പൗത്രന്റെ സ്വത്ത് പിതാമഹന്ന്

പൗത്രൻ മരിച്ചാൽ പിതാമഹന്ന് അവകാശം ലഭിക്കുന്നതിനെക്കുറിച്ചാണിനി ചർച്ചചെയ്യുന്നത്.

ഇവിടെ ഖാലിദിന്റെ പൗത്രനായ മൂസാ മരിച്ചാൽ അയാളുടെ സ്വത്തിൽ ഒരവകാശിയായി ഖാലിദും വരുമെന്നത് വ്യക്തമാണ്. കാരണം ജഅഫറിൻറ മരണശേഷം മൂസായെ സംരക്ഷിക്കേണ്ടത് ഏറ്റവും അടുത്ത ബന്ധു പിതാമഹൻ തന്നെയാണല്ലോ. മൂസാക്ക് തന്റെ പിതൃവ്യൻ മാർ (ഖാലിദൻ സ്വന്തം മക്കൾ ഉണ്ടായിരിക്കുന്ന കാലത്തോളം പിതാമഹനെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ഇല്ല. ഖാലിദിന്നാവട്ടെ തന്റെ ഈ പൗത്രനെ(മൂസാ) സംരക്ഷിക്കേണ്ട ബാധ്യതയുമുണ്ട്. അതുകൊണ്ട് പൗത്രന്റെ സ്വത്തിൽ പിതാമഹന് അവകാശം നല്കുന്നതിൽ യാതൊരപാകതയുമില്ലെന്ന് ഏതു സാമാന്യ ബുദ്ധിക്കും മനസ്സിലാകുന്ന കാര്യമാണ്. പിതാവിന്റെ അഭാവത്തിൽ ആ സ്ഥാനമലങ്കരിച്ച പിതാമഹന്ന് ആറിലൊന്ന് കൊടുക്കുകയാണിവിടെ ചെയ്തിട്ടിട്ടുള്ളത്. കുടുംബ ബന്ധങ്ങളിലെ പരസ്പര ബാധ്യതകൾ പരിഗണിച്ചു ഇസ്‌ലാം നിശ്ചയിച്ച ഈ നിയമവ്യവസ്ഥകളുടെ മഹത്വം മനസ്സിലാക്കാതെ തള്ളിപ്പറയാനും, പൂർവ്വികരായ പണ്ഡിതൻമാരെ കൊച്ചാക്കാനും മിനക്കെടുന്ന അല്പജ്ഞാനികളുടെ കാര്യത്തിൽ അത്ഭുതപ്പെടുകയാണ്. വസ്തുതകളുടെ നിജസ്ഥിതി മനസ്സിലാകുകയാണ്. സംശയമുള്ളവർ ചെയ്യേണ്ടത്. അതല്ലാതെ "തനിക്കപ്പുറം പ്രളയം എന്ന മട്ടിൽ ഇസ്‌ലാമിക നിയമങ്ങളെ അധിക്ഷേപിക്കുകയില്ല.

آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ اللَّهِ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا

നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള ( ഓഹരി ) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ക്വുർആൻ 4:11)

وَاللهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ

"അല്ലാഹു അറിയുന്നു നിങ്ങൾ അറിയുന്നില്ല”. എന്നു അല്ലാഹു ആവർത്തിച്ചാവർത്തിച്ചുണർത്തിയതും കൂടെ ചിന്തിക്കുക.

