അൽ അസ്മാഉൽ ഹുസ്‌ന - ഭാഗം: 24 നാമം : المَالِكُ (അൽ മാലിക്)

അൽ അസ്മാഉൽ ഹുസ്‌ന - ഭാഗം: 24 നാമം : المَالِكُ (അൽ മാലിക്)

ഉടമസ്ഥൻ  എന്നതാണ് അൽ മാലിക് എന്ന നാമം അർത്ഥമാക്കുന്നത്. അല്ലാഹു വാനങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം ഉടമപ്പെടുത്തുന്നു. യാതൊരു കുറവും ന്യൂനതയുമില്ലാത്ത വിധമുള്ള സമഗ്രവും സമ്പൂർണവുമായ ഉടമസ്ഥത. 

وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ وَإِلَى اللَّهِ الْمَصِيرُ

അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ മടക്കവും. (ക്വുർആൻ 24: 42) 

ഇഹലോകത്തിൻ്റെയും പരലോകത്തിൻ്റെയും ഉടമസ്ഥത അല്ലാഹുവിന് മാത്രമാകുന്നു.

وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَخْسَرُ الْمُبْطِلُونَ

അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികള്‍ക്കു നഷ്ടം നേരിടുന്ന ദിവസം. (ക്വുർആൻ 45: 27)

മാലിക് എന്ന നാമം വിശുദ്ധക്വുർആനിൽ രണ്ടു തവണ വന്നിട്ടുണ്ട്. സൂറത്തുല്ഫാതിഹയിലും ആലുഇംറാനിലും. 

അൽ മാലിക് എന്ന നാമം ഹദീഥുകളിലും വന്നിട്ടുണ്ട്. അബൂ ഹുറയ്റയിൽ (റ) നിന്നും നിവേദനം. 
നബി (സ്വ) പറഞ്ഞു:

إِنّ أَخْنَع اسْمٍ عِنْدَ اللّهِ رَجُلٌ تَسَمّىَ مَلِكَ الأَمْلاَكِ، لاَ مَالِكَ إِلاّ اللّهُ

മലിക്കുല്അംലാക്ക് (രാജാധിരാജന്) എന്ന പേർ സ്വീകരിക്കുന്ന വ്യക്തിയാണ് അല്ലാഹുവിങ്കൽ ഏറ്റവും അധിക്ഷിപ്തൻ. മാലിക്ക് ആയി അല്ലാഹു അല്ലാതെ മറ്റാരുമില്ല. (ബുഖാരി)

അല്ലാഹു തൻ്റെ പടപ്പുകളിൽ അവനുദ്ദേശിക്കുന്നത് അവനുദ്ദേശിക്കുംവിധം പ്രവർത്തിക്കുന്നതിനാൽ അവൻ  മാലികുൽ മുല്കാകുന്നു. 

قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ. تُولِجُ اللَّيْلَ فِي النَّهَارِ وَتُولِجُ النَّهَارَ فِي اللَّيْلِ ۖ وَتُخْرِجُ الْحَيَّ مِنَ الْمَيِّتِ وَتُخْرِجُ الْمَيِّتَ مِنَ الْحَيِّ ۖ وَتَرْزُقُ مَن تَشَاءُ بِغَيْرِ حِسَابٍ

പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്‌. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. രാവിനെ നീ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ നീ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തതില്‍ നിന്ന്‌ നീ ജീവിയെ പുറത്ത്‌ വരുത്തുന്നു. ജീവിയില്‍ നിന്ന്‌ ജീവനില്ലാത്തതിനെയും നീ പുറത്തു വരുത്തുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നീ നല്‍കുകയും ചെയ്യുന്നു. (ക്വുർആൻ 3:26, 27)

ആധിപത്യത്തിന്റേയും (മലകൂത്ത്) അധികാരത്തിൻ്റെയും (മുല്ക്) ഉടമസ്ഥത അല്ലാഹുവിനു മാത്രമാകുന്നു. അതിൽ അവനു യാതൊരു പങ്കാളിയുമില്ല. 

الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا

ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ ( അത്‌ അവതരിപ്പിച്ചവന്‍. ) അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന്‌ യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ക്വുർആൻ 25: 2)

ആധിപത്യത്തിലും അധികാരത്തിലും യാതൊരു വിഹിതവും അല്ലാഹുവിനല്ലാതെ മറ്റാർക്കുമില്ല. 

أَمْ لَهُم مُّلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا فِي الْأَسْبَابِ

അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം അവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ അവര്‍ കയറിനോക്കട്ടെ. (ക്വുർആൻ 38: 10)

ആധിപത്യത്തിൽ വല്ല വിഹിതവും ആർക്കെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്നത് അല്ലാഹു ഉണർത്തി. 

أَمْ لَهُمْ نَصِيبٌ مِّنَ الْمُلْكِ فَإِذًا لَّا يُؤْتُونَ النَّاسَ نَقِيرًا

അതല്ല, ആധിപത്യത്തില്‍ വല്ല വിഹിതവും അവര്‍ക്കുണ്ടോ? എങ്കില്‍ ഒരു അണുവോളവും അവര്‍ മനുഷ്യര്‍ക്ക്‌ നല്‍കുമായിരുന്നില്ല. (ക്വുർആൻ 4: 53)

മുഴുവൻ ആധിപത്യവും ഏതൊരുവൻ്റെ കയ്യിലാണോ അവൻ നന്മകളും അനുഗ്രഹങ്ങളും പൂർണമായവനാണ്.

تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (ക്വുർആൻ 67: 1)

മുഴുവൻ ആധിപത്യവും ഏതൊരുവൻ്റെ കയ്യിലാണോ അവനു മാത്രമാണ് തക്ബീറും തഹ്മീദും. അവകൊണ്ട് അവനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുക:

وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا

സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. (ക്വുർആൻ 17: 111)

മുഴുവൻ കാര്യങ്ങളുടെയും മലകൂത്ത് (ആധിപത്യം) ഏതൊരുവൻ്റെ കയ്യിലാണോ അവനെ തസ്ബീഹ് ചെയ്യുക:

فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ

മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത്‌ ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍! (ക്വുർആൻ 36: 83)