മഹത്വമുടയവനായ അല്ലാഹുവിൻ്റെ അത്യുത്തമവും സ്തുത്യർഹവുമായ നാമമാകുന്നു അല്‍ജബ്ബാര്‍. പരമാധികാരിയും ഉന്നതനുമാണ് അല്ലാഹു. എല്ലാ പടപ്പുകളും അവന് കീഴിലാണ്. സൃഷ്ടികളുടെ ഇല്ലായ്മയെ ധന്യത നൽകിക്കൊണ്ടും നിരാശയെ പ്രതീക്ഷയേകിക്കൊണ്ടും രോഗത്തെ സൗഖ്യം കനിഞ്ഞു കൊണ്ടും ഭയത്തെ നിർഭയത്വമേകിക്കൊണ്ടും പരിഹരിക്കുന്നവനാണ് അല്‍ജബ്ബാര്‍.
ഈ രീതിയിൽ പ്രശ്നങ്ങൾപരിഹരിക്കുവാന് നബി (സ്വ) അല്ലാഹുവോട് തേടിയിരുന്നു.
اَللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي
അല്ലാഹുവേ എനിക്കു പൊറുത്തുതരേണമേ, എന്നോടു കരുണ കാണിക്കേണമേ, എന്നെ നേർവഴിയിലാക്കേണമേ, എൻ്റെ കാര്യങ്ങൾപരിഹരിക്കേണമേ, എനിക്കു സൗഖ്യം നൽകേണമേ, എനിക്ക് ഉപജീവനം തരേണമേ, എന്നെ ഉയർത്തേണമേ!
അൽജബ്ബാർ എന്ന തിരുനാമത്തിന് മൂന്നു തേട്ടങ്ങളാണ് ഉള്ളത്.
ഒന്ന്: തൻ്റെ ദാസന്മാരിൽ ദുർബലരുടെ ദൗർബല്യവും വല്ലായ്മയും പരിഹരിക്കുന്നവൻ.
രണ്ട്: അടക്കിവാഴുന്നവൻ. അവൻ്റെ മഹത്വത്തിന് എല്ലാ പടപ്പുകളും കീഴൊതുങ്ങിയിരിക്കുന്നു. അവൻ്റെ പ്രതാപത്തിനും അധികാരത്തിനും എല്ലാവരും കീഴ്പ്പെട്ടിരിക്കുന്നു.
മൂന്ന്: ദാത്തു (സത്ത) കൊണ്ട് തൻ്റെ മുഴുവൻ സൃഷ്ടികൾക്കും മീതെയായവൻ.
വിശുദ്ധ ക്വുർആനിൽ ഒരു തവണ അൽജബ്ബാർ എന്ന നാമം വന്നിട്ടുണ്ട്.
هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ
താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍! (ക്വുർആൻ 59:23)
തിരുസുന്നത്തിലും അല്ലാഹുവിൻ്റെ ഈ പരിശുദ്ധനാമം വന്നിട്ടുണ്ട്.
അല്ലാഹു ഇസ്റാഇൻ്റെ രാവിൽ എല്ലാ ദിവസത്തിലും അമ്പതു നമസ്കാരം നിർബന്ധമാക്കിയതിൽ പിന്നെ തിരുനബി (സ്വ) ഇറങ്ങുകയും, ഉമ്മത്തികള്ക്ക് ഇളവ് ആവശ്യപ്പെടുവാന് മൂസാ (അ) പറഞ്ഞതനുസരിച്ച് നബി (സ്വ) അല്ലാഹുവിലേക്ക് കയറുകയും സംസാരിക്കുകയും ചെയ്തതിനെ കുറിച്ച് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീഥിൽ ഇപ്രകാരമുണ്ട്:
فَعَلاَ بِهِ إِلَى الْجَبَّارِ فَقَالَ وَهْوَ مَكَانَهُ يَا رَبِّ خَفِّفْ عَنَّا ، فَإِنَّ أُمَّتِي لاَ تَسْتَطِيعُ هَذَا
( (...ജിബ്രീൽ (അ) നബി (സ്വ)യേയുംകൊണ്ട് അൽജബ്ബാറായ (അല്ലാഹുവിലേക്ക്) കയറി. തിരുമേനി (സ്വ) (ഇറങ്ങുന്നതിനു) മുമ്പ് നിന്ന സ്ഥലത്ത് നിന്നുകൊണ്ടു പറഞ്ഞു: റബ്ബേ, ഞങ്ങൾക്ക് ലഘൂകരിച്ചു തരേണമേ. കാരണം എൻ്റെ ഉമ്മത്തികൾക്കിതു സാധ്യമാവുകയില്ല...) )
അന്ത്യനാളിൽ വിചാരണയുടെ വേദിയിൽ വിശ്വാസികളിലേക്ക് അല്ലാഹുവിൻ്റെ വരവുണ്ടാകുന്നതിനെ കുറിച്ചു പറയവേ അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
فَيَأْتِيهِمْ الْجَبَّارُ فِي صُورَةٍ غَيْرِ صُورَتِهِ الَّتِي رَأَوْهُ فِيهَا أَوَّلَ مَرَّةٍ فَيَقُولُ أَنَا رَبُّكُمْ
( (.....അവരിലേക്ക് അൽജബ്ബാർ (അല്ലാഹു), ആദ്യതവണ അവർ അവനെ കണ്ട രൂപത്തിലല്ലാത്ത രൂപത്തിൽ വരും. അല്ലാഹു പറയും: ഞാൻ നിങ്ങളുടെ റബ്ബാണ്.......) ) (ബുഖാരി)
ശഫാഅത്തിൻ്റെ വിഷയത്തിൽ വന്ന ഹദീഥുകളിൽ ഇപ്രകാരം കാണാം. അബൂസഈദില്ഖുദ്രി (റ) യില്നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
فَيَشْفَعُ النَّبِيُّونَ والْمَلَائِكَةُ وَالْمُؤْمِنُونَ فَيَقُولُ الْجَبَّارُ بَقِيَتْ شَفَاعَتِي
( (......ശേഷം നബിമാരും മലക്കുകളും വിശ്വാസികളും ശഫാഅത്ത് ചെയ്യും. അപ്പോള് ജബ്ബാറായ (അല്ലാഹു) പറയും: എൻ്റെ ശഫാ അത്ത് ശേഷിക്കുന്നു........) ) (ബുഖാരി)
ഇമാം മുസ്ലിം അബ്ദുല്ലാഹ് ഇബ്നുഉമറി(റ)ൽ നിന്നും നിവേദനം ചെയ്യുന്ന ഹദീഥിൽ അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞതായി ഇപ്രകാരം കാണാം:
يَأْخُذُ الْجَبَّارُ عَزَّ وَجَلَّ سَماَوَاتِهِ وَأَرَضِيهِ بِيَدَيْهِ
((.....അൽജബ്ബാറായ (അല്ലാഹു) അവൻ്റെ വാനങ്ങളേയും ഭൂമികളേയും തൻ്റെ ഇരുകരങ്ങൾകൊണ്ട് എടുക്കും...))
