അൽ ആലിം, അൽ അലീം, അൽ അല്ലാം
ഇന്നലെ, ഇന്ന്, നാളെ, എന്നീ കാല വെത്യാസമന്യെ,
പരസ്യമായത് രഹസ്യമായത്, തെളിഞ്ഞത് ഒളിഞ്ഞത്, അടുത്തത് അകന്നത്, ചെറുത് വലുത്, ഗോചരം അഗോചരം, ഉപരിയിലുള്ളത് താഴ്ഭാഗത്തുള്ളത്, തുടങ്ങിയുള്ള വ്യത്യാസമന്യെ,
ഗയ്ബ്, ശഹാദത്ത് എന്നീ വെത്യാസമന്യേ,
ഉണ്ടായത്, ഉണ്ടാവാന് പോകുന്നത്, ഉണ്ടായിക്കൊണ്ടിരിക്കുന്നത്, ഉണ്ടാവാത്തത്, ഉണ്ടായിട്ടില്ലാത്തത് ഉണ്ടായിരുന്നുവെങ്കിൽ എപ്രകാരമായിരിക്കുമെന്നത്, എല്ലാം സസൂക്ഷ്മവും സമഗ്രവും സമ്പൂർണവുമായി അറിയുന്നവാനാണ് അല്ആലിമും അല് അലീമും അല്അല്ലാമുമായ അല്ലാഹു.
ഇമാം അല്ഖത്വാബി (റ) പറഞ്ഞു: പടപ്പുകളുടെ അറിവിനു പ്രാപ്യമല്ലാത്ത ഗോപ്യവും രഹസ്യമായതുമായ കാര്യങ്ങളെ അറിയുന്ന അല്ആലിമാകുന്നു അല്ലാഹു. അവൻ്റെ വചനം പോലെ:
إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ
തീര്‍ച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു. (ക്വുർആൻ 31 :23)
അറിവിൻ്റെ സമ്പൂർണതയെ വിശേഷിപ്പിക്കുന്നതിൽ അഗാധാര്ത്ഥ പ്രയോഗരൂപത്തിലും (അഥവാ അല്അലീം എന്ന രൂപത്തിലും) ഈ നാമം വന്നിട്ടുണ്ട്. അതിനാലാണ് അല്ലാഹു പറഞ്ഞത്:
فَوْقَ كُلِّ ذِي عِلْمٍ عَلِيمٌ
അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്. (ക്വുർആൻ 12 :76)
ഇബ്നു മന്ള്വൂർ (റ) പറഞ്ഞു: ഉണ്ടായതും ഉണ്ടായികൊണ്ടിരിക്കുന്നത് ഉണ്ടാകുന്നതിനു മുമ്പും ഉണ്ടാകുവാന് പോകുന്നതും ഇനിയുമുണ്ടാകാത്തത് അത് ഉണ്ടാകുന്നതിനുമുമ്പും അറിയുന്നവനാകുന്നു അല്ലാഹു. ഉണ്ടായതിനെകുറിച്ചും ഉണ്ടാകാനിരിക്കുന്നതിനെ കുറിച്ചും അവന് അറിവുള്ളവനായിരുന്നു. അറിവുള്ളവനായിക്കൊണ്ടേയിരിക്കുന്നു. ഭൂമിയിലും വാനത്തിലും അവനു യാതൊന്നും ഗോപ്യമല്ല. അവൻ്റെ അറിവു എല്ലാവസ്തുക്കളേയും വലയം ചെയ്തുനില്ക്കുന്നു. അവയുടെ അകവും പുറവും സൂക്ഷ്മവും പ്രകടവുമായതെല്ലാം സാധ്യമായതില് ഏറ്റവും സമ്പൂര്ണമായ നിലക്ക്.
വിശുദ്ധ ക്വുര്ആനില് നൂറ്റി അമ്പത്തി ഏഴ് സ്ഥലങ്ങളില് അല്ലാഹുവിന് അല്അലീം എന്ന നാമം വന്നിട്ടുണ്ട്. അല്ആലിം എന്നത് പതിനാലുതവണയും അല്അല്ലാം എന്നത് നാലു തവണയും വന്നിട്ടുണ്ട്.
