പരലോക ജീവിതത്തെപ്പറ്റി മുന്നറിയിപ്പും, സുവിശേഷവും നല്‍കുവാനും, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെപ്പറ്റി അനുസ്മരിപ്പിക്കുവാനും അവനെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളുവെന്ന് മനുഷ്യരെ ധരിപ്പിക്കുവാനും, ദൈവദൂതന്മാരെ അല്ലാഹു മനുഷ്യരില്‍ നിന്ന് തന്നെ നിയോഗിക്കുകയും അവര്‍ മുഖേന വേദഗന്ഥങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. ഈ വിധത്തില്‍ എല്ലാ സമുദായങ്ങളിലും ദൈവദൂതന്മാര്‍ നിയുക്തരായിട്ടുണ്ട്. മനുഷ്യരെ യാതൊരു മാര്‍ഗനിര്‍ദേശവുമില്ലാതെ, ഇഷ്ടംപോലെ വിഹരിക്കുവാനും തപ്പിത്തടയാനും വിട്ടിരിക്കയല്ല. അവരില്‍ നിന്ന് അല്ലാഹു തെരഞ്ഞെടുക്കുന്ന ഉത്തമരും വിശ്വസ്തരും സത്യസന്ധരുമായവര്‍ക്ക്, ദിവ്യബോധനം നല്‍കി ദൈവ ദൂതന്മാരായി നിയോഗിക്കുകയും ചെയ്തു. മനുഷ്യാരംഭം മുതല്‍ അല്ലാഹു സ്വീകരിച്ചിട്ടുള്ള നടപടിക്രമമാണിത്. മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ ഒരനുഗ്രഹമാണ്.
"അല്ലാഹുവെ മാത്രം ആരാധിക്കുക, മറ്റാരാധ്യരെയെല്ലാം വര്‍ജ്ജിക്കുക എന്ന ബോധനവുമായി എല്ലാ സമുദായ ങ്ങളിലേക്കും നാം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്." (ക്വുര്‍ആന്‍ 16:36)
അധര്‍മ്മം കൊടികുത്തി വാഴുകയും, സാക്ഷാല്‍ സ്രഷ്ടാവായ ദൈവത്തിന് പുറമെ മനുഷ്യര്‍ പല ദൈവങ്ങളെയും സങ്കല്‍പിച്ചുണ്ടാക്കി ആരാധിക്കുകയും, നന്മയുടെ സ്ഥാനം തിന്മ കരസ്ഥമാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തിട്ടുള്ള ഘട്ടങ്ങളില്‍ മനുഷ്യരെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാന്‍ ദിവ്യബോധനം നല്‍കിക്കൊണ്ട് ദൈവദൂതന്മാരെ അല്ലാഹു മനുഷ്യരില്‍ നിന്ന് തന്നെ നിയോഗിച്ചുപോന്നു. ധര്‍മ്മ പുനസ്ഥാപനത്തിന് ദൈവം മനുഷ്യനായി അവതരിക്കുന്നു എന്ന തെറ്റിദ്ധാരണ, പ്രവാചകന്മാരെപ്പറ്റി പില്‍ക്കാലത്തുണ്ടായ അതിര്‍കവിഞ്ഞ ചിന്താഗതികളില്‍ നിന്ന് ഉടലെടുത്തതാവാം. പ്രവാചകന്മാര്‍ വെറും ഉപദേഷ്ടാക്കള്‍ മാത്രമായിരുന്നില്ല. ഉപദേശങ്ങള്‍ ജീവിതത്തില്‍ പ്രയോഗവത്കരിച്ച് മാതൃക കാണിക്കേണ്ടവരുമാണ്. മനുഷ്യ പ്രകൃതിക്കും സ്വഭാവത്തിനും അനുയോജ്യമായ നിയമങ്ങളും തത്വങ്ങളുമാണ് തങ്ങളുപദേശിക്കുന്നതെന്ന് ജീവിതത്തിലൂടെ തെളിയിക്കേണ്ടവരാണ്. അതുകൊണ്ട് അവര്‍ മനുഷ്യര്‍ തന്നെ ആയിരിക്കണം, അതിന് മനുഷ്യപ്രകൃതിയില്‍നിന്ന് തികച്ചും ഭിന്നരായ 'മാലാഖ'മാരോ സാക്ഷാല്‍ ദൈവം തന്നെയോ മനുഷ്യരൂപം പൂണ്ട് മനുഷ്യര്‍ക്കിടയില്‍ ജീവിച്ചിട്ട് കാര്യമില്ല. മാലാഖമാരുടെ ജീവിതം അവര്‍ക്ക് മാത്രമെ പിന്തുടരാന്‍ കഴിയൂ.
