അല്‍ജമീല്‍ الجَمِيلُ

അല്‍ജമീല്‍	الجَمِيلُ
അല്‍ജമീല്‍    الجَمِيلُ
 
അല്ലാഹുവിന് ജമാൽ (ഭംഗി) എന്ന വിശേഷണമാണ് അൽ ജമീൽ എന്ന നാമം അർത്ഥമാക്കുന്നത്. അല്ലാഹു അവൻ്റെ സത്തയിലും നാമങ്ങളിലും വിശേഷണങ്ങളിലും പ്രവൃത്തികളിലും ഭംഗിയുള്ളവനാണ്.
 
അല്ലാഹുവിൻ്റെ ജമാലിനെ ഇമാം ഇബ്നുല്കയ്യിം (റ) നാലു മർതബകളായി എണ്ണിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: നാലു മർതബകളിലായിട്ടാണ് അല്ലാഹുവിൻ്റെ ജമാൽ. 
  • ജമാലുദ്ദാത്ത്. സത്തയുടെ ഭംഗി.
  • ജമാലുസ്സ്വിഫാത്ത്. വിശേഷണങ്ങുടെ ഭംഗി.
  • ജമാലുൽഅഫ്ആൽ. പ്രവൃത്തികളുടെ ഭംഗി.
  • ജമാലുൽഅസ്മാഅ്. നാമങ്ങളുടെ ഭംഗി.
അല്ലാഹുവിൻ്റെ നാമങ്ങളെല്ലാം ഹുസ്നയാകുന്നു. അവൻ്റെ വിശേഷണങ്ങളെല്ലാം പരിപൂർണതയുടെ വിശേഷണങ്ങളാകുന്നു. അവൻ്റെ പ്രവൃത്തികളെല്ലാം ഹിക്മത്തിൻ്റെയും മസ്വ് ലഹത്തിൻ്റെയും നീതിയുടേയും കാരുണ്യത്തിൻ്റെതുമാകുന്നു. എന്നാൽ അവൻ്റെ സത്തയുടെ ജമാലും അതിേന്മലുള്ളതും അവനല്ലാത്തവർക്ക് എത്തിപ്പിടിക്കുവാനാവില്ല. അവനല്ലാത്തവർക്ക് അറിയുകയുമില്ല... 
 
അല്ലാഹുവിന് ഈ നാമം ഹദീഥിലാണ് വന്നിട്ടുള്ളത്. അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً قَالَ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ
ഹൃദയത്തിൽ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന് സ്വര്ഗത്തിൽ പ്രവേശിക്കുകയില്ല. അപ്പോൾ ഒരാൾ  ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തൻ്റെ വസ്ത്രവും പാദരക്ഷയും കൗതുകമുള്ളതാകാൻ ആഗ്രഹിക്കാറുണ്ടല്ലോ? നബി (സ്വ) പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ടപ്പെടുന്നവനുമാണ്. (അതുകൊണ്ട് അതൊരു അഹങ്കാരമല്ല.) സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാർത്ഥത്തിൽ അഹങ്കാരം. (മുസ്ലിം) 
 
അത്യാദരണീയനും മഹാനും ഭംഗിയേറെയുള്ളവനുമായ അല്ലാഹുവെ ദർശിക്കൽ വിശ്വാസികൾക്ക് ഭാഗ്യവും പ്രതിഫലവും ഔദാര്യവുമാണ്. കണ്ണുകൾക്ക് കുളിർമയാണ്. മനസുകൾക്ക് സ ന്തോഷമാണ്. മുഖങ്ങൾക്ക് പ്രസന്നതയാണ്. ഹൃദയങ്ങൾക്ക് ആ നന്ദമാണ്. അല്ലാഹുവിൻ്റെ ആദരവും ഔദാര്യവുമാണ്. സ്വർഗത്തിൽ പ്രവേശിക്കുന്ന വിശ്വാസികൾ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹത്തെ കുറിച്ച് സ്വുഹയ്ബ് അർറൂമി (റ) യില്നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീഥിൽ ഇപ്രകാരമുണ്ട്:
 
إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ - قَالَ - يَقُولُ اللَّهُ تَبَارَكَ وَتَعَالَى تُرِيدُونَ شَيْئًا أَزِيدُكُمْ فَيَقُولُونَ أَلَمْ تُبَيِّضْ وُجُوهَنَا أَلَمْ تُدْخِلْنَا الْجَنَّةَ وَتُنَجِّنَا مِنَ النَّارِ - قَالَ-فَيَكْشِفُ الْحِجَابَ فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ 
സ്വർഗവാസികൾ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു പറ യും: 'ഞാൻ നിങ്ങൾക്ക് വല്ലതും വർദ്ധിപ്പിച്ചു നല്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അപ്പോൾ അവർ പറയും: നീ ഞങ്ങളുടെ മുഖങ്ങളെ വെളുപ്പിച്ചില്ലേ? നീ ഞങ്ങളെ സ്വര്ഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തില്നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തില്ലേ? തിരുമേനി (സ്വ) പറഞ്ഞു: അതോടെ അല്ലാഹു മറയെ നീക്കും. അതോടെ തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കുന്നതിനേക്കാൾ ഇഷ്ടകരമായ യാതൊന്നും അവർക്ക് നല്കപ്പെട്ടിട്ടുണ്ടാവില്ല.) ) 
 
അൽജമീൽ എന്ന നാമത്തിന് അല്മുജ്മിൽ (അഴകും ഭംഗിയും നല്കുന്നവൻ) എന്ന അർത്ഥവും പ്രമാണികർ നൽകിയിട്ടുണ്ട്. ഇമാം ബയ്ഹക്വി (റ) തെരഞ്ഞെടുത്തത് ഈ അഭിപ്രായമാണ്.
 
