പതിമൂന്ന്: മരിച്ച ആളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ ജീവിച്ചിരിക്കുമ്പോൾ അകന്നവർക്കവകാശമില്ല എന്നതാണ് നാം മുകളിൽ ചർച്ച ചെയ്തത്. സന്താനങ്ങളാണ് ഒരാളോട് ഏറ്റവും അടുത്ത ബന്ധു. മാതാപിതാക്കളും അടുത്ത ബന്ധുക്കൾ തന്നെ. പൗത്രസന്തതികളും പിതാമഹൻമാരും മാതാമഹൻമാരുമെല്ലാം മക്കളിലൂടെയും മാതാപിതാക്കളിലൂടെയും അടുത്തുവരുന്നു. അപ്പോൾ മക്കളുള്ളപ്പോൾ മക്കളുടെ മക്കൾക്കോ മാതാപിതാക്കളുള്ളപ്പോൾ മാതാപിതാമഹൻമാർക്കോ അവകാശം ലഭിക്കില്ല. അതുപോലെ മാതാമഹിക്കും പിതാമഹിക്കും മാതാപിതാക്കൾ ജീവിച്ചിരിക്കെ അവകാശം ലഭ്യമല്ല. താഴെയുള്ള ഒരുദാഹരണം കാണുക. വാലിദ് മരിച്ചുവെന്ന് സങ്കൽപിക്കുക. ഇയാളുടെ മുൻതലമുറയിൽ ഏറ്റവും അടുത്ത ബന്ധുക്കളായ മാതാവും പിതാവും ജീവിച്ചിരിപ്പുണ്ട്. അപ്രകാരം പിൻതലമുറയിലും ഏറ്റവും അടുത്ത ബന്ധുക്കളായി ആണും പെണ്ണും സന്തതികളുണ്ട്. ഏറ്റവും അടുത്ത ഈ ബന്ധുക്കൾക്കു പുറമെ മുൻതലമുറയിൽ പിതാമഹൻ, പിതാമഹി, മാതാമഹൻ, മാതാമഹി എന്നിങ്ങനെ മുകളിലേക്ക് കുറെ ബന്ധുക്കളും, പിൻതലമുറയിൽ പൗത്രൻമാർ, പൗത്രികൾ, പ്ര പൗത്രൻമാർ, പ്രപൗത്രികൾ എന്നിങ്ങനെ താഴോട്ടും ബന്ധുക്കളുണ്ടെന്നുവെക്കുക.
പിതാമഹൻ, പിതാമഹി, മാതാമഹൻ, മാതാമഹി (പിന്നീട് അടുത്ത ബന്ധുക്കൾ, തലമുറകൾ മേൽപട്ടുപോകുന്തോറും എണ്ണം കൂടിവരുന്നു.)
ഇവിടെ മരിച്ച വ്യക്തിക്ക് ആൺമക്കൾ ജീവിച്ചിരിക്കുമ്പോൾ തൊട്ടുതാഴെയുള്ള പേരക്കുട്ടികൾക്കു അവകാശം ലഭ്യമല്ല. അതുകൊണ്ടാണ് പിതാവ് ജീവിച്ചിരിക്കെ മകൻ മരിച്ചാൽ ഈ മരിച്ച മകന്റെ മകന് ഉപ്പാപ്പയുടെ സ്വത്തിൽ അവകാശം ലഭിക്കാതെ വരുന്നത്. ഈ മകനു (പൗത്രന്നു) തന്റെ മരിച്ച പിതാവിന്റെ അവകാശം ലഭിക്കുമെന്നുറപ്പാണ്. അതിനോടൊപ്പം ഉപ്പാപ്പയുടെ സ്വത്തുകൂടി ഇവിടെ പൗത്രന്ന് കൊടുത്താൽ രണ്ടുവിധത്തിലും ഇക്കുട്ടിക്ക് സ്വത്തു ലഭിക്കുമല്ലോ. ഈ പൗത്രന്ന് തുല്യ പ്രായക്കാരും കീഴ്പ്രായക്കാരുമായ ഉപ്പാപ്പയുടെ നേരെയുള്ള മക്കൾക്ക് ഇതുമൂലം ഓഹരി കുറയുക നിമിത്തം കഷ്ടപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല മരിച്ച ആൾ ഒരു സന്താനം ജനിക്കുന്നതുവരെ ജീവിച്ചിട്ടുണ്ടല്ലോ. സ്വാഭാവികമായും തന്റെ മക്കൾക്കു വേണ്ടി സമ്പാദിക്കാനുള്ള അവസരം ഇയാൾക്കു ലഭിച്ചിട്ടുമുണ്ട്. അതിനാൽ പിതാമഹന്റെ സ്വത്തിൽ നിന്ന് പൗത്രന്ന് ഇസ്ലാം നിശ്ചിത വിഹിതം നീക്കിവെച്ചിട്ടില്ല. ഇനി ഈ പൗത്രന്റെ (മരിച്ചുപോയ) പിതാവ് ഒന്നും സമ്പാദിച്ചിട്ടില്ലെങ്കിൽ അവന്നുവേണ്ടി അവന്റെ പിതാമഹൻ തന്റെ സ്വത്തിന്റെ മൂന്നിലൊന്നിൽ കവിയാത്ത വിഹിതം വരെ മര്യാദയനുസരിച്ചു വസിയ്യത്തു ചെയ്യേണ്ട കടമയുണ്ടെന്ന് ക്വുർആൻ 2:180ൽ നിർദ്ദേശിച്ചിട്ടുമുണ്ട്. അത് പാലിക്കാൻ ഈ പിതാമഹൻ ബാധ്യസ്ഥനാണ്. ഇനി ഈ പിതാമഹന്നു അതിന്നു കഴിയാതെ വന്നാൽ അയാളുടെ മരണശേഷം സ്വത്തു ഭാഗിക്കുമ്പോൾ അവകാശികളും കൈകാര്യകർത്താക്കളായ മധ്യസ്ഥൻമാരും ക്വുർആൻ 4:8ൽ പ്രസ്താവിച്ച പ്രകാരം പ്രവർത്തിക്കുകയും വേണം. ഈ വിഷയം നമ്പർ പത്തിലും പതിനൊന്നിലും നാം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. നോക്കുക എത്ര യുക്തവും അന്യൂനവുമാണ് അല്ലാഹു കൽപ്പിച്ചരുളിയ നിയമങ്ങൾ! ജനങ്ങൾ, പക്ഷെ, ഈ നിയമങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ കൈകാര്യം ചെയ്യുന്നില്ല.