21 - പ്രശ്നത്തിന്റെ മറുവശം.

എനി, ചോദ്യത്തിലെ രണ്ടാമത്തെ വശത്തെക്കുറിച്ചാണ് പരിശോധിക്കാനുള്ളത്. എന്തെന്നാൽ, മകളുടെ മക്കളിൽ ആരെങ്കിലും മരിച്ചാൽ ഉമ്മയുടെ ഉമ്മ അങ്ങോട്ടവകാശം ലഭിക്കുന്നതാണ്. ഈ വിഷയത്തിൽ താഴെ ഉദ്ധരിക്കുന്ന തെളിവു കാണുക. ബുറൈദ (റ) യിൽ നിന്നു അബൂദാവൂദ് ഉദ്ധരിക്കുന്നു.

"ഉമ്മയില്ലാത്തപ്പോൾ ഉമ്മാമക്ക് നബി  ആറിലൊന്ന് വിധിച്ചിരിക്കുന്നു."

ഇമാം മാലിക് (റ) തന്റെ അൽ മുവത്വയിൽ വിവരിക്കുന്നു.

ഒരു ഉമ്മാമ അവകാശം ചോദിച്ചു അബൂബക്കർ (റ) നെ സമീപിച്ചപ്പോൾ മുഗീറത്തുബ്നുശുഅബ് (റ) പറഞ്ഞു: നബി  അവർക്ക് (ഉമ്മാമക്ക്) ആറിലൊന്നു കൊടുത്തതായി ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അപ്പോൾ അബൂബക്കർ (റ) ചോദിച്ചു താങ്കളുടെ കൂടെ ആ സന്ദർഭത്തിൽ മറ്റാരെങ്കിലുമുണ്ടായിരുന്നോ?

അപ്പോൾ മുഹമ്മദുബ്നു മസ്ലമത്തുൽ അൻസാരി എഴുന്നേറ്റുനിന്നു. മുഗീറ (റ) പറഞ്ഞതുപോലെ പറഞ്ഞു. അപ്പോൾ അബൂബക്കർ (റ) ഉമ്മാമക്ക് ആറിലൊന്നു കൊടുത്തു. ഈ വിധിപ്രകാരം ഉമ്മാമക്കു സ്വത്തുലഭിക്കുമെന്നതിൽ സംശയമില്ല.

മാലിക് (റ) തുടരുന്നു.

"നമ്മുടെ അടുക്കൽ അംഗീകൃതവും അഭിപ്രായ ഭിന്നതയില്ലാത്തതും, നമ്മുടെ നാട്ടിലെ പണ്ഡിതൻമാരുടെ അഭിപ്രായമായി ഞാൻ മനസ്സിലാക്കിയിട്ടുള്ളതു മായ കാര്യം, അടുത്ത ഉമ്മയുള്ളപ്പോൾ ഉമ്മയുടെ ഉമ്മക്ക് ഒന്നും അവകാശമില്ല എന്നാണ്. ഇതല്ലാത്ത സന്ദർഭത്തിൽ അവർക്ക് ആറിലൊന്നു നിർണ്ണയിക്കപ്പെട്ടിരിക്കുന്നു."

പേരക്കുട്ടിയുടെ സ്വത്തിൽ ഉമ്മയില്ലാത്ത സന്ദർഭത്തിൽ ഉമ്മാമക്ക് അവകാശമുണ്ടെന്ന് നബി(സ)യുടെ വിധിയിൽ നിന്നുതന്നെ വ്യക്തമായല്ലോ അതുതന്നെയാണ് മുസ്ലിം പണ്ഡിതൻമാർ എല്ലാവരും സ്വീകരിച്ചിട്ടുള്ളതും ഇതു തികച്ചും ന്യായവുമാണ്. കുട്ടികളെ വളർത്തുന്നതിന്റെ സാമ്പത്തികച്ചിലവ് പിതാവാണ് വഹിക്കേണ്ടതെങ്കിലും വളർത്തേണ്ടത് ഉമ്മയാണ്. മുലപ്പാല് കൊടുക്കേണ്ടതും ഉമ്മതന്നെ. ഈ ഉമ്മയില്ലാത്ത സന്ദർഭങ്ങളിൽ കഷ്ടപ്പെട്ടു വയസ്സുകാലത്തു താലോലിച്ചു വളർത്തിയ പേരക്കുട്ടിയുടെ സ്വത്തിൽ ഉമ്മാമക്ക് അവകാശം കണ്ടതു എത്ര ന്യായമാണ്. യുക്തമാണ്. മകളുടെ മക്കൾക്ക്
ഉമ്മാമയെ താലോലിച്ചു വളർത്തേണ്ടതായി വരുമോ? ഒന്നു ചിന്തിക്കുക. വയസുകാലത്തു പുത്രൻമാരുടെ മക്കളോ പുത്രിമാരോ ആയിരിക്കും അവരെ സംരക്ഷിക്കുക. അവർക്ക് ക്രമപ്രകാരം അവകാശവും ഉണ്ട്.