സൗന്ദര്യം കനിഞ്ഞ് അനുഗ്രഹിക്കുന്ന അൽജമീലാണ് അല്ലാഹു. അവൻ ഭൂമിയെ പടച്ച് അതിൽ കടലും കരയും മലകളും താഴ്വരകളും കുന്നുകളും പുഴകളും അരുവികളും തോട്ടങ്ങളും പൂന്തോപ്പുകളും വൃക്ഷലതാദികളും മറ്റുമൊക്കെ പടച്ച് അതിനെ അലംകൃതമാക്കി. 
 
أَمَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنزَلَ لَكُم مِّنَ السَّمَاءِ مَاءً فَأَنبَتْنَا بِهِ حَدَائِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنبِتُوا شَجَرَهَا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ
അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ! ) എന്നിട്ട്‌ അത്‌ ( വെള്ളം ) മൂലം കൌതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക്‌ കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു. (ക്വുർആൻ 27: 60) 
 
കന്നുകാലികളുടെ വിഷയത്തിൽ അല്ലാഹു പറയുന്നതു നോക്കൂ:
 
وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ
നിങ്ങള്‍ (വൈകുന്നേരം ആലയിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ വരുന്ന സമയത്തും, നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക്‌ കൌതുകമുണ്ട്‌. (ക്വുർആൻ 16: 6) 
 
സൃഷ്ടികളിൽ ഉത്തമനായ തിരുനബി (സ്വ)യെ അഴകുള്ള ശരീരം കൊണ്ടും സുന്ദരമായ സ്വഭാവം കൊണ്ടും അല്ലാഹു അനുഗ്രഹിച്ചിട്ടുണ്ട്. ഏതാനും ഹദീഥുകൾ നോക്കൂ:
 
ബറാഅ് ഇബ്നു ആസിബി(റ)ല്നിന്ന് നിവേദനം: 
كَانَ رَسُولُ اللَّهِ  أَحْسَنَ النَّاسِ وَجْهًا وَأَحْسَنَهُ خَلْقًا لَيْسَ بِالطَّوِيلِ الْبَائِنِ وَلَا بِالْقَصِيرِ
 നബി (സ്വ) മനുഷ്യരിൽ ഏറ്റവുമധികം മുഖസൗന്ദര്യം ഉളളവനായിരുന്നു. അതുപോലെ ശരീര രൂപത്തിലും ഏറ്റവും സൗന്ദര്യം ഉളളവനായിരുന്നു. അമിത പൊക്കമുളളവനോ കുറിയ ആളോ ആയിരുന്നില്ല. (ബുഖാരി) 
 
ബറാഇല്നിന്നുള്ള(റ) മറ്റൊരു നിവേദനത്തിൽ: 
كَانَ النَّبِيُّ  مَرْبُوعًا بَعِيدَ مَا بَيْنَ الْمَنْكِبَيْنِ لَهُ شَعَرٌ يَبْلُغُ شَحْمَةَ أُذُنِهِ رَأَيْتُهُ فِي حُلَّةٍ حَمْرَاءَ لَمْ أَرَ شَيْئًا قَطُّ أَحْسَنَ مِنْهُ
നബി (സ്വ) ഒത്തശരീരമുളള ആളായിരുന്നു. അവിടുത്തെ ഇരു ചുമലുകൾക്കിടയിൽ നല്ല വിസ്താരമുണ്ടായിരുന്നു. തലമുടി ഇരു ചെവിക്കുറ്റിവരെ താഴ്ന്നു കിടന്നിരുന്നു. നബി (സ്വ) ഒരിക്കൽ ഒരു ചുവന്ന വസ്ത്രം ധരിച്ചത് ഞാൻ കണ്ടു. നബിയെക്കാൾ സുന്ദരമായ ഒരാളെയും ഞാൻ കണ്ടിട്ടില്ല. (ബുഖാരി) 
 
അബൂഇസ്ഹാക്വി(റ)ല്നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. ബറാഇ(റ)നോട് ചോദിക്കപ്പെട്ടു.
أَكَانَ وَجْهُ النَّبِيِّ مِثْلَ السَّيْفِ قَالَ لَا بَلْ مِثْلَ الْقَمَرِ
നബി (സ്വ)യുടെ മുഖം തിളങ്ങുന്ന വാളുപോലെയായിരുന്നുവോ അദ്ദേഹം പറഞ്ഞു: അല്ല ചന്ദ്രനെപ്പോലെയായിരുന്നു. (ബുഖാരി) 
 
