1. പ്രബലസംരക്ഷണ വിഭാഗം - العَصَبَة
നിർണ്ണയിത ഓഹരി കൂടാതെ അനന്തരമെടുക്കുന്നവരെയാണ് 'അസ്വബ' എന്നു പറയുന്നത്. പുത്രന്മാർ, പിതാവ്, സഹോദരന്മാർ, പിതൃവ്യന്മാർ എന്നിവർ ഈ കൂട്ടത്തിൽപെടുന്നു. ഇസ്‌ലാമിലെ ഗൃഹസംവിധാനരീതിയനുസരിച്ച് ഒരു പുരുഷനും ഒരു സ്ത്രീയും (ഭാര്യാഭർത്താക്കന്മാർ) കൂടിയാണ് കുടുംബം ആരംഭിക്കുന്നത്. ഈ കുടുംബത്തിന്റെ സംരക്ഷണങ്ങളെയാണ് ഈ കുടുംബത്തിൽ സന്താനങ്ങൾ പിറന്നാൽ സ്ത്രീസന്താനങ്ങളെ വിവാഹം ചെയ്തുുകൊടുക്കുകവഴി അവർ മറ്റൊരു കുടുംബത്തിലെ അംഗമായിത്തീരുന്നു. പുരുഷസന്താനങ്ങളാകട്ടെ പിതാവിന്റെ വീട്ടിലെ അംഗങ്ങളും സംരക്ഷകരുമാണ്. ഈ മകന്റെ പുറമെ പിതാവും സഹോദരന്മാരും കുടുംബത്തിൽ സംരക്ഷണബാധ്യതയുള്ളവരാണ്. അവരാരുമില്ലെങ്കിൽ, അല്ലെങ്കിൽ അവരുള്ളപ്പോൾതന്നെ ഏതാനും ചിലരെസ്സംബന്ധിച്ച് പിതൃവ്യന്മാരും സംരക്ഷകരായിത്തീരുന്നു. ഇവരാണ് ഒരു കുടുംബത്തിലെ പ്രധാന സംരക്ഷകർ. ഇവരെയാണ് അസ്വബ (عصبة) എന്ന് വിളിക്കുന്നത്.
اَلْحِقُوا الْفَرَائِضَ بِأَهْلِهَا فَمَا بَقِيَ فَهُوَ لِأَوْلَى رَجُلٍ ذَكَرٍ - متفق عليه
എന്ന നബിവചനം ഈ വിഭാഗത്തെപ്പറ്റിയാണെന്ന് മനസ്സിലാക്കേണ്ടതാണ്. ഈ വിഭാഗത്തിൽ സ്ത്രീകളെ സ്വന്തമായി പരിഗണിക്കപ്പെടുന്നില്ല. അത് അവരെ അവഗണിച്ചതുകൊണ്ടല്ല. അവർക്ക് മറ്റൊരു ഗൃഹത്തിലെ നേതൃത്വത്തിന് വിധേയമായി ജീവിക്കേണ്ടതിനാലാണ്. അവർ ആ ഗൃഹത്തിലെ പ്രജകളുമാണ്.
ഈ യാഥാർത്ഥ്യം ഗ്രഹിക്കാതെയും കാര്യങ്ങൾ മനസ്സിലാക്കാതെയുമാണ് പലരും ഇസ്‌ലാമികനിയമങ്ങൾ സ്ത്രീകളെ തരംതാഴ്ത്തുന്നു എന്ന് പരാതിപ്പെടാറുള്ളത്. സ്ത്രീ അവഗണിക്കപ്പെടുകയും വളരെ പീഡനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്ത ഒരു കാലഘട്ടത്തിൽ അവളെ ഉയർത്തിക്കൊണ്ടു വരാൻ സാമൂഹ്യ നിയമങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിച്ചു നടപ്പിലാക്കിയത് ഇസ്‌ലാമായിരുന്നു. ഇങ്ങനെയുള്ള ഇസ്‌ലാംമതം സ്ത്രീയുടെ അവകാശങ്ങൾ നിഷേധിച്ചുവെന്ന് വിശ്വസിക്കാൻ ബുദ്ധിയുള്ള ആർക്കും സാധ്യമല്ല. മാത്രവുമല്ല, സ്ത്രീയുടെ സംരക്ഷണച്ചുമതലകൂടി പുരുഷന്മാരിൽ ചുമത്തി അവർക്കതിനാവശ്യമായ സാമ്പത്തിക മാർഗ്ഗം ആവിഷ്കരിക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. ഇത് മനസ്സിലാക്കാൻ കൂടുതൽ ബുദ്ധിയൊന്നും ആവശ്യമില്ല.