ദൈവത്തെ സംബന്ധിച്ചിടത്തോളം മനുഷ്യജന്മം സ്വീകരിക്കുകയോ മനുഷ്യരൂപം കൈക്കൊള്ളുകയോ ചെയ്യുന്നത് അവന്‍റെ ശുദ്ധ ഗുണങ്ങള്‍ക്ക് യോജിച്ചതല്ല. ഭ്രൂണാവസ്ഥയിലും ശൈശവത്തിലും ബാല്യത്തിലും മറ്റു ജീവിതഘട്ടങ്ങളിലുടനീളവും മനുഷ്യരെ ആശ്രയിച്ചു ജീവിക്കേണ്ടുന്ന ഒരു ഗതികേട് പരാശ്രയമില്ലാത്ത ദൈവത്തി നുണ്ടായിക്കൂടാ. ഊണും ഉറക്കവും ഭാര്യയും സന്താനവും ഉള്ള ദൈവം സ്ഥിരശ്രദ്ധനോ പരസ്വാധീനമുക്തനോ ആവുകയില്ല. അതിനാല്‍ ദൈവം മനുഷ്യനായി അവതരിക്കുന്നുവെന്ന സങ്കല്‍പം ദൈവത്തിന്‍റെ മഹത്വത്തിന് കളങ്കമേല്‍പ്പിക്കലാണ്. ദൈവദൂതരായ മനുഷ്യരില്‍ പില്‍ക്കാലത്തെ ജനങ്ങള്‍ ദിവ്യത്വമാരോപിച്ചുവെന്നതാണ് വസ്തുത.
ദൈവവിശ്വാസികളായ മനുഷ്യര്‍ തന്നെ ദൈവ ത്തെപ്പറ്റി പലതരത്തിലുള്ള തെറ്റായ ധാരണകളും വെച്ചു പുലര്‍ത്തുന്നതിനെ വേദഗ്രന്ഥങ്ങളും ദൈവദൂതന്മാരും തിരു ത്തുകയും അല്ലാഹുവിനെപ്പറ്റിയുള്ള യഥാര്‍ത്ഥ വിജ്ഞാനം മനുഷ്യര്‍ക്ക് നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാലും കാലാന്തരത്തില്‍ പിശാചിന്‍റെ പ്രേരണക്കും സ്വന്തം ദേഹേച്ഛക്കും വശംവദരായിക്കൊണ്ട് പലതരം ദൈവസങ്കല്‍പങ്ങളും മനു ഷ്യര്‍ രൂപപ്പെടുത്തിക്കൊണ്ടിരുന്നു.
പ്രവാചക പരമ്പരയില്‍ അന്തിമനാണ് മുഹമ്മദ് നബി? അദ്ദേഹം മാനവകുലത്തിനാകമാനം നിയുക്തനായ പ്രവാചകനാണ്. അദ്ദേഹത്തിലൂടെ മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ വിശുദ്ധ ഗ്രന്ഥമത്രെ ക്വുര്‍ആന്‍. അത് യാതൊരുവിധ കൈയേറ്റത്തിനും വിധേയമാവാതെ തനതായ രൂപത്തില്‍ നമ്മുടെ മുമ്പിലുണ്ട്.
മുഹമ്മദ് നബി (സ്വ) യെ സംബന്ധിച്ച് അദ്ദേഹം ഒരു മനുഷ്യനായ ദൈവദൂതനെന്നല്ലാതെ, ദേവനാണെന്നോ, ദൈവാവതാര മാണെന്നോ, ദൈവമാണെന്നോ മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്നവന് ഇസ്ലാമില്‍ സ്ഥാനവുമില്ല. "അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല" എന്നതാണ് ഇസ്ലാമിന്‍റെ പ്രഥമ പ്രതിജ്ഞാവാക്യമെങ്കില്‍ "മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണ്" എന്നതാണ് ദ്വിതീയ വചനം.
"ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രം, എനിക്ക് ദിവ്യബോധനമുണ്ടെന്നേയുള്ളൂ" (ക്വുര്‍ആന്‍ 41:6)
എന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹം അല്ലാഹുവിനാല്‍ ശാസിക്കപ്പെട്ടതായി ക്വുര്‍ആനില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ കാണാം. പൂര്‍വ്വ പ്രവാചകന്മാരില്‍ ചിലരെ അവരുടെ അനുയായികള്‍ വാഴ്ത്തുന്നതുപോലെ നിങ്ങളെന്നെ വാഴ്ത്തരുതെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനും ദാസനും മാത്രമാണെന്നും നബി (സ്വ) അനുയായികളെ ഉപദേശിച്ചിട്ടുണ്ട്. ചരമം പ്രാപിക്കുന്നിന്‍റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്‍റെ ഖബര്‍ ആരാധനാലയമാക്കരുതെന്നും ആഘോഷസ്ഥലമാക്കരുതെന്നും പലവട്ടം താക്കീതു നല്‍കുകയുണ്ടായി. അങ്ങനെ ചെയ്യുന്നവര്‍ ശാപത്തിന് വിധേയരാണെന്ന് അറിയിപ്പ് നല്‍കുകയും ചെയ്തു.
മുസ്ലിംകള്‍ മുഹമ്മദ് നബി?യെ അന്തിമ പ്രവാചകനും മാതൃകാപുരുഷനുമെന്ന നിലയില്‍ അങ്ങേയറ്റം ആദരിക്കുന്നു. ലോകത്തെമ്പാടുമുണ്ടായിട്ടുള്ള സര്‍വ്വ പ്രവാചകന്മാരെയും വിവേചനം കൂടാതെ ആദരിക്കാന്‍ ക്വുര്‍ആന്‍ ശാസിക്കുന്നുണ്ട്. പക്ഷെ മുഹമ്മദ് നബി (സ്വ) യേയോ മറ്റേതെങ്കിലും പ്രവാചകന്മാരെയോ ദൈവാവതാരങ്ങളോ ദിവ്യാംശമുള്ളവരോ ആയി കല്‍പ്പിച്ചു ആരാധിക്കുവാനോ പ്രാര്‍ഥിക്കുവാനോ പാടുള്ളതല്ല.