വല്ലപ്പോഴും അസാധാരണമായി മകളുടെ മക്കൾ ഉമ്മാമയെ സംരക്ഷിക്കേണ്ടി വന്നാൽ ഉമ്മാമയ്ക്ക് വസ്വിയ്യത്തു ചെയ്യുവാൻ അവകാശം അല്ലാഹു വെച്ചിട്ടുണ്ടെന്നു നാം ഒന്നിലധികം പ്രാവശ്യം ഉണർത്തുകയും ചെയ്തു.

അടിസ്ഥാനം നബിചര്യ തന്നെ

നാലാമത്തെ സംശയം; മരണപ്പെട്ടയാൾക്ക് മാതാവിന്റെ ഉമ്മയും ഉപ്പയും പിതാവിൻറ ഉമ്മയും ഉപ്പയും മാത്രമാണ് രക്തബന്ധുക്കളായുള്ളതെങ്കിൽ അവരിൽ പിതാവിന്റെ ഉമ്മാക്കും ഉപ്പാക്കും മാതാവിന്റെ ഉമ്മാക്കും മാത്രമേ അവകാശമുള്ളുവെന്നും, മാതാവിന്റെ ഉപ്പാക്ക് മാത്രം മറ്റുമൂന്നുപേരിൽ ആരുമില്ലെങ്കിൽ പോലും) ഒരു കാലത്തും അവകാശമില്ലെന്നും ഏകകണ്ഠമായി നിയമമാക്കാൻ എന്തടിസ്ഥാനമാണുള്ളത്? ക്വുർആനിലോ ഹദീസിലേ അതിന് വല്ല തെളിവുമുണ്ടോ?

ഉപ്പാപ്പമാരുടെയും ഉമ്മാമമാരുടെയും അവകാശത്തെപ്പറ്റിയാണ് ഇവിടെ നമുക്ക് ചർച്ചചെയ്യാനുള്ളത്. പിതാമഹൻ, പിതാമഹി, മാതാമഹൻ, മാതമഹി എന്നിങ്ങനെ ഈ ഗണത്തിൽ ഉൾപ്പെടുന്ന നാലുപേരിൽ മൂന്നുപേർക്കു സ്വത്തവകാശം ലഭിക്കുന്നു. ഒരാൾക്കു മാത്രം അവകാശം ലഭിക്കുന്നില്ല. ഇത് മുസ്ലിം പണ്ഡിതൻമാരുടെ ഏകകണ്ഠാഭിപ്രായമാണെന്ന കാര്യവും ചോദ്യകർത്താവ് സമ്മതിക്കുന്നു. എന്നതാണ് സംശയം. അതു താഴെ വിവരിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ എന്നാല് അഭിപ്രായം ഏതു തെളിവിന്നടിസ്ഥാനത്തിലാണ് പിതാമഹന്ന് പേരക്കുട്ടിയുടെ സ്വത്തിൽ നിന്ന് നബി  അവകാശം
നല്കിയ ഒരു സംഭവം ഇംറാനുബ്നു ഹുസൈനിൽ നിന്ന് തുർമുദി ഉദ്ധരിച്ചത് കാണുക. ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്നു കൂടി തുർമുദി അഭിപ്രായപ്പെട്ടിരിക്കുന്നു.

