പൗത്രൻമാരുടെ അവകാശം
2. ചോദ്യകർത്താവിന്റെ രണ്ടാമത്തെ സംശയം ഇതാണ്. പിതാമഹന്ന് സ്വന്തം ആൺമക്കളുണ്ടെങ്കിൽ മരിച്ചുപോയ മകന്റെ മക്കൾക്ക് അവകാശമില്ലെന്നും, അതേ സമയം ആ മകന്റെ മക്കൾക്ക് സ്വന്തം ആൺമക്കളുണ്ടായാലും പിതാമഹന്നു അങ്ങോട്ട് കണിശമായ അവകാശമുണ്ടെന്നും
പറയാൻ കാരണമെന്ത്?
രണ്ടു വശങ്ങളാണ് ഈ സംശയത്തിൽ നമുക്ക് ചർച്ച ചെയ്യാനുള്ളത്.
ഒന്ന്, പിതാമഹൻ മരിച്ചാൽ മകന്റെ പുത്രനു ലഭിക്കുന്ന അവകാശം. രണ്ടു മകന്റെ മകൻ പൗത്രൻ) മരിച്ചാൽ ഉപ്പാപ്പക്ക് (പിതാമഹൻ അവൻ്റെ സ്വത്തിൽനിന്ന് ലഭിക്കുന്ന അവകാശം.
പിതാമഹൻ സ്വത്തിന് പുത്രൻ അവകാശിയാകുന്ന പ്രശ്നം ചിന്തിക്കുമ്പോൾ പിതാമഹന്നും പൗത്രനുമിടയിൽ പിതാമഹന്റെ മക്കൾ എന്ന ഒരു കുടുംബനിരയെ നാം ശ്രദ്ധിക്കണം. ഈ നിരയാണ് പിതാമഹനോട് പൗത്രൻമാരെ അപേക്ഷിച്ച് ഏറ്റവും അടുത്തവർ. അടുത്ത കുടുംബത്തിന്നാണ് മരിച്ചയാളുടെ സ്വത്തിന്റെ അവകാശം എന്ന് നാം (നമ്പർ 12ൽ) വിശദീകരിച്ചിട്ടുണ്ട്. ഒരുദാഹരണം നോക്കുക.
ഇവിടെ ഖാലിദിന്റെ സ്വത്തിനവകാശികൾ നേരെയുള്ള ഈ നാലുമക്കളാണ്. അവരാണല്ലോ ഖാലിദുമായി അടുത്തവർ. ഈ സ്വന്തം മക്കളുണ്ടായി മിക്ക ഖാലിദിന്റെ പൗത്രൻമാർക്ക് അവകാശമില്ലെന്നതാണ് ഇസ്ലാമികനിയമം. ഇതിലാർക്കും സംശയവുമില്ല. ചോദ്യകർത്താവിന്റെ സംശയം ഈ നാലുപേരിൽ ഒരാൾ മരിച്ചാൽ ജഅഫർ മരിച്ചതായി സങ്കൽപിക്കാം) (അയാളുടെ മക്കൾക്ക് മറ്റു മൂന്നുപേരെയും പോലെ (സഈദ്, ബക്കർ, ജാബിർ അവകാശം ലഭിക്കാത്തതെന്തുകൊണ്ട് എന്നാണ്. മറുപടി വളരെ ലളിതമാണ്.
ഒരാളുടെ സ്വത്ത് അവകാശികളിലേക്ക് നിങ്ങുന്നത് സ്വത്തിന്റെ ഉടമ മരിക്കുമ്പോൾ മാത്രമാണ്. ഇവിടെ ഖാലിദ് മരിച്ചപ്പോൾ ജീവിച്ചിരിക്കുന്ന അടുത്തബന്ധുക്കൾ സഈദും ജാബിറും ബക്കറുമാണ്. മരിച്ച ആൾക്ക് സ്വന്തം മക്കളുണ്ടാകുമ്പോൾ പേരക്കുട്ടികൾക്ക് അവകാശമില്ല. അതിനാൽ മരിച്ച ജഅഫറിന്റെ മക്കൾക്ക് ഉപ്പാപ്പയായ ഖാലിദിന്റെ സ്വത്തിൽ നിന്നവകാശമില്ല.
