اَلْحَسِيبُ അൽഹസീബ്
അടിയാറുകളെ ബാധിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഇഹപര പ്രശ്നങ്ങൾക്കും മതിയായവൻ, അവർക്കുവേണ്ടത് എളുപ്പമാക്കുന്നവൻ, അവർക്ക് പ്രയാസകരമായത് അവരെതൊട്ട് തടുക്കുന്നവൻ എന്നതാണ് അൽഹസീബെന്ന നാമം അർത്ഥമാക്കുന്നത്.
ശെയ്ഖ് നാസ്വിറുസ്സഅ്ദി (റ) പറഞ്ഞു: തൻ്റെ ദാസന്മാരെ സൂക്ഷ്മമായി അറിയുന്നവനും ഭരമേല്പിക്കുന്നവർക്കു മതിയായവനും തൻ്റെ യുക്തിയും, അടിയാറുകളുടെ കർമ്മങ്ങളിൽ സൂക്ഷ്മമായതിനെകുറിച്ചും പ്രകടമായതിനെ കുറിച്ചുമുള്ള തൻ്റെ അറിവും അനുസരിച്ച് നന്മതിനന്മകളിൽ അവർക്ക് പ്രതിഫലമേകുന്നവനുമാണ് അൽഹസീബ്.
അൽഹഫീള്വ് (സംരക്ഷകൻ), അല്കാഫി (മതിയായവൻ), അശ്ശഹീദ് (സാക്ഷി), അല്മുഹാസിബ് (വിചാരണനടത്തുന്നവൻ) എന്നീ അർത്ഥങ്ങൾഅൽഹസീബ് എന്ന നാമത്തിനുണ്ടെന്ന് പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്.
അല്ലാഹുവിന് ഈ നാമം വിശുദ്ധക്വുർആനിൽ മൂന്നു തവണ വന്നിരുക്കുന്നു.
അല്ലാഹുവിൽ വിശ്വാസമുറപ്പിച്ച് അവനെ ഭരമേൽപ്പിച്ചു ജീവിക്കുന്നവർക്ക് അല്ലാഹു മതിയെന്ന് വിശുദ്ധ ക്വുർആൻ ഉത്ഘോഷിക്കുന്നു.
وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا
അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്. (വി.ക്വു. 65:3)
അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറയുന്നത് ഞാൻ കേട്ടു:
بَيْنَمَا امْرَأَةٌ تُرْضِعُ ابْنَهَا إِذْ مَرَّ بِهَا رَاكِبٌ وَهِىَ تُرْضِعُهُ ، فَقَالَتِ اللَّهُمَّ لاَ تُمِتِ ابْنِي حَتَّى يَكُونَ مِثْلَ هَذَا
فَقَالَ اللَّهُمَّ لاَ تَجْعَلْنِي مِثْلَهُ ، ثُمَّ رَجَعَ فِي الثَّدْيِ.
وَمُرَّ بِامْرَأَةٍ تُجَرَّرُ وَيُلْعَبُ بِهَا فَقَالَتِ اللَّهُمَّ لاَ تَجْعَلِ ابْنِي مِثْلَهَا
فَقَالَ اللَّهُمَّ اجْعَلْنِي مِثْلَهَا
فَقَالَ : أَمَّا الرَّاكِبُ فَإِنَّهُ كَافِرٌ ، وَأَمَّا الْمَرْأَةُ فَإِنَّهُمْ يَقُولُونَ لَهَا تَزْنِي ، وَتَقُولُ حَسْبِى اللَّهُ ، وَيَقُولُونَ تَسْرِقُ ، وَتَقُولُ حَسْبِى اللَّهُ
ഒരു സ്ത്രീ തൻ്റെ കുഞ്ഞിനു മുലയൂട്ടിക്കൊണ്ടിരിക്കെ ഒരു വാഹന സവാരിക്കാരൻ ആ വഴിയെ കടന്നുപോയി. അപ്പോൾ അവർ പ്രാർത്ഥിച്ചു: അല്ലാഹുവെ എൻ്റെ കുഞ്ഞ് ഇയാളെ പോലെ ആകുന്നതുവരെ നീ അവനെ മരിപ്പിക്കരുതേ. അപ്പോൾ കുട്ടി പ്രാർത്ഥിച്ചു: അല്ലാഹുവേ നീ എന്നെ അയാളെപ്പോലെ ആക്കരുതേ. വീണ്ടും കുട്ടി മാറിലേക്കു മടങ്ങി (മുല കുടി തുടർന്നു) .
