അൽ അസ്മാഉൽ ഹുസ്‌ന ഭാഗം: 49 നാമം: 33 - الحَكَمُ (അൽഹകം)

അൽ അസ്മാഉൽ ഹുസ്‌ന ഭാഗം: 49 നാമം: 33 - الحَكَمُ (അൽഹകം)
ഹുക്മും ആധിപത്യവും തീരുമാനവും ആർക്കാണോ അവനാണ് അൽഹകം. അവനാകുന്നു കാര്യങ്ങൾ വിധിക്കുന്നവനും ആസൂത്രണം ചെയ്യുന്നവനും കൈകാര്യകർതൃത്വം നിർവ്വഹിക്കുന്നവനും. അവനോടാകുന്നു വിധിതീർപ്പിനു തേടൽ.
 
أَفَغَيْرَ اللَّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنزَلَ إِلَيْكُمُ الْكِتَابَ مُفَصَّلًا ۚ وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِّن رَّبِّكَ بِالْحَقِّ ۖ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ
 
(പറയുക:) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത്‌ അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത്‌ സത്യവുമായി നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇറക്കപ്പെട്ടതാണെന്ന്‌ നാം മുമ്പ്‌ വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്‌. (ക്വുർആൻ 6: 114) 
 
അൽഹുകും എന്ന പദത്തിൻ്റെ അടിസ്ഥാന ആശയം അന്യായവും അനീതിയും തടയുക എന്നതും നീതിയും നന്മയും പ്രചരിപ്പിക്കുക എന്നതുമാണ്.
 
വിശുദ്ധ ക്വുർആനിൽ ഒരു തവണ ഹകം എന്ന നാമം വന്നിട്ടുണ്ട്. പ്രസ്തുത വചനമാണ് ഉപരിയിൽ നൽകിയത്.
 
അല്ലാഹുവിന് അൽഹകം എന്ന നാമമുള്ളതായി ഹദീഥിലും വന്നിട്ടുണ്ട്. അബൂശുറയ്ഹി(റ)ൽ നിന്ന് നിവേദനം:
 
أنه كان يُكْنَى أَبا الْحَكَمُ، فقال له النبي : إِنّ الله هُوَ الْحَكَمْ وَإِلَيْهِ الْحُكْمُ. فقالَ: إِنّ قَوْمِي إِذَا اخْتَلَفُوا في شَيْءِ أَتُوْنِي فَحَكَمْتُ بَيْنَهُمْ فَرَضِيَ كِلاَ الْفَرِيقَيْنِ, فَقَالَ: مَا أَحْسَنَ هَذَا فَمَا لَكَ مِنَ الْوَلَدِ؟. قلت: شُرَيْحٌ وَمُسْلِمٌ وَعَبْدُ الله. قالَ: فَمنْ أَكْبَرُهُمْ؟. قلت: شُرَيْحٌ قالَ: فأَنْتَ أَبُو شُرَيْحِ 
 
അദ്ദേഹം അബുൽ ഹകം എന്ന വിളിപ്പേരു കൊണ്ട് വിളിക്കപ്പെടാറുണ്ടായിരുന്നു. അപ്പോൾ നബി (സ്വ) അദ്ദേഹത്തോടു പറഞ്ഞു: നിശ്ചയം, അല്ലാഹുവാണ് അൽഹകം (വിധികർത്താവ്) . അവനിലേക്കു മാത്രമാണ് വിധിതേടേണ്ടത്. അപ്പോൾ അദ്ദേഹം പറഞ്ഞു: എൻ്റെ ഗോത്രം വല്ല വിഷയത്തിലും അഭിപ്രായവ്യത്യാസത്തിലായാൽ അവർ എൻ്റെ അടുത്തേക്കുവരും. അങ്ങിനെ ഞാൻ അവർക്കിടയിൽ വിധിതീർപ്പിണ്ടാക്കും. അതോടെ രണ്ടു കൂട്ടരും തൃപ്തരാകും. അപ്പോൾ തിരുമേനി (സ്വ) പറഞ്ഞു: ഇത് (സ്വുല്ഹുണ്ടാക്കൽ) എത്ര നല്ലത്! താങ്കൾക്ക് എത്ര മക്കളുണ്ട്? ഞാൻ പറഞ്ഞു: ശുറയ്ഹ്, മുസ്ലിം, അബ്ദുല്ല. തിരുമേനി (സ്വ) പറഞ്ഞു: അവരിൽ മൂത്തവൻ ആരാണ്? ഞാൻ പറഞ്ഞു: ശുറയ്ഹ് ആണ്. തിരുമേനി (സ്വ) പറഞ്ഞു: എങ്കിൽ താങ്കൾ അബൂശുറയ്ഹ് ആണ്. 
 
