الـمُصَوِّرُ (അല്‍ മുസ്വവ്വിര്‍)
രൂപപ്പെടുത്തുന്നവൻ എന്നാണ് ഈ നാമം അർത്ഥമാക്കുന്നത്. തൻ്റെ യുക്തിയുടേയും കാരുണ്യത്തിൻ്റെയും അറിവിൻ്റെയും തേട്ടമനുസരിച്ച് അല്ലാഹു സൃഷ്ടിക്കുകയും സൃഷ്ടികൾക്ക് രൂപം നല്കുകയും ചെയ്യുന്നവനാണ്; ഓരോ വസ്തുവിനും അവൻ ഉദ്ദേശിച്ചതും വ്യതിരിക്തവുമായ രൂപം.
ഇബ്നു മന്ള്വൂർ (റ) പറഞ്ഞു: അല്ലാഹുവിൻ്റെ നാമങ്ങളിൽ പെട്ടതാണ് അല്‍ മുസ്വവ്വിര്‍. അവനത്രേ ഉണ്മയുടെ ലോകത്തെ ആസകലം രൂപകല്പന ചെയ്യുകയും ക്രമീകരിക്കുകയും ചെയ്തവൻ. അവൻ അതിലെ ഓരാ വസ്തുവിനും പ്രത്യേക രൂപവും തനിച്ച കോലവും നല്കി. വസ്തുക്കൾ വ്യത്യസ്തങ്ങളും എണ്ണപ്പെരുപ്പമുള്ളവയും ആയിട്ടുകൂടി പ്ര്യേതക രൂപത്താലും തനിച്ച കോലത്താലും അവ വ്യതിരിക്തമാകുന്നു.
ഇമാം അല്ഖത്വാബി (റ) പറഞ്ഞു: തൻ്റെ പടപ്പുകളെ വിഭിന്ന രൂപങ്ങളിൽ പടച്ചവനാകുന്നു അല്‍ മുസ്വവ്വിര്‍; അവർ അതിലൂടെ അന്യോന്യം തിരിച്ചറിയുന്നതിനുവേണ്ടി. അതുകൊണ്ടാണ് അവൻ പറഞ്ഞത്:
وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ
നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും, നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. (ക്വുർആൻ 64:3)
അല്ലാഹു മനുഷ്യരെ മാതാക്കളുടെ ഗർഭ പാത്രങ്ങളിൽ മൂന്നു രീതിയിലുള്ള സൃഷ്ടിപ്പുകൾ നടത്തി. അലക്വതായും (നീരട്ടക്കു സമാനമായ രക്തപിണ്ഡം) പിന്നീടു മുദ്വ്ഗഃ (മാംസപിണ്ഡം) യായും ശേഷം അതിനെ രൂപമുള്ളതുമാക്കി. ഈ രൂപം നല്കലിലൂടെയാണ് മനുഷ്യന് തിരിച്ചറിയപ്പെടുകയും അതിൻ്റെ അടയാളങ്ങൾ കൊണ്ട് മറ്റുള്ളവരില്നിന്നു വ്യതിരക്തമാകും വിധം രൂപവും കോലവുമുള്ളവനാവുകയും ചെയ്യുന്നത്.
فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ക്വുർആൻ 23: 14)
അല്ലാഹു മനുഷ്യനെ രൂപപ്പെടുത്തുകയും അവനു ഏറ്റവും നല്ല ഘടന പ്രദാനം ചെയ്യുകയും ചെയ്തു.
هُوَ الَّذِي يُصَوِّرُكُمْ فِي الْأَرْحَامِ كَيْفَ يَشَاءُ ۚ
ഗര്‍ഭാശയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. (ക്വുർആൻ 3: 6)
وَلَقَدْ خَلَقْنَاكُمْ ثُمَّ صَوَّرْنَاكُمْ
തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. (ക്വുർആൻ 7: 11)
خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ
ആകാശങ്ങളും, ഭൂമിയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും, നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. (ക്വുർആൻ 64: 3)
يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ. الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ. فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്?നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍. (ക്വുർആൻ 82: 6,7,8)
വിശുദ്ധ ക്വുർആനിൽ സൂറത്തുൽ ഹശ്റിൽ അല്‍ മുസ്വവ്വിര്‍ എന്ന അല്ലാഹുവിൻ്റെ തിരുനാമം വന്നിട്ടുണ്ട്.
هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ
സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. (ക്വുർആൻ 59: 24)
അല്ലാഹു മാത്രം ആരാധിക്കപ്പെടണമെന്നതിൻ്റെ കുറ്റ മറ്റ തെളിവാണ് അവൻ സൃഷ്ടിക്കുകയും രൂപകല്പന നടത്തുകയും ഉപജീവനം കനിയുകയും ചെയ്തു എന്നത്. വിശുദ്ധ ക്വുർആൻ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക.
اللَّهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَارًا وَالسَّمَاءَ بِنَاءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ ۖ فَتَبَارَكَ اللَّهُ رَبُّ الْعَالَمِينَ. هُوَ الْحَيُّ لَا إِلَٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി. (ക്വുർആൻ 40: 64, 65)
അല്ലാഹുവാകുന്നു അല്‍ മുസ്വവ്വിര്‍. ആത്മാവുള്ളവയുടെ രൂപമുണ്ടാക്കുന്നതും ചിത്രം വരക്കുന്നതും (തസ്വ്വീർ) അവൻ ഹറാമാക്കി. ഇബ്നു അബ്ബാസി (റ) ല്നിന്നും നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറയുന്നതായി ഞാൻ കേട്ടു:
«كُلُّ مُصَوّرٍ فِي النّارِ، يُجْعَلُ لَهُ بِكُلِّ صُورَةٍ صَوّرَهَا نَفْسٌ يُعَذِّبُ بِهاَ فِي جَهَنَّمَ»
എല്ലാ മുസ്വവ്വിറുകളും (രൂപമുണ്ടാക്കുന്നവരും) നരകത്തിലാണ്. അവനുണ്ടാക്കിയ എല്ലാ രൂപങ്ങൾക്കും അന്ത്യനാളിൽ ആത്മാവ് നല്കപ്പെടും. അവകൾ കൊണ്ട് അവനെ നരകാഗ്നിയിൽ ശിക്ഷിക്കും. (ബുഖാരി, മുസ്ലിം)
ഇബ്നു അബ്ബാസി (റ) നിന്നും അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞതായി നിവേദനം:
مَنْ صَوّرَ صُورَةً فِي الدّنْيَا كُلِّفَ أَنْ يَنْفُخَ فِيهَا الرّوحَ يَوْمَ الْقِيَامَةِ. وَلَيْسَ بِنَافِخ
(ആരെങ്കിലും ദുനിയാവിൽ ഒരു രൂപമുണ്ടാക്കിയാൽ അതിൽ ആത്മാവ് ഊതുവാന് അന്ത്യനാളിൽ അവന് നിർബന്ധിക്കപ്പെടും. ഒരിക്കലും അവൻ ഊതുവാനാകില്ല.)) (ബുഖാരി, മുസ്ലിം)
അബൂസഈദില്ഖുദ്രി (റ) നിന്നും നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
يَخْرُجُ عُنُقٌ مِنْ النَّارِ يَوْمَ الْقِيَامَةِ لَهُ عَيْنَانِ يُبْصِرُ بِهِمَا وَأُذُنَانِ يَسْمَعُ بِهِمَا وَلِسَانٌ يَنْطِقُ بِهِ فَيَقُولُ إِنِّي وُكِّلْتُ بِثَلَاثَةٍ .... وَالْمُصَوِّرِينَ
അന്ത്യനാളിൽ നരകത്തില്നിന്ന് ഒരു കഴുത്ത് പുറത്തുവരും, അതിനു രണ്ടു കണ്ണുകളുണ്ട്. അവകൊണ്ട് അത് കാണും. അതിനു രണ്ടു കാതുകളുണ്ട്. അവകൊണ്ട് അത് കേൾക്കും. ഒരു നാവുമുണ്ട്. അതുകൊണ്ട് അത് സംസാരിക്കും. അത് പറയും: മൂന്നു കൂട്ടരെ (ശിക്ഷിക്കുവാന്) ഞാൻ ഏല്പിക്കപ്പെട്ടിരിക്കുന്നു..... ചിത്രരചനയും രൂപനിര്മ്മാണവും നടത്തുന്നവനേയും.
ആത്മാവുള്ളവയുടെ രൂപങ്ങളും ചിത്രങ്ങളും മായ്ക്കുവാനും നബി (സ്വ) കല്പിച്ചു. അബുല്ഹയ്യാജി (റ) യിൽ നിന്നും നിവേദനം.
قَالَ لِي عَلِيٌّ: أَلاَ أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللّهِ : أن لاَ تَدَعَ صُورَةً إِلاّ طَمَسْتَهَا، وَلاَ قَبْراً مُشْرِفاً إِلاّ سَوّيْتَهُ
എന്നോട് അലിയ്യ് (ബ്നുഅബീത്വാലിബ്) പറഞ്ഞു: അല്ലാഹുവിൻ്റെ ൽ (സ്വ) എന്നെ നിയോഗിച്ചതിന് ഞാൻ താങ്കളെ നിയോഗിച്ചയക്കട്ടേ? ഒരു രൂപവും മായ്ക്കാതെയും ഉയർത്തിയ ഒരു ക്വബ്റിനേയും നിരപ്പാക്കാതേയും താങ്കള് വിട്ടേക്കരുത്. (മുസ്ലിം)