പരമാധികാരം അല്ലാഹുവിന് മാത്രമാകുന്നു. പടപ്പുകളിൽ വല്ലവനും ഗർവ്വ് നടിച്ചാൽ അല്ലാഹുവിൻ്റെ കോപം അത്തരക്കാരിൽ വന്നുഭവിക്കുകയും നരക ശിക്ഷക്ക് അവന് യോഗ്യ നാവുകയും ചെയ്യും. അല്ലാഹു പറഞ്ഞു:
وَاسْتَفْتَحُوا وَخَابَ كُلُّ جَبَّارٍ عَنِيدٍ. مِّن وَرَائِهِ جَهَنَّمُ وَيُسْقَىٰ مِن مَّاءٍ صَدِيدٍ. يَتَجَرَّعُهُ وَلَا يَكَادُ يُسِيغُهُ وَيَأْتِيهِ الْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَائِهِ عَذَابٌ غَلِيظٌ
അവര്‍ ( ആ ദൂതന്‍മാര്‍ ) വിജയത്തിനായി ( അല്ലാഹുവോട് ) അപേക്ഷിച്ചു. ഏത് ദുര്‍വാശിക്കാരനായ സര്‍വ്വാധിപതിയും പരാജയപ്പെടുകയും ചെയ്തു. അവന്‍റെ പിന്നാലെ തന്നെയുണ്ട് നരകം. ചോരയും ചലവും കലര്‍ന്ന നീരില്‍ നിന്നായിരിക്കും അവന്ന് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അതവന്‍ കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്ന് ഇറക്കാന്‍ അവന്ന് കഴിഞ്ഞേക്കുകയില്ല. എല്ലായിടത്ത് നിന്നും മരണം അവന്‍റെ നേര്‍ക്ക് വരും. എന്നാല്‍ അവന്‍ മരണപ്പെടുകയില്ല താനും. അതിന്‍റെ പിന്നാലെ തന്നെയുണ്ട് കഠോരമായ വേറെയും ശിക്ഷ. (ക്വുർആൻ 14: 15,16,17)
الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ ۖ كَبُرَ مَقْتًا عِندَ اللَّهِ وَعِندَ الَّذِينَ آمَنُوا ۚ كَذَٰلِكَ يَطْبَعُ اللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ
അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്‍റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു. (ക്വുർആൻ 40: 35)
അബൂസഈദില്ഖുദ്രി(റ)യില്നിന്ന് നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
يَخْرُجُ عُنُقٌ مِنَ النَّارِ يَوْمَ الْقِيَامَةِ لَهُ عَيْنَانِ تُبْصِرَانِ وَأُذُنَانِ تَسْمَعَانِ وَلِسَانٌ يَنْطِقُ يَقُولُ إِنِّي وُكِّلْتُ بِثَلاَثَةٍ بِكُلِّ جَبَّارٍ عَنِيدٍ وَبِكُلِّ مَنْ دَعَا مَعَ اللَّهِ إِلَهًا آخَرَ وَبِالْمُصَوِّرِينَ
അന്ത്യനാളിൽ നരകത്തില്നിന്ന് ഒരു കഴുത്ത് പുറത്തുവരും, അതിന് രണ്ടു കണ്ണുകളുണ്ട്. അവകൊണ്ട് അതുകാണും. അതിനു രണ്ടു കാതുകളുണ്ട്. അവകൊണ്ട് അതു കേൾക്കും. ഒരു നാവുമുണ്ട്. അതുകൊണ്ട് അതു സംസാരിക്കും. നരകം പറയും: മൂന്നു കൂട്ടരെ (ശിക്ഷിക്കുവാന്) ഞാൻ ഏല്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ ധിക്കാരികളായ ഗർവ്വിഷ്ഠരേയും, അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നവരെയും, ചിത്രങ്ങൾ നിർമ്മിക്കുന്നവരുടെ മേലും."