ഒരാൾ നബി യുടെ അടുത്ത് വന്നു പറഞ്ഞു: എന്റെ മകന്റെ മകൻ മരിച്ചു. അവന്റെ അനന്തിര സ്വത്തിൽ നിന്ന് എനിക്കെന്താണുള്ളത്?

നബി പറഞ്ഞു. നിങ്ങൾക്ക് ആറിലൊന്ന് ലഭിക്കും. അദ്ദേഹം തിരിച്ചു പോകുമ്പോൾ നബി മടക്കി വിളിച്ചു പറഞ്ഞു: "നിങ്ങൾക്ക് ആറിലൊന്നു വേറെയും ലഭിക്കും. വീണ്ടും അദ്ദേഹം തിരിഞ്ഞു നടന്നപ്പോൾ നബി രണ്ടാമതും മടക്കിവിളിച്ചു കൊണ്ട് പറഞ്ഞു: "വേറെയുള്ള ആറിലൊന്ന് ആഹാരത്തിന്നുള്ളവകയാണ്."

ഇവിടെ മരിച്ച പേരക്കുട്ടിക്ക് 2/3 ഓഹരിക്കുള്ള അവകാശികളായി ഒന്നിലധികം പെൺമക്കളോ മറ്റോ ഉള്ളതായി ഗ്രഹിക്കാം. ബാക്കിയുള്ള 1/3നെ നബി രണ്ടായി വിഭജിച്ചു. അതിൽ ഒരോഹരി ആറിലൊന്ന് പിതാവിന്റെ അഭാവത്തിൽ ഈ പിതാമഹനു നല്കി. ബാക്കിയുള്ള ആറിലൊന്നു ഈ ഉപ്പാപ്പക്കു തന്നെ സംരക്ഷണാധികാരി എന്നനിലക്കും നല്കി. ഈ രണ്ടു ഓഹരികളും നബി വേർതിരിച്ചു തന്നെ നല്കിയത് ശ്രദ്ധിക്കുക.ഈ പരിഗണനകളൊന്നും ഉമ്മയുടെ ഉപ്പക്ക് ലഭിക്കുകയില്ലെന്നും വ്യക്തമാണല്ലോ.

ഉപ്പയില്ലെങ്കിൽ ഉപ്പാപ്പക്ക് പേരക്കുട്ടിയുടെ സ്വത്തിൽ അവകാശമുണ്ടെന്ന കാര്യത്തിൽ സ്വഹാബികൾക്ക് സംശയമുണ്ടായിരുന്നില്ലെന്ന് ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം.കാരണം തനിക്ക് പേരക്കുട്ടിയുടെ സ്വത്തിൽ  അവകാശമുണ്ടോ എന്നല്ല, എന്താണ് ലഭിക്കുക എന്നതായിരുന്നുവല്ലോ പ്രസ്തുത സ്വഹാബിയുടെ സംശയം.

സ്വഹാബത്തിന്റെ മാതൃക

ഉപ്പയുടെ ഉപ്പക്ക് ഖലീഫ അബൂബക്കർ (റ) അവകാശം നല്കിയത് ഹദീസു ഗ്രന്ഥങ്ങളിൽ കാണാം. നബിചര്യയിൽ നിന്ന് ബോധ്യപ്പെടാതെ അബൂബക്കർ (റ) ഇങ്ങനെ ഓഹരി നല്കുകയില്ലെന്ന് വ്യക്തമാണ്. എന്തുകൊണ്ടെന്നാൽ ഒരിക്കൽ ഒരു ഉമ്മാമ തന്റെ പേരക്കുട്ടിയിൽ നിന്ന് അവകാശം ചോദിച്ചുകൊണ്ട് അബൂബക്കർ (റ) ന്റെ അടുക്കൽ വന്ന സംഭവം നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. (സംശയം 3ൽ ഈ സ്ത്രീയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു.

