അല്ലാഹു അവൻ്റെ ഔദാര്യത്താൽ അടിയാറുകളുടെ തെറ്റുകുറ്റങ്ങള്‍ക്ക് തൗബഃ മതകർമ്മമാക്കി നിശ്ചയിക്കുകയും തൗബഃക്കുള്ള തൗഫീക്വ് അരുളുകയും ആഗ്രഹം ജനിപ്പിക്കുകയും തൗബഃ അവരില്‍നിന്ന് സ്വീകരിക്കുകയും തൗബഃയിൽ അവരെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നവനാണ്. ഈ ആശയങ്ങളെയാണ് അത്തവ്വാബ് അർത്ഥമാക്കുന്നത്.
وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ക്വുർആൻ 24: 31)
مَّ تَابَ عَلَيْهِمْ لِيَتُوبُوا ۚ إِنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ
അവന്‍ വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവര്‍ ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (ക്വുർആൻ 9: 118)
وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ
അവനാകുന്നു തന്‍റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവന്‍. (ക്വുർആൻ 42: 25)
വിശുദ്ധ ക്വുർആനിൽ പതിനൊന്ന് തവണ അത്തവ്വാബ് എന്ന നാമം വന്നിട്ടുണ്ട്.
അത്തവ്വാബ് എന്ന അല്ലാഹുവിൻ്റെ നാമത്തോട് അർറഹീം എന്ന നാമം പലയിടത്തും ചേര്‍ന്നുവന്നതു കാണാം.
തൗബഃക്കുള്ള തൗഫീക്വ് അല്ലാഹുവിൻ്റെ കാരുണ്യമാണെന്നും തെറ്റുകള്‍ മാപ്പാക്കുന്നതും മായ്ക്കുന്നതും മറക്കുന്നതും അവൻ്റെ കാരുണ്യാധിരേകത്താൽ മാത്രമാണെന്നും ഈ പ്രയോഗത്തിലൂടെ മനസിലാക്കാം.
ദാസന്മാർ തൗബഃക്കിരക്കുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്നറിയിക്കുന്ന ചില തിരുമൊഴികളുണ്ട്.
അനസി(റ)ൽ നിന്നും നിവേദനം. നബി (സ്വ) പറഞ്ഞു:
لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ مِنْ أَحَدِكُمْ كَانَ عَلَى رَاحِلَتِهِ بِأَرْضِ فَلَاةٍ فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ وَشَرَابُهُ فَأَيِسَ مِنْهَا فَأَتَى شَجَرَةً فَاضْطَجَعَ فِي ظِلِّهَا قَدْ أَيِسَ مِنْ رَاحِلَتِهِ فَبَيْنَا هُوَ كَذَلِكَ إِذَا هُوَ بِهَا قَائِمَةً عِنْدَهُ فَأَخَذَ بِخِطَامِهَا ثُمَّ قَالَ مِنْ شِدَّةِ الْفَرَحِ اللَّهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ أَخْطَأَ مِنْ شِدَّةِ الْفَرَحِ
