അൽ അസ്മാഉൽ ഹുസ്‌ന - الإِلـهُ (അൽ ഇലാഹ്)

അൽ അസ്മാഉൽ ഹുസ്‌ന -  الإِلـهُ (അൽ ഇലാഹ്)

الإِلـهُ അൽ ഇലാഹ്
ഈ പദം അൽ ഇലാഹ് എന്ന നാമവും ഇലാഹിയ്യത് അല്ലെങ്കിൽ ഉലൂഹിയ്യത് എന്ന വിശേഷണവും അല്ലാഹുവിന് സ്ഥിരീകരിക്കുന്നു. അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധനക്ക് അർഹൻ, അവനല്ലാതെ മറ്റു യാതൊരു ആരാധ്യനുമില്ല എന്നത് തേടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവൻ എന്നതാണ് അൽ ഇലാഹ് അർത്ഥമാക്കുന്നത്. ഹൃദയങ്ങൾ അവനെ ആദരിക്കുകയും അവനു വിനയപ്പെടുകയും വഴിപ്പെടുകയും ഇഷ്ടത്തോടും തൃപ്തിയോടും ആരാധനയർപ്പിക്കുകയും ചെയ്യുന്നു.

അബുൽ ഹയ്ഥം (റ) പറഞ്ഞു: അല്ലാഹു എന്ന വാക്കിൻ്റെ അടിസ്ഥാനം ഇലാഹ് ആകുന്നു. 

അല്ലാഹു പറഞ്ഞു:

مَا اتَّخَذَ اللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَٰهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَانَ اللَّهِ عَمَّا يَصِفُونَ

അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍! (ക്വുർആൻ 23: 91) 

ആരാധിക്കപെടുന്നവനും ആരാധിക്കുന്നവനെ സൃഷ്ടിച്ചവനും അവനു ഉപജീവനം കനിയുന്നവനും നിയന്ത്രിക്കുന്നവനും അതിനെല്ലാം കഴിവുള്ളവനും ആകുന്നതുവരെ അവൻ ഇലാഹ് ആകുകയില്ല. വല്ലവനും അപ്രകാരമല്ലെങ്കിൽ അവനൊരിക്കലും ഇലാഹല്ല. അന്യായമായി അവൻ ആരാധിക്കപെട്ടാലും ശരി. എന്നുമാത്രമല്ല അവൻ സൃഷ്ടിക്കപെട്ടവനും അടിമയാക്കപെട്ടവനുമാണ്...

അല്ലാഹുവിൻ്റെ ഈ അത്യുത്തമ നാമം പല തവണ വിശുദ്ധ ക്വുർആനിൽ വന്നിട്ടുണ്ട്. 

وَهُوَ الَّذِي فِي السَّمَاءِ إِلَٰهٌ وَفِي الْأَرْضِ إِلَٰهٌ ۚ وَهُوَ الْحَكِيمُ الْعَلِيمُ

അവനാകുന്നു ആകാശത്ത്‌ ദൈവമായിട്ടുള്ളവനും, ഭൂമിയില്‍ ദൈവമായിട്ടുള്ളവനും.അവനാകുന്നു യുക്തിമാനും സര്‍വ്വജ്ഞനും. (ക്വുർആൻ 43: 84)

وَإِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ لَّا إِلَٰهَ إِلَّا هُوَ الرَّحْمَٰنُ الرَّحِيمُ

നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ. (ക്വുർആൻ 2: 163)

أَمْ كُنتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِن بَعْدِي قَالُوا نَعْبُدُ إِلَٰهَكَ وَإِلَٰهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ إِلَٰهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ

എനിക്ക്‌ ശേഷം ഏതൊരു ദൈവത്തെയാണ്‌ നിങ്ങള്‍ ആരാധിക്കുക ? എന്ന്‌ യഅ്ഖൂബ്‌ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട്‌ ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇഷാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന്‌ കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമായിരിക്കും (ക്വുർആൻ 2: 133)

ഖുബയ്ബി ബ്നു അദിയ്യ് (റ) പാടിയ വരികളിൽ അല്ലാഹുവിൻ്റെ അൽ ഇലാഹ് എന്ന നാമം വന്നതായി ഹദീഥു ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. അദ്ദേഹത്തെ വധിക്കുവാൻ ശത്രുക്കൾ തൻഈമിലേക്ക് കൊണ്ടുപോയപ്പോൾ  അദ്ദേഹം പാടി:

