അസ്വമദ് الصَّمَدُ
വിശുദ്ധ ഖുർആനിൽ ഒരു തവണ മാത്രം വന്നിട്ടുള്ള അല്ലാഹുവിൻ്റെ മഹനീയ നാമമാണ് അസ്സ്വമദ്. വിശുദ്ധ ഖുർആനിൻ്റെ മൂന്നിലൊന്നെന്ന് നബി (സ്വ) വിശേഷിപ്പിച്ച സൂറത്തുൽ ഇഖ്ലാസിൽ ആണ് പ്രസ്തുത നാമം വന്നിരിക്കുന്നത്.
اللَّهُ الصَّمَدُ
വിവിധ വിശേഷണങ്ങളെ വിളിച്ചറിയിക്കുന്ന നാമങ്ങളിലൊന്നാണ് അസ്സ്വമദ് എന്ന് ഇബ്നു അബ്ബാസിൽ നിന്നുള്ള വിവരണത്തിൽ നിന്ന് മനസ്സിലാക്കാം. അദ്ദേഹം പറഞ്ഞു:
"നേതൃത്വത്തിൽ പൂർണതവരിച്ച സയ്യിദും, ശറഫിൽ പൂർണതവരിച്ച ശരീഫും, മഹത്വത്തിൽ പൂർണതവരിച്ച അൽഅഴീമും, ഹില്മിൽ (പെട്ടെന്ന് ശിക്ഷിക്കാതെ തൗബക്ക് സാവകാശം നൽകൽ) പൂർണതവരിച്ച അൽഹലീമും, ധന്യതയിൽ പൂർണതവരിച്ച അൽഘനിയ്യും, ആധിപത്യത്തിൽ പൂർണതവരിച്ച അൽജബ്ബാറും, അറിവിൽ പൂർണതവരിച്ച അൽആലിമും, ഹിക്മത്തിൽ പൂർണതവരിച്ച അൽഹാകിമുമാണ് അസ്സ്വമദ്. അവനത്രേ ശറഫിൻ്റെയും നേതൃത്വത്തിൻ്റെയും ഇനങ്ങളിൽ പൂർണതവരിച്ചവൻ. അവനത്രേ അല്ലാഹു. ഇതാകുന്നു അവൻ്റെ വിശേഷണം; ഇവ അവനുമാത്രമേ ആകാവൂ."
വേറെയും അഭിപ്രായങ്ങൾ അസ്സ്വമദിൻ്റെ ആശയമായി പറയപ്പെട്ടിട്ടുണ്ട്.
കഴിവ് പൂർണമായ അൽഖാദിർ,
കാരുണ്യം പൂർണമായ അർറഹീം,
ഔദാര്യം പൂർണമായ അൽജവ്വാദ്,
ആവശ്യങ്ങളിൽ ആശ്രയിക്കപ്പെടുന്ന സയ്യിദ്,
എല്ലാവരും ആശ്രയിക്കുന്ന, ആരെയും ആശ്രയിക്കേണ്ടതില്ലാത്തവൻ,
താനുദ്ദേശിക്കുന്നത് വിധിക്കുകയും താനിച്ഛിക്കുന്നത് പ്രവർത്തിക്കുകയും ചെയ്യുന്നവൻ,
ആഗ്രഹങ്ങളിൽ ഉദ്ദേശിക്കപ്പെടുന്നവൻ,
മുസീബത്തുകളിൽ സഹായം തേടപ്പെടുന്നവൻ,
തിന്നുകയും കുടിക്കുകയും ചെയ്യാത്തവൻ,
നേതൃത്വം പരമകാഷ്ഠയിലെത്തിയവൻ,
എല്ലാവർക്കും മീതെയുള്ളവൻ,
എന്നെന്നും ശേഷിക്കുന്നവൻ (അൽബാഖി),
എന്നെന്നും നിലനിൽക്കുന്നവൻ (അദ്ദായിം),
ന്യൂനതകളൊന്നുമില്ലാത്ത സമ്പൂർണ്ണൻ (അൽകാമിൽ),
തുടങ്ങി ധാരാളം അർത്ഥങ്ങൾ അസ്സ്വമദ് എന്ന തിരുനാമത്തിന് ഉണ്ടെന്ന് പ്രാമാണികരായ പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്.