സൃഷ്ടികളിൽ അല്ലാഹുവിൻ്റെ ഹുകും രണ്ടു നിലക്കാണ്. 
 
ഒന്ന്: കൗനിയ്യായ ഹുകും. (പ്രാപഞ്ചികമായ നിയന്ത്രണവും തീരുമാനവും.) പ്രസ്തുത വിധിയെ കുറിച്ചുള്ള പരാമർശത്തിലാണ് താഴെ വരുന്ന ആയത്ത്: 
 
قَالَ رَبِّ احْكُم بِالْحَقِّ ۗ وَرَبُّنَا الرَّحْمَٰنُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ
 
അദ്ദേഹം ( നബി ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ യാഥാര്‍ത്ഥ്യമനുസരിച്ച്‌ വിധികല്‍പിക്കേണമേ. നമ്മുടെ രക്ഷിതാവ്‌ പരമകാരുണികനും നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍ സഹായമര്‍ത്ഥിക്കപ്പെടാവുന്നവനുമത്രെ. (ക്വുർആൻ 21: 112) 
 
രണ്ട്: ശറഇയ്യായ ഹുകും. (മതപരമായ വിധിയും തീരുമാനവും) ഈ വിധിയെ കുറിച്ചുള്ള പരാമർശത്തിലാണ് താഴെ വരുന്ന ആയത്ത്: 
 
وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ ۚ ذَٰلِكُمُ اللَّهُ رَبِّي عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
 
നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത്‌ ഏത്‌ കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ്‌ എന്‍റെ രക്ഷിതാവായ അല്ലാഹു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്ക്‌ ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ക്വുർആൻ 42: 10) 
 
അഥവാ മതപരമായ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസത്തി ലായാൽ അല്ലാഹുവിലേക്ക് അഥവാ അവൻ്റെ ദീനിലേക്ക് ഹുകും (വിധി) തേടുക.
 
അൽഹകം എന്ന അർത്ഥത്തിലാണ് അൽഹാകിം എന്ന നാമം. വിശുദ്ധ ക്വുർആനിൽ അഞ്ച് സ്ഥലങ്ങളിൽ ബഹുവചന രൂപത്തിൽ പ്രസ്തുത നാമം വന്നിട്ടുണ്ട്. 
 
 
 
ഏതാനും ദുആഉകൾ 
 
قُلِ اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ
 
പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്‍റെ ദാസന്‍മാര്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നീ തന്നെയാണ്‌ വിധികല്‍പിക്കുന്നത്‌. (ക്വുർആൻ 39: 46) 
 
നബി (സ്വ) രാത്രി എഴുന്നേറ്റാൽ നമസ്കാരം ആരംഭിച്ചിരുന്നത് ഈ ദുആ ചൊല്ലിക്കൊണ്ടായിരുന്നുവെന്ന് ആഇശാ (റ) യിൽ നിന്ന് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു:
 
اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَي صِرَاطٍ مُسْتَقِيمٍ.
 
ജിബ്രീലിൻ്റെയും മീക്കാഈലിൻ്റെയും ഇസ്റാഫീലിൻ്റെയും റബ്ബായ, വാനങ്ങളുടേയും ഭൂമിയുടേയും സൃഷ്ടാവായ, അദൃശ്യവും ദൃശ്യവും അറിയുന്നവനായ അല്ലാഹുവേ, നീ നിൻ്റെ ദാസന്മാർ അഭിപ്രായ വ്യത്യാസത്തിലായ വിഷയങ്ങളിൽ വിധിക്കുന്നവനാണ്. നിൻ്റെ തീരുമാനത്താൽ, സത്യത്തിൻ്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസത്തിലകപ്പെട്ടതിൽ നീ എനിക്കു നേർവഴി കാണിക്കേണമേ. നിശ്ചയം നീ ഉദ്ദേശിക്കുന്നവരെ നീ നേർവഴി കാണിക്കുന്നു.