അൽ അസ്മാഉൽ ഹുസ്‌ന, നാമം: 08- القَيُّومُ (അല്‍ക്വയ്യൂം)

അൽ അസ്മാഉൽ ഹുസ്‌ന, നാമം: 08- القَيُّومُ (അല്‍ക്വയ്യൂം)

സ്വയം നിലനിൽക്കുകയും മറ്റെല്ലാത്തിനേയും നിയന്ത്രിച്ചു നിലനിർത്തുകയും ചെയ്യുന്നവൻ എന്നതാണ് അല്‍ക്വയ്യൂം എന്ന നാമം അർത്ഥമാക്കുന്നത്. സ്വയം നിലനിൽക്കുന്നതിനാൽ മറ്റൊരാളേയും ആശ്രയിക്കേണ്ടതില്ലാത്തവനും എല്ലാം നിയന്ത്രിക്കുന്നതിനാൽ എല്ലാവരും ആശ്രയിക്കുന്നവനുമാണ് അല്‍ക്വയ്യൂമായ അല്ലാഹു.

ഇമാം മുജാഹിദ് (റ) പറഞ്ഞു: എല്ലാത്തിനേയും നിയന്ത്രിച്ചു നിലനിർത്തുന്നവനാണ് അല്‍ക്വയ്യൂം. 

ഇമാം ക്വതാദഃ (റ) പറഞ്ഞു: തൻ്റെ പടപ്പുകളുടെ ജനന മരണങ്ങളും കർമ്മങ്ങളും ഉപജീവനങ്ങളും ഏറ്റെടുത്തു നിർവ്വഹിക്കുന്നവനാണ് അല്‍ക്വയ്യും.

ഇമാം ബയ്ഹക്വി (റ) പറഞ്ഞു: അല്‍ക്വയ്യും എന്നതിൻ്റെ ആശയം ശേഷിക്കുക എന്ന വിശേഷണത്തിലേക്കാണ് മടങ്ങുന്നത്. എന്നെന്നും ശേഷിക്കുക എന്നത് അല്ലാഹുവിൻ്റെ സത്തയുടെ വിശേഷണമാണ്. 

ഇമാം ഖത്വാബി (റ) പറഞ്ഞു: മാറിപ്പോകാതെ നിത്യമായി നിലനിൽക്കുന്നവനാണ് അല്‍ക്വയ്യൂം. 

അബ്ദുല്ലാഹ് ഇബ്നു അബ്ബാസി(റ)ല്നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: (നബി (സ്വ) രാത്രിയിൽ തഹജ്ജുദ് നമസ്കാരത്തിന് നിന്നാൽ പറയും:

الَّلهُمَّ لَكَ الحَمْدُ أَنْتَ قَيِّمُ السَّمَاوَاتِ وَالأَرْضِ وَمَنْ فِيهِنَّ

അല്ലാഹുവേ, നിനക്ക് മാത്രമാകുന്നു സ്തുതികൾ മുഴുവനും. നീ ആകാശങ്ങളേയും ഭൂമിയേയും അവയിലുള്ളവയേയും നിയന്ത്രിച്ചു പരിപാലിക്കുന്നവനാകുന്നു. (ബുഖാരി.)

വിശുദ്ധ ക്വുർആനിൽ മൂന്നു സ്ഥലങ്ങളിൽ അല്‍ഹയ്യ് എന്ന നാമത്തോട് ചേർന്ന് ഈ നാമം വന്നിട്ടുണ്ട്. 

اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ

"അല്ലാഹു — അവനല്ലാതെ ആരാധനയ്ക്കർഹനായ മറ്റാരുമില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിലനിർത്തുന്നവനുമാകുന്നു." (ക്വുർആൻ 2:255)

اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ

"അല്ലാഹു — അവനല്ലാതെ ആരാധനയ്ക്കർഹനായ മറ്റാരുമില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിലനിർത്തുന്നവനുമാകുന്നു." (ക്വുർആൻ 3:2)

