അൽഹയ്യ് എന്ന നാമം അല്ലാഹുവിന് അൽഹയാത് (ജീവൻ) എന്ന വിശേഷണത്തെ സ്ഥാപിക്കുന്നു. സമ്പൂർണതയാണ് പ്രസ്തുത വിശേഷണത്തിൻ്റെ പ്രത്യേകത. അഥവാ ഇല്ലായ്മ മുൻ കടക്കാത്ത, നാശമോ മരണമോ വന്നുഭവിക്കാത്ത, കുറവോ ന്യൂനതയോ ഏൽക്കാത്ത പരിപൂർണമായ ഹയാത്. അറിവ്, കേൾവി, കാഴ്ച, കഴിവ്, വേണ്ടുക, കാരുണ്യം, ഉദ്ദേശിക്കുന്നത് പ്രവർത്തിക്കൽ തുടങ്ങിയുള്ള അല്ലാഹുവിൻ്റെ വിശേഷണങ്ങളുടെ സമ്പൂർണതയെ അനിവാര്യമാക്കുന്ന വിശേഷണമാണ് അൽ ഹയാത്.
ഇമാം അൽ ഖത്ത്വാബി (റ) പറഞ്ഞു: അല്ലാഹുവിൻ്റെ വിശേഷണത്തിൽ അൽ ഹയ്യ് എന്നാൽ അവൻ ഉണ്മയുള്ളവനായി കൊണ്ടിരിക്കുന്നവനാണ്. അൽഹയാത് (ജീവൻ) എന്നതുകൊണ്ടു വിശേഷിപ്പിക്കപ്പെട്ടവനുമാണ്. മരണത്തിനു ശേഷം ജീവൻ അവനു പുതുതായി ഉണ്ടായതല്ല. ജീവിതത്തിനുശേഷം മരണം അവന് സംഭവിക്കുകയില്ല. ജീവനുള്ള മറ്റുള്ളവക്കെല്ലാം മരണവും ജീവിതത്തിൻ്റെ രണ്ടറ്റങ്ങളിലൊന്നിലോ അല്ലെങ്കിൽ അവ രണ്ടിലുമോ ഇല്ലായ്മയും സംഭവിക്കും.
ഏതൊരുവനാണോ ഈ വിശേഷഗുണമുള്ളവൻ അവൻ മാത്രമാണ് ആരാധിക്കപ്പെടുവാനും തവക്കുലാക്കപ്പെടുവാനും അർഹൻ.
{ وَتَوَكَّلۡ عَلَى ٱلۡحَيِّ ٱلَّذِي لَا يَمُوتُ وَسَبِّحۡ بِحَمۡدِهِۦۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا }
ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്‍റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന്‍ തന്നെ മതി. (ക്വുർആൻ 25: 58)
വിശുദ്ധ ക്വുർആനിൽ അഞ്ചു സ്ഥലങ്ങളിൽ വന്നിട്ടുള്ള അല്ലാഹുവിൻ്റെ അതിമഹനീയ നാമമാണ് അൽഹയ്യ്. അതിൽ മൂന്നു തവണ അല്ക്വയ്യൂം എന്ന നാമത്തോടു ചേർന്നാണ് അത് വന്നിരിക്കുന്നത്.
അൽഹയ്യ് എന്ന അത്ത്യുത്തമ നാമം അല്ലാഹുവിന് സുന്നത്തിലും സ്ഥിരപ്പെട്ടു വന്നിരിക്കുന്നു.
ഏതാനും തിരുമൊഴികൾ :
ഉബയ്യിബ്നു കഅ്ബി(റ) ൽ നിന്നും നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
يَا أَبَا الْمُنْذِرِ أَتَدْرِى أَىُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ. قَالَ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ. قَالَ يَا أَبَا الْمُنْذِرِ أَتَدْرِى أَىُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ. قَالَ قُلْتُ اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ. قَالَ فَضَرَبَ فِى صَدْرِى وَقَالَ وَاللَّهِ لِيَهْنِكَ الْعِلْمُ أَبَا الْمُنْذِرِ
അബുൽമുന്ദിർ, താങ്കളുടെ കൂടെയുള്ള അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ (ക്വുർആനിൽ) ഏറ്റവും മഹത്വമേറിയ ആയത്ത് ഏതെന്ന് താങ്കൾക്കറിയാമോ? ഞാൻ പറഞ്ഞു: അല്ലാഹുവും അല്ലാഹുവിൻ്റെ റസൂലുമാണ് നന്നായി അറിയുന്നവർ. അബുൽമുന്ദിർ, താങ്കളുടെ കൂടെയുള്ള അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ (ക്വുർആനിൽ) ഏറ്റവും മഹത്വമേറിയ ആയത്ത് ഏതെന്ന് താങ്കൾക്കറി യാമോ? ഞാൻ പറഞ്ഞു:
اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ.