ഈ തത്വം (അനന്തിര സ്വത്തിന്റെ അവകാശം മരണസമയത്ത് ജീവിച്ചിരിക്കുന്ന ബന്ധുക്കളിൽ അടുത്തവർക്കാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ നബി (ﷺ)യുടെ ഒരു വിധി ഇതിനു മുമ്പ് രണ്ടു പ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. അത് സാന്ദർഭികമായി ഒന്നുകൂടി ചുരുക്കി വിവരിക്കുന്നു. ഒരു മകളും മകന്റെ മകളും സഹോദരി മുണ്ടായപ്പോൾ മകൾക്ക് 1/2യും പെൺമക്കളുടെ മൊത്ത ഓഹരിയായ 2/3ൽ നിന്ന് ഈ 1/2 കഴിച്ച് ബാക്കിയുള്ള 16 മകൻ മകൾക്കും ബാക്കി സഹോദരിക്കും നബി (ﷺ) വീതിച്ചു കൊടുത്തു. ഇവിടെ മരിച്ച മകനെ നബി അവകാശിയായി കണ്ടിരുന്നുവെങ്കിൽ മകൾക്ക് 1/2 അല്ല 13 മാത്രമേ ലഭിക്കുമായിരുന്നുള്ളു. നബി (ﷺ) യുടെ ഈ വിധിയടിസ്ഥാനത്തിലാണ് മുസ്ലിം ലോകം പിന്തുടർച്ചാവകാശ നിയമങ്ങൾ വിശദീകരിച്ചിട്ടുള്ളത്. നബി വചനങ്ങൾ തള്ളിപ്പറയുന്നവർക്ക് നബി (ﷺ)യുടെ വിധിയും പ്രശ്നമല്ല. എന്നാലും പരിശുദ്ധ ഖുർആൻ സ്വീകരിക്കേണ്ടതല്ലെ. നമുക്ക് രണ്ടും സ്വീകാര്യമാണ്.
എന്നാൽ പൗത്രൻമാരിൽ പിതാവ് ജീവിച്ചിരിക്കുന്നവർക്ക് അവകാശം കൊടുക്കാതിരിക്കുകയും പിതാവ് മരിച്ചവർക്ക് അവകാശം കൊടുക്കുകയും ചെയ്യുകയാണെങ്കിൽ അത് ഒട്ടേറെ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഉപ്പാപ്പ വലിയ ധനികനാണെന്ന് വെക്കുക. അദ്ദേഹം മരിച്ചാൽ, പിതാവ് മരിച്ചുപോയ പൗത്രൻമാർക്ക് അവകാശം ലഭിക്കുകയും പിതാവ് ജീവിച്ചിരക്കുന്നതിനാൽ ഉപ്പാപ്പയുടെ വൻ ഓഹരി ലഭിക്കാതിരിക്കകയും ചെയ്യുമ്പോൾ, ഞങ്ങളുടെ പിതാവ് മരിച്ചിരുന്നെങ്കിൽ ഞങ്ങൾക്കും വിഹിതം കിട്ടുമായിരുന്നുവല്ലോ എന്ന നഷ്ടബോധം ഒരു പക്ഷെ അഹിതപ്രവൃത്തികൾക്കും അവരെ പ്രേരിപ്പിച്ചു കൂടായ്കയില്ല.