സസൂക്ഷ്മവും സമഗ്രവും സമ്പൂര്ണവുമായി എല്ലാം അറിയുന്നവനായ അല്ലാഹു അറിവിനോടൊപ്പം ഹിക്മത്തുള്ളവനുമാണ്. ഹിക്മത്തിനുനിരക്കാത്ത യാതൊന്നും അവനില്നിന്നുണ്ടാവില്ല. വിശുദ്ധ ക്വുർആനിൽ അല്അലീമെന്ന തിരുനാമവും അല്ഹകീമെന്ന നാമവും ചേര്ന്നുവന്ന വചനങ്ങള് നോക്കൂ:
അല്ലാഹുവിൻ്റെ അറിവിനെ കുറിച്ച് വിശദമായ വിവരണമാണ് വിശുദ്ധ ക്വുർആനിലുള്ളത്.
അല്ലാഹുവിൻ്റെ അറിവിൻ്റെ വിശാലതയെ കുറിച്ച് അറിയിക്കുന്ന വചനങ്ങൾ നോക്കൂ:
إِنَّمَا إِلَٰهُكُمُ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَيْءٍ عِلْمًا
നിങ്ങളുടെ ഇലാഹ് അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അവന്‍റെ അറിവ് എല്ലാകാര്യത്തേയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു. (ക്വുർആൻ 20:98)
وَسِعَ رَبِّي كُلَّ شَيْءٍ عِلْمًا
എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. (ക്വുർആൻ 6 :80)
رَبُّنَا كُلَّ شَيْءٍ عِلْمًا
ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു.. (ക്വുർആൻ 7:89)
رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا
ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. (ക്വുർആൻ 40 :7)
അല്ലാഹുവിൻ്റെ അറിവ് എല്ലാത്തിനേയും വലയം ചെയ്തും ചൂഴ്ന്നും നില്കുന്നതിനെ കുറിച്ച് അവന് പറയുന്നു:
إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ
തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു. (ക്വുർആൻ 3 :120)
അല്ലാഹു തന്നെകുറിച്ച്, "ഏതു കാര്യത്തെപറ്റിയും അറിയുന്നവനാകുന്നു." എന്ന് പല വചനങ്ങളില് ഉണര്ത്തിയിട്ടുണ്ട്. അവ:
البقرة: ٢٩، البقرة: ٢٣١، البقرة: ٢٨٢، النساء: ١٧٦،المائدة: ٩٧، الأنعام: ١٠١، الأنفال: ٧٥، التوبة: ١١٥، النور: ٣٥، النور: ٦٤، العنكبوت: ٦٢، الشورى: ١٢، الحجرات: ١٦، الحديد: ٣،المجادلة: ٧، التغابن: ١١
അല്ലാഹു രഹസ്യമായതും പരസ്യമായതും ദൃശ്യമായതും അദൃശ്യമായതും അറിയുമെന്നതനെ കുറിച്ച് അവന് പറയുന്നു:
رَبَّنَا إِنَّكَ تَعْلَمُ مَا نُخْفِي وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى اللَّهِ مِن شَيْءٍ فِي الْأَرْضِ وَلَا فِي السَّمَاءِ
ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും ഞങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു വസ്തുവും അല്ലാഹുവിന് അവ്യക്തമാകുകയില്ല. (ക്വുർആൻ 14 :38)
وَاللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ
നിങ്ങള്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു. (ക്വുർആൻ 16 :19)
മനസ്സുകള് മന്ത്രിക്കുന്നത് അല്ലാഹു അറിയുമെന്നതിനെ കുറിച്ച് അവന് പറയുന്നു:
وَلَقَدْ خَلَقْنَا الْإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. (ക്വുർആൻ 50 :16)
അല്ലാഹു തന്നെകുറിച്ച്, "ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു." എന്ന് പല വചനങ്ങളില് ഉണര്ത്തിയിട്ടുണ്ട്. അവ:
آل عمران: ١١٩، آل عمران: ١٥٤، المائدة: ٧،الأنفال: ٤٣، هود: ٥،لقمان: ٢٣، فاطر: ٣٨، الزمر: ٧، الشورى: ٢٤، الحديد: ٦،التغابن: ٤، الملك: ١٣
മനസ്സുകളില് ഒളിപ്പിക്കപ്പെട്ടതും കണ്ണുകള് കട്ടുനോക്കു ന്നതും അറിയുമെന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു:
يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ
കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു.(ക്വുർആൻ 40:19)
വാനങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുമെന്നതിനെ കുറിച്ച് അവന് പറയുന്നു:
وَاللَّهُ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ
അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. (ക്വുർആൻ 49 :16)
താഴെ വരുന്ന വചനങ്ങളും അവൻ്റെ ഈ പ്രത്യേകതയാണ് അറിയിക്കുന്നത്.