നബി (സ്വ)യുടെ ശാരീരിക അഴകിനെ വർണിച്ച് അനസ് (റ) പറയുന്നു: 
كَانَ رَبْعَةً مِنْ الْقَوْمِ لَيْسَ بِالطَّوِيلِ وَلَا بِالْقَصِيرِ أَزْهَرَ اللَّوْنِ لَيْسَ بِأَبْيَضَ أَمْهَقَ وَلَا آدَمَ لَيْسَ بِجَعْدٍ قَطَطٍ وَلَا سَبْطٍ رَجِلٍ
 നബി (സ്വ) ജനങ്ങളിൽ വെച് ഒത്തശരീരമുളള ആളായിരുന്നു. പൊക്കം കൂടുതലോ കുറവോ ഉണ്ടായിരുന്നില്ല. തിളങ്ങുന്ന വർണ്ണമായിരുന്നു. തനി വെളളയോ ശുദ്ധ തവിട്ടു നിറമോ ആയിരുന്നില്ല. മുടി ചുരുണ്ടു കട്ടപിടിച്ചതോ നീണ്ടുനിവർന്നു കിടക്കുന്നതോ ആയിരുന്നില്ല... ... (ബുഖാരി) 
 
ജമീലായ അല്ലാഹു ഭംഗിയേയും ഭംഗിയുള്ളതിനേയും ഇഷ്ടപ്പെടുന്നു. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
 
إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ
നിശ്ചയം അല്ലാഹു അഴകുള്ളവനാണ്. അവന് അഴകിനെ ഇഷ്ടപ്പെടുന്നു. (മുസ്ലിം) അവൻ ഭംഗിയാർന്ന കർമ്മങ്ങളെയെല്ലാം ഇഷ്ടപ്പെടുന്നു. ശെയ്ഖുല്ഇസ്ലാം ഇബ്നു തയ്മിയ്യഃ(റ) പറഞ്ഞു:
 
നിശ്ചയം അല്ലാഹു, നബി (സ്വ)യോട് ഹജ്റുന്ജമീലുകൊണ്ടും സ്വഫ്ഹുന്ജമീലുകൊണ്ടും സ്വബ്റുന്ജമീലുകൊണ്ടും കൽപ്പിച്ചിരിക്കുന്നു.
 
ഉപദ്രവിച്ചവനോട് യാതൊരു ഉപദ്രവവും ചെയ്യാതെ നല്ല നിലക്ക് ഒഴിഞ്ഞു നില്ക്കലാണ് ഹജ്റുന്ജമീൽ. 
ആക്ഷേപിച്ചവനോട് യാതൊരു ആക്ഷേപവുമില്ലാതെ വിട്ടുവീഴ്ച ചെയ്യലാണ് സ്വഫ്ഹുന്ജമീൽ. 
കഷ്ടപ്പാടിൽ യാതൊരു ആവലാതിയുമില്ലാതെ നല്ലരീതിയിൽ ക്ഷമിക്കലാണ് സ്വബ്റുന്ജമീൽ. 
യാതൊരു ആവലാതിയുമില്ലാതെ നല്ലരീതിയിൽ ക്ഷമിക്കുവാന് നബി (സ്വ)യോട് കല്പിച്ചുകെണ്ട് അല്ലാഹു പറഞ്ഞു:
فَاصْبِرْ صَبْرًا جَمِيلًا
എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക. (ക്വുർആൻ 70: 5) 
 
തന്നെ അക്രമിച്ചവരുടെ വിഷയത്തിൽ അവർക്ക് യാതൊരു ഉപദ്രവവും ചെയ്യാതെ നല്ല നിലക്ക് ഒഴിഞ്ഞുനിൽക്കുവാൻ അല്ലാഹു നബി (സ്വ)യോട് കല്പിച്ചു:
 
وَاصْبِرْ عَلَىٰ مَا يَقُولُونَ وَاهْجُرْهُمْ هَجْرًا جَمِيلًا
അവര്‍ ( അവിശ്വാസികള്‍ ) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക. (ക്വുർആൻ 73: 10) 
 
ആക്ഷേപിച്ചവനോട് യാതൊരു ആക്ഷേപവുമില്ലാതെ വിട്ടുവീഴ്ച ചെയ്യുവാൻ കല്പിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
 
وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ ۗ وَإِنَّ السَّاعَةَ لَآتِيَةٌ ۖ فَاصْفَحِ الصَّفْحَ الْجَمِيلَ
ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ്‌ ചെയ്ത്‌ കൊടുക്കുക. (ക്വുർആൻ 15: 85) 
 
ഭാര്യമാർ വിവാഹമോചനം ആവശ്യപ്പെട്ടാൽ അവരെ യാത്രയാക്കേണ്ടതിനെ കുറിച്ച് അല്ലാഹു നബി (സ്വ) യോടു പറഞ്ഞു:
 
يَا أَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا ۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحًا جَمِيلًا
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട്‌ നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്‌ മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മതാഅ്‌ നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക. (ക്വുർആൻ 33: 49)