വലിച്ചിഴക്കപ്പെടുന്ന നിലയിൽ ഒരു സ്ത്രീയെ കൊണ്ടുവരപ്പെട്ടു. അവൾ ഉപദ്രവിക്കപെടുകയായിരുന്നു. അന്നേരം അവർ പ്രാർത്ഥിച്ചു: അല്ലാഹുവെ എൻ്റെ കുഞ്ഞിനെ ഇവളെ പോലെ നീ ആക്കരുതേ.
അപ്പോൾ കുട്ടി പ്രാർത്ഥിച്ചു: അല്ലാഹുവേ നീ എന്നെ അവരെപ്പോലെ ആക്കേണമേ. (കുട്ടി) പറഞ്ഞു: വാഹന സവാരിക്കാരൻ കാഫിറാകുന്നു. എന്നാൽ ആ സ്ത്രീ, ആളുകൾ അവരോടു പറയുന്നു: നീ വ്യഭിചരിച്ചിരിക്കുന്നു. (അവർ വ്യഭിചരിച്ചിരുന്നില്ല) അവരാകട്ടേ ഹസ്ബിയല്ലാഹ് (എനിക്കു അല്ലാഹു മതി) എന്നു പറയുന്നു. ആളുകൾ അവരോടു പറയുന്നു: നീ മോഷണം നടത്തിയിരിക്കുന്നു. (അവർ മോഷ്ടിച്ചിരുന്നില്ല) അവരാകട്ടെ ഹസ്ബിയല്ലാഹ് (എനിക്കു അല്ലാഹു മതി) എന്നു പറയുന്നു.) (ബുഖാരി)
ഭീതിയിൽ അകപ്പെടുന്ന സന്ദർഭങ്ങളിൽ വിശ്വാസികളുടെ പ്രഖ്യാപനം ഞങ്ങൾക്ക് അല്ലാഹുമതി അവന് ഭരമേൽപിക്കുവാൻ ഏറ്റവും ഉത്തമനാണ് എന്നതായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഇബ്നു അബ്ബാസ് (റ) പറഞ്ഞു:
ഞങ്ങൾക്ക് അല്ലാഹു മതി അവൻ ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാണ്, എന്നവാക്യം ഇബ്രാഹീം നബി (സ്വ) പറഞ്ഞത് അഗ്നികുണ്ഡത്തിലെറിയപ്പെട്ടപ്പോഴാണ്. നബി (സ്വ) അത് പറഞ്ഞത് .....നിങ്ങളെ നേരിടുവാൻ (സൈന്യത്തെ) ഒരുമിച്ചു കൂട്ടിയിരിക്കുന്നു; അവരെ ഭയപ്പെടണമെന്ന് ആളുകള് അവരോട് പറഞ്ഞപ്പോള് അതവരുടെ വിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. അവർ പറഞ്ഞു: ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപ്പിക്കുവാൻ ഏറ്റവും നല്ലത് അവനത്രെ. (വി.ക്വു 3:173) ഈ സാഹചര്യത്തിലാണ്. (ബുഖാരി, നസാഇ)
അന്ത്യനാളിൻ്റെ ഭീതിയെ കുറിച്ചുണർത്തവേ നബി (സ്വ) സ്വഹാബത്തിനെ പ്രാർത്ഥിക്കുവാൻ ഉണർത്തുന്ന ഹദീഥ് ഇപ്രകാരമാണ്. അബൂസഈദുല്ഖുദ്രിയി(റ) ല്നിന്ന് നിവേദനം. അല്ലാഹു വിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
«كَيْفَ أَنْعَمُ وَقَدِ الْتَقَمَ صَاحِبُ الْقَرْنِ الْقَرْنَ وَحَنَى جَبْهَتَهُ وَأَصْغَى سَمْعَهُ يَنْتَظِرُ أَنْ يُؤْمَرَ أَنْ يَنْفُخَ فَيَنْفُخَ» قَالَ الْمُسْلِمُونَ فَكَيْفَ نَقُولُ يَا رَسُولَ اللَّهِ قَالَ «قُولُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ تَوَكَّلْنَا عَلَى اللَّهِ رَبِّنَا»
ഞാൻ എങ്ങിനെ സുഖം കാണുവാനാണ്? സ്വൂറിൻ്റെ ആള് സ്വൂർ ചുണ്ടിൽ അമർത്തിയിരിക്കുന്നു. തൻ്റെ നെറ്റി താഴ്ത്തിയിരിക്കുന്നു. തൻ്റെ ചെവികൂര്പിച്ചിരിക്കുന്നു. ഊതുവാന് കല്പിക്കപ്പെടുന്നതിന് കാത്തിരിക്കുകയാണ്; കല്പനയെത്തിയാൽ ഊതുവാനായി. മുസ്ലിംകള് പറഞ്ഞു: അല്ലാഹുവിൻ്റെ തിരുദൂതരേ അപ്പോള് ഞങ്ങൾഎങ്ങിനെയാണ് പ്രാര്ത്ഥിക്കേണ്ടത്? തിരുമേനി (സ്വ) പറഞ്ഞു: നിങ്ങൾ പറയുക:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ تَوَكَّلْنَا عَلَى اللَّهِ رَبِّنَا
ഞങ്ങള്ക്ക് അല്ലാഹു മതി. അല്ലാഹു, ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാകുന്നു. ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ ഞങ്ങൾഭരമേൽപ്പിച്ചിരിക്കുന്നു.
അല്മുഹാസിബ് (വിചാരണ നടത്തുന്നവൻ, കണക്കു ചോദിക്കുന്നവൻ) എന്ന അർത്ഥവും അൽഹസീബ് എന്ന നാമത്തിനു ണ്ട്. അതിവേഗം കണക്കുനോക്കുന്നവനും ചോദിക്കുന്നവനുമാകുന്നു അല്ലാഹു. വിശുദ്ധ ക്വുർആനിൽ പല വചനങ്ങളിൽ അവൻ ഈ യാഥാര്ത്ഥ്യം ഉണർത്തിയിട്ടുണ്ട്.
ثُمَّ رُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ
എന്നിട്ട് അവര്‍ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിലേക്ക് തിരിച്ചയക്കപ്പെടും. അറിയുക: അവന്നത്രെ തീരുമാനാധികാരം. അവന്‍ അതിവേഗം കണക്ക് നോക്കുന്നവനത്രെ. (ക്വുർആൻ 6: 62)
സൃഷ്ടികൾ തങ്ങളുടെ കർമ്മങ്ങൾഎപ്രകാരം ചെയ്താലും അല്ലാഹു അതറിയുകയും രേഖപ്പെടുത്തുകയും ചെയ്യും. എന്നിട്ട് അവൻ അവരോടു കണക്കുചോദിക്കുകയും ചെയ്യും.
وَإِذْ أَخَذْنَا مِيثَاقَكُمْ لَا تَسْفِكُونَ دِمَاءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَارِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ
അല്ലാഹുവിൻ്റെ കണക്കുതീര്ക്കലും ചോദിക്കലും ഇഹത്തിലും പരത്തിലുമുണ്ട്. ഇഹലോകത്ത് കണക്കുതീർക്കുന്ന വിഷയത്തിൽ അല്ലാഹു പറഞ്ഞു:
وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَابًا شَدِيدًا وَعَذَّبْنَاهَا عَذَابًا نُّكْرًا
എത്രയെത്ര രാജ്യക്കാര്‍ അവരുടെ രക്ഷിതാവിന്‍റെയും അവന്‍റെ ദൂതന്‍മാരുടെയും കല്‍പന വിട്ട് ധിക്കാരം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ നാം അവരോട് കര്‍ക്കശമായ നിലയില്‍ കണക്കു ചോദിക്കുകയും അവരെ നാം ഹീനമായ വിധത്തില്‍ ശിക്ഷിക്കുകയും ചെയ്തു. (ക്വുർആൻ 65: 8)
പരലോകത്ത് വിചാരണ നടത്തി കണക്കുതീർക്കുന്ന വിഷയത്തിൽ അല്ലാഹു പറഞ്ഞു:
وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി. (ക്വുർആൻ 21: 47)
ചില പ്രാർത്ഥനാ വചനങ്ങൾ
നടേനൽകിയ ഹദീഥിൽ ആരോപണ വിധേയയായ സ്ത്രീ താൻ മാനസികവും ശാരീരികവുമായി പീഢിപ്പിക്കപ്പെട്ടപ്പോള് അ വർ പറഞ്ഞത് താഴെ വരും പ്രകാരമാണെന്ന് നാം വായിച്ചു.
حَـسْـبِيَ اللَّهُ (എനിക്കു അല്ലാഹു മതി)
ഇബ്രാഹീം നബി (സ്വ) അഗ്നികുണ്ഡത്തിലെറിയപ്പെട്ടപ്പോള് അവസാനമായി പറഞ്ഞത് ഇപ്രകാരമാണെന്ന് ഇബ്നു അബ്ബാസി(റ)ല്നിന്നുള്ള ഇമാം ബുഖാരിയുടെ നിവേദനത്തിലുണ്ട്.
حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ
ഉഹ്ദു യുദ്ധാനന്തരം നബി (സ്വ)യേയും സ്വഹാബികളേയും നേരിടുവാൻ മക്കാ മുശ്രിക്കുകൾ വീണ്ടും സൈന്യത്തെ ഒരുമിച്ചു കൂട്ടിയിരിക്കുന്നുവെന്നും അവരെ ഭയപ്പെടണമെന്നും കപടവി ശ്വാസികൾ പറഞ്ഞപ്പോള് നബി (സ്വ)യുടേയും സ്വഹാബികളുടേയും പ്രഖ്യാപനം:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
നബി (സ്വ) അന്ത്യനാളിൻ്റെ ഭീതിയെ കുറിച്ചുണർത്തവേ സ്വഹാബത്ത് ഞങ്ങൾ എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ തിരുമേനി (സ്വ) പഠിപ്പിച്ചു:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ عَلَى اللَّهِ تَوَكَّلْنَا
ഞങ്ങൾക്ക് അല്ലാഹു മതി. അല്ലാഹു, ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാകുന്നു. ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ ഞങ്ങൾഭരമേൽപ്പിച്ചിരിക്കുന്നു.
ആരെങ്കിലും, എല്ലാ ദിനവും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും താഴെ വരുന്ന വചനം ഏഴു തവണ ചൊല്ലിയാൽ അവനെ അലട്ടുന്ന ഇഹപര പ്രശ്നങ്ങൾപരിഹരിക്കുവാൻ അവന് അല്ലാഹു മതി എന്ന് തിരുമൊഴിയുണ്ട്.
حَسْبِيَ اللهُ لاَ إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
എനിക്ക് അല്ലാഹു മതി. അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. അവനില്മാത്രമായി ഞാൻ ഭരമേൽപ്പിച്ചു. അവൻ മഹിത സിംഹാസനത്തിൻ്റെ രക്ഷിതാവാകുന്നു.