പിതാവ് മരിച്ചതിനാൽ ആ പിതാവിന്റെ മക്കളെ, പിതാമഹന്റെ സ്വന്തം മക്കളെപ്പോലെ കരുതിയാൽ, വളരെ വിഷമം സഹിച്ചുകൊണ്ട് സ്വന്തം പിതാവിന്റെ അന്ത്യഘട്ടത്തിൽ ശുശ്രൂഷിച്ച മക്കളേക്കാൾ ചിലപ്പോൾ ഈ പേരക്കുട്ടികൾക്കായിരിക്കും സ്വത്തു ലഭിക്കുക. ഉദാഹരണമായി ഖാലിദിന്റെ നാലുമക്കളിൽനിന്ന് മരിച്ച ജഅഫറിന്ന് ആറു മക്കളുണ്ടെന്ന് സങ്കല്പിക്കുക. ഇവിടെ സഈദ്, ജാബിർ, ബക്കർ, എന്നീ (ഖാലിദിന്റെ സ്വന്തം മക്കളായ മൂന്നുപേർക്കും (മരിച്ച) ജഅഫറിന്റെ മക്കളായ ആറു പേർക്കും കൂടി സമമായിട്ടാണല്ലോ സ്വത്ത് ഭാഗിക്കുക. അല്ലെങ്കിൽ വ്യത്യാസപ്പെടുത്താൻ ഒരു മാനദണ്ഡം വേണം. മരിച്ച ജഅഫർ അനേകം സ്വത്തു സമ്പാദിച്ചതിനു ശേഷമാകാം മരിച്ചിരിക്കുക. എന്നാൽ ഖാലിദിന്റെ മറ്റു ജീവിച്ചിരിക്കുന്ന മക്കൾ വേറെ സമ്പാദിക്കുകയും ചെയ്തിട്ടുണ്ടായിരിക്കുകയില്ല. ഇതുമൂലം ഈ സന്ദർഭത്തിൽ പേരക്കുട്ടികൾ വലിയ സമ്പന്നരും സ്വന്തം മക്കൾ കഷ്ടപ്പെടുന്നവരുമായിത്തീരുന്നതാണ്. ഖാലിദിനെ ശുശ്രൂഷിക്കുന്നതിൽ നിന്ന് സ്വന്തം മക്കൾ വിമുഖരാവാനും സാധ്യതയുണ്ട്. ഇതൊരു കുടുംബവഴക്കിന്ന് കാരണമായേക്കുകയും ചെയ്യും.
ഇനി ജീവിച്ചിരിക്കുന്ന മൂന്നു മക്കളെയും പോലെ മരിച്ച ജഅഫറിനെയും ഒരവകാശിയായി പരിഗണിച്ചു ആ വിഹിതം ജഅഫറിന്റെ മക്കൾക്കു (പൗത്രൻമാർക്ക്) വീതിച്ചു കൊടുത്തുകൂടെ? എങ്കിൽ മക്കളെക്കാൾ
അധികം പേരമക്കൾക്ക് വരുന്ന പ്രശ്നമില്ലല്ലോ എന്ന് സംശയിക്കാനിടയുണ്ട്. ഇങ്ങനെയാണെങ്കിൽ മരിച്ച ഖാലിദ് ജീവിച്ചിരിക്കുമ്പോൾ മരിച്ചുപോയവരും, ഖാലിദിന്റെ മരണശേഷവും ഇവർ ജീവിച്ചിരിക്കുമായിരുന്നെങ്കിൽ അവകാശം കിട്ടുമായിരുന്നവരുമായ എല്ലാവരുടെ മക്കൾക്കും ഖാലിദിൻറ സ്വത്ത് വീതിച്ചുകൊടുക്കേണ്ടി വരുമല്ലോ.