നിങ്ങൾക്ക് അവകാശമുള്ളതായി വിശുദ്ധ ഖുർആനിലോ നബിചര്യയിലെ ഞാൻ കണ്ടിട്ടില്ല. അതിനാൽ ഇപ്പോൾ തിരിച്ചു പോകുക. അറിവുള്ളവരോട് അന്വേഷിച്ചിട്ട് പറയാം. പിന്നീട് അബൂബക്കർ (റ) ഈ വിഷയം അന്വേഷിക്കുകയും, നബി , ഒരു ഉമ്മാമക്ക് അവകാശം കൊടുത്തതായി ഞങ്ങൾ കണ്ടിട്ടുണ്ടെന്ന് മുഗീറത്തുബ്നു ശുഅബ്, മുഹമ്മദ്ബ്നു മസ്ലമെത്തുൽ അൻസ്വാരി എന്നിവർ പറഞ്ഞപ്പോൾ അക്കാര്യം അബൂബക്കർ (റ) ന്ന് ബോധ്യപ്പെടുകയും ആ സ്ത്രീക്ക് ആറിലൊന്നു അവകാശം നല്കുകയും ചെയ്തു. ഇതായിരുന്നു അബൂബക്കർ (റ) ന്റെ സൂക്ഷ്മത. അപ്പോൾ കൂടുതലൊന്നും അന്വേഷിക്കാതെ അദ്ദേഹം ഉപ്പാപ്പക്ക് അവകാശം നല്കിയത് ഈ വിഷയത്തിൽ നബിചര്യയുണ്ടെന്ന് അദ്ദേഹത്തിന്ന് ബോധ്യപ്പെട്ടതുകൊണ്ടായിരിക്കുമല്ലോ. മറ്റു ഖലീഫമാരും ഉപ്പാപ്പക്ക് അവകാശം നല്കിയിട്ടുണ്ട്. പിതാവില്ലാത്ത സന്ദർഭത്തിൽ പിതാമാഹന്ന് അവകാശമുണ്ടെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ലെന്ന് ഇമാം മാലിക്(റ) മുവത്വയിലും രേഖപ്പെടുത്തി ഇത് കാണാം. (അൽമുവത്വ പേജ് 326)

ഇനി ഇസ്ലാമിലെ ഗൃഹവ്യവസ്ഥ പരിശോധിച്ചാലും (മുഖവുര 6-ാം നമ്പർ) പിതാവിന്റെ അഭാവത്തിൽ കുടുംബനായകനും സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ട ആളും പിതാമഹനാണെന്ന് മനസ്സിലാക്കാം. ഇയാൾ തന്നെയാണ് ഈ പേരക്കുട്ടിയുടെ സംരക്ഷകൻ. ഈ നിലക്കും ഉപ്പാപ്പ പേരക്കുട്ടിയുടെ സ്വത്തിന്നവകാശി തന്നെ.

എന്നാൽ ഉമ്മയുടെ ഉപ്പക്ക് ഇസ്ലാമിക ഗൃഹവ്യവസ്ഥ പ്രകാരം ഈ പേരക്കുട്ടിയുടെ സംരക്ഷണ ബാധ്യതയും സാമ്പത്തിക ബാധ്യതയും വരുന്നില്ല. അത് ഉപ്പയുടെ കുടുംബത്തിനാണുള്ളത്. അതായിരിക്കണം ഉമ്മയുടെ ഉപ്പക്ക് അവകാശമില്ലാതെ വരാൻ കാരണം. പുരുഷൻമാരുടെ അവകാശം നിശ്ചയിച്ചതിൽ സാമ്പത്തിക ബാധ്യതയുടെ വശം പരിഗണിച്ചതായി ഇസ്ലാമികദായക്രമത്തിൽ പലയിടത്തും നമുക്ക് കാണാം. കൂടാതെ, ഉമ്മയുടെ ഉപ്പക്ക് അവകാശം നൽകിയതായി നബിയിൽനിന്നോ അവിടുത്തെ ചര്യ പിന്തുടർന്നു ജീവിച്ച സ്വഹാബികളിൽ നിന്നോ ഒരു റിപ്പോർട്ടും കാണുന്നില്ല. അതുകൊണ്ട് ഈ ഉപ്പാപ്പയെ നേരിട്ടുള്ള അവകാശികളുടെ കൂട്ടത്തിൽ മുസ്ലിം പണ്ഡിതൻമാർ എണ്ണിയിട്ടുമില്ല.