എന്ന ആയത്തുൽകുർസിയ്യ്. അപ്പോൾ തിരുമേനി (സ്വ) എൻ്റെ നെഞ്ചിൽ തട്ടി. എന്നിട്ട് പറഞ്ഞു: അബുൽമുന്ദിർ, അല്ലാഹുവാണെ, നിങ്ങൾ വിജ്ഞാനം ഏറെയുള്ളവനാണ്; നിങ്ങൾക്കു മംഗളം. (മുസ്ലിം)
ഉബയ്യ് ഇബ്നു കഅ്ബ് (റ) ജിന്നിൻ്റെ ശല്യങ്ങളിൽ നിന്ന് രക്ഷപ്പെടുവാനുള്ള മാർഗം ആരാഞ്ഞപ്പോൾ ജിന്ന് തന്നെ അത് ആയത്തുൽ കുർസിയ്യാണെന്ന് ഉണർത്തുകയും ജിന്ന് ആ പറഞ്ഞത് സത്യമാണെന്ന് നബി (സ്വ) പറയുകയും ചെയ്ത ഭാഗം ഇപ്രകാരമാണ് ഇമാം ഹാകിം നിവേദനം ചെയ്യുന്നത്:
... ..ഉബയ്യ് ചോദിച്ചു: നിങ്ങളിൽനിന്ന് (ജിന്നുകളിൽനിന്ന്) ഞങ്ങളെ രക്ഷപ്പെടുത്തുന്നത് എന്താണ്? ജിന്ന് പറഞ്ഞു: സൂറത്തുൽ ബക്വറയിലെ ഈ ആയത്ത് അഥവാ ആയത്തുൽ കുർസിയ്യ് ആണ്. വല്ലവനും വൈകുന്നേരമാകുമ്പോൾ ആയത്തുലൽകുർസിയ്യ് പാരായണം ചെയ്താൽ നേരംപുലരുവോളവും നേരംപുലരുമ്പോൾ പാരായണം ചെയ്താൽ വൈകുന്നേരമാകുവോളവും ഞങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടും. പ്രഭാതമായപ്പോൾ ഉബയ്യ് (റ), നബി(സ്വ)യുടെ അടുക്കൽ ചെല്ലുകയും അത് തിരുമേനി (സ്വ) യോട് ഉണർത്ത്കയും ചെയ്തു. നബി (സ്വ) പറഞ്ഞു: നീചൻ സത്യം പറഞ്ഞിരിക്കുന്നു.
എന്നെന്നും ജീവിച്ചരിക്കുന്നവനോടാണ് ദുആയും തേട്ടവും. മരണം വരിച്ചവരും മരണം വരിക്കുന്ന ജീവനുള്ളവരും ജീവനില്ലാത്ത വസ്തുക്കളും ഒരിക്കലും യാതൊരുവിധ ആരാധനയും അർഹിക്കുന്നേയില്ല. അല്ലാഹു പറഞ്ഞു:
{ هُوَ ٱلۡحَيُّ لَآ إِلَٰهَ إِلَّا هُوَ فَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۗ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ }
അവനാകുന്നു എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.(ക്വുർആൻ 40: 65)
ഒരു ദുആഅ്:
താഴെ വരുന്ന ദുആഅ് വല്ലവനും ചൊല്ലിയാൽ അവൻ യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് ഓടിയാലും ശരി അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് നബി (സ്വ) പറഞ്ഞതായി സെയ്ദിബ്നു ഹാരിഥഃയിൽ(റ)നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീഥിലുണ്ട്.
أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ
അൽഹയ്യും അല്ക്വയ്യൂമുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അങ്ങിനെയുള്ള അല്ലാഹുവോടു ഞാൻ പാപമോചനത്തിനു തേടുകയും അവനിലേക്ക് തൗബഃ ചെയ്യുകയും ചെയ്യുന്നു.
അബ്ദുല്ലാഹ് ഇബ്നു മസ്ഊദി(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിൻ്റെ റസൂലി(സ്വ)ന് വല്ല ദുഃഖമോ ഞെരുക്കമോ സംഭവിച്ചാൽ തിരുമേനി (സ്വ) പറയുമായിരുന്നു:
يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിൻ്റെ കാരുണ്യം കൊണ്ട് നിന്നോടു ഞാൻ സഹായം അർത്ഥിക്കുന്നു.
അങ്ങാടിയിൽ പ്രവേശിച്ചാൽ താഴെ വരുന്ന ദുആ ചൊല്ലുന്ന വിശ്വാസിക്ക് പത്തു ലക്ഷം നന്മകൾ രേഖപ്പെടുത്തപ്പെടുമെന്നും അയാളുടെ പത്തുലക്ഷം തിന്മകൾ മായ്ക്കപ്പെടുമെന്നും. അയാൾക്ക് പത്തുലക്ഷം പദവികള് ഉയർത്തപ്പെടുമെന്നും സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കപ്പെടുമെന്നും ഹദീഥിലുണ്ട്.
لاَ إِلَه إلاّ الله وَحْدَهُ لا شَرِيكَ لَهُ لَهُ المُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ حَيٌّ لا يَمُوتُ بِيَدِهِ الْخَيْر وَهُوعَلَى كُلِّ شَيْءَ قَدِيرٌ
യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്; മരിക്കുകയില്ല. അവൻ്റെ കയ്യിലാകുന്നു മുഴുനന്മകളും. അവൻ എല്ലാത്തിനും കഴിവുള്ളവനുമാണ്.