ഇമാം അല്ഖത്വാബി (റ) പറഞ്ഞു: ഒരു വസ്തുവിൻ്റെ സത്തയെ കുറിച്ച് അറിവുള്ളവനും അതിൻ്റെ യാഥാർഥ്യം മനസിലാക്കിയവനുമാണ് അൽഖബീർ.
വസ്തുക്കളുടെ അന്തസ്സത്ത അവയുടെ യഥാർത്ഥ രൂപത്തിൽ അറിയുക എന്ന അർത്ഥമാണ് അൽഖബ്ര് എന്ന പദത്തിന് പണ്ഡിതന്മാർ നല്കിയിരിക്കുന്നത്. ആ അർത്ഥകല്പന പ്രകാരം അല്ഇല്മ് എന്ന പദത്തിനുള്ളതിനേക്കാൾ വിപുലമായ അർത്ഥം അൽഖബ്റിനുണ്ട്. അൽഖബ്ര് എന്ന പദത്തിൽ നിന്ന് വ്യുല്പന്നമായതാണ് അൽഖബീർഎന്ന നാമം.
വിശുദ്ധ ക്വുർആനിൽ നാല്പ്പത്തിയഞ്ചു സ്ഥലങ്ങളിൽ അൽഖബീർഎന്ന നാമം വന്നിട്ടുണ്ട്.
സൃഷ്ടികളുടെ അവസ്ഥകളും അവയുടെ യാഥാര്ത്ഥ്യങ്ങളും സൂക്ഷ്മവശങ്ങളും സമ്പൂർണമായി അറിയുന്നവനാണ് അല്ലത്വീഫും അല്ഖബീറുമായ അല്ലാഹു.
أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ
സൃഷ്ടിച്ചുണ്ടാക്കിയവന്‍ ( എല്ലാം ) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ക്വുർആൻ 67 :14)
ഉമ്മുല്മുഅ്മിനീന് ഹഫ്സ്വഃ (റ) നബി (സ്വ) യുടെ രഹസ്യം ആഇശാ (റ) യോടു പറഞ്ഞതിനെ കുറിച്ച് വഹ്യിലൂടെ നബി (സ്വ) ക്ക് വിവരം ലഭിച്ചപ്പോൾ നബി (സ്വ) അവരെ അക്കാര്യം അറിയിച്ചു. ഈ സമയം ഹഫ്സ്വഃ (റ) തിരുമേനി (സ്വ) യോട് ചോദിച്ചു: എന്റേയും ആഇശയുടേയും ഇടയിൽ നടന്ന ഈ രഹസ്യഭാഷണം ആരാണ് താങ്കൾക്ക് അറിയിച്ചു തന്നത്. ആളുകളുടെ മുഴുവന് അവസ്ഥകളും ചെയ്തികളും അറിയുന്നവനും (അല്അലീം) ഹൃദയങ്ങളിൽ ഒളിപ്പിച്ചതും രഹസ്യങ്ങളും സൂക്ഷ്മമായി മനസിലാക്കുന്നവനുമായ (അൽ ഖബീര്) അല്ലാഹുവാണ് എന്നായിരുന്നു തിരുമേനി (സ്വ) യുടെ പ്രതികരണം. തല്വിഷയത്തിൽ അല്ലാഹു സൂറത്തുത്തഹ്രീമിൻ്റെ തുടക്കത്തിൽ പറയുന്നു:
وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَٰذَا ۖ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ
നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്. (ക്വുർആൻ 66 :3)
മറ്റൊരിക്കൽ തിരുമേനി (സ്വ) യുടെ ഭാര്യമാരിലൊരാള് ഒരു വാർത്ത തിരുനബി (സ്വ) യിൽ നിന്നു ഒളിച്ചുവെക്കുകയും മറച്ചുവെക്കുകയും ചെയ്തപ്പോള് അവരോട് തിരുമേനി (സ്വ) പറഞ്ഞു:
لَتُخْبِرِينِي أَوْ لَيُخْبِرَنِّي اللطِيفُ الْخَبِيرُ
(നിങ്ങള് എന്നോടു പറയുക. അല്ലെങ്കിൽ അല്ലത്വീഫും അല്ഖ ബീറുമായവന് (അല്ലാഹു) എന്നോട് പറയുന്നതാണ്.) (മുസ്ലിം)