ഉദാഹരണമായി മരിച്ച ഖാലിദിന്ന് രണ്ടു ഭാര്യമാരുണ്ടായിരുന്നുവെന്ന് സങ്കൽപിക്കുക. അവരിൽ ഒരാൾ നേരത്തെ മരിച്ചുപോയി. ഈ സ്ത്രീക്ക് മറ്റൊരു ഭർത്താവിൽ ഏതാനും മക്കളുണ്ടായിരുന്നു. എങ്കിൽ ഖാലിദിന്റെ സ്വത്തിൽ നിന്നു, മരിച്ചു പോയ ഈ ഭാര്യയുടെ വിഹിതമെടുത്തു ആ മക്കൾക്കു കൊടുക്കേണ്ടതല്ലേ? അവരെ ഖാലിദിന്റെ സ്വത്തിൽ നിന്നു ഒഴിവാക്കാൻ എന്തു ന്യായമാണുള്ളത്? ചിലപ്പോൾ ഈ കുട്ടികൾ ജീവിതക്ലേശമനുഭവിക്കുന്നവരും ആകാം. അതുപോലെ, ഖാലിദ് മരിക്കുന്നത് വരെ അദ്ദേഹത്തിന്റെ പിതാവോ മാതാവോ ജീവിച്ചിരിക്കുന്നുണ്ടായിരുന്നെങ്കിൽ ഖാലിദിന് ആൺമക്കൾ ഉണ്ടെങ്കിൽ തന്നെ അവർക്ക് സ്വത്തിന് അർഹതയുണ്ടല്ലലോ. ആ നിലവെച് ഖാലിദിന് ആണ്മക്കളുണ്ടായിക്കെ ഈ മാതാപിതാക്കളുടെ അഭാവത്തിൽ അവരുടെ മറ്റുമക്കൾക്ക് (ഖാലിദിൻറ സഹോദരസഹോദരികൾ) സ്വത്തുവിഹിതം കൊടുക്കേണ്ടിവരുമല്ലോ ഇവരും ചിലപ്പോൾ കഷ്ടതയനുഭവിക്കുന്നവരാകാമല്ലോ. ഇതെല്ലാം ചില ഉദാഹരണങ്ങൾ മാത്രമാണ്. വേറെയും പ്രശ്നങ്ങൾ കാണും. വികാരമിളക്കിവിടുന്നവർക്ക് വസ്തുത ഗ്രഹിക്കാൻ പ്രയാസമാണ്.
അപ്പോൾ അനന്തിരസ്വത്ത് ആളുകളുടെ കഷ്ടത പരിഗണിച്ച് വിതരണം ചെയ്യാനുള്ളതല്ല, മറിച്ച് നിശ്ചിതമായ അവകാശികൾക്ക് വീതിച്ചു കൊടുക്കാനുള്ളതാണ്. അവരുടെ സമ്പന്നതയോ കഷ്ടതയോ ഈ വിഷയത്തിൽ പരിഗണിക്കുക അപ്രായോഗികമാണ്. അതിന്ന് ഇസ്ലാം വേറെ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മറ്റൊന്നു കൂടി ചിന്തിക്കാനുണ്ട്. ഖാലിദിന്റെ (മരിച്ച മകൻ ജഅഫറിന്റെ മക്കൾക്ക് പൗത്രൻ മാർക്ക്) അവകാശം നൽകുകയാണെങ്കിൽ ഭാഗിക്കുന്ന ആ സ്വത്ത് ഈ മക്കളുടെ പിതാവ് (ജഅഫർ മരിച്ച കാലത്തു ഖാലിദിന്നുള്ള സ്വത്താണോ പരിഗണിക്കേണ്ടത്? അതല്ല ഖാലിദ് മരിക്കുമ്പോഴുള്ള സ്വത്തോ?
