ശിക്ഷയുടെ ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്. (ക്വുർആൻ 38: 16)
അല്ലാഹുവിൻ്റെ ഹില്മിൻ്റെ മഹത്വവും വലിപ്പവും നോക്കൂ. ശിക്ഷ തേടിയിട്ടും ആളുകൾക്ക് അവന്‍ കാരുണ്യവും സാവകാശവും കനിയുന്നു.
എന്നാൽ ഭൗതികലോകത്തു മാത്രമാണ് അക്രമികൾക്കും അവിശ്വാസികൾക്കും അല്ലാഹുവില്നിന്നുള്ള ഈ സാവകാശം. പരലോകത്ത് അവർക്കു യാതൊരു സാവകാശവുമുണ്ടായിരിക്കില്ല.
ഏതാനും മഹത്തായ ദുആഉകൾ
ഞെരുക്കത്തിൻ്റെ സമയത്ത് നബി (സ്വ) താഴെ വരുന്ന ദുആഉകൾ നിർവ്വഹിക്കാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹ് ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
لاَ إِلَهَ إِلاَّ اللَّهُ العَظِيمُ الحَلِيمُ ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَالأَرْضِ رَبُّ العَرْشِ العَظِيمِ
മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിൻ്റെയും വാനങ്ങളുടേയും ഭൂമിയുടേയും നാഥനായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْعَرْشِ الْكَرِيمِ
മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. ആ ദരണീയമായ സിംഹാസനത്തിൻ്റെ നാഥനായ, വാനങ്ങളുടെ നാഥനായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിൻ്റെ രക്ഷിതാ വായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. വാനങ്ങളുടെ നാഥനായ, ഭൂമിയുടെ നാഥനായ, ആദരണീയമായ സിംഹാസനത്തിൻ്റെ നാഥനായ, അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.