ഭാഗം: 52- അൽ അസ്മാഉൽ ഹുസ്‌ന, നാമം: 38- العَفُوُّ (അല്‍അഫുവ്വ്)

ഭാഗം: 52- അൽ അസ്മാഉൽ ഹുസ്‌ന, നാമം: 38- العَفُوُّ (അല്‍അഫുവ്വ്)
العَفُوُّ (അല്‍അഫുവ്വ്)
 
പാപങ്ങൾമാപ്പാക്കുന്നവൻ, കുറ്റങ്ങൾമറക്കുന്നവൻ, ഔദാര്യം കനിഞ്ഞു പ്രതീക്ഷയേറ്റുന്നവനും കരുണ ചൊരിഞ്ഞ് നൈരാശ്യം നീക്കുന്നവനുമാണ് അൽഅഫുവ്വ്. അഥവാ പ്രസ്തുത നാമം ഉപരിസൂചിത ആശയങ്ങളെയെല്ലാം ഉൾക്കോള്ളുന്നു. 
അൽഹലീമി (റ) പറഞ്ഞു: തൻ്റെ ദാസന്മാരുടെ പാപങ്ങളുടെ ഭവിഷ്യത്തുകളും അനന്തരഫലങ്ങളും അവരെതൊട്ട് ഒഴിവാക്കുന്നവനാണ് അൽഅഫുവ്വ്.
 
അസജ്ജാജ്ജ പറഞ്ഞു: അല്ലാഹു പാപങ്ങൾപൊറുക്കുന്നവനും അതിനുള്ള ശിക്ഷ ഉപേക്ഷിക്കുന്നവനുമാണ്. 
വിശുദ്ധ ക്വുർആനിൽ അഞ്ചു വചനങ്ങളിൽ ഈ തിരുനാമം വന്നിട്ടുണ്ട്.
 
അഫുവ്വ് എന്ന നാമവും ഗഫൂർ എന്ന നാമവും ചേർന്നു വന്ന വചനങ്ങളിലെല്ലാം രണ്ടു നാമങ്ങളുടേയും ആശയങ്ങൾ വ്യത്യസ്തമാണ്. 
 
അൽഅഫ്വ്വ് തെറ്റുകൾ മായ്ച്ചു മാപ്പേകുന്നതിനെ അറിയിക്കുന്നു. അല്മഗ്ഫിറത്ത് തെറ്റുകൾ മറച്ചു മാപ്പേകുന്നതിനേയും അറിയിക്കുന്നു. എന്നാൽ രണ്ടാലൊരു നാമം പറയപ്പെട്ടിടത്ത് രണ്ടിൻറെയും ആശയങ്ങൾ അവ ഓരോന്നിനുമുണ്ട്. 
 
അൽഅഫുവ്വ് എന്ന നാമം തെറ്റുകൾ മായ്ച്ചു മാപ്പേകുക എന്ന വിശേഷണത്തേയും അല്ലാഹുവിൻ്റെ പ്രസ്തുത പ്രവൃത്തി യേയും അറിയിക്കുന്നു. വിശുദ്ധക്വുർആനിൽ അല്ലാഹു തന്നെ ക്കുറിച്ച് ഉണർത്തിയതുപോലെ അവന് ഏറെ മാപ്പേകുന്നു. പൊറുക്കുകയും ചെയ്യുന്നു. 
 
يَعْفُو عَنِ السَّيِّئَاتِ
അവന്‍ ദുഷ്കൃത്യങ്ങള്‍ക്ക്‌ മാപ്പുനല്‍കുകയും ചെയ്യുന്നു (ക്വുർആൻ 42: 25) 
 
وَيَعْفُو عَن كَثِيرٍ
മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു. (ക്വുർആൻ 42: 30) 
 
ثُمَّ عَفَوْنَا عَنكُم
എന്നിട്ട്‌ അതിന്ന്‌ ശേഷവും നിങ്ങള്‍ക്ക്‌ നാം മാപ്പുനല്‍കി. (ക്വുർആൻ 2: 52) 
 
فَعَفَوْنَا عَن ذَٰلِكَ
എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു. (ക്വുർആൻ 4: 153) 
 
തിന്മ ഉദ്ദേശിച്ചത് ചെയ്തില്ലെങ്കിൽ അതൊരു നന്മയായി എഴുതുന്നവനാണ് അല്ലാഹു. ഇബ്നു അബ്ബാസി(റ)ൽ നിന്നും നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
 
إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً
 
തീർച്ചയായും അല്ലാഹു, നന്മകളും തിന്മകളും രേഖപ്പെടുത്തി. പിന്നെ അതിനെ അവൻ വ്യക്തമാക്കി. 
ആരെങ്കിലും ഒരു നന്മ ചെയ്യാന് ഉദ്ദേശിച്ചു; അവനത് പ്രാവർത്തികമാക്കിയില്ല. (എന്നാലും) അല്ലാഹു തൻ്റെ അടുത്ത് അത് ഒരു പൂർണമായ നന്മയായി രേഖപ്പെടുത്തും.
അവന് ഒരു നന്മ ചെയ്യാന് ഉദ്ദേശിക്കുകയും അവനത് പ്രാവർത്തികമാക്കുകയും ചെയ്താൽ അല്ലാഹു തൻ്റെ അടുത്ത് അത് പത്ത് മുതൽ എഴുനൂറുവരേയും അതിനപ്പുറം അനേകം മടങ്ങ് ഇരട്ടിയായും നന്മകൾ രേഖപ്പെടുത്തും. 
വല്ലവനും ഒരു തെറ്റ് ചെയ്യുവാന് ഉദ്ദേശിക്കുകയും അവന് അത് ചെയ്യാതിരിക്കുകയുമായാൽ അല്ലാഹു അത് പൂർണമായ നന്മയായി തൻ്റെ അടുത്ത് രേഖപ്പെടുത്തും. 
ഇനി അവന് ഒരു തെറ്റ് ചെയ്യുവാന് ഉദ്ദേശിക്കുകയും അവന് അത് ചെയ്യുകയും ചെയ്താൽ അല്ലാഹു അത് ഒരു തെറ്റായി മാത്രം രേഖപ്പെടുത്തും (ബുഖാരി, മുസ്ലിം) 
 
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടുതലുണ്ട്: 
«وَمَحَاهَا الله ، ولاَ يَهْلِكُ عَلَى الله إِلاَّ هَالِكٌ»
 
അല്ലാഹു അത് (തെറ്റ്) അവന് മായ്ച്ചുകൊടുക്കും. (തെറ്റുകൾ വര്ദ്ധിപ്പിച്ച്) നശിച്ചുകൊണ്ടിരിക്കുന്നവനല്ലാതെ (വിശാലമായ കാരുണ്യമുള്ള) അല്ലാഹുവിങ്കൽ നശിക്കുകയില്ല (മുസ്ലിം) 
 
കരുണാവാരുധിയായ നാഥൻ തൻ്റെ ഇഷ്ട ദാസന്മാരോടുള്ള കാരുണ്യത്താലും അവനില്നിന്നുള്ള ആദരവിനാലും അവരുടെ വീഴ്ചകളെ നന്മകളാക്കി മാറ്റും. അന്ത്യനാളിൽ കൊണ്ടുവരപ്പെടുന്ന ഒരു വ്യക്തിയെ വിചാരണ ചെയ്യുന്നതിനെ കുറിച്ച് ഇപ്രകാരം തിരുമൊഴിയുണ്ട്. അബൂദർ (റ) ൽ നിന്നും നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
 
....اعْرِضُوا عَلَيْهِ صِغَارَ ذُنُوبِهِ وَارْفَعُوا عَنْهُ كِبَارَهَا.فَتُعْرَضُ عَلَيْهِ صِغَارُ ذُنُوبِهِ فَيُقَالُ عَمِلْتَ يَوْمَ كَذَا وَكَذَا كَذَا وَكَذَا وَعَمِلْتَ يَوْمَ كَذَا وَكَذَا كَذَا وَكَذَا. فَيَقُولُ: نَعَمْ.  لاَ يَسْتَطِيعُ أَنْ يُنْكِرَ وَهُوَ مُشْفِقٌ مِنْ كِبَارِ ذُنُوبِهِ أَنْ تُعْرَضَ عَلَيْهِ.  فَيُقَالُ لَهُ فَإِنَّ لَكَ مَكَانَ كُلِّ سَيِّئَةٍ حَسَنَةً. فَيَقُولُ رَبِّ قَدْ عَمِلْتُ أَشْيَاءَ لاَ أَرَاهَا هَا هُنَا. فَلَقَدْ رَأَيْتُ رَسُولَ اللَّهِ ضَحِكَ حَتَّى بَدَتْ نَوَاجِذُهُ.
 
.... (പറയപ്പെടും:) അയാൾക്ക് അയാളുടെ ചെറുപാപങ്ങൾ പ്രദർശിപ്പിക്കുക. അയാളുടെ പാപങ്ങളിൽ വലിയത് അയാളിൽ നിന്ന് ഉയർത്തുക. 
അന്നേരം അയാൾക്ക് അയാളുടെ ചെറുപാപങ്ങൾ പ്രദർശിപ്പിക്കപ്പെടും. ശേഷം ചോദിക്കപ്പെടും: നീ ഒരു ദിനം ഇന്നിന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. നീ ഒരു ദിനം ഇന്നിന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. 
അപ്പോൾ അയാൾ പറയും: അതെ. നിഷേധിക്കുവാൻ അയാൾക്ക് ആവുകയില്ല. അയാൾ തൻ്റെ വലിയ പാപങ്ങൾ തനിക്ക് പ്രദർശിപ്പിക്കപ്പെടുമെന്ന ഭീതിയിലാണ്.
അപ്പോൾ അയാളോടു പറയപ്പെടും: തീർച്ചയായും നിനക്ക് ഓരോ തിന്മയുടെ സ്ഥാനത്തും ഓരോ നന്മയുണ്ട്. 
അയാൾ പറയും: രക്ഷിതാവേ, ഞാൻ ചില കാര്യങ്ങൾചെയ്തിട്ടുണ്ട്. അവ ഇവിടെ കാണുന്നില്ല. 
 