അസ്സ്വമദ് എന്ന അത്ത്യുത്തമ നാമം സുന്നത്തിലും സ്ഥിരപ്പെട്ടിരിക്കുന്നു. അബൂഹുറൈരയിൽ നിന്നും നിവേദനം: അല്ലാഹുവിൻ്റെ പ്രവാചകൻ (സ്വ) പറഞ്ഞു:
قَالَ اللَّهُ كَذَّبَنِي ابْنُ آدَمَ .... وَأَمَّا شَتْمُهُ إِيَّايَ فَقَوْلُهُ اتَّخَذَ اللَّهُ وَلَدًا وَأَنَا الْأَحَدُ الصَّمَدُ لَمْ أَلِدْ وَلَمْ أُولَدْ وَلَمْ يَكُنْ لِي كُفْئًا أَحَدٌ
((അല്ലാഹു പറഞ്ഞു: ആദം സന്തതി എന്നെ കളവാക്കിയിരിക്കുന്നു..... എൻ്റെ നേരെയുള്ള അവൻ്റെ ആക്ഷേപം ‘അല്ലാഹു സന്തതിയെ സ്വീകരിച്ചിരിക്കുന്നു’ എന്ന വാക്കാണ്. ഞാനാകട്ടെ അൽഅഹദും (ഏകനും) അസ്സ്വമദുമാണ്. ഞാൻ (ആർക്കും) ജന്മം നൽകിയിട്ടില്ല; (ആരുടേയും സന്തതിയായി) ജനിച്ചിട്ടുമില്ല; എനിക്കു തുല്യനായി ആരുമില്ല.)) (ബുഖാരി)
ഏതാനും പ്രാർത്ഥനകൾ
മിഹ്ജൻ ഇബ്നു അദ്‌റയിൽ നിന്നുള്ള നിവേദനം. നബി (സ്വ) ഒരാൾ തൻ്റെ തശഹ്ഹുദിൽ ഇപ്രകാരം പ്രാർത്ഥിക്കുന്നത് കേട്ടു:
اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുവേ, നിന്നോടിതാ ഞാൻ തേടുന്നു — അല്ലാഹുവേ, ഏകനും, എല്ലാവർക്കും ആശ്രിതനും നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരെയും) ജനിപ്പിക്കാത്തവനും, തുല്യനായി ആരുമില്ലാത്തവനുമായവനേ, നീ എനിക്ക് എൻ്റെ പാപങ്ങൾ പൊറുക്കേണമേ. നിശ്ചയം നീ പാപങ്ങൾ പൊറുത്തുമാപ്പ് നൽകുന്നവനും കരുണ ചൊരിയുന്നവനുമാണ്.
ഈ ദുആ നിർവ്വഹിച്ച വ്യക്തിക്ക് പൊറുത്തുകൊടുക്കപ്പെട്ടു എന്ന് നബി (സ്വ) മൂന്നു തവണ പറയുകയുണ്ടായി.
അല്ലാഹുവിനെ സൃഷ്ടിച്ചത് ആരാണ് എന്ന നിലയ്ക്ക് വസ്വാസ് ഉണ്ടാക്കപ്പെട്ടാൽ പ്രഖ്യാപിക്കുവാൻ നബി (സ്വ) ഇപ്രകാരം പഠിപ്പിച്ചു:
اللهُ أَحَدٌ اللهُ الصَّمدُ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُواً أَحَد
(അല്ലാഹു ഏകനാകുന്നു. അല്ലാഹു സ്വമദുമാകുന്നു. അവൻ (ആർക്കും) ജന്മം നൽകിയിട്ടില്ല; (ആരുടേയും സന്തതിയായി) ജനിച്ചിട്ടുമില്ല; അവനു തുല്യനായി ആരുമില്ലതാനും.))
ശേഷം അവൻ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ ഉമിനീരിൻ്റെ നനവോടെ ഊതുകയും പിശാചിൽ നിന്നു അല്ലാഹുവിൽ അഭയം തേടുകയും ചെയ്യുവാൻ തിരുമേനി (സ്വ) ഉണർത്തി.