البَرُّ (അല്‍ബര്‍റ്)
തൻ്റെ പുണ്യവും ഔദാര്യവും അനുഗ്രഹവും ദാനവും സൃഷ്ടികൾക്കെല്ലാം വിശാലമാക്കിയവനാണ് അല്‍ബര്‍റ്.
ഇബ്നുമൻളൂർ (റ) പറഞ്ഞു: അല്ലാഹുവിൻ്റെ വിശേഷണങ്ങളിൽ അല്‍ബര്‍റ് എന്നാൽ അൽഅത്വൂഫ് (മൃദുലതയുള്ളവൻ) , അർറഹീം (കരുണചൊരിയുന്നവൻ) , അല്ലത്വീഫ് (ആർദ്രത കാണിക്കുന്നവൻ) , അൽകരീം (അത്യുദാരൻ) എന്നിവയുടെ ആശയങ്ങളാണ്. ഇബ്നുൽഅഥീർ (റ) പറഞ്ഞു: അല്ലാഹുവിൻ്റെ നാമങ്ങളിൽ അല്‍ബര്‍റ് ഉണ്ട്. അൽബാർറ് ഇല്ല. തൻ്റെ പുണ്യം കൊണ്ടും മൃദുല പെരുമാറ്റം കൊണ്ടും തൻ്റെ ദാസന്മാരോട് ആർദ്രതയുള്ളവനാണ് അല്‍ബര്‍റ്.
അല്ലാഹുവിൻ്റെ ബിര്‍റ് (ഔദാര്യം) രണ്ടു നിലക്കാണ്.
ഒന്ന്: ആദം സന്തതികൾക്ക് ആകമാനമുള്ള ആദരവ്. പ്രസ്തുത ആദരവിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا
തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു. (ക്വുർആൻ 17: 70)
രണ്ട്: സത്യദീനിലേക്കുള്ള ഹിദായത്തും പുണ്യത്തിലേക്കുള്ള തൗഫീക്വും അതിനെ തുടർന്ന് അല്ലാഹുവില്നിന്നുള്ള ഇഹപര സൗഭാഗ്യവും. ഇത് പുണ്യാളന്മാർക്ക് മാത്രമുള്ള അനുഗ്രഹമാണ്. അല്ലാഹു പറഞ്ഞു:
إِنَّ الْأَبْرَارَ لَفِي نَعِيمٍ
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. (ക്വുർആൻ 83: 22)
അവർക്ക് എളുപ്പം ഉദ്ദേശിക്കുക, ഞെരുക്കം ഉദ്ദേശിക്കാതിരിക്കുക, ചെറിയ കർമ്മം പോലും സ്വീകരിക്കുക, അതിന് അതിമഹത്തായ പ്രതിഫലം നല്കുക, അവരുടെ ധാരാളമായ തെറ്റുകളിൽ മാപ്പേകുക, അവരുടെ തെറ്റുകുറ്റങ്ങൾമുഴുവനിലും അവരെ പിടികൂടാതിരിക്കുക, പുണ്യത്തിന് പത്തിരട്ടി പ്രതിഫലം നൽകുക, പ്രതിഫലം ഇരട്ടിപ്പിക്കുക, തിന്മക്കു തുല്യമായ പ്രതിഫലം മാത്രം നല്കുക, നന്മ വിചാരിച്ചാൽ അതൊരു പുണ്യമായി രേഖപ്പെടുത്തുക, തിന്മ വിചാരിച്ചാൽ അത് രേഖപ്പെടുത്താതിരിക്കുക തുടങ്ങിയുള്ളതെല്ലാം അല്ലാഹുവിൻ്റെ ബിർറ് ആണ്.
വിശുദ്ധക്വുർആനിൽ ഒരു തവണയാണ് അൽബര്‍റ് എന്ന തിരുനാമം വന്നത്. പുണ്യാളന്മാർക്ക് മാത്രമായി അല്ലാഹു അരുളുന്ന അനുഗ്രഹത്തെ കുറിച്ച് ഉണർത്തിയ ശേഷമാണ് പ്രസ്തുത നാമം വന്നിരിക്കുന്നത്. അല്ലാഹു പറയുന്നതു നോക്കൂ:
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ. قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ. فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ. إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُ هُوَ الْبَرُّ الرَّحِيمُ
പരസ്പരം പലതും ചോദിച്ചു കൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും. (ക്വുർആൻ 52: 25 28)