المائدة: ٩٧،العنكبوت: ٥٢، الحجرات: ١٦،المجادلة: ٧،التغابن: ٤
രഹസ്യവും രഹസ്യഭാഷണവും അദൃശ്യവും അറിയുമെന്നതിനെ കുറിച്ച് അവന് പറയുന്നു:
أَلَمْ يَعْلَمُوا أَنَّ اللَّهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ اللَّهَ عَلَّامُ الْغُيُوبِ
അവരുടെ രഹസ്യവും അവരുടെ ഗൂഢമന്ത്രവും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ. (ക്വുർആൻ 9 :78)
അദൃശ്യത്തിൻ്റെ താക്കോലുകള് (മഫാതിഹുല്ഗയ്ബ്) അല്ലാഹുവിൻ്റെ മാത്രം അറിവാണെന്നതിനെ കുറിച്ച് അവന് പറയുന്നു:
إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ
തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു (ക്വുർആൻ 31 :34)
അല്ലാഹു തന്നെകുറിച്ച്, "അദൃശ്യവും ദൃശ്യവും അറിയുന്നവനാണവന്" എന്ന് പലവചനങ്ങളില് ഉണര്ത്തിയിട്ടുണ്ട്. അവ താഴെ വരുന്ന വചനങ്ങളിലാണ്.
الأنعام: ٧٣ ، التوبة: ٩٤ ، التوبة: ١٠٥ ،الرعد: ٩ ،المؤمنون: ٩٢ ، السجدة: ٦ ، الزمر: ٤٦ ،الحشر: ٢٢ ،الجمعة: ٨ ،التغابن: ١٨
"അദൃശ്യകാര്യം അറിയുന്നവന്"
المائدة: ١٠٩ ، المائدة: ١١٦، التوبة: ٧٨ ، سبأ: ٤٨
... .അദൃശ്യകാര്യങ്ങള് നന്നായി അറിയുന്നവന് എന്നും പറയപെട്ടിട്ടുണ്ട്.