മുസ്‌ലിം പണ്ഡിതൻ മാർക്ക് പിഴച്ചിട്ടില്ല

ഉമ്മയുടെ ഉമ്മക്ക് ആൺമക്കളും പെൺമക്കളുമായി ആരും ജീവിച്ചിരിപ്പില്ലെങ്കിലും, അവരുടെ മരിച്ച പെൺമക്കളുടെ മക്കൾ മാത്രമേയുള്ളുവെങ്കിലും അവർക്കവോളം അവകാശമില്ലെന്നും, അതേസമയം ആ പെൺമക്കളുടെ മക്കളിൽ നിന്ന് ഉമ്മയുടെ ഉമ്മക്ക് അങ്ങോട്ടെപ്പോഴും അവകാശമുണ്ടെന്നും പറഞ്ഞതാര്? അല്ലാഹുവോ റസൂലോ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ സുന്നത്തു ജമാഅത്തു പണ്ഡിതൻമാരെല്ലാം ജമാഅത്തു നദ്വത്ത് അടക്കം മേൽ പ്രകാരമൊക്കെ നടപ്പിലാക്കി പോരുന്നതെന്തുകൊണ്ട്? ഇതാണ് മൂന്നാമത്തെ സംശയം.

മറുപടി: ചോദ്യത്തിൽ അനാവശ്യമായ വലിച്ചു നീട്ടലുള്ളതിനാൽ ഉദ്ദേശ്യം വ്യക്തമല്ലാത്തത് കൊണ്ടും, മുമ്പു വിവരിച്ചപോലെ പ്രശ്നത്തിന്റെ രണ്ടു വശവും പരിഗണിക്കേണ്ടതിനാലും ഇവിടെ അല്പം വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു.

പെൺമക്കളുടെ മക്കൾക്ക് ഉമ്മയുടെ ഉമ്മയിൽ നിന്നുള്ള അവകാശത്തെക്കുറിച്ചാണ് ചോദ്യത്തിന്റെ ആദ്യഭാഗത്തു (ഉമ്മയുടെ ഉമ്മക്ക് ആൺമക്കളും പെൺമക്കളും ആരും ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ മരിച്ച പെൺമക്കളുടെ മക്കൾ മാത്രമേയുള്ളുവെങ്കിലും അവർക്ക് അണുവോളം അവകാശമില്ലെന്നും പരാമർശിക്കപ്പെട്ടിരിക്കുന്നത്.

പെൺമക്കളുടെ മക്കളിൽ നിന്നു ഉമ്മയുടെ ഉമ്മക്കു ഇങ്ങോട്ട് ലഭിക്കുന്ന അവകാശത്തെപ്പറ്റിയാണ് ചോദ്യത്തിലെ അവസാനഭാഗം (അതെസമയം ആ പെൺമക്കളുടെ മക്കളിൽനിന്നു ഉമ്മയുടെ ഉമ്മക്ക് അങ്ങോട്ടെപ്പോഴും അവകാശമുണ്ടെന്നും പറഞ്ഞതാര്) പരാമർശിക്കുന്നത്. 

വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ പെൺമക്കളുടെ മക്കൾ അവകാശിയല്ലെന്നും ഉമ്മയുടെ ഉമ്മ അവകാശിയാണെന്നും പറഞ്ഞതാരാണ് എന്നാണ് ചോദ്യം. ഈ വിഷയം ഇത വളഞ്ഞു തിരിഞ്ഞ് ചോദിക്കാൻ ഏതോ ഒരു കുസൃതിക്കാരൻ ശുദ്ധമനസ്ഥിതക്കാരനായ ഒരു വ്യക്തിയെ പ്രേരിപ്പിച്ചുവെന്ന് തോന്നുന്നു. ചോദ്യകർത്താവ് അത്രക്ക് കുബുദ്ധിയായി അറിയപ്പെടുന്ന ആളല്ല. ഇനി ഒരുദാഹരണത്തിലൂടെ ഈ വിഷയം നമുക്ക് പരിശോധിക്കാം.

ഇവിടെ ഫാത്തിമ മരിക്കുന്നു. ഖദീജയടക്കമുള്ള അവരുടെ നേരെയുള്ള മക്കളെല്ലാം മുമ്പേ മരിച്ചിട്ടുണ്ട്. ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഫാത്തിമയുടെ മരിച്ചുപോയ മക്കളിൽ ഒരാളായ ഖദീജയുടെ മക്കൾ മാത്രമാണ്. എങ്കിൽ ഈ പേരക്കുട്ടികൾക്ക് അവകാശമില്ലെന്ന് ആരു പറഞ്ഞു എന്നാണ് ചോദ്യകർത്താവിന്റെ ഒന്നാമത്തെ സംശയം.

