അൽ അസ്മാഉൽ ഹുസ്‌ന ഭാഗം: 48 നാമം: 32 - الحَكِيمُ (അല്‍ഹകീം)

അൽ അസ്മാഉൽ ഹുസ്‌ന ഭാഗം: 48 നാമം: 32 - الحَكِيمُ (അല്‍ഹകീം)
അൽഹകീം എന്ന നാമത്തിന് മൂന്നു തേട്ടങ്ങളുണ്ട്:
 
ഒന്ന്: ദുല്ഹുകും. 
 
ഹുകുമ് (വിധി) ഉള്ളവൻ അഥവാ വിധിതീർപ്പു കല്പിക്കുന്നവൻ.
 
രണ്ട്: അല്മുഹ്കിം. 
 
കാര്യങ്ങൾപ്രബലമാക്കുകയും കുറ്റമറ്റതാക്കുകയും ചെയ്യുന്നവൻ.
 
മൂന്ന്: ദുല്ഹിക്മഃ. 
 
ഹിക്മത്തുള്ളവൻ. ഏറ്റവും ശ്രേഷ്ഠമായ അറിവുകൊണ്ട് ശ്രേഷ്ഠമായ കാര്യങ്ങൾമനസിലാക്കലാണ് ഹിക്മത്ത്. 
കാര്യങ്ങളെ ഭദ്രമാക്കുകയും കുറ്റമറ്റതാക്കുകയും വസ്തുക്കൾ വെക്കേണ്ടിടത്ത് വെക്കേണ്ടപ്രകാരം വെക്കേണ്ടതോതിൽ ഏറുകയോ കുറയുകയോ ചെയ്യാതെ മുന്തുകയോ പിന്തുകയോ ചെയ്യാതെ വെക്കുകയും ചെയ്യുന്നവനാണ് അൽഹകീം.
 
വിധിയുടെ സമ്പൂർണതയും ഹിക്മത്തിൻ്റെ സമ്പൂർണതയും അല്ലാഹുവിന് മാത്രമാണെന്നത് അൽഹകീം എന്ന നാമം സ്ഥിരീകരിക്കുന്നു.
 
അല്ലാഹു തൻ്റെ ദാസന്മാർക്കിടയിൽ അവനുദ്ദേശിക്കുന്നതു വിധിക്കുന്നു. അല്ലാഹുവിൻ്റെ വിധിയെ തടുക്കുന്നവരായി ആരുമില്ല. അവൻ്റെ തീരുമാനത്തെ ഭേദഗതിചെയ്യുന്നവരായും ആരുമില്ല. അവൻ്റെ ഹുക്മിൽ അവനു യാതൊരു പങ്കാളിയുമില്ല. 
 
أَوَلَمْ يَرَوْا أَنَّا نَأْتِي الْأَرْضَ نَنقُصُهَا مِنْ أَطْرَافِهَا ۚ وَاللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِ ۚ وَهُوَ سَرِيعُ الْحِسَابِ
 
നാം ( അവരുടെ ) ഭൂമിയില്‍ ചെന്ന്‌ അതിന്‍റെ നാനാവശങ്ങളില്‍ നിന്ന്‌ അതിനെ ചുരുക്കിക്കൊണ്ടിരിക്കുന്നത്‌ അവര്‍ കണ്ടില്ലേ ? അല്ലാഹു വിധിക്കുന്നു. അവന്‍റെ വിധി ഭേദഗതി ചെയ്യാന്‍ ആരും തന്നെയില്ല. അവന്‍ അതിവേഗത്തില്‍ കണക്ക്‌ നോക്കുന്നവനത്രെ. (ക്വുർആൻ 13: 41) 
 
قُلِ اللَّهُ أَعْلَمُ بِمَا لَبِثُوا ۖ لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ ۖ أَبْصِرْ بِهِ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِ مِن وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا
 
നീ പറയുക: അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്‌. അവന്‍ എത്ര കാഴ്ചയുള്ളവന്‍. എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക്‌ ( മനുഷ്യര്‍ക്ക്‌ ) യാതൊരു രക്ഷാധികാരിയുമില്ല. തന്‍റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല. (ക്വുർആൻ 18: 26) 
 
വിധിവിലക്കുകള് നിശ്ചയിക്കുവാനും ഹലാലാക്കുവാനും ഹറാമാക്കുവാനും അർഹന് അൽഹകീമായ അല്ലാഹു മാത്ര മാകുന്നു. കാരണം അവന്നാകുന്നു സൃഷ്ടിപ്പും ശാസനാധികാര വും. അവൻ്റെ കയ്യാലാകുന്നു കൈകാര്യകര്തൃത്വം. 
 
 أَلَا لَهُ الْخَلْقُ وَالْأَمْرُ
... ..അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാ ണ്... .. (ക്വുർആൻ 7: 54) 
 
وَهُوَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ لَهُ الْحَمْدُ فِي الْأُولَىٰ وَالْآخِرَةِ ۖ وَلَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ
 
അവനത്രെ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. ഈ ലോകത്തും പരലോകത്തും അവന്നാകുന്നു സ്തുതി. അവന്നാണ്‌ വിധികര്‍ത്തൃത്വവും. അവങ്കലേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുന്നതുമാണ്‌. (ക്വുർആൻ 28: 70) 
 
വിശുദ്ധ ക്വുർആനിൽ തൊണ്ണൂറ്റിനാലു സ്ഥലങ്ങളിൽ അൽ ഹകീം എന്ന നാമം വന്നിട്ടുണ്ട്. 
 
ഒരു ദുആഅ്
 
ഒരു അഅ്റാബി നബി (സ്വ)യോട് പ്രാര്ത്ഥിക്കുവാന് ഒരു വചനം പഠിപ്പിച്ചുതരുവാൻ ആവശ്യപ്പെട്ടപ്പോൾ  തിരുമേനി (സ്വ) അയാളെ പഠിപ്പിച്ചതായി ഇമാം മുസ്ലിം റിപ്പോര്ട്ട് ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്:
 
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا سُبْحَانَ اللَّهِ رَبِّ الْعَالَمِينَ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَزِيزِ الْحَكِيمِ
 
അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. അവന് ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. അല്ലാഹു അക്ബറുകബീറൻ എന്നു ഞാൻ തക്ബീർ ചൊല്ലുന്നു. അല്ഹംദു ലില്ലാഹി കഥീറൻ എന്നു ഹംദുചൊല്ലുന്നു. ലോകരുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ പരിശുദ്ധി ഞാൻ തസ്ബീഹു ചൊല്ലി നിർവ്വഹിക്കുന്നു. അസീസും ഹകീമുമായ അല്ലാഹുവെ കൊണ്ടല്ലാതെ യാതൊരു ശക്തിയും ചലന ശേഷിയുമില്ല.
 
അഅ്റാബി (നബി (സ്വ) യോട്) പറഞ്ഞു: ഇതെല്ലാം എൻ്റെ റബ്ബിനുള്ളതാണ്. എനിക്ക് എന്താണുള്ളത്? നബി (സ്വ) പറഞ്ഞു: താങ്കൾ, 
 
الَّلهُمَّ اغْفِرْ لِي وارْحَمْنِي وَاهْدِنِي وَارْزُقْنِي.
 
'അല്ലാഹുവേ എനിക്കു പൊറുത്തുതരേണമേ. എന്നോടു കരുണ കാണിക്കുകയും എനിക്കു സന്മാർഗം  കാണിക്കുകയും ഉപജീവനം കനിയുകയും ചെയ്യേണമേ.' എന്നു പ്രാര്ത്ഥിക്കുക.