എന്നാൽ രക്തബന്ധുവായി ഉമ്മയുടെ ഉപ്പ് മാത്രം ജീവിച്ചിരിക്കുമ്പോൾ പോലും അയാൾക്ക് പേരക്കുട്ടിയുടെ സ്വത്തിൽനിന്നു ഒന്നും കിട്ടുകയില്ലെന്ന് ഏകകണ്ഠമായി നിയമമാക്കി വെച്ചിരിക്കുന്നു എന്ന് ചോദ്യ കർത്താവ് പറഞ്ഞത് ശരിയല്ല. കാരണം ഉമ്മയുടെ ഉപ്പ രക്തബന്ധുക്കളിൽ പെടുന്നതുകൊണ്ട് മറ്റു അവകാശികളായ രക്തബന്ധുക്കൾ ഇല്ലാ അപ്പോൾ ഇവർക്ക് സ്വത്ത് ലഭിക്കുമെന്ന് നാം ഇതിന്നു മുമ്പ് വിശദമായിയുള്ള അവകാശികളോ ഇല്ലാത്ത സന്ദർഭത്തിൽ (ഉമ്മയുടെ ഉപ്പ മാത്ര വിവരിച്ചതാണ്. നിശ്ചിത ഓഹരിയുടെ അവകാശികളോ സംരക്ഷണച്ചുമതലമുള്ളപ്പോൾ അങ്ങനെയാണല്ലോ.) ഉമ്മയുടെ ഉപ്പക്ക് അവകാശമുണ്ടെന്ന് പൂർവ്വിക പണ്ഡിതൻമാരും അഭിപ്രായപ്പെട്ടത് നിങ്ങൾ കണ്ടുവല്ലോ.

ഉപ്പയുടെ ഉപ്പക്ക് അവകാശം കൊടുക്കുന്ന കാര്യവും ഉമ്മയുടെ ഉപ്പക്ക് സാധാരണ ഗതിയിൽ അവകാശമില്ലാ എന്ന് പറഞ്ഞതിന്റെ ന്യായവുമാണ് നാം വിവരിച്ചത്. എന്നാൽ ഉപ്പയുടെ ഉമ്മക്കും, ഉമ്മയുടെ ഉമ്മക്കും പേരക്കുട്ടിയുടെ സ്വത്തിൽ അവകാശമുണ്ടെന്ന് നബിചര്യയിൽനിന്ന് വളരെ വ്യക്തമായി വന്നിട്ടുണ്ട്.

ഖുബൈസത്തുബ്നു ദുഐബിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു.

