ഭാഗം: 57- അൽ അസ്മാഉൽ ഹുസ്‌ന, നാമം: 43- الشَّاكِرُ (അശ്ശാകിര്‍ )

ഭാഗം: 57- അൽ അസ്മാഉൽ ഹുസ്‌ന, നാമം: 43- الشَّاكِرُ (അശ്ശാകിര്‍ )
കർമ്മങ്ങൾചെറുതാണെങ്കിലും അതു തൃപ്തിപ്പെടുന്നവനും അതു സ്വീകരിച്ച് അതിൽ നന്നായി പ്രശംസിക്കുന്നവനും പ്രതിഫലം നന്നാക്കുന്നവനുമാണ് അല്ലാഹു. 
 
ഇമാം അൽഹലീമി (റ) പറഞ്ഞു: തനിക്കു വഴിപ്പെട്ടവനെ സ്തുതിക്കുകയും പുകഴ്ത്തുകയും തൻ്റെ അനുഗഹ്രങ്ങൾ ചൊരിയുന്നതോടൊപ്പം വഴിപ്പെട്ടതിനു പ്രതിഫലമേകുകയും ചെയ്യുന്നവനാണ് അശ്ശാകിർ. 
 
അല്ലാഹുവിൻ്റെ ഈ നാമം വന്ന വചനങ്ങളെ പഠന വിധേയമാക്കിയാൽ ഈ യാഥാർത്ഥ്യം വ്യക്തമാകും.
 
إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ
തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു. (ക്വുർആൻ 2: 158) 
 
مَّا يَفْعَلُ اللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنتُمْ ۚ وَكَانَ اللَّهُ شَاكِرًا عَلِيمًا
നിങ്ങള്‍ നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട്‌ അല്ലാഹുവിന്‌ എന്ത്‌ കിട്ടാനാണ്‌ ? അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു. (ക്വുർആൻ 4: 147) 
 
ജനദൃഷ്ടിയിൽ കർമ്മങ്ങൾചെറുതാണെങ്കിലും അതു സ്വീകരിച്ച് അതു പോഷിപ്പിക്കുന്നവനും അതിനേറെ പ്രതിഫലം നൽകുന്നവനുമാണ് ശാകിറായ അല്ലാഹു. 
 
مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ
ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവര്‍ക്ക്‌ അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും. (ക്വുർആൻ 40: 40) 
 
സ്വദക്വഃയുടെ വിഷയത്തിൽ തിരുമേനി (സ്വ) പറഞ്ഞതായി അബൂഹുറയ്റഃ(റ) യില്നിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
مَن تَصَدَّقَ بعَدْلِ تمرةٍ من كسْبٍ طيّبٍ ولا يَصْعَدُ إِلى الله إِلاَّ الطيِّبَ فإنَّ اللهَ يتقبَّلهُا بيمينِه، ثمَّ يُرَبيِّهَا لصاحبها كما يربِّي أحَدُكم فَلُوَّهُ، حتى تكونَ مِثَل الجبلِ
നല്ലതല്ലാതെ അല്ലാഹുവിലേക്ക് കയറിപ്പോകുകയില്ല എന്നിരിക്കെ; നല്ല സമ്പാദ്യത്തിൽ നിന്ന് ആരെങ്കിലും ഒരു കാരക്കക്ക് സമാനമായതു ചിലവഴിച്ചാൽ അല്ലാഹു അതു തൻ്റെ വലതു കൈകൊണ്ടു സ്വീകരിക്കുകയും പിന്നീട് അതു ദാനം ചെയ്തയാൾക്കു വേണ്ടി അതിനെ ഒരു പർവ്വത സമാനം വളർത്തുകയും ചെയ്യും. നി ങ്ങളിലൊരാൾ തൻ്റെ കുതിരകുഞ്ഞിനെ വളർത്തുന്നതുപോലെ.) ) (ബുഖാരി, മുസ്ലിം) 
 
വിശുദ്ധ ക്വുർആനിൽ രണ്ടു സ്ഥലങ്ങളിൽ അല്ലാഹുവിൻ്റെ ഈ തിരുനാമം വന്നിട്ടുണ്ട്.
 
അല്ലാഹു ശുക്ര് അർപ്പിക്കുന്നവനാണെന്നറിയിക്കുന്ന തിരുമൊഴികളും സ്ഥിരപ്പെട്ടിരിക്കുന്നു. ഏതാനും തിരുമൊഴികൾ നോക്കൂ. 
 
لاَ يَشْكُرُ اللَّهَ مَنْ لاَ يَشْكُرُ النَّاسَ
ജനങ്ങളോട് ശുക്ര് (നന്ദി) കാണിക്കാത്തവനോട് അല്ലാഹു ശുക്ര് കാണിക്കുകയില്ല.
 
«أن رجُلاً رأَى كلباً يأكلُ الثَّرى مِنَ العطَشِ، فأخذَ الرَّجُلُ خُفَّهُ فجعلَ يَغرِفُ له بهِ حتى أَرْواهُ، فشَكرَ اللَّهُ لهُ، فأدخَلَهُ الجنَّة»
ഒരു നായ ദാഹം കാരണം മണ്ണ് തിന്നുന്നത് ഒരാള് കണ്ടു. അ ദ്ദേഹം തൻ്റെ പാദരക്ഷ ഊരി അതിൻ്റെ ദാഹം തീരുന്നതുവരെ വെള്ളം കോരിക്കൊടുത്തു. അല്ലാഹു അയാളോടു നന്ദി കാണി ച്ചു, അയാളെ സ്വര്ഗത്തിൽ പ്രവേശിപ്പിച്ചു. (ബുഖാരി) 
 
ശാകിറും ശകൂറുമായ അല്ലാഹു ദാസന്മാരില്നിന്നുള്ള ശുക്റിനെ ഇഷ്ടപ്പെടുന്നു.
 