 (അബൂദർ (റ) പറയുന്നു:) അല്ലാഹുവിൻ്റെ റസൂൽ (സ്വ) തൻ്റെ അണപ്പല്ലുകൾ കാണുവോളം ചിരിക്കുന്നത് ഞാൻ കണ്ടു.) ) (മുസ്ലിം) 
അഫുവ്വായ അല്ലാഹുവോട് അഫ്വിനുവേണ്ടി (തെറ്റുകൾ മായ്ച്ചു മാപ്പേകുന്നതിനുവേണ്ടി) തേടുകയെന്നത് മഹത്തായ കർമ്മമാണ്. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറയുന്നു:
 
سَلُوا الله العَفْوَ والعَافِيَةَ فإِنَّ أَحَداً لَمْ يُعْطَ بعد اليَقِين خَيْراً مِنَ الْعَافِيَةِ
 
നിങ്ങൾഅല്ലാഹുവിനോട് അഫ്വും സൗഖ്യവും തേടുക, കാരണം; യക്വീനി (ദൃഢവിശ്വാസത്തി) ന് ശേഷം ആഫിയത്തിനേക്കാൾ (സൗഖ്യത്തേക്കാൾ) ഉത്തമമായത് ആർക്കും നല്കപ്പെട്ടിട്ടില്ല. 
 
ഏതാനും ദുആഉകൾ
 
 رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
 
ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക്‌ തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക്‌ കഴിവില്ലാത്തത്‌ ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക്‌ നീ മാപ്പുനല്‍കുകയും ഞങ്ങളോട്‌ പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട്‌ സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. (ക്വുർആൻ 2: 286) 
 
ലൈലത്തുല്ക്വദ്റാണെന്നറിഞ്ഞാൽ എന്താണ് ദുആഅ് ചെയ്യേണ്ടത് എന്ന ഉമ്മുല്മുഅ്മിനീന് ആഇശാ?യുടെ ചോദ്യ ത്തിന് അല്ലാഹുവിൻ്റെ റസൂൽ (സ്വ) പഠിപ്പിച്ചത്: 
 
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
അല്ലാഹുവേ നീ അഫുവ്വാകുന്നു. നീ മാപ്പേകുന്നതിനെ ഇഷ്ടപ്പെടുന്നു. അതിനാൽ നീ എനിക്ക് മാപ്പേകേണമേ.
 
അല്ലാഹുവിൻ്റെ റസൂൽ (സ്വ), പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും താഴെ വരുന്ന ദുആ വചനങ്ങളെ ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി(റ)ല്നിന്ന് ഇമാം അഹ്മദും മറ്റും നിവേദനം ചെയ്ത ഹദീഥിലുണ്ട്. 
 
اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ ،اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَايَ وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي، وَ آمِنْ رَوْعَاتِي، اَللَّهُمَّ  احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ ِ شِمَالِي وَمِن فَـوْقِـي، وَأَعُوذُ  بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي 
 
അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാൻ നിന്നോടു മാപ്പും സൗഖ്യവും തേടുന്നു. 
അല്ലാഹുവേ, എൻ്റെ ആദർശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാൻ നിന്നോടു മാപ്പും മഗ്ഫിറത്തും സൗഖ്യവും തേടുന്നു. 
അല്ലാഹുവേ, നീ എൻ്റെ നഗ്നത മറക്കേണമേ, എൻ്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. 
അല്ലാഹുവേ, എൻ്റെ മുന്നിലൂടെയും പിന്നിലൂടെയും വല തുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളില്നിന്ന്) നീ എനിക്കു സംരക്ഷണമേകേണമേ. എൻ്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതില്നിന്ന് നിൻ്റെ മഹത്വത്തിൽ ഞാൻ അഭയം തേടുന്നു.
 
ഖിലാഫത്ത് ഏറ്റെടുത്തശേഷം അബൂബകർ (റ) ജനങ്ങളോടു നിർവ്വഹിച്ച പ്രസംഗത്തിൽ അദ്ദേഹം കരഞ്ഞുകൊണ്ട് നബി (സ്വ) നിർവ്വഹിച്ചിരുന്ന ദുആഅ് ഇപ്രകാരം ഉണർത്തി: 
 
أَسْأَلُ اللَّهَ الْعَفْوَ وَالْعَافِيَةَ
 (അല്ലാഹുവോട് ഞാൻ അഫ്വും ആഫിയത്തും (സൗഖ്യം) തേടുന്നു.)