മരിച്ച ആൾക്കു പെൺമക്കൾ ഒറ്റക്കുണ്ടാവുമ്പോഴും ആൺമക്കളും പെൺമക്കളും കൂടിയുണ്ടാവുമ്പോഴും ഓരോരുത്തരുടെയും അവകാശങ്ങളെ പറ്റി വിശുദ്ധ ക്വുർആൻ 4:11ൽ വിവരിച്ച കാര്യം നാം ഒന്നിലധികം തവണ ചർച്ച ചെയ്തിട്ടുണ്ട്. പെണ്ണിന്ന് ആണിന്റെ പകുതി സ്വത്ത് ലഭിക്കുന്നതെന്തുകൊണ്ടെന്നും നാം പലവട്ടം വിവരിച്ചതാണ്. അവിടെയെല്ലാം നാം ചൂണ്ടിക്കാണിച്ചതുപോലെ പെൺമക്കൾ വിവാഹത്തിലൂടെ വേറെ കുടുംബത്തിൻ കീഴിൽ ജീവിക്കേണ്ടതായതുകൊണ്ട് അവരുടെ മക്കൾ ആ കുടുംബനായകൻ (അവരുടെ പിതാവിന്റെ കീഴിലാണ് വളരുന്നത്. ആ കുട്ടികൾക്ക് അവരുടെ പിതാവിന്റെയും മാതാവിന്റെയും സ്വത്തിൽ അവകാശമുണ്ട് ഇസ്‌ലാമിക ഗൃഹഭരണ നിയമമനുസരിച്ച്(ഇത് മുമ്പ് 9ൽ വിവരിച്ചിട്ടുണ്ട്. ഇവർ ഉപ്പയുടെയും ഉമ്മയുടെയും ഉപ്പാപ്പയുടെയും ഉപ്പയുടെ ഉമ്മയുടെയും സഹവാസത്തിലും സംരക്ഷണയിലുമാണ് വരിക. സാധാരണയായി ഉമ്മയുടെ ഉമ്മയെ സ്വന്തമായി സംരക്ഷിക്കുവാനും ശുശ്രൂഷിക്കുവാനുമുള്ള അവസരം ഇവർക്ക് ലഭിക്കാറില്ല. ഇസ്‌ലാമിക സ്വത്തവകാശ നിയമങ്ങൾ ഇസ്‌ലാമിലെതന്നെ മറ്റു നിയമ സമൂഹത്തിൽ നിന്നു അടർത്തിയെടുത്തു ചർച്ച ചെയ്താൽ ശരിയാവുകയില്ലെന്നും അതു ചിന്താകുഴപ്പത്തിനു വഴിവെക്കുമെന്നും നാം മുമ്പ് വിവരിച്ചതു ഇതുകൊണ്ടാണ്. അതോടൊപ്പം പരിശുദ്ധ ഖുർആനിലോ, തിരുസുന്നത്തിലോ, അവ രണ്ടും ആധാരമാക്കി ചിന്തിച്ചിട്ടുള്ള പൂർവ്വപണ്ഡിതൻമാരുടെ  അഭിപ്രായത്തിലോ മകളുടെ മക്കൾ നേർക്കുനേരെ അവകാശികളായി നിശ്ചയിച്ചതിന്ന് യാതൊരു രേഖകളുമില്ല. അതുകൊണ്ടാണ് ഉമ്മയുടെ ഉമ്മ മരിച്ചാൽ മകളുടെ മക്കളായ പേരക്കുട്ടികൾക്കു അവകാശമില്ല എന്ന് വിധിക്കപ്പെട്ടിട്ടുള്ളത്. ഈ വസ്തുത ഇമാം മാലിക (റ) തന്റെ “അൽമുത്വ" എന്ന ഗ്രന്ഥത്തിൽ വിവരിച്ചതിൽ നിന്ന് മനസ്സിലാവുകയും ചെയ്യും.

