اللَّطِيفُ അൽലത്വീഫ്
അല്ലത്വീഫ് എന്ന അല്ലാഹുവിൻ്റെ തിരുനാമത്തിനു രണ്ട് ആശയങ്ങളുണ്ട്.
ഒന്ന്: സൂക്ഷ്മജ്ഞാനി. രഹസ്യങ്ങളും നിഘൂഢതകളും ഗോപ്യമായവയും സസൂക്ഷ്മം അറിയുന്നവന്.
രണ്ട്: അടിയാറുകൾ അറിയാത്തവിധം അവര്ക്കു ഗുണ കരമായത് അവരിലേക്ക് എത്തിച്ചുകൊണ്ട് അവരോട് ആർദ്രത കാണിക്കുന്നവന്.
ഇമാം അല്ഖത്വാബി (റ) പറഞ്ഞു: ദാസന്മാർ അറിയാത്ത വിധം അവരോട് കനിയുകയും അവര് നിനക്കാത്തവിധം അവർക്കുള്ള നന്മകൾ ഒരുക്കുകയും ചെയ്തുകൊണ്ട് അവരോട് അൽ ബർറ് (പുണ്യം ചെയ്യുന്നവന്) ആകുന്നു അൽലത്വീഫ്.
സൂറത്തു ലുക്മാനിലെ പതിനാറാം വചനത്തിൻ്റെ വിവരണത്തിൽ ഇമാം ശൗകാനി (റ) പറഞ്ഞു:
إِنَّ اللَّهَ لَطِيفٌ خَبِيرٌ
തീർച്ചയായും അല്ലാഹു ലത്വീഫ് ആകുന്നു...
അഥവാ യാതൊരു മറഞ്ഞകാര്യവും അവനു മറഞ്ഞുപോകില്ല. എന്നു മാത്രമല്ല എല്ലാ ഗോപ്യമായതിലേക്കും അവൻ്റെ അറിവ് എത്തും.
വിശുദ്ധ ക്വുർആനിൽ ഏഴു സ്ഥലങ്ങളില് അല്ലാഹുവിന് അൽലത്വീഫ് എന്ന നാമം വന്നിട്ടുണ്ട്.
وَهُوَ اللَّطِيفُ الْخَبِيرُ - ക്വുർആൻ 6:103, 67:14
إِنَّ اللَّهَ لَطِيفٌ خَبِيرٌ - ക്വുർആൻ 22:63, 31:16
إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا - ക്വുർആൻ 33:34
രഹസ്യങ്ങളും നിഘൂഢതകളും ഗോപ്യമായവയും സസൂക്ഷ്മം അറിയുന്നവനാണ് അല്ലാഹു എന്ന അർത്ഥ കല്പനയിൽ അൽ ഖബീർ എന്ന തിരുനാമത്തിൻ്റെ ആശയമാണ് അൽലത്വീഫ് എന്ന നാമത്തിനുള്ളത്. അപ്പോള് തെളിഞ്ഞതും പരസ്യമായതും അറിയുക എന്നത് അവന് ഏറെ എളുപ്പം
يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ
എന്‍റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (ക്വുർആൻ 31 :16)
ദാസന്മാരോട് ആര്ദ്രത കാണിക്കുന്നവന് എന്ന അര്ത്ഥ കല്പനയില് അർറഊഫ് എന്ന തിരുനാമത്തിൻ്റെ തേട്ടമാണ് അൽലത്വീഫ് എന്ന നാമത്തിനുള്ളത്. അടിയാറുകള്ക്ക് ക്ഷേമകരമായ കാര്യങ്ങള് ഹിദായത്തായും ഉപജീവനമായും സംരക്ഷണമായും ഉദവിയായും പരീക്ഷണമായും മറ്റുമൊക്കെ അവരിലേക്ക് എത്തിക്കുന്നവനാണ് അല്ലാഹു.
തനിക്കും തൻ്റെ കുടുംബത്തിനും അല്ലാഹു അരുളിയ അനുഗ്രഹങ്ങളെ എണ്ണിയ യൂസുഫ് (അ) പറഞ്ഞതായി അല്ലാഹു പറയുന്നു:
إِنَّ رَبِّي لَطِيفٌ لِّمَا يَشَاءُ ۚ
തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. (ക്വുർആൻ 12:100)
പ്രസ്തുത അനുഗ്രഹങ്ങളാകട്ടെ പലതാണ്. പല നിലക്ക് വന്നണഞ്ഞതുമാണ്. അവരാരും നിനക്കാത്ത നിലയിലാണ് അവ അവരിലേക്ക് എത്തിയത്.
അടിയാറുകൾക്ക് ഉപജീവനം നല്കുന്ന വിഷയത്തില് അല്ലാഹു പറഞ്ഞു:
اللَّهُ لَطِيفٌ بِعِبَادِهِ يَرْزُقُ مَن يَشَاءُ
അല്ലാഹു തന്‍റെ ദാസന്‍മാരോട് കനിവുള്ളവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം നല്‍കുന്നു. (ക്വുർആൻ 42:19)