"ഒരു ഉമ്മാമ്മ അബൂബക്കർ സിദ്ദീഖി (റ) ന്റെ അടുക്കൽ തന്റെ അവകാശത്തെ പറ്റി ചോദിച്ചുവന്നു. അബൂബക്കർ(റ) അവരോട് പറഞ്ഞു. അല്ലാഹുവിൻറ ഗ്രന്ഥത്തിൽ നിങ്ങൾക്കൊന്നുമില്ല. നബിചര്യയിൽ നിങ്ങൾക്ക് വല്ലതുമുള്ളതായി എനിക്കറിവുമില്ല. അതിനാൽ നിങ്ങൾ പോവുക. ഞാൻ ജനങ്ങളോട് അന്വേഷിക്കാം. അങ്ങനെ ജനങ്ങളോടന്വേഷിച്ചപ്പോൾ മുഗീറത്തുബ്നുശുഅബ പറഞ്ഞു: നബി അവർക്ക് ആറിലൊന്നു കൊടുത്തപ്പോൾ ഞാനവിടെ സംബന്ധിച്ചിരുന്നു. അപ്പോൾ അബൂബക്കർ (റ) ചോദിച്ചു. മറ്റാരെങ്കിലും നിങ്ങളോടൊപ്പമുണ്ടായിരുന്നോ? അപ്പോൾ മുഹമ്മദ്ബ്നു മസ്ലമത്തുൽ അൻസാരി എഴുന്നേറ്റുനിന്നു. മുഗീറ പറഞ്ഞതുപോലെ അദ്ദേഹവും പറഞ്ഞു. അങ്ങനെ അബൂബക്കർ (റ) അവർക്ക് (ഉമ്മാമക്ക് ആ വിധി നടപ്പിലാക്കി. പിന്നീട് മറ്റെ ഉമ്മാമ ഉമർ ഖത്താബിന്റെ (അദ്ദേഹത്തിന്റെ ഭരണകാലത്ത് അടുത്ത് തന്റെ അവകാശം ചോദിച്ചുവന്നു. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു. അല്ലാഹുവിന്റെ കിതാബിൽ നിങ്ങൾക്കൊന്നുമില്ല. ഇവിടെ പറയപ്പെട്ട വിധി (അബൂബക്കർ സിദ്ദീഖിന്റെ മേൽ പറഞ്ഞ വിധിയാണെങ്കിൽ അത് വേറെ ഒരാൾക്കായിരുന്നു. സ്വത്തവകാശ നിർണ്ണയത്തിൽ ഞാനൊന്നും വർദ്ധിപ്പിക്കുന്നുമില്ല. അത് ആ ആറിലൊന്നു തന്നെയാണ്. അതിനാൽ നിങ്ങൾ രണ്ടു ഉമ്മാമമാരുണ്ടെങ്കിൽ അത് രണ്ടാളും കൂടി പങ്കിടുക. നിങ്ങളിൽ ഒരാളേയുള്ളുവെങ്കിൽ അത് (1/6) അവർക്ക് തന്നെയാണ്."(അൽ മുവത്വ പേജ് 328)

അബൂബക്കർ സിദ്ദീഖ്(റ) തന്നെ രണ്ട് ഉമ്മമാർക്കും കൂടി ആറിലൊന്നു വിധിച്ചതായി വേറെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചുരുക്കത്തിൽ ഉമ്മയുടെ ഉമ്മ അവകാശിയാവുന്നത് ഉമ്മയില്ലെങ്കിൽ മാത്രമാണ്. ഉപ്പയും ഉമ്മയും ഇല്ലാതിരിക്കുമ്പോഴെ ഉപ്പയുടെ ഉമ്മക്ക് അവകാശം ലഭിക്കൂ. ഉപ്പ ഉണ്ടായാലും ഉമ്മയില്ലെങ്കിൽ ഉപ്പയുടെ ഉമ്മക്ക് അവകാശമുണ്ട് എന്ന് ഒരഭിപ്രായമുണ്ട്. ഈ അഭിപ്രായപ്രകാരം ഉമ്മയുടെ അഭാവത്തിൽ കുട്ടിയെ വളർത്തുവാനും രക്ഷിക്കുവാനും രണ്ടു വിധത്തിലുള്ള ഉമ്മാമാർക്കും ബാധ്യതയുണ്ട്. ഇതാണ് രണ്ട് ഉമ്മാമമാരും അവകാശികളായി വരുന്നത്. ഉപ്പയില്ലാത്ത സന്ദർഭത്തിൽ പിതാമഹന്നാണ് സംരക്ഷണ
ഉത്തരവാദിത്തം എന്നതിനാലാണ് അദ്ദേഹത്തിന്ന് അവകാശം ലഭിക്കുന്നത്.

എന്നാൽ ഈബാധ്യത ഉമ്മയുടെ ഉപ്പക്കില്ലല്ലോ. അതുകൊണ്ട് തന്നെ അയാൾക്കു അവകാശവുമില്ല. ഇനി ഉമ്മയുടെ ഉപ്പയോട് പേരക്കുട്ടിക്ക് വല്ല കടപ്പാടുമുണ്ടെങ്കിൽ പേരക്കുട്ടിയുടെ ജീവിതകാലത്ത് 2-180 വസിയ്യത്തു ചെയ്യാം. അതുമല്ലെങ്കിൽ 4-8 പ്രകാരം പേരക്കുട്ടിയുടെ സ്വത്ത് ഭാഗിക്കുമ്പോൾ കൊടുക്കുകയും ചെയ്യാവുന്നതാണ്.