ഇമാം മാലിക്ക്(റ) പറഞ്ഞു: "ഈ ഗ്രന്ഥത്തിൽ പറഞ്ഞവരെക്കാൾ, മരിച്ചയാളുമായി കുടുംബബന്ധത്തിൽ കൂടുതൽ അകന്ന ഒരു സ്ത്രീക്കും രക്തബന്ധപ്രകാരമുള്ളയാതൊന്നും അവകാശമായി ലഭിക്കയില്ല. ഒരൊറ്റ സ്ത്രീയും അവരുടെ പേർ പറഞ്ഞ സ്ഥലത്തല്ലാതെ അവകാശി ആകുകയുമില്ല. അതെന്തുകൊണ്ടെന്നാൽ അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ മക്കളിൽ നിന്നു ഉമ്മാക്കുള്ള അവകാശം, പെൺകുട്ടികൾക്ക് പിതാവിൽനിന്നുള്ള അവകാശം, ഭാര്യക്ക് ഭർത്താവിൽ നിന്നുള്ള അവകാശം, ബാപ്പയും ഉമ്മയും ഒത്ത സഹോദരികളുടെ അവകാശം,ബാപ്പ ഒത്ത സഹോദരിയുടെ അവകാശം എന്നിവയെല്ലാം പറഞ്ഞിരിക്കുന്നു. ഉമ്മാമ അവകാശിയായത് നബി(സ)യിൽ നിന്നു അവർ അവകാശിയാണെന്നു വന്നതുകൊണ്ടുമാണ്.

ഇമാം മാലിക്കിന്റെ ഈ വിവരണത്തിൽനിന്നു സ്ത്രീകൾക്ക് അവകാശമുണ്ടെന്നു അല്ലാഹുവും റസൂലും പേരെടുത്തു പറഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ അവകാശമുള്ളു എന്ന വസ്തുത വ്യക്തമാണ്. എന്നാൽ മകളുടെ മക്കൾക്ക് അവകാശമുണ്ടെന്നു അല്ലാഹുവോ റസൂലോ വ്യക്തമാക്കിയിട്ടില്ലാ അതുകൊണ്ടു അവർ നിശ്ചിത അവകാശികളിൽ പെടുന്നില്ല. എന്നാൽ കുടുംബത്തിലെ പുരുഷൻമാരുടെ കാര്യം അങ്ങനെയല്ല. അവരുടെ ചുമലിലാണല്ലോ കുടുംബസംരക്ഷണത്തിന്റെ സാമ്പത്തിക ഭാരമുള്ളത്. അതുകൊണ്ട് നിശ്ചിത അവകാശികളുടെ അവകാശങ്ങൾ കൊടുത്തുകഴിഞ്ഞശേഷം ബാക്കി വരുന്നത് ഏറ്റവും അടുത്ത പുരുഷന്നു എന്ന നിലക്ക് വീതിക്കേണ്ടതാണെന്നു നബി(സ) പ്രസ്താവിച്ച കാര്യം നാം മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. (നമ്പർ 15 നോക്കുക) ഇതിൽ മറ്റൊരു വശമുണ്ട്. അതു താഴെ വിവരിക്കാം.