യാത്രാമദ്ധ്യേമരുഭൂമിയില്‍വെച്ച് ഭക്ഷണവും വെള്ളവും ചുമന്നി രുന്ന നിങ്ങളിലൊരാളുടെ വാഹനം (ഒട്ടകം) അയാളില്‍നിന്ന് നഷ്ടപ്പെട്ടു. (തെരഞ്ഞുപിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെ ട്ട്) അയാള്‍ അതിനെ ലഭിക്കുന്നതിൽ നിരാശനായി. അയാള്‍ ഒരു വൃക്ഷത്തിനരികിലെത്തി അതിൻ്റെ തണലിൽ കിടന്നു. അ യാള്‍ തൻ്റെ വാഹനത്തിൻ്റെ വിഷയത്തിൽ തീർത്തും നിരാശനായിരുന്നു. അയാള്‍ അപ്രകാരമായിരിക്കെ അത് അയാളുടെ മു ന്നിൽ വന്നുനില്‍കുന്നു. അതിൻ്റെ മൂക്കുകയർ പിടിച്ച് അതിരറ്റ സന്തോഷത്താൽ അയാള്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എൻ്റെ ദാസനും ഞാൻ നിൻ്റെ റബ്ബുമാണ്. സന്തോഷാധിക്യത്താൽ അയാള്‍ തെറ്റിപ്പറഞ്ഞു. അയാളേക്കാള്‍ ഉപരിയായി തൻ്റെ ദാസൻ്റെ പശ്ചാത്താപത്തിൽ സന്തോഷിക്കുന്നവനാണ് അല്ലാഹു. (മുസ്ലിം)
അബൂമൂസയി(റ)ല്‍നിന്നും നിവേദനം. നബി (സ്വ) പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
നിശ്ചയം അല്ലാഹു തൻ്റെ കൈ, പകലിൽ തെറ്റുചെയ്തവൻ്റെ തൗബഃ സ്വീകരിക്കുവാനായി രാത്രിയിലും രാത്രിയിൽ തെറ്റുചെ യ്തവൻ്റെ തൗബഃ സ്വീകരിക്കുവാനായി പകലിലും നിവർത്ത്ന്ന താണ്; സൂര്യന്‍ അതിൻ്റെ മഗ്രിബില്‍നിന്ന് ഉദിക്കുന്നതുവരെ. (മുസ്ലിം)
അല്ലാഹു അടിയാറുകളുടെ തൗബഃ സ്വീകരിക്കുന്നതിന് ചില നിബന്ധനകളുണ്ട്:
- പാപങ്ങൾഉപേക്ഷിക്കുക
- തെറ്റുകള്‍ വന്നുപോയതിൽ ഖേദിക്കുക
- തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക
- കഴിയുന്നത്ര സല്‍പ്രവൃത്തികള്‍ അനുഷ്ഠിക്കുക
ഇപ്രകാരം തൗബഃ ചെയ്യുവാനാണ് അല്ലാഹുവിൻ്റെ കല്‍പന. അതിനാണ് തൗബത്തുന്നസ്വൂഹ് എന്നു പറയുക.
يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. (ക്വുർആൻ 66: 8)
അത്തവ്വാബായ അല്ലാഹു അടിയാറുകളുടെ തൗബഃ സ്വീകരിക്കാതിരിക്കുന്ന സമയങ്ങളുമുണ്ട്.
മനുഷ്യരുടെ മരണം ആസന്നമായി ആത്മാവ് തൊണ്ട ക്കുഴിയിലെത്തിയാൽ പിന്നീട് അവരുടെ തൗബഃ സ്വീകരിക്കപ്പെടില്ല. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
إِنَّ اللَّهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ
റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നതുവരെ ദാസൻ്റെ തൗബഃ അല്ലാഹു സ്വീകരിക്കുന്നതാണ്.
അന്ത്യനാളിൻ്റെ അടയാളമെന്നോണം സൂര്യന്‍ അതിൻ്റെ പടിഞ്ഞാറുനിന്ന് ഉദയം ചെയ്താൽ അതിനുമുമ്പ് തൗബഃ ചെയ്യാത്തവരുടെ തൗബഃ അവര്‍ക്ക് ഉപകാരപ്പെടുകയില്ല. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
إِنَّ لِلْمَغْرِبِ بَابًا مَفْتُوحًا لِلتَّوْبَةِ مَسِيرَةُ سَبْعِينَ سَنَةً، لا يُغْلَقُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
നിശ്ചയം തൗബഃക്ക് തുറക്കപ്പെട്ട ഒരുവാതിൽ പടിഞ്ഞാറിന്നുണ്ട്. അതിൻ്റെ വലുപ്പം എഴുപത് വര്‍ഷ ദൂരമാണ്. സൂര്യന്‍ അതിൻ്റെ പടിഞ്ഞാറില്‍നിന്ന് ഉദിക്കുന്നതുവരെ അത് അടക്കപ്പെടുകയില്ല.