وَعَنَتِ الْوُجُوهُ لِلْحَيِّ الْقَيُّومِ ۖ وَقَدْ خَابَ مَنْ حَمَلَ ظُلْمًا

"എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിലനിർത്തുന്നവനുമായ അല്ലാഹുവിന് മുമ്പിൽ മുഖങ്ങൾ താഴ്ന്നുപോകും. അനീതി ചുമന്നവൻ തീർച്ചയായും പരാജയപ്പെട്ടു." (ക്വുർആൻ 20:111)

അല്‍ക്വയ്യൂം എന്ന അല്ലാഹുവിൻ്റെ തിരുനാമം രണ്ട് കാര്യങ്ങളെയാണ് വിളിച്ചറിയിക്കുന്നത്: 
 
ഒന്ന്: അല്ലാഹുവിൻ്റെ സമ്പൂർണ ധന്യത 

അവൻ സ്വയം നിലനിൽക്കുന്നവനാണ്. അവൻ്റെ പടപ്പുകളില്നിന്ന് ധന്യനുമാണ്. 

يَا أَيُّهَا النَّاسُ أَنْتُمُ الْفُقَرَاءُ إِلَى اللَّهِ ۖ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ

"മനുഷ്യരേ, നിങ്ങൾ അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു." (ക്വുർആൻ 35: 15)

ഒരു ക്വുദ്സിയ്യായ ഹദീഥിൽ അല്ലാഹു പറഞ്ഞതായി ഇപ്രകാരമുണ്ട്:

إِنَّكُمْ لَنْ تَبْلُغُوا ضَرِّي فَتَضُرُّونِي وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي

((....(എൻ്റെ ദാസന്മാരേ,) നിശ്ചയം നിങ്ങള് എന്നെ ഉപദ്രവിക്കുവാന് എത്തുകയില്ല. അതിനാൽ നിങ്ങള് എന്നെ ഉപദ്രവിക്കുകയില്ല. നി ശ്ചയം നിങ്ങള് എനിക്ക് ഉപകാരം ചെയ്യുവാനെത്തുകയില്ല. അ തിനാൽ നിങ്ങള് എനിക്ക് ഉപകാരം ചെയ്യുകയുമില്ല.)) (മുസ്‌ലിം)

പടപ്പുകളില്നിന്നുള്ള അല്ലാഹുവിൻ്റെ ധന്യത സ്വയം ധന്യതയാണ്. അവന് സൃഷ്ടികളിലേക്ക് ഒരു കാര്യത്തിനും ആവശ്യമുള്ളവനല്ല. അവന് എല്ലാനിലക്കും അവരില്നിന്നെല്ലാം ധന്യനാണ്.
 
രണ്ട്: അല്ലാഹുവിൻ്റെ സമ്പൂർണകഴിവും ആസൂത്രണവും. 

മുഴുവന് സൃഷ്ടികൾക്കുമേലുള്ള അല്ലാഹുവിൻ്റെ സമ്പൂർണകഴിവും അവരിലുള്ള അവൻ്റെ ആസൂത്രണവുമാണ് ഇവിടെ ഉദ്ദേശ്യം. കാരണം അവൻ്റെ കഴിവുകൊണ്ടാണ് അവന് അവയെ നിലനിർത്തുന്നത്. മുഴു സൃഷ്ടികളും അവനിലേക്ക് ആവശ്യക്കാരാകുന്നു. ഒരു കണ്ണിമവെട്ടുന്ന നേരമെങ്കിലും അവക്ക് അവനില്നിന്ന് ധന്യരാകുവാന് കഴിയില്ല. അർശും കുർസിയ്യും വാനങ്ങളും ഭൂമിയും പർവ്വതങ്ങളും വൃക്ഷങ്ങളും ജനങ്ങളും മൃഗങ്ങളുമെല്ലാം അല്ലാഹുവിലേക്ക് ആവശ്യക്കാരാകുന്നു. 

أَفَمَنْ هُوَ قَائِمٌ عَلَىٰ كُلِّ نَفْسٍ بِمَا كَسَبَتْ ۗ وَجَعَلُوا لِلَّهِ شُرَكَاءَ ۚ قُلْ سَمُّوهُمْ...