അവകാശം കൊടുത്തുകൂടെ എന്നാതാണ് ഈ ചോദ്യകർത്താവിന്റെ സംശയം. അനന്തിരസ്വത്ത് പിൻഗാമികളുടെ ഇഷ്ടത്തിനനുസരിച്ച് വീതിച്ചെടുക്കാനല്ലല്ലോ ഇസ്‌ലാം നിർദ്ദേശിച്ചത്. മറിച്ച് അതിന്ന് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. മരിച്ച ആളുമായുള്ള അടുപ്പത്തിൽ കൂടുതൽ ഉപകാരം ലഭിക്കുന്നവരെ ഈ വിഷയത്തിൽ ഇസ്‌ലാം പരിഗണിച്ചതായി ക്വുർആൻ 4:11ൽ വ്യക്തമാക്കിയത് പ്രത്യേകം ശ്രദ്ധേയമാണ്. നമ്പർ 12 നോക്കുക.

കുടുംബങ്ങളെ സഹായിക്കണമെന്ന് ഇസ്‌ലാം വളരെയധികം നിറഞ്ഞ കാര്യമാണ്. മകളുടെ മക്കൾക്ക് ഉമ്മാമയുടെ സ്വത്ത് കൊടുക്കാതിരിക്കുന്നത് മേൽ ആശയത്തിന്നെതിരല്ലേ എന്നാണ് പലരും വ്യാഖ്യാനിക്കാറുള്ളത് അനന്തിര സ്വത്ത് അവശതയനുഭവിക്കുന്നവർക്കിടയിൽ സന്ദർഭത്തിനൊത് വീതിച്ചുകൊടുക്കാനുള്ളതല്ല എന്ന് നാം മനസ്സിലാക്കണം. ഇത്തരം അവശരെ ജീവിച്ചിരിക്കുമ്പോഴാണ് സഹായിക്കേണ്ടത്.ഇവിടെ മകളുടെ മക്കൾ കഷ്ടത അനുഭവിക്കുന്നവരാണെങ്കിൽ ഈ ഉമ്മാമക്ക് അവരെ സഹായിക്കാമായിരുന്നു. ഇതിന്നാരും എതിരല്ല. അല്ലെങ്കിൽ ക്വുർആൻ 2:180ൽ വിവരിച്ചതുപോലെ വസ്വിയ്യത്തും ചെയ്യാം. (നമ്പർ 10 നോക്കുക)

 ആൺമക്കളും പെൺമക്കളും മരിച്ചുപോയ ഒരു സ്ത്രീയുടെ സ്വത്ത് മകളുടെ മക്കൾക്ക് കൊടുത്തുകൂടെ എന്നാണല്ലോ ചോദ്യകർത്താവുന്നയിച്ചത്. ഈ സ്ത്രീക്ക് ഭർത്താവ്, പിതാവ്, സഹോദരൻമാർ മുതലായവരിൽ ആരെങ്കിലും ഉണ്ടായി കൂടായ്കയില്ല. എങ്കിൽ ഇവരിൽ ജീവിച്ചിരിക്കുന്നവർക്കായിരുന്നു ഈ സ്ത്രീയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം. അതുപ്രകാരം അവർക്കു സ്വത്തിൽ ഓഹരികളുമുണ്ട്. അവർ ജീവിച്ചിരിക്കെ മറ്റൊരു കുടുംബത്തിൽ വിവാഹം കഴിച്ചു അവരുടെ സംരക്ഷണത്തിൽ ജീവിക്കുന്ന മകളുടെ മക്കളെ ഈ സ്ത്രീയുടെ സംരക്ഷണം ഏല്പിക്കുന്ന ഒരു പ്രശ്നമുദിക്കുന്നില്ല. അതു ഈ ഉമ്മാമക്കും ഈ പേരക്കുട്ടികൾക്കും പലപ്പോഴും വിഷമം സൃഷ്ടിക്കുകയും ചെയ്യും. അവരോട് ഈ സ്ത്രീക്ക് (ഉമ്മാമാക്ക്) വല്ല ബാധ്യതയുമുണ്ടങ്കിൽ അത് നിർവ്വഹിക്കേണ്ടത് വസ്വിയ്യത്ത് മുഖേനയോ മറ്റോ ജീവിച്ചിരിക്കുമ്പോഴാണ്. ഇനി ഒരു പ്രത്യേക സാഹചര്യത്തിൽ വസ്വിയ്യത്തിന്ന് സാധിക്കാതെ വന്നാൽ ക്വുർആൻ 4:8 ൽ നിർദ്ദേശിച്ചപോലെ പ്രശ്നം പരിഹരിക്കേണ്ടതുമാണ്. (നമ്പർ 11ൽ വിവരിച്ചിട്ടുണ്ട്)