وَلَسْتُ أُبَالِي حِينَ أُقْتَلُ مُسْلِمًا         عَلَى أَيِّ شِقٍّ كَانَ لِلَّهِ مَصْرَعِي
وَذَلِكَ فِي ذَاتِ الْإِلَـــــهِ وَإِنْ يَشَأْ          يُبَارِكْ عَلَى أَوْصَالِ شِـــلْوٍ مُمَزَّعِ

'മുസ്ലിമായി ഞാൻ വധിക്കപ്പെടുന്ന അവസരത്തിൽ അല്ലാഹുവിനുവേണ്ടി ഏതു ഭാഗത്തേക്കു ഞാൻ പതിച്ചാലും ഞാൻ അത് കാര്യമാക്കില്ല. അത് ഇലാഹിൻ്റെ (മാർഗത്തിലാണ്.) അവനുദ്ദേശിച്ചാൽ മുറച്ചെറിയപ്പെട്ട കുടല്മാലകളിൽ അനുഗ്രഹമരുളും.' 
അപ്പോൾ ഇബ്നുൽ ഹാരിഥ് അദ്ദേഹത്തെ വധിക്കുകയുണ്ടായി. (ബുഖാരി)

ഇലാഹായ അല്ലാഹുവാണ് ആശ്രയവും അഭയവും പ്രതീക്ഷയും. അവനോടു മാത്രമാണ് ദുആയും രക്ഷക്കായുള്ള തേട്ടവും. അഭയതേട്ടവും സാഹയതേട്ടവും അവനോടേ ആകാവൂ. അവനിലാണ് ഭരമേൽപ്പിക്കേണ്ടത്. അവനെയാണ് ഭയക്കേണ്ടത്. അവനോടാണ് പാപം പൊറുക്കുവാൻ തേടേണ്ടത്. അവനിൽ ഒരിക്കലും പ്രതീക്ഷമുറിയുവാനോ ഇച്ഛാഭംഗപ്പെടുവാനോ പാടുള്ളതല്ല. 

സൃഷ്ടിച്ചുപരിപാലിക്കുന്ന, ഉപജീവനമേകുന്ന, നിര്ബന്ധിതൻ്റെ വിളികേള്ക്കുന്ന, മാര്ഗം കാണിക്കുന്ന, അനുഗ്രഹമരുളുന്ന, അല്ലാഹു മാത്രമാണ് ഇലാഹായവന് അഥവാ ആരാധനകളെ ല്ലാം അര്ഹിക്കുന്നവന് എന്ന പരമാർത്ഥത്തിലേക്ക് വിശുദ്ധ ക്വുര് ആന് പലയിടങ്ങളിൽ മനുഷ്യ ചിന്തയെ തട്ടിയുണര്ത്തിയിട്ടുണ്ട്. സൂറത്തുന്നംലിൽ ഏതാനും വചനങ്ങളിലൂടെ അല്ലാഹു മനു ഷ്യബുദ്ധിയോട് സംവദിക്കുന്നതുനോക്കൂ:

قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَىٰ عِبَادِهِ الَّذِينَ اصْطَفَىٰ ۗ آللَّهُ خَيْرٌ أَمَّا يُشْرِكُونَ

( നബിയേ, ) പറയുക: അല്ലാഹുവിന്‌ സ്തുതി. അവന്‍ തെരഞ്ഞെടുത്ത അവന്‍റെ ദാസന്‍മാര്‍ക്ക്‌ സമാധാനം. അല്ലാഹുവാണോ ഉത്തമന്‍; അതല്ല, ( അവനോട്‌ ) അവര്‍ പങ്കുചേര്‍ക്കുന്നവയോ?

أَمَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنزَلَ لَكُم مِّنَ السَّمَاءِ مَاءً فَأَنبَتْنَا بِهِ حَدَائِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنبِتُوا شَجَرَهَا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ

അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ! ) എന്നിട്ട്‌ അത്‌ ( വെള്ളം ) മൂലം കൌതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക്‌ കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു.

أَمَّن جَعَلَ الْأَرْضَ قَرَارًا وَجَعَلَ خِلَالَهَا أَنْهَارًا وَجَعَلَ لَهَا رَوَاسِيَ وَجَعَلَ بَيْنَ الْبَحْرَيْنِ حَاجِزًا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന്‌ ഉറപ്പ്‌ നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.

أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَٰهٌ مَّعَ اللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ

അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ ( അതല്ല, അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച്‌ മാത്രമേ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നുള്ളൂ.