"അപ്പോൾ ഓരോ വ്യക്തിയും പ്രവർത്തിച്ചുകൊണ്ടിരുന്ന കാര്യത്തിന് മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവൻ (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവർ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: അവരുടെ പേരൊന്നു പറഞ്ഞുതരൂ..." (ക്വുർആൻ 13: 33)

إِنَّ اللَّهَ يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَنْ تَزُولَا ۚ وَلَئِنْ زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِنْ بَعْدِهِ ۚ إِنَّهُ كَانَ حَلِيمًا غَفُورًا

"തീർച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാസ്ഥാനങ്ങളിൽ നിന്ന്) നീങ്ങാതെ പിടിച്ചുനിർത്തുന്നു. അവ രണ്ടും നീങ്ങിപ്പോകുകയാണെങ്കിൽ, അവനെക്കൂടാതെ മറ്റാർക്കും അവയെ പിടിച്ചുനിർത്താനാവില്ല. തീർച്ചയായും അവൻ ഏറെ സഹിഷ്ണുതയുള്ളവനും ഏറെ പൊറുക്കുന്നവനുമാകുന്നു." (ക്വുർആൻ 35: 41)

وَمِنْ آيَاتِهِ أَنْ تَقُومَ السَّمَاءُ وَالْأَرْضُ بِأَمْرِهِ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةً مِنَ الْأَرْضِ إِذَا أَنْتُمْ تَخْرُجُونَ

"അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു അവന്റെ കല്പനപ്രകാരം ആകാശവും ഭൂമിയും നിലനിൽക്കുന്നത്. പിന്നീട് അവൻ ഭൂമിയിൽ നിന്ന് നിങ്ങളെ ഒരൊറ്റ വിളി വിളിക്കുമ്പോൾ നിങ്ങൾ പുറത്തുവന്നുകൊള്ളുന്നതാണ്." (ക്വുർആൻ 30: 25)

ഈ ആശയത്തിലുള്ള ആയത്തുകൾ ധാരാളമാകുന്നു. ഇസ്മുല്ലാഹിൽ അഅ്ള്വമിനെകുറിച്ച് പരാമർശിക്കുന്ന മിക്ക ഹദീഥുകളിലും അല്‍ഹയ്യ്, അല്‍ക്വയ്യൂം എന്നീ നാമങ്ങൾ ഒന്നിച്ചു വന്നിരിക്കുന്നു. അവയിൽ ചിലത് മുൻ അദ്ധ്യായത്തിൽ നല്കിയല്ലോ.
 
ഏതാനും ദുആകൾ 

അല്‍ഹയ്യ്, അല്‍ക്വയ്യൂം എന്നീ നാമങ്ങൾ ചേർന്നുവന്നിട്ടുള്ള ധാരാളം ദുആഉകൾ സ്ഥിരപ്പെട്ടിരിക്കുന്നു.
നബി (സ്വ) മകൾ ഫാത്വിമ(റ)യോട് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാന് വസ്വിയ്യത്ത് ചെയ്തത് ഇപകാരമാണ്. 

يَا حَيُّ ، يَا قَيُّومُ ، بِرَحْمَتِكَ أَسْتَغِيثُ ، أَصْـلِحْ لِي شَأْنِي كُلَّهُ ، وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാ യ അല്ലാഹുവേ, നിൻ്റെ കാരുണ്യം കൊണ്ട് നിന്നോടു ഞാൻ സ ഹായം അര്ത്ഥിക്കുന്നു. എൻ്റെ എല്ലാ കാര്യങ്ങളും എനിക്കു നീ നന്നാക്കിത്തരേണമേ. കണ്ണിമവെട്ടുന്ന നേരംപോലും എൻ്റെ കാര്യം നീ എന്നിലേക്കു ഏല്പിക്കരുതേ. 

അബുദ്ദർദാഅ് (റ) രാത്രിയുടെ യാമങ്ങളിൽ നമസ്കരിക്കുകയും ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു:

نَامَتِ الْعُيُونُ وَغَارَتِ النُّجُومُ وَأَنْتَ الْحَىُّ الْقَيُّومُ

കണ്ണുകള് ഉറങ്ങി. നക്ഷത്രങ്ങൾ അസ്തമിച്ചു. നീ അല്‍ഹയ്യും അല്‍ക്വയ്യൂമുമായവനാണല്ലോ.