അൽ അസ്മാഉൽ ഹുസ്‌ന - البَارِئُ (അൽ ബാരിഅ്)

അൽ അസ്മാഉൽ ഹുസ്‌ന - البَارِئُ (അൽ ബാരിഅ്)

البَارِئُ (അൽ ബാരിഅ്)

നിർമ്മാതാവ്, മുന്മാതൃകയില്ലാതെ പടക്കുന്നവൻ എന്നൊക്കെയാണ് അൽ ബാരിഅ് അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് സൃഷ്ടികൾക്ക് അൽബരിയ്യഃ എന്നു പറയപ്പെടുന്നത്. 

ഇമാം ശൗകാനി (റ) പറഞ്ഞു: അൽ ബാരിഅ് അൽ ഖാലിക്വ് (സ്രഷ്ടാവ്) ആകുന്നു. മുന്മാതൃകയില്ലാതെ പടക്കുന്നവൻ, പുതുതായി ഉണ്ടാക്കുന്നവൻ എന്നും പറയപെട്ടിട്ടുണ്ട്. 

ഇമാം ഇബ്നുൽ അഥീർ (റ) പറഞ്ഞു: സൃഷ്ടികളെ മുന്മാതൃകയില്ലാതെ പടച്ചവനത്രേ അൽ ബാരിഅ്. എന്നാൽ അൽ ബാരിഅ് എന്നപദത്തിന് ഇതര സൃഷ്ടികളുമായില്ലാത്ത പ്രത്യേകബന്ധം ജീവിവർഗവുമായി ബന്ധപ്പെട്ടുണ്ട്. ഈ പദം ജീവിവർഗമല്ലാത്തവക്ക് വിരളമായേ പ്രയോഗിക്കൂ. അതിനാൽ പറയപ്പെടും: 
'ബറഅ അല്ലാഹു അന്നസമഃ വഖലക്വസ്സമാവാത്തി വൽഅര്ദ്വഃ' 
(അല്ലാഹു ജീവജാലങ്ങളെ പടച്ചു. ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചു.) 

 'ക്വുർആനിൽ ഇല്ലാത്ത വല്ലതും നിങ്ങളുടെ പക്കലുണ്ടോ' എന്ന അബൂജുഹയ്ഫഃ(റ)യുടെ ചോദ്യത്തിന് അലിയ്യി(റ)ൻ്റെ മറുപടി ഇപ്രകാരമായിരുന്നു:

لَا وَالَّذِي فَلَقَ الْحَبَّةَ وَبَرَأَ النَّسَمَةَ مَا أَعْلَمُهُ إِلَّا فَهْمًا يُعْطِيهِ اللَّهُ رَجُلًا فِي الْقُرْآنِ
'ധാന്യം പിളർത്ത്കയും ജീവനുള്ളവയെ പടക്കുകയും ചെയ്ത അല്ലാഹുവാണെ സത്യം. ഒരു മനുഷ്യന് അല്ലാഹു ക്വുർആനിൽ നല്കുന്ന അറിവല്ലാതെ ക്വുർആനിൽ ഇല്ലാത്ത യാതൊന്നും ഞാൻ അറിയുന്നില്ല... ... .. ' (ബുഖാരി)

വിശുദ്ധ ക്വുർആനിൽ സൂറത്തുൽ ബക്വറഃയിലും സൂറത്തുൽഹശ്റിലും അൽ ബാരിഅ് എന്ന അല്ലാഹുവിൻ്റെ തിരുനാമം വന്നിട്ടുണ്ട്. 

وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِاتِّخَاذِكُمُ الْعِجْلَ فَتُوبُوا إِلَىٰ بَارِئِكُمْ فَاقْتُلُوا أَنفُسَكُمْ ذَٰلِكُمْ خَيْرٌ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ

എന്റെസമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത്‌ മുഖേന നിങ്ങള്‍ നിങ്ങളോട്‌ തന്നെ അന്യായം ചെയ്തിരിക്കുകയാണ്‌. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക്‌ പശ്ചാത്തപിച്ച്‌ മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങള്‍ നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെഅടുക്കല്‍ അതാണ്‌ നിങ്ങള്‍ക്ക്‌ ഗുണകരം എന്ന്‌ മൂസാ തന്റെജനതയോട്‌ പറഞ്ഞ സന്ദര്‍ഭവും (ഓര്‍മിക്കുക). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു.. (ക്വുർആൻ 2: 54)

هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ

സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. (ക്വുർആൻ 59: 24)