അൽ അസ്മാഉൽ ഹുസ്‌ന - المَلِيكُ (അൽ മലീക്)

അൽ അസ്മാഉൽ ഹുസ്‌ന - المَلِيكُ (അൽ മലീക്)

المَلِيكُ അൽ മലീക്

മുല്ക് (ആധിപത്യം) മില്ക് (ഉടമസ്ഥത) എന്നീ പദങ്ങളിൽ നിന്നുള്ള സ്വീഗതുല്മുബാലഗഃ (അഗാധാർത്ഥ പ്രയോഗം) യാണ് അൽ മലീക്. അല്ലാഹു സർവ്വാധികാരിയും സർവ്വാധിപതിയുമാണ്. ആധിപത്യത്തിലും ഉടമസ്ഥതയിലും നിരുപാധിക ഔന്നത്യവും മികവുമുള്ളവനാണ് അൽ മലീക്. 

അല്ലാഹുവിൻ്റെ മുല്ക്, മില്ക് എന്നിവയുടെ മഹത്വവും മികവും വിശാലതയുമാണ് അല്മലീകെന്ന നാമമറിയിക്കുന്നത്. 

മാലിക്, മലിക് എന്നീ നാമങ്ങളറിയിക്കുന്നതിനേക്കാൾ വിശാലമായ അർത്ഥം അൽ മലീക് എന്നനാമം അറിയിക്കുന്നുണ്ട്.

എല്ലാ മാലികും മലിക്കല്ല. എന്നാൽ എല്ലാ മലികും മാലികാണ്. എല്ലാ മലീകും മാലികും മലികുമാണ്.
വിശുദ്ധക്വുർആനിൽ ഒരിടത്തു മാത്രമാണ് മലീക്കെന്ന പേർ അല്ലാഹുവിന് വന്നിട്ടുള്ളത്. 

إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ. فِي مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍ

തീര്‍ച്ചയായും ധര്‍മ്മനിഷ്ഠ പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. സത്യത്തിന്‍റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്‍റെ അടുക്കല്‍. (ക്വുർആൻ 54: 54,55)

ഏതാനും ദുആഉകൾ 

അബൂബകറി (റ) നോട് പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാന് നബി (സ്വ) കല്പിച്ചത്. 

اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ

ആകാശങ്ങളും ഭൂമിയും ഇല്ലായ്മയില്നിന്ന് സൃഷ്ടിച്ചവനായ, അദൃശ്യവും ദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എൻ്റെ ശരീരത്തിൻ്റെ തിന്മകളിൽ നിന്നും പിശാചിൻ്റെ കെടുതികളില്നിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാൻ (അവൻ ക്ഷണിക്കുന്ന കാര്യങ്ങളില്നിന്നും) ഞാൻ നിന്നോടു രക്ഷതേടുന്നു. ഞാൻ എന്നോടു തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാൻ നിന്നോടു രക്ഷതേടുന്നു.

നബി (സ്വ) കിടപ്പറ പ്രാപിച്ചാൽ ഇപ്രകാരം പറയുമായിരുന്നു എന്ന് ഇബ്നുഉമറി (റ) ല്നിന്ന് ഇമാം അബൂദാവൂദ് നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്. 

الْحَمْدُ لِلَّهِ الَّذِي كَفَانِي وَآوَانِي وَأَطْعَمَنِي وَسَقَانِي وَالَّذِي مَنَّ عَلَيَّ فَأَفْضَلَ وَالَّذِي أَعْطَانِي فَأَجْزَلَ الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ اللَّهُمَّ رَبَّ كُلِّ شَيْءٍ وَمَلِيكَهُ وَإِلَهَ كُلِّ شَيْءٍ أَعُوذُ بِكَ مِنْ النَّارِ

എൻ്റെ കാര്യങ്ങൾ നിർവ്വഹിക്കുകയും എനിക്ക് അഭയമേകുകയും എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തവനായ അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. എൻ്റെ മേൽ അനുഗ്രഹമരുളുകയും അതു മഹത്തരമാക്കുകയും എനിക്കു നല്കുകയും അത് ധാരാളമാക്കുകയും ചെയ്തവനത്രേ അവന്. ഏത് അവസ്ഥയിലും അല്ലാഹുവിനു മാത്രമാകുന്നു സ്തുതികൾ മുഴുവനും. എല്ലാ വസ്തുക്കളുടേയും രക്ഷിതാവും (സർവ്വാധികാരിയും സർവ്വാധിപനുമായ) മലീകും മുഴുവൻ വസ്തുക്കളുടെ ആരാധ്യനുമായവനേ നിന്നോടു നരകത്തീയിൽ നിന്നും ഞാൻ രക്ഷതേടുന്നു.