സ്രഷ്ടാവും സൃഷ്ടിപരിപാലകനും നിയന്താവും രക്ഷിതാവും സംരക്ഷകനും ഉടമസ്ഥനുമായ ഏകനായവനെ കുറിക്കുന്ന സംജ്ഞാനാമമാണ് അല്ലാഹു. മഹത്വമേറിയവനും യഥാർത്ഥ ആരാധ്യനുമായവൻ്റെ അതിസുന്ദരവും അതിമഹത്തായതുമായ നാമം. അല്ലാഹു എന്ന നാമം അവനു മാത്രം പ്രത്യേകമായ നാമമാണ്. അതു കൊണ്ട് മറ്റൊന്നിനും നാമകരണം ചെയ്തു കൂട.
അല്ലാഹു എന്ന വാക്ക് അടിസ്ഥാന പരമായി ഇപ്രകാരം ഒരു നാമമാണോ അതല്ല ഒരു മൂലധാതുവില്നിന്ന് എടുക്കപെട്ടതാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.
ആരാധിക്കപെടുന്നവന് എന്ന് അർത്ഥമുള്ള ഇലാഹ് എന്ന വാക്കിലേക്ക് അൽ എന്ന അവ്യയം ചേർത്ത് പ്രത്യേകമാക്കിയതാണ് അല്ലാഹു എന്ന് പലരും അഭിപ്രായപെട്ടിട്ടുണ്ട്. അപ്പോൾ സാക്ഷാൽ ആരാധ്യൻ, യഥാർത്ഥ ദൈവം, പരമേശ്വരൻ എന്നൊക്കെയാണ് അത് അർത്ഥമാക്കുന്നത്.
ഹൃദയങ്ങൾ ഭയക്കുകയും മനസുകൾ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന യഥാർത്ഥ ആരാധ്യനുള്ള നാമമാണ് അല്ലാഹു; അവനെ കുറിച്ചുള്ള ദിക്റും അവനോടുള്ള ശുക്റും അവനിലുള്ള ഇഷ്ടവും ഇണക്കവും വർദ്ധിപ്പിക്കും.
ഇമാം ഇബ്നുല്ക്വയ്യിം (റ) പറഞ്ഞു: അസ്മാഉല്ഹുസ്നായുടെ ആശയങ്ങളെ മുഴുവന് തേടുകയും മൊത്തത്തിൽ അവയെ അറിയിക്കുകയും ചെയ്യുന്ന നാമമാണ് അല്ലാഹു എന്നു മനസിലാക്കാം. ദിവ്യത്വത്തിൻ്റെ (ഇലാഹിയ്യത്തിൻ്റെ) വിശേഷണങ്ങൾക്കുള്ള വിവരണവും വിളംബരവുമാണ് അസ്മാഉല്ഹുസ്നാ. പ്രസ്തുത ഇലാഹിയ്യത്തിൽ നിന്നത്രേ അല്ലാഹു എന്ന നാമം ഉരുത്തുരിയപെട്ടത്. അല്ലാഹു എന്ന നാമം അവന് ആരാധിക്ക പെടുന്നവനാണെന്നത് അറിയിക്കുന്നു. അവനെ ഇഷ്ടപെട്ടും ആദരിച്ചും അവനു വിനയപെട്ടും അവശ്യഘട്ടങ്ങളിലും പ്രതിസന്ധികളിലും അവനിലേക്കു അഭയം തേടിയും സൃഷ്ടികൾ അവനെ ആരാധിക്കുന്നു.
ആരാണ് അല്ലാഹു. അവൻ തന്നെ പറയുന്നു:
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ
അല്ലാഹു - അവനല്ലാതെ യാതൊരു ഇലാഹില്ല. എന്നെന്നും ജീ വിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്ക മോ അവനെ ബാധിക്കുകയില്ല. ... ... (ക്വുർആൻ 2: 255)
إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ
തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു.... (ക്വുർആൻ 7: 54)
إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ ۖ سُبْحَانَهُ
അല്ലാഹു ഏക ആരാധ്യന് മാത്രമാകുന്നു. അവനെത്രയോ പരിശുദ്ധനത്രെ. ... . (ക്വുർആൻ 4: 171)
ഏക ആരാധ്യനായ അവന് മാത്രമാണ് ആരാധനക്കർഹൻ. അതിനാലാണ് അവനെ മാത്രം ആരാധിക്കുവാന് അവൻ കല്പ്പിച്ചതും പ്രസ്തുത കല്പന അവനിൻനിന്നുള്ള ദൂതന്മാരെല്ലാം പ്രഥമവും പ്രധാനവുമായി പ്രബോധനം ചെയ്തതും.
يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ
എൻ്റെ ജനങ്ങളേ, നിങ്ങള് അല്ലാഹുവെ ആരാധിക്കുവിന്. നിങ്ങള്ക്ക് അവനല്ലാതെ യാതൊരു ഇലാഹുമില്ല..... (ക്വുർആൻ 7: 65)
ദുആഅ് (പ്രാർത്ഥന), ഇസ്തിഗാഥഃ (രക്ഷാതേട്ടം), ഇസ്തിആനഃ (സഹായതേട്ടം), ഇസ്തിആദഃ (അഭയതേട്ടം), ഖൗഫ് (ഭയം), റജാഅ് (പ്രതീക്ഷ), റഗ്ബത്ത് (ആഗ്രഹം), റഹ്ബത്ത് (ഭീതി), തവക്കുൽ (ഭരമേല്പ്പിക്കൽ), സ്വലാത്ത് (നമസ്കാരം), റുകൂഅ്, സുജൂദ്, നോമ്പ്, ബലി, തുടങ്ങി ആരാധനകളുടെ മുഴുവൻ ഇനങ്ങളും അല്ലാഹുവിനു മാത്രമേ ആകാവൂ.
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ
പറയുക: തീർച്ചയായും എൻ്റെ പ്രാർത്ഥനയും എൻ്റെ ആരാധനാകർമ്മങ്ങളും, എൻ്റെ ജീവിതവും, എൻ്റെ മരണവും ലോക രക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. (വി.ക്വു.6:162)
സൃഷ്ടികള്ക്കിടയിൽ ഏറ്റവും പ്രസിദ്ധവും അവരുടെ നാവുകളാൽ അധികം വിളിക്കപ്പെടുന്നതുമായ നാമമാണ് അല്ലാഹു. വിളിക്കപ്പെടുമ്പോള് അൽ എന്ന അവ്യയം നഷ്ടപ്പെടാതെ ചേര്ന്നുനില്ക്കുന്ന ഏകനാമമാണ് അല്ലാഹു. എന്നാൽ മറ്റു നാമങ്ങളല്ലൊം വിളിക്കപ്പെടുമ്പോള് അതില്നിന്ന് അൽ നഷ്ടപ്പെടും. ഉദാഹരണം അല്ഇലാഹ്, അര്റഹ്മാന്, അല്ഖാലിക്വ് വിളിക്കപ്പെടുമ്പോള് യാ ഇലാഹ്, യാ റഹ്മാന്, യാ ഖാലിക്വ് എന്നിങ്ങനെയാണ് വിളിക്കപ്പെടുക.
ദീനിൽ സ്ഥിരപ്പെട്ട എല്ലാ ദിക്റുകളിലും ചേര്ന്നുവന്ന അല്ലാഹുവിൻ്റെ നാമമത്രേ അല്ലാഹു എന്ന നാമം. തഹ്ലീല്, ത ക്ബീര്, തഹ്മീദ്, തസ്ബീഹ്, ഹൗക്വലഃ, ഹസ്ബലഃ, ഇസ്തിര്ജാഅ്, ബസ്മലഃ, തസ്മിയഃ, തുടങ്ങിയുള്ള മുഴുവന് ദിക്റുകളിലും ഈ നാമം ചേര്ന്നുവന്നിട്ടുണ്ട്.
സൃഷ്ടികര്ത്താവിനു വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും ഏറ്റവും കൂടുതൽ വന്നിട്ടുള്ള തിരുനാമമാണ് അല്ലാഹു.. വിശുദ്ധ ക്വുർആനിൽ മാത്രം രണ്ടായിരത്തി അറുപത്തി രണ്ടു തവണ പ്രസ്തുത നാമം ആവര്ത്തിച്ചു വന്നിട്ടുണ്ട്. മുപ്പത്തിമൂന്ന് ആയത്തുകൾ ആരംഭിച്ചത് അല്ലാഹു എന്ന നാമം കൊണ്ടാണ്.
ഒരു ദുആഅ്:
ജീവിതക്ലേശമോ മനോദുഃഖമോ ബാധിച്ചവരോട് ചൊല്ലു വാന് അല്ലാഹുവിൻ്റെ റസൂല് (സ്വ) കല്പിച്ച വചനം:
اللَّهُ ، اللَّهُ رَبِّى لاَ أُشْرِكُ بِهِ شَيْئًا
അല്ലാഹു, അല്ലാഹു എൻ്റെ റബ്ബാകുന്നു. ഞാന് അവനിൽ യാതൊന്നനേയും പങ്കുചേർക്കുകയില്ല.