ഇനി നേർക്കുനേരെയുള്ള വിഹിതം കഴിച്ചു സ്വത്തു ബാക്കിയുണ്ടെങ്കിൽ അതൊരിക്കലും മകളുടെ മക്കൾക്ക് കൊടുത്തുകൂടെന്ന് അഹ്ലുസ്സുന്നത്ത് വൽ ജമാഅത്തിലെ പണ്ഡിതൻമാർ എല്ലാവരും അഭിപ്രായപ്പെട്ടിട്ടുമില്ല. അതു അവരുടെ പേരിലുള്ള ഒരു ആരോപണമാണ്. ചോദ്യകർത്താവിന്റെ അറിവു കുറവോ, അല്ലെങ്കിൽ അറിഞ്ഞിട്ടും ആളുകളെ ഇസ്‌ലാമിക ശരീഅത്തിനെപ്പറ്റി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമോ ആണ് മേൽ ചോദ്യങ്ങൾ ധ്വാനിപ്പിക്കുന്നത്.
കാരണം മകളുടെ മക്കൾ രക്തബന്ധമുള്ളവരിൽ പെട്ടതാണ് കുടുംബങ്ങളെ മൂന്നു വിഭാഗമായി (16-ാം നമ്പറിൽ വിവരിച്ചതിൽ ഒരു വിഭാഗമാണിവർ. മരിച്ച ആൾക്ക് നേർക്കുനേരെയുള്ള അവകാശികൾ ഇല്ലാതെ വരികയോ, അവരുടെ ഓഹരികൾ കൊടുത്തശേഷം ബാക്കി വരികയോ ചെയ്താൽ രക്തബന്ധമുള്ളവരിൽ അവകാശമുണ്ടെന്നാണ്, സച്ചരിതരായ പൂർവ്വിക പണ്ഡിതരിൽ വളരെ യധികം ആളുകളുടെയും അഭിപ്രായം.

അതിനാൽ ഈ ഉമ്മാമ (ഉമ്മയുടെ ഉമ്മ)യുടെ സ്വത്തിൽ നേർക്കുനേരെയുള്ള അവകാശികൾ കഴിച്ച് ബാക്കിയുണ്ടെങ്കിൽ മേൽപറഞ്ഞ മകളുടെ മക്കൾക്ക് കൊടുക്കാവുന്നതാണ്. ഇമാം അഹമദ്, അബൂഹനീഫ് എന്നിവരുടെ അഭിപ്രായം കാണുക.

"അവർക്ക് തുല്യനിലയിൽ പങ്കാളിത്തത്തോടെ അവകാശമുണ്ടെന്ന് ഇമാം അഹ്മദ് അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരാൾ മരിക്കുമ്പോൾ മകളുടെ മകളും സഹോദരിയുടെ മകളുമുണ്ടാവുമ്പോൾ അബൂഹനീഫയുടെ അഭിപ്രായത്തിൽ സ്വത്തു മുഴുവനും മകളുടെ മകൾക്കു ലഭിക്കുന്നതാണ്.

ഇമാം അഹ്മദിന്റെ അഭിപ്രായപ്രകാരം ഈ രണ്ടുപേർക്കും കൂടി തുല്യമായി പങ്കുവെക്കേണ്ടതുമാണ്. ഇങ്ങനെയാണ് മഹാൻമാരായ രണ്ടു പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ പൂർവ്വികരായ സകല പണ്ഡിതൻമാരെയും കണ്ണടച്ച് ആക്ഷേപിക്കാൻ ചോദ്യകർത്താവിനു ധൈര്യം വന്നതെങ്ങനെ!

