അശ്ശകൂര്‍ الشَّكُورُ
ശുക്റിൽനിന്നുള്ള അഗാധാർത്ഥ പ്രയോഗമാണ് അശ്ശകൂര്‍ എന്നത്. അശ്ശാകിര്‍, അശ്ശകൂർ എന്നീ നാമങ്ങൾ അല്ലാഹുവിൻ്റെ നന്ദിയെ അറിയിക്കുന്ന നാമങ്ങളാണെങ്കിലും അശ്ശകൂർ എന്നത് അല്ലാഹുവിൻ്റെ നന്ദിയുടെ അതിവിശാലതയെ കൂടുതൽ ദ്യോതിപ്പിക്കുന്നു. അല്ലാഹു അശ്ശകൂറാണ്. തൻ്റെ ദാസൻമാരുടെ സൽപ്രവൃത്തികൾ എത്ര കുറവാണെങ്കിലും അവ സ്വീകരിക്കുകയും തെറ്റുകുറ്റങ്ങൾ എത്ര വലുതാണെങ്കിലും അവ പൊറുക്കുകയും അവരുടെ നന്ദിപ്രകടനങ്ങൾക്ക് നന്ദി പ്രതിഫലമേകുകയും നന്ദി അർഹിക്കുന്ന ദാസനെ വാഴ്ത്തുകയും ചെയ്യുന്നവനാണ് അല്ലാഹു.
وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْنًا ۚ إِنَّ اللَّهَ غَفُورٌ شَكُورٌ
വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു. (ക്വുർആൻ 42: 23)
അശ്ശകൂറും അശ്ശാകിറുമായ അല്ലാഹു കർമ്മങ്ങളെ മഹത്വവൽകരിക്കുകയും പ്രതിഫലത്തെ ഇരട്ടിപ്പിക്കുകയും ചെയ്യും.
ഇമാം ഇബ്നുൽ ക്വയ്യിം (റ) പറഞ്ഞു: എന്നാൽ റബ്ബിൻ്റെ ശുക്റിന് മറ്റൊരു പ്രത്യേകതയുണ്ട്. അവനാകുന്നു ശുക്ർ ചെയ്യുന്ന ഏതൊരാളേക്കാളും ശുക്ർ എന്ന വിശേഷണത്തിന് ഏറ്റവും അർഹൻ. എന്നുമാത്രമല്ല യഥാർത്ഥത്തിൽ അവനാകുന്നു അശ്ശകൂർ. കാരണം അവൻ ദാസന്മാർക്ക് കനിയുന്നു. അല്ലാഹുവിന് ശുക്ർ അർപ്പിക്കുവാൻ തൗഫീക്ക്വേകുന്നു. കർമ്മവും ഔദാര്യവും ചെറുതാണെങ്കിലും ദാസനെ മാത്രം നന്ദി കാണിക്കുന്നവനാക്കാതെ അവനും നന്ദികാണിക്കും. ഒരു പുണ്യത്തിന് പത്തും അതിനേക്കാൾ ഇരട്ടികളുമായി (പ്രതിഫലമേകി) അവന് നന്ദി പ്രകാശിപ്പിക്കും.
ഈ രീതിയിൽ അല്ലാഹുവിൻ്റെ ശുക്ർ അറിയിക്കുന്ന ധാരാളം തെളിവുകളുണ്ട്. അവയിൽ ചിലത് താഴെ നൽകുന്നു.
إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا
തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. (ക്വുർആൻ 4: 40)
إِن تُقْرِضُوا اللَّهَ قَرْضًا حَسَنًا يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَاللَّهُ شَكُورٌ حَلِيمٌ
നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു. (ക്വുർആൻ 64: 17)
ചുരുങ്ങിയ പക്ഷം ഒരു നന്മക്കുള്ള പ്രതിഫലം പത്തിരട്ടിയാണ്. അല്ലാഹു പറഞ്ഞു:
مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ
വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന്ന് അതിന്‍റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല. (ക്വുർആൻ 6: 160)
വിശുദ്ധ ക്വുർആൻ പാരായണത്തിനുള്ള പ്രതിഫലമുണർത്തിക്കൊണ്ട് അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
مَنْ قَرَأَ حَرْفَاً مِنْ كِتَابِ الله فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا
(അല്ലാഹുവിൻ്റെ കിതാബിൽ നിന്നും (ക്വുർആനിൽനിന്നും) ആരെങ്കിലും ഒരു അക്ഷരം ഓതിയാൽ അവന് അതുകൊണ്ട് ഒരു പുണ്യമുണ്ട്. ഒരു പുണ്യം അതിൻ്റെ പത്ത് ഇരട്ടിയാണ്)
ചിലപ്പോൾ അല്ലാഹു സൽപ്രവൃത്തിയെ പത്തിനേക്കാൾ ഇരട്ടിപ്പിക്കും. എഴ്ന്നൂറ് അല്ലെങ്കിൽ അതിനേക്കാള് കൂടുതലായി പ്രസ്തുത വർദ്ധനവ് ഉണ്ടായേക്കും. അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കുന്നതിനെ കുറിച്ച് അവൻ പറയുന്നു:
مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ
അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്. (ക്വുർആൻ 2: 261)
അബൂമസ്ഊദ് (റ) വിൽ നിന്നും നിവേദനം:
جَاءَ رَجُلٌ بِنَاقَةٍ مَخْطُومَةٍ. فَقَالَ: هَـٰذِهِ فِي سَبِيلِ اللّهِ. فَقَالَ رَسُولُ اللّهِ : «لَكَ بِهَا يَوْمَ الْقِيَامَةِ سَبْعُمِائَةِ نَاقَةٍ كُلُّهَا مَخْطُومَةٌ»
(ഒരാൾ മൂക്കുകയറിട്ട ഒരു ഒട്ടകത്തെ കൊണ്ടുവന്നു, എന്നിട്ട് അയാൾ പറഞ്ഞു: ഇത് അല്ലാഹുവിൻ്റെ മാർഗ്ഗത്തിലാണ്. അപ്പോൾ നബി (സ്വ) പറഞ്ഞു: താങ്കൾക്ക് അന്ത്യനാളിൽ ആ ഒട്ടകം നിമിത്തം എഴുനൂറ് ഒട്ടകങ്ങളുണ്ട്, എല്ലാ ഒട്ടകങ്ങളും കടിഞ്ഞാണിടപ്പെട്ടവയായിരിക്കും.) (മുസ്‌ലിം)
അല്ലാഹു പറഞ്ഞതായി നബി (സ്വ) പറയുന്നു:
« الْحَسَنَةُ بِعَشْرِ أَمْثَالِهَا أَوْ أَزِيدُ وَالسَّيِّئَةُ بِوَاحِدَةٍ أَوْ أَغْفِرُ وَلَوْ لَقِيتَنِى بِقُرَابِ الأَرْضِ خَطَايَا - مَا لَمْ تُشْرِكْ بِى - لَقِيتُكَ بِقُرَابِهَا مَغْفِرَةً »
(ഒരു നന്മ അതിൻ്റെ പതിന്മടങ്ങാണ് അല്ലെങ്കിൽ ഞാൻ അധികരിപ്പിക്കും. തിന്മ ഒന്നു മാത്രമാണ് അല്ലെങ്കിൽ ഞാനത് പൊറുക്കും. നീ എന്നിൽ ശിർക്കുവെക്കാതെ ഭൂമിക്ക് സമാനം പാപങ്ങളുമായി എന്നെ കണ്ടുമുട്ടുകയാണെങ്കിൽ അതിനു സമാനം പാപമോചനവുമായി ഞാൻ നിന്നെ കണ്ടുമുട്ടുന്നതാണ്.)
വിശുദ്ധ ക്വുർആനിൽ നാലു സ്ഥലങ്ങളിൽ അല്ലാഹുവിൻ്റെ ഈ തിരുനാമം വന്നിട്ടുണ്ട്.
ഏതാനും ദുആഉകൾ
അല്ലാഹുവിനു നന്ദികാണിച്ചു ജീവിക്കുവാനുള്ള ഉതവിക്കായ് തേടുവാൻ വിശുദ്ധ ക്വുർആനിൽ വന്ന രണ്ടു ദആഉകൾ:
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ
..എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉൾപ്പെടുത്തുകയും ചെയ്യേണമേ. (ക്വുർആൻ 27: 19)
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ
..എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.(ക്വുർആൻ 46: 15)
എല്ലാ നിസ്കാരങ്ങൾക്കൊടുവിലും മുടക്കാതെ ചൊല്ലുവാൻ മുആദി(റ)നോട് നബി (സ്വ) വസ്വിയ്യത് ചെയ്ത പ്രാർത്ഥന:
اَللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
അല്ലാഹുവേ, നിനക്ക് ദിക്ർ എടുക്കുവാനും നന്ദി (ശുക്ർ) ചെയ്യുവാനും നിനക്കുള്ള ഇബാദത്ത് നന്നാക്കുവാനും നീ എന്നെ സഹായിക്കേണമേ.