അജ്ഞത അല്ലാഹുവിൻ്റെ അറിവിനെ മുന്കടക്കുകയില്ലെന്നപോലെ അവന് മറവി സംഭവിക്കുകയുമില്ല. അതിനെ കുറി ച്ച് അല്ലാഹു പറയുന്നു:
ا يَضِلُّ رَبِّي وَلَا يَنسَى
എന്‍റെ രക്ഷിതാവ് പിഴച്ച് പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല. (ക്വുർആൻ 20 :52)
അല്ലാഹുവിൻ്റെ അറിവിനെ കുറിച്ച് ഇമാം അഹ്മദ് (റ) പറഞ്ഞു: ഒരാൾ ഇൽമ് (അല്ലാഹുIവിൻ്റെ അറിവ്) സൃഷ്ടിയാണെ ന്നു പറഞ്ഞാല് അയാള് കാഫിറാണ്. കാരണം ഇൽമ് (അറിവി) നെ പടക്കുന്നതുവരെ അല്ലാഹുവിന് ഇല്മുണ്ടായിരുന്നില്ലെന്ന് ജല്പിക്കുകയാണ് അയാള് ചെയ്യുന്നത്..... ഏഴ് ആകാശങ്ങളിലുള്ളതും ഏഴു ഭൂമികളിലുള്ളതും അവക്കിടയിലുള്ളതും മണ്ണിനടിയിലുള്ളതും സമുദ്രങ്ങളുടെ ആഴങ്ങളിലുള്ളതും ഓരോ രോമങ്ങളും വൃക്ഷങ്ങളും കൃഷിയും സസ്യങ്ങളും മുളക്കുന്നിടവും ഒരോ ഇലകൾ വീഴുന്നിടവും അവയുടെയെല്ലാം എണ്ണവും കല്ല്, മണ്ണ്, മണല് എന്നിവയുടെ എണ്ണവും പർവ്വതങ്ങളിലെ ഭാരങ്ങളും അടിയാറുകളുടെ കർമ്മങ്ങളും പ്രസ്താവനകളും വാക്കുകളും നിശ്വാസങ്ങളും അവന് അറിയും. എല്ലാ സംഗതികളും അവന് അറിയും. അതിൽനിന്ന് ഒന്നും അവനു ഗോപ്യമാവുകയില്ല. അവനാകട്ടെ ഏഴ് ആകാശങ്ങൾക്കുമീതെ അർശിലുമാകുന്നു.
ഏതാനും ദുആ
പ്രയാസ സന്ദര്ഭങ്ങളില് നബി (സ്വ) താഴെ വരുന്ന ദുആ ചെയ്തിരുന്നതായി ഇബ്നു അബ്ബാസി(റ)ൽനിന്ന് ഇമാം ബുഖാരി നിവേദനം ചെയ്ത ഹദീഥിലുണ്ട്:
لاَ إِلَهَ إِلاَّ اللَّهُ العَلِيمُ الحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ العَرْشِ العَظِيمِ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ رَبُّ العَرْشِ الكَرِيمِ
അല്അലീമും(സര്വ്വജ്ഞനും) അല്ഹലീമു(സഹനശീലനും)മായ അല്ലാഹുവല്ലാതെ യഥാര്ത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ യഥാര്ത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹനീയ സിംഹാസനത്തിൻ്റെ നാഥനായ, ഭൂമിയുടെ നാഥനായ, വാനങ്ങളുടെ നാഥനായ അല്ലാഹു വല്ലാതെ യഥാര്ത്ഥ ആരാധ്യനായി മറ്റാരുമില്ല.
ഇസ്തിഖാറത്തിൻ്റെ ദുആഅ് നബി (സ്വ) നിർവഹിച്ചപ്പോൾ അതിൻ്റെ തുടക്കം അല്ലാഹുവിൻ്റെ ഇല്മിനെ വസീലയാക്കിക്കൊണ്ടായിരുന്നു. പ്രസ്തുത ദുആയുടെ തുടക്കം ഇമാം ബുഖാരി റിപ്പോര്ട്ട് ചെയ്ത ഹദീഥില് ഇപ്രകാരമാണ്:
اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ
അല്ലാഹുവേ, നിൻ്റെ അറിവിനെ (വസീലയാക്കി) നിന്നോട് ഉത്തമമായത് ഞാന് തേടുന്നു. നിൻ്റെ ക്വുദ്റത്തിനെ (കഴിവിനെ വസീലയാക്കി) നിന്നോട് ഞാന് കഴിവിന് തേടുന്നു... ... ..
അല്ലാഹുവില് നിന്ന് കൂടുതല് നേടുവാന് ദുആഅ് ചെയ്യുവാന് നബി (സ്വ) കല്പിക്കപ്പെട്ട ഏക വിഷയം വിജ്ഞാനമാണ്. അല്ലാഹു പറയുന്നു:
قُل رَّبِّ زِدْنِي عِلْمًا
എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ. (ക്വുർആൻ 20 :114)