ജഅഫറിന്റെ മരണശേഷം മറ്റു മൂന്നുമക്കളും കൂടി പിതാവായ ഖാലിദിന്റെ സ്വത്തിൽ അധ്വാനിച്ചു വർദ്ധിപ്പിച്ചതാവാൻ സാദ്ധ്യതയുണ്ടല്ലോ. അപ്പോൾ ഈ വർദ്ധിച്ച സ്വത്തു ആ പേരമക്കൾക്കു കൊടുക്കുന്നതിലെന്തു ന്യായം? ഇനി ജഅഫറിന്റെ മരണസമയത്തുള്ള സ്വത്താണ് പരിഗണിക്കേണ്ടതെങ്കിലോ, ഖാലിദിന്നു അത്യാവശ്യമായ സമയത്തു തന്റെ സ്വത്തു വിൽക്കാനും പാടില്ലാതെ വരുമല്ലോ? ഇങ്ങനെ പ്രശ്നങ്ങൾ സങ്കീർണ്ണമായി വരുന്നത് കാണാം. അതിനാൽ ഒരാൾ മരിക്കുന്ന സമയത്ത് ജീവിച്ചിരിക്കുന്ന അവകാശികൾക്കുമാത്രമേ സ്വത്തവകാശമുള്ളു എന്ന ഇസ്ലാമിന്റെ ഋജുവായ നിയമം മാത്രമാണ് ഏറ്റവും ബുദ്ധിപൂർവമായിട്ടുള്ളത്. അവകാശികളുണ്ടാവുന്നത് സ്വത്തുടമ മരിക്കുമ്പോഴാണ്. നേരെ മറിച്ചു ഓരോ അവകാശികൾ ഉണ്ടാകുമ്പോഴൊക്കെ ജീവിച്ചിരിക്കുന്നരുടെ സ്വത്തിൽ അവർ അവകാശത്തിനർഹരാവുന്നു എന്ന് വെക്കുകയാണെങ്കിൽ ആർക്കാണു തന്റെ സ്വത്തിൽ സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാൻ കഴിയുക? ചില പ്രത്യേക അവകാശികളെ തടയുവാൻ വേണ്ടിയുള്ള മരണശയ്യയിലെ ക്രയവിക്രയവും ഇതിൽ പെടുത്തിക്കൂടാ എന്നതു വളരെ വ്യക്തമാണ്.
ഇനി ഈ അനാഥകളായ പൗത്രൻമാർ അവർക്ക് ഉപ്പാപ്പയുടെ സ്വത്തു ലഭിക്കാത്ത സാഹചര്യത്തിൽ കഷ്ടപ്പെടുകയില്ല എന്നതാണ് പ്രശ്നം പിതാവ് (ജഅഫർ മരിച്ചശേഷം ഇവരെ സംരക്ഷിച്ചിരുന്നത് പിതാമഹൻ (ഖാലിദ് ആയിരുന്നുവല്ലോ. മരിച്ച മകന്നു സ്വത്തുണ്ടായിരുന്നുവെങ്കിൽ ആ സ്വത്തുകൊണ്ട് ഈ കുട്ടികളെ സംരക്ഷിക്കാം. അതു ഉപ്പാപ്പ മരിച്ചാലും ഈ അനാഥക്കുട്ടികളുടെതു തന്നെയാണ്. അഥവാ ഇവരുടെ പിതാവിന്ന് സ്വത്തിലെങ്കിൽ അക്കാര്യം സംരക്ഷകനായ പിതാമഹന്ന് നന്നായി അറിയാമല്ലോ. അപ്പോൾ കുട്ടികളുടെ സംരക്ഷണവും കഷ്ടതകളും പരിഗണിച്ച് തന്റെ സ്വത്തിൻറ മൂന്നിലൊന്നിൽ കവിയാതെ വസ്വിയ്യത്തു ചെയ്യേണ്ടത് ഈ പിതാമഹൻ ബാധ്യതയാണ് ഖു (2:180) ഇനി അതിന്നു സാധിക്കാതെ വന്നാൽ അനന്തര സ്വത്തു കൈകാര്യം ചെയ്യുന്നവർ ഖു. 4,5ൽ പറഞ്ഞതനുസരിച്ച് ചെയ്യേണ്ടതാണ്. അല്ലാഹു എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടിട്ടുണ്ട്. നിന്റെ നാഥൻ മറക്കുന്നവനായിട്ടില്ല. പക്ഷെ, ഈ ബാധ്യതകൾ നിറവേറ്റാത്ത നാമാണ് കുറ്റക്കാർ. അതുകൊണ്ടു പരിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ ബോധവൽക്കരണം നടത്തുക.