അത്തവ്വാബായ അല്ലാഹുവോട് സദാസമയവും തൗബഃക്കിരക്കുക. അൽഅഗര്‍റി(റ)ൽ നിന്ന് നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ
ജനങ്ങളെ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് തൗബഃ ചെയ്യുകയും അവനോടു പാപമോചനത്തിന്നഭ്യര്‍ത്ഥിക്കുകയും ചെയ്യുക. കാരണം ഞാൻ ദിവസവും നൂറുപ്രാവശ്യം അല്ലാഹുവിലേക്ക് തൗബഃ ചെയ്യുന്നു. (മുസ്ലിം)
എതാനും ദുആഉകള്‍
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ . رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (ക്വുർആൻ 2: 127,128)
ഒരേ സദസ്സില്‍വെച്ച് താഴെ വരുന്ന ദുആഅ് നൂറു പ്രാവശ്യം അല്ലാഹുവിൻ്റെ റസൂൽ (സ്വ) പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങൾ എണ്ണി കണക്കാക്കിയിരുന്നുവെന്ന് ഇബ്നുഉമറി (റ) ൽ നിന്ന് അബൂദാവൂദും തിര്‍മുദിയും നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എൻ്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
താഴെ വരുന്ന ദുആഅ് അല്ലാഹുവിൻ്റെ റസൂൽ (സ്വ) വര്‍ദ്ധിപ്പിച്ചു ചൊല്ലിയിരുന്നുവെന്ന് ആഇശാ(റ)യില്‍നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം അവൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. ഞാൻ അല്ലാഹുവിനോടു പാപമോചനം തേ ടുകയും അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു
താഴെ വരുന്ന ദുആഅ് വല്ലവരും ചൊല്ലിയാൽ അവൻ്റെ പാപങ്ങൾഅവന്‍ രണാങ്കണത്തിൽ നിന്ന് ഓടിപ്പോയവനാണെങ്കിലും പൊറുക്കപ്പെടും എന്ന് അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞത് ഇബ്നുമസ്ഊദി (റ) ൽ നിന്ന് അബൂദാവൂദും തിര്‍മുദിയും ഹാകിമും നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ
ഞാൻ അല്ലാഹുവിനോടു പാപമോചനം തേടുന്നു. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. ഞാൻ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
തശഹ്ഹുദിനു ശേഷം ചൊല്ലുവാന്‍ താഴെ വരുന്ന ദുആഅ് അല്ലാഹുവിൻ്റെ റസൂൽ (സ്വ) പഠിപ്പിച്ചിരുന്നുവെന്ന് ഇബ്നുമസ്ഊദി (റ) ൽ നിന്ന് അബൂദാവൂദും ഹാകിമും മറ്റും നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا وَأَصْلِحْ ذَاتَ بَيْنِنَا وَاهْدِنَا سُبُلَ السَّلاَمِ وَنَجِّنَا مِنَ الظُّلُمَاتِ إِلَي النُّورِ وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ وَاجْعَلْنَا شَاكِرِينَ لِنِعْمَتِكَ مُثْنِينَ بِهَا قَابِلِيهَا وَأَتِمَّهَا عَلَيْنَا
അല്ലാഹുവേ നീ ഞങ്ങളുടെ ഹൃദയങ്ങള്‍ക്കിടയിൽ ഇണക്കമുണ്ടാക്കേണമേ. ഞങ്ങള്‍ക്കിടയിലുള്ള (പിണക്കങ്ങളില്‍) നീ ഇസ്വ്ലാഹ് ഉണ്ടാക്കേണമേ. സമാധാനത്തിൻ്റെ വഴികളെ നീ ഞങ്ങള്‍ക്ക് കനിയേണമേ. അന്ധകാരങ്ങളില്‍നിന്ന് വെളിച്ചത്തിലേക്ക് നീ ഞങ്ങളെ നയിക്കേണമേ. പരസ്യമായതും രഹസ്യമായതുമായ നീചവൃത്തികളെ നീ ഞങ്ങളില്‍നിന്ന് അകറ്റേണമേ. ഞങ്ങളുടെ കേള്‍വിയിലും കാഴ്ചയിലും ഹൃദയങ്ങളിലും ഇണകളിലും സന്തതികളിലും നീ ഞങ്ങള്‍ക്ക് അനുഗ്രഹമരുളേണമേ. ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു. നിൻ്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവരും അതിനെ സ്വീകരിച്ചു പുകഴ്ത്തുന്നവരുമാക്കേണമേ. അതു ഞങ്ങൾക്ക് നീ പൂര്‍ത്തീകരിച്ചു നൽകേണമേ.
ഒരാള്‍ വുദ്വൂഅ് ചെയ്ത്, അതില്‍നിന്ന് വിരമിച്ച ശേഷം താഴെ വരുന്ന ദിക്ര്‍ ചൊല്ലിയാൽ അയാള്‍ക്ക് സ്വര്‍ഗത്തിൻ്റെ എട്ടു കവാടങ്ങളും തുറക്കപ്പെടുമെന്നും താന്‍ ഉദ്ദേശിക്കുന്ന കവാ ടത്തിലൂടെ അയാള്‍ക്ക് അതിൽ പ്രവേശിക്കാവുന്നതാണെന്നും തിരുനബി (സ്വ) അരുളിയതായി ഇമാം തിര്‍മുദി നിവേദനം ചെയ്ത ഹദീഥിലുണ്ട്.
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنْ الْمُتَطَهِّرِينَ
അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരു മില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ്ൃ അവൻ്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ ധാ രാളമായി പശ്ചാത്തപിക്കുന്നവരിൽ എന്നെ നീ ആക്കേണമേ. ശുചിത്വം പാലിക്കുന്നവരിലും എന്നെ നീ ആക്കേണമേ.