أَمَّن يَهْدِيكُمْ فِي ظُلُمَاتِ الْبَرِّ وَالْبَحْرِ وَمَن يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۗ أَإِلَٰهٌ مَّعَ اللَّهِ ۚ تَعَالَى اللَّهُ عَمَّا يُشْرِكُونَ

അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക്‌ വഴി കാണിക്കുകയും, തന്‍റെ കാരുണ്യത്തിന്‌ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനോ? ( അതല്ല, നിങ്ങളുടെദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു.

أَمَّن يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَمَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۗ أَإِلَٰهٌ مَّعَ اللَّهِ ۚ قُلْ هَاتُوا بُرْهَانَكُمْ إِن كُنتُمْ صَادِقِينَ

അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട്‌ അത്‌ ആവര്‍ത്തിക്കുകയും, ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? ( അതല്ല, അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ( നബിയേ, ) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ്‌ നിങ്ങള്‍ കൊണ്ട്‌ വരിക.
 (ക്വുർആൻ 27: 59 64)

ഇലാഹായ അല്ലാഹു മാത്രമാണ് ദുആഇനു അർഹൻ . മറ്റാരോടും ദുആഅ് ആയിക്കൂട. പ്രാർത്ഥന അവനു നിഷ്കളങ്കമായിരിക്കണം. അല്ലാഹു പറഞ്ഞു:

وَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ ۘ لَا إِلَٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ

അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ്‌ വിധികര്‍ത്തൃത്വം. അവങ്കലേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (ക്വുർആൻ 28: 88) 

هُوَ الْحَيُّ لَا إِلَٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ നിങ്ങള്‍ അവനോട്‌ പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന്‌ സ്തുതി. (ക്വുർആൻ 40: 65)

ഇലാഹായ അല്ലാഹുവാണ് പാപമോചനം നല്കുന്ന വന്. തെറ്റുകുറ്റങ്ങള് മറക്കുവാനും പൊറുക്കുവാനും ഇസ്തിഗ്ഫാർ നടത്തേണ്ടത് ഇലാഹായവനോട് മാത്രമാണ്. 

فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ

ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന്‌ നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന്‌ നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്‌ (ക്വുർആൻ 47: 19)

ഏക ഇലാഹായ അല്ലാഹുവെ ഭയന്നു ജീവിക്കുവാനാണ് അവൻ്റെ കല്പന.

وَقَالَ اللَّهُ لَا تَتَّخِذُوا إِلَٰهَيْنِ اثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ وَاحِدٌ ۖ فَإِيَّايَ فَارْهَبُونِ

അല്ലാഹു അരുളിയിരിക്കുന്നു: രണ്ട്‌ ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്‌. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ (ഏകദൈവമായ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍. (ക്വുർആൻ 16: 51)

ഏകനും ഇലാഹുമായ അല്ലാഹുവിനു സമർപ്പിച്ചും കീഴ്പെട്ടും ജീവിതം നയിക്കുവാനാണ് അവനിൽ നിന്നുള്ള ബോധനം.

قُلْ إِنَّمَا يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَهَلْ أَنتُم مُّسْلِمُونَ

പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ്‌ എന്നത്രെ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നത്‌. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ? (ക്വുർആൻ 21: 108)

അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേര്ക്കാതെ ആ രാധനകള് അവനുമാത്രമാക്കി, സല്പ്രവൃത്തികള് അനുഷ്ഠിച്ച്, മരണാനന്തരം അവനെ കണ്ടുമുട്ടുവാനാണ് അവൻ്റെ കല്പന. 

قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا

( നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ(ക്വുർആൻ 18: 110)

ഒരു സുപ്രധാന ദുആഅ്

മത്സ്യത്തിൻ്റെ വയറ്റിലായിരിക്കെ യൂനുസ് (അ) ഈ മഹത്തായ നാമം കൊണ്ടാണ് അല്ലാഹുവോട് തേടിയത്. പ്രസ്തുത ദുആയിരക്കുന്ന ഏതൊരു മുസ്ലിമിനും അല്ലാഹു ഉത്തരം നല്കുമെന്ന് അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞതായി ഇമാം അ ഹ്മദ് നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്. 

لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنْ الظَّالِمِينَ

യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീയെത്ര പരിശുദ്ധൻ! (നൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.) തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽപെട്ടവനാകുന്നു.