إِن تَكْفُرُوا فَإِنَّ اللَّهَ غَنِيٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ الْكُفْرَ ۖ وَإِن تَشْكُرُوا يَرْضَهُ لَكُمْ ۗ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
നിങ്ങള്‍ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ നിന്ന്‌ മുക്തനാകുന്നു. തന്‍റെ ദാസന്‍മാര്‍ നന്ദികേട്‌ കാണിക്കുന്നത്‌ അവന്‍ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട്‌ അത്‌ വഴി അവന്‍ സംതൃപ്തനായിരിക്കുന്നതാണ്‌. പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ വിവരം അറിയിക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളതിനെ പറ്റി അറിവുള്ളവനാകുന്നു. (ക്വുർആൻ 39: 7) 
 
എണ്ണിയാലും വർണിച്ചാലും തീരാത്ത അനുഗ്രഹങ്ങാളാണ് അടിയാറുകൾ ആസ്വദിക്കുന്നത്. അതിനാൽ അല്ലാഹുവിനു നന്ദിയുള്ളവരായിരിക്കൽ അടിമകളുടെമേൽ നിർബന്ധമാണ്. അവനിൽ നിന്നുള്ള കല്പനകള് നോക്കൂ:
 
فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ
ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട്‌ നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട്‌ നന്ദികേട്‌ കാണിക്കരുത്‌. (ക്വുർആൻ 2: 152) 
 
يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക്‌ നാം നല്‍കിയ വസ്തുക്കളില്‍ നിന്ന്‌ വിശിഷ്ടമായത്‌ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട്‌ നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ്‌ നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.(ക്വുർആൻ 2: 172) 
 
فَكُلُوا مِمَّا رَزَقَكُمُ اللَّهُ حَلَالًا طَيِّبًا وَاشْكُرُوا نِعْمَتَ اللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത്‌ നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന്‌ നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍. (ക്വുർആൻ 16: 114) 
 
لَقَدْ كَانَ لِسَبَإٍ فِي مَسْكَنِهِمْ آيَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا مِن رِّزْقِ رَبِّكُمْ وَاشْكُرُوا لَهُ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ
തീര്‍ച്ചയായും സബഅ്‌ ദേശക്കാര്‍ക്ക്‌ തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്‌, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. ( അവരോട്‌ പറയപ്പെട്ടു: ) നിങ്ങളുടെ രക്ഷിതാവ്‌ തന്ന ഉപജീവനത്തില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട്‌ നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും. (ക്വുർആൻ 34: 15) 
 
അല്ലാഹുവില്നിന്നുള്ള എണ്ണിയാലൊടുങ്ങാത്ത ഔദാര്യങ്ങൾഏറ്റുവാങ്ങുന്ന മനുഷ്യരിൽ ഏറിയകൂറും നന്ദി കാണിക്കുന്നതിനു പകരം നന്ദികെട്ടു ജീവിക്കുന്നുവെന്നത് പച്ചയായ യാഥാര്ത്ഥ്യമാണ്. അക്കാര്യം അല്ലാഹു അറിയിക്കുന്നു:
 
اللَّهُ الَّذِي جَعَلَ لَكُمُ اللَّيْلَ لِتَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا ۚ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ
അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട്‌ ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല. (ക്വുർആൻ 40: 61)
 
നന്ദികേട് നാശകാരണമാണ്. അനുഗ്രഹങ്ങൾഅതിനാൽ വഴിമാറും. നന്ദികെട്ടു ജീവിക്കുന്നവർക്കു പട്ടിണിയും വറുതിയുമാണ് ഫലം. ഒരു നാടിൻ്റെ വിഷയത്തിൽ അല്ലാഹു പറയു ന്നതു നോക്കൂ:
 
وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ. وَلَقَدْ جَاءَهُمْ رَسُولٌ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ الْعَذَابُ وَهُمْ ظَالِمُونَ
അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത്‌ സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട്‌ ആ രാജ്യം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നത്‌ നിമിത്തം വിശപ്പിന്‍റെയും ഭയത്തിന്‍റെയും ഉടുപ്പ്‌ അല്ലാഹു ആ രാജ്യത്തിന്‌ അനുഭവിക്കുമാറാക്കി. അവരുടെ കൂട്ടത്തില്‍ പെട്ട ഒരു ദൂതന്‍ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായിട്ടുണ്ട്‌. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളിക്കളഞ്ഞു. അങ്ങനെ അവര്‍ അക്രമകാരികളായിരിക്കെ ശിക്ഷ അവരെ പിടികൂടി. (ക്വുർആൻ 16: 112, 113) 
 
അല്ലാഹുവിൻ്റെ ശുക്റുമായി ബന്ധപ്പെട്ട ഏതാനും വി ഷയങ്ങൾ അടുത്ത അദ്ധ്യായത്തിലും നല്കാം