അഹ്ലുസുന്നത്ത് വൽജമാഅത്തിന്റെ അറിയപ്പെട്ട പണ്ഡിതൻമാരാണല്ലോ ഇമാം അഹ്മദും അബൂ  ഹനീഫയും. കേരള നദ്വത്തുൽ മുജാഹിദീന്റെ സ്ഥാപകാധ്യക്ഷനായിരുന്ന മർഹും കെ.എം. മൗലവിയുടെ പുത്രൻ ശൈഖ് അബ്ദുസ്സമദ് മുഹമ്മദുൽ കാതിബ് അവർകൾ അനന്തരാവകാശത്തെപ്പറ്റി ഒരു ബൃഹത് ഗ്രന്ഥം രചിച്ചിട്ടുണ്ട്. അത് സഊദി അറേബ്യയിലെ മതപാഠശാഖകളിൽ നിലവിലുള്ള പാഠപുസ്തകവും കൂടിയാണ്. അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ.

(ദവുൽ അർഹാമിന്ന് സ്വത്തവകാശം കൊടുക്കുന്നതിനെക്കുറിച്ചുള്ള പണ്ഡിതാഭിപ്രായങ്ങൾ) എന്ന ശീർഷകത്തിൽ എഴുതുന്നു.

സഹാബികളിൽ ഉമർ അലി, ഇബ്നു മസ്ഊദ്, ഇബ്നു അബ്ബാസ് തുടങ്ങി മറ്റു പലരും(റ) ഇമാമുകളിൽ അബൂഹനീഫ്, അഹ്മദ് എന്നിവരും, ഇസ്‌ലാമിക പൊതു ഫണ്ട് ( UTC) വ്യവസ്ഥാപിതമായി നിലവിലില്ലാത്ത സന്ദർഭത്തിൽ എന്ന വ്യവസ്ഥയോടെ ഇമാം ശാഫിഈ(റ) തന്റെ പുതിയ അഭിപ്രായ പ്രകാരവും രക്തബന്ധമുള്ളവരിൽ നിന്ന് അവകാശം നൽകണമെന്ന് പറഞ്ഞിരിക്കുന്നത്. തുടർന്നു 248-ാം പേജിൽ ഗ്രന്ഥകർത്താവ് ഒരുദാഹരണം രേഖപ്പെടുത്തുന്നു. മകളുടെ കുട്ടി, മകന്റെ മകളുടെ കുട്ടി, അമ്മായി എന്നിവരാണ് പ്രസ്തുത ഉദാഹരണത്തിലുള്ളത്. ഇവർ മൂന്നുപേരും ദവുൽ അർഹാമിൽ പെട്ടവരാണ്. മകളുടെ മകനും ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ് അപ്പോൾ മകളുടെ മക്കൾക്ക് മറ്റു അവകാശികളില്ലാത്ത സന്ദർഭത്തിൽ സ്വത്തു നൽകാമെന്നു തന്നെയാണ് ഇതിൽ നിന്നെല്ലാം മനസ്സിലാവുന്നത്. ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന വിധത്തിലുള്ള അവകാശികളും, വ്യവസ്ഥാപിതമായ പൊതു ഖജനാവും ഇല്ലാത്ത അവസ്ഥയിൽ ദവുൽ അർഹാമിന്ന് സ്വത്ത് ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് മേൽ തെളിവുകളിൽ നിന്നെല്ലാം വ്യക്തമാണ്. വസ്തുത ഇതായിരിക്കെ, മകളുടെ മക്കൾക്ക് ഒരിക്കലും സ്വത്ത് ലഭിക്കുകയില്ലെന്നു പറയാൻ ചോദ്യകർത്താവിനെ പ്രേരിപ്പിച്ചതിന്റെ രഹസ